June 18, 2014

ഇടം

നാം തേടുന്നതൊരിടം
സന്തോഷത്തിന്റെ ഇടം
സമാധാനത്തിന്റെ ഇടം
ഭദ്രതയുടെ ഇടം...


അങ്ങനെ ഓരോ മനുഷ്യനും അനുദിനം അനുനിമിഷം
അവരാഗ്രഹിക്കുന്ന ഒരിടം തേടിയാണ് കടന്നു പോകുന്നത്
എന്ന് തോന്നുന്നു.

രാവിലെ മുതൽ തുടങ്ങുകയായി ഇടം തേടിയുള്ള
നമ്മുടെ യാത്ര. സഞ്ചരിക്കുമ്പോൾ ഇരിക്കാൻ ഒരിടം
ആഗ്രഹിക്കാത്തവർ ആരാണുള്ളത്? വാഹനത്തിലെ
ജനാലക്കരികിലെ  ഇരിപ്പിടത്തിലെ ഇടമായാൽ
കൂടുതൽ സന്തോഷമായി. ജോലി സ്ഥലത്തെത്തിയാൽ
ആദ്യം കണ്ണോടിച്ചെന്ന് നിൽക്കുന്നത് നമ്മുടെതായ
ഒരിടത്താണ്.

നിത്യേനയുള്ള ഈയിടങ്ങൾ കഴിഞ്ഞാൽ പിന്നെ
നാം തേടുന്നിടങ്ങൾ ഏതൊക്കെയാണ്?
സമൂഹത്തിൽ ജീവിക്കുവാൻ അഭിമാനർഹമായൊരിടം.
പ്രവർത്തിക്കാനൊരിടം; ചിന്തിക്കാനൊരിടം;
ചിരിക്കാൻ, കരയാൻ, സ്നേഹിക്കാൻ ഒക്കെ ഒരിടം...

വികാര വിചാരങ്ങളെക്കുറിച്ചുള്ള ഇടങ്ങളെക്കുറിച്ച്
ചിന്തിച്ചു തുടങ്ങിയപ്പോൾ എനിക്കൊരു വ്യക്തമായ
ചിത്രം കിട്ടുന്നില്ല. കാരണം ജീവിതയാത്രയിൽ നമ്മൾ
'ആഗ്രഹിക്കുന്ന ഒരിടം' കണ്ടെത്തുവാനാണ്
പ്രയത്നിക്കുന്നത്‌. ഈയൊരു ചിന്താ സരണി
അറിഞ്ഞോ അറിയാതെയോ സദാ
നമ്മോടൊപ്പമുണ്ട്. ഇടം തേടിയലയുന്ന ചിന്ത
വ്യക്തിപരമായി, സാന്ദർഭികമായി
മാറിക്കൊണ്ടിരിക്കും.

ഒരാൾക്ക്‌ വേണ്ടത് നല്ല സുഹൃത്തുക്കളുടെ ഇടയിൽ ഒരിടം...
പ്രണയിക്കുന്നവന് പ്രണയിനിയുടെ മനസ്സിലൊരിടം...
കുഞ്ഞിനു വേണ്ടത് അമ്മയുടെ മടിത്തട്ടിലൊരിടം...
അച്ഛനും അമ്മയ്ക്കും വാർദ്ധക്യത്തിൽ സ്നേഹത്തിന്റെ ഒരിടം...
എഴുത്തുകാർക്ക് അക്ഷരങ്ങൾ കുറിക്കാനൊരിടം,
എഴുതിയത് പ്രസിദ്ധീകരിക്കാനൊരിടം,
അത് വായിക്കുന്നവരുടെ മനസ്സിലൊരിടം...
രാഷ്ട്രീയക്കാർക്ക് എങ്ങനെയെങ്കിലും ജനമനസ്സുകളിൽ ഒരിടം...
സേവകർക്ക് സേവനത്തിനൊരിടം...
ഫോട്ടോഗ്രാഫർക്കു ക്ലിക്കാനൊരിടം...
ബ്ലോഗർമാർക്ക് പോസ്റ്റാനൊരിടം...
അങ്ങനെയങ്ങനെ എത്രയോ ഇടങ്ങൾ...

ഇടങ്ങൾ തേടിയലയുന്ന യാത്രയുടെ അന്ത്യത്തിൽ
നാം ചെന്നെത്തുന്നത് മണ്ണിലെ ഒരിടത്തിൽ...

3 comments:

ajith said...

സ്വന്തം ഇടം കണ്ടെത്തുന്നുഇവെങ്കില്‍ പാതി ജയം!

നീലക്കുറിഞ്ഞി said...

ഒരിടം തേടിയോ അല്ലെങ്കില്‍ നേടാനോ ഉള്ള ജീവിത സഞ്ചാരം ...ഇടങ്ങള്‍ തേടി അലഞ്ഞലഞ്ഞു ഒടുവിലൊരിടത്തില്‍ വീണടിയും...

Anjali Menon K said...

ee oru angle il ithe vare aalochichittilla... !!! sheriyaanu... swantham idam ennenkilum kandethum ennulla pratheekshayil ella dhivasavum pularunnu.... !!!!