2014 ലെ ചിന്തയിലെ ആദ്യ ബ്ലോഗാണിത്.
പുതുവർഷത്തിലെ പുതുമയ്ക്കു വേണ്ടി
ഇക്കുറി ഞാനൊരു സാഹത്തിനൊരുങ്ങുകയാണ്.
കവിത "പോലെ" ഒന്നെഴുതിയത് ഇവിടെ പോസ്റ്റുന്നു.
ഈ സാഹത്തിനൊരു ആമുഖം പറയാം
എന്നിട്ടാവാം കവിത "പോലെയുള്ളത്" !
ആമുഖം:
നാം പലപ്പോഴും അനുഭവിക്കുന്നൊരു കാര്യമാണ്
ബന്ധങ്ങളിലെ അകൽച്ചകൾ. പിണക്കങ്ങൾ കാരണം
പരിഭവങ്ങൾ കാരണം അങ്ങനെ കാരണങ്ങൾ പലത്.
ഒടുവിൽ തിരിച്ചു ചേരാൻ വയ്യാത്ത വണ്ണം ബന്ധങ്ങൾ
അകന്നു പോകാറുണ്ട്. എന്നാൽ നാം പലപ്പോഴം
അറിയാതെ; നമ്മുടെ തിരക്കുകൾ കാരണം
നമ്മുടെ പ്രിയപ്പെട്ടവരേ വിളിക്കാനോ സംസാരിക്കാനോ
പറ്റാതെ വരുമ്പോൾ മനസ്സിൽ ഒരു തോന്നൽ വരാറില്ലേ,
ഒരു "വിടവ്"
നാളുകൾക്കു ശേഷം ഒരു ഫോണ്‍ കാൾ കൊണ്ടോ
ഒരു കൂടിക്കാഴ്ച കൊണ്ടോ നികത്തപ്പെടുന്നൊരു വിടവ്.
പക്ഷേ ആ വിടവുകൾ ചില നേരം നമ്മെ ഖിന്നരാക്കും.
ചെറിയൊരു വിടവിന് ശേഷം, എനിക്ക് വളരെ
വേണ്ടപ്പെട്ട ഒരാൾക്ക് കത്തെഴുതിയപ്പോൾ കൂടെ
ഈ കവിതയും എഴുതിയയച്ചു. ആ കവിത
താങ്ങാനാവാതെയാണോ എന്നറിയില്ല,
മറുപടി ഇതുവരേയും കിട്ടിയിട്ടില്ല :)
പക്ഷേ കത്തിലൂടെ അല്ലാതെയുള്ള സൌഹൃദം
വിടവില്ലാതെ നികന്നു പോരുന്നു.
പറഞ്ഞു വന്നത് വിടവിനെ പറ്റി. കഴിവതും
നമ്മൾ സ്നേഹിക്കുന്നവരുമായി
നമ്മളെ സ്നേഹിക്കുന്നവരുമായി ഒരു
വിടവുണ്ടാകാതെ നോക്കാം നമുക്ക്.
ചെറിയ വിടവുകൾ വരും നാളുകളിലെ
അകൽച്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയാലോ ?
ഇനി ആ കവിത പോലെയുള്ളത് പോസ്റ്റാം.
-----------------------------------------------------------------------------
നാം തമ്മിലെന്നുമുണ്ടൊരു വിടവ്
സമയത്തിന്റെ
കാലത്തിന്റെ
ദൂരത്തിന്റെ
മിണ്ടാട്ടത്തിന്റെ
പക്ഷേ നാം തമ്മിലൊരിക്കലുമില്ലൊരു വിടവ്
ഹൃദയത്തിന്റെ
സ്നേഹത്തിന്റെ
കരുതലിന്റെ
സമയ-കാല-ദൂര-മിണ്ടാട്ടങ്ങളുടെ വിടവുകൾ
ഹൃദ-സ്നേഹത്തിലേക്കു കടക്കുമ്പോൾ
നാം മരിക്കുന്നു, സൗഹൃദം മരിക്കുന്നു-
പിന്നെ ഞാനില്ല നീയില്ല
തമ്മിലൊരു വിടവ് മാത്രം ബാക്കി...
-----------------------------------------------------------------------------
വിടവില്ലാത്ത സ്നേഹബന്ധങ്ങൾ ഏവർക്കും
ഈ പുതുവർഷത്തിൽ ആശംസിക്കുന്നു...
സ്നേഹപൂർവ്വം
സ്വന്തം ....