തൃശ്ശിവപ്പേരൂരിലെ പ്രസിദ്ധമായ സ്വരാജ് റൗണ്ട്.
സാധാരണ ഇവിടെ പുലികളാണ് കയ്യടക്കി
വാഴാറുള്ളത്. എന്നാൽ ഈ ക്രിസ്മസ് കാലത്ത്
ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച
"ബോണ്‍ നതാലെ" എന്ന ഘോഷയാത്രയിൽ
നഗരം കയ്യടക്കി വാണത് ക്രിസ്മസ് അപ്പൂപ്പന്മാരും
മാലാഖമാരുമായിരുന്നു.
നാലായിരത്തോളം ക്രിസ്മസ് സാന്തകളും
ആയിരത്തോളം മാലാഖമാരും അണിനിരന്ന
ബോണ്‍ നതാലെ-യിലെ കാഴ്ചകളാണ് ഈ
ബ്ലോഗിൽ പോസ്റ്റുന്നത്.
മെറി ക്രിസ്മസ് എന്നാണ് ഇറ്റാലിയൻ
വാക്കായ "ബോണ്‍ നതാലെ"(Buone Feste Natalizie) യുടെ
അർത്ഥം. ക്രിസ്മസ് കഴിഞ്ഞു രണ്ടു ദിനത്തിന്
ശേഷമാണ് തൃശൂർ നഗരത്തിൽ സാന്തകളുടെ
ഘോഷയാത്രയും കാരോൾ കാഴ്ചകളും
അരങ്ങേറിയത്. ക്രിസ്മസ് രാവുകളുടെ
സൗന്ദര്യവും ലഹരിയും കാഴ്ചക്കാരിൽ
വാരിവിതറി മുപ്പതോളം പ്ലോട്ടുകളും
അണിനിരന്ന ഈ ഘോഷയാത്രയുടെ
ആദ്യ പതിപ്പിൽ തന്നെ സാമാന്യം നിലവാരം
പുലർത്തി.
സാന്തയുടെ വേഷം ധരിച്ചെത്തിയ ഗജനും
മാനുകളും കൂറ്റൻ കേക്കുകളും കാഴ്ചക്കാരിൽ
ആവേശമുണർത്തി.
കാഴ്ചക്കാരിൽ അധികവും കുട്ടികളായിരുന്നു.
അച്ഛന്റെ ചുമലിൽ കയറി അവർ
ക്രിസ്മസ് കാഴ്ച്ചയുടെ അമിട്ടുകൾ പൊട്ടുന്നതും
കണ്ടു റൗണ്ടിൽ സ്ഥാനമുറപ്പിച്ചു.
വിരലിൽ എണ്ണാവുന്ന വിദേശികളും ഈ
ക്രിസ്മസ് ഘോഷയാത്രയുടെ ഭാഗമായി.
ആദ്യമായി ക്രിസ്മസ് ഘോഷയാത്രയോരുക്കിയ
"ബോണ്‍ നതാലെ" യുടെ അണിയറ ശിൽപ്പികൾക്ക്
അഭിമാനിക്കാം, ആദ്യ സംരംഭത്തിൽ തന്നെ
ഇത്രയേറെ ജനങ്ങളെ ഒരേ മനസ്സോടെ
കരോൾ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ
ക്രിസ്മസ് കാഴ്ചകളൊരുക്കി ഒരേ
വേദിയിൽ അണിനിരത്താനായി എന്നതിൽ.
വരും വർഷങ്ങളിൽ ഇലപൊഴിയും ശിശിരത്തിൽ
"ബോണ്‍ നതാലെ" കൂടുതൽ മികവാർന്ന
കാഴ്ചകളൊരുക്കി ഈ നഗത്തിൽ വീണ്ടും
എത്തുന്നതും കാത്ത് നമുക്ക് കാത്തിരിക്കാം.
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"
"ബോണ്‍ നതാലെ"