June 21, 2012

സ്നേഹതീരം

കേരളത്തിലെ സഞ്ചാരികള്‍ക്ക് ബീച് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക
കോവളം, ശംഖുമുഖം, ചെറായി , ഫോര്‍ട്ട്‌ കൊച്ചി എന്നീ ബീച്ചുകളാണ്. എന്നാല്‍
മ്മടെ സ്വന്തം തൃശൂര്‍ക്കാര്‍ക്കുമുണ്ട് നല്ലൊരു സുന്ദരന്‍ ബീച്ച് എന്നറിഞ്ഞത്
ഇക്കഴിഞ്ഞ പൂരത്തിന്റെ ദിവസമായിരുന്നു. തളിക്കുളത്തെ "സ്നേഹതീരം" ബീച്ചാണ്
ഞാന്‍ പറഞ്ഞു വരുന്ന സംഭവം.


അടുത്തിടെ വിവാഹിതനായ സുഹൃത്തിന്റെ കല്യാണ ആല്‍ബത്തിലെ
"ലവ് സീന്‍" പിടിക്കാന്‍ തിരഞ്ഞെടുത്തത് , തൃശ്ശൂരില്‍ നിന്നും ഏകദേശം
30 കിലോമീറ്റര്‍ അകലെയുള്ള സ്നേഹതീരം ബീച്ചാണ്.
എന്നാല്‍ പിന്നെ അവരുടെ കൂടെ ഒരു കമ്പനിക്കു കൂടെ പോയാലോ;
എന്നായി എന്റെയും പ്രദീപിന്റെയും ചിന്ത, കൂടെ ഞങ്ങളുടെ സഹധാര്‍മ്മിണികളും.
 ലവ്  സീനും കാണാം കടലും കാണാം...
അത് കഴിഞ്ഞു പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരവും കാണാം.
ആഹാ, നല്ലൊരു പാക്കേജ് !


അങ്ങനെ രാവിലെ എട്ടു മണിയോടെ തളിക്കുളം വഴി സ്നേഹതീരം ബീച്ചിലെത്തി.
"സ്നേഹതീരം" എന്ന് വളരെ വലിയ അക്ഷരത്തില്‍ എഴുതിയ ഒരു കവാടമാണ്
നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നത്. കവാടം കടന്നു അകത്തെത്തിയാല്‍
ബീച്ചിലേക്കുള്ള വഴിയായി. വളരെ മനോഹരമായി കല്ലുകള്‍ പാവി
വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു അവിടമെല്ലാം.
കടല്‍ ക്ഷോഭം തടയുന്നതിനായി കെട്ടിയ കരിങ്കല്‍ ബെല്‍ട്ടിന് മുകളിലൂടെ
നടന്നു വേണം കടല്‍തീരമണയാന്‍. രാവിലെയുള്ള കടല്‍ കാറ്റും കൊണ്ട്
കാക്കകളുടെ സല്ലാപങ്ങളും കേട്ട് അവിടെ നടന്നു നീങ്ങുമ്പോള്‍ വേറെ
ഏതോ ലോകത്തെത്തിയ പോലെ.






ഞങ്ങള്‍ എത്തുന്നതിനു മുന്‍പേ തന്നെ വേറെയും നവദമ്പതികള്‍
കല്യാണ ആല്‍ബത്തിന് വേണ്ടി പോസ് ചെയ്തു നില്‍പ്പുണ്ടായിരുന്നു.



പോസുകള്‍ ആരിലും ചിരിയുണര്‍ത്തും, ചെരിഞ്ഞും മറിഞ്ഞും
തല കുത്തിനിന്നുമൊക്കെ ഫോട്ടോഗ്രാഫര്‍ ക്ലിക്കുന്നു.
എന്തിനും തയ്യാറായി നില്‍ക്കുന്ന ആല്‍ബത്തിലെ നായകനും നായികയും.
നടി ഷാള്‍ ഉയര്‍ത്തിപ്പിടിച്ചു  നടന്നു വരുമ്പോള്‍,
കയ്യില്‍ ഗിറ്റാറുമായി പ്രിയ തോഴന്‍ കടല്‍ക്കരയില്‍ കാത്തുനില്‍ക്കുന്നു...
അമ്മോ ഇവന്മാരെയൊക്കെ സമ്മതിക്കണം !



കല്യാണ ആല്‍ബം പിടിക്കാന്‍ വന്നവരെ അവരുടെ വഴിക്ക് വിട്ടിട്ടു
ഞങ്ങള്‍ കടലിലെ ഓളങ്ങളുടെ കൂടെ നടന്നു നീങ്ങി.
മനസ്സിന് ഇണങ്ങിയ ക്ലിക്കുകള്‍ തേടി ഞാന്‍ നടന്നപ്പോള്‍, പ്രദീപ്‌ ഒരു ചിന്തകനായി
കടലിന്റെ ഓളപ്പരപ്പില്‍ മോഹങ്ങളുടെ ചൂണ്ടയിട്ടു നടക്കുന്നുണ്ടായിരുന്നു.


 (ദൈവമേ അവന്‍ ഇതൂ വായിക്കുമോ എന്തോ :) )



ആദ്യമായി കടല്‍ കണ്ടപോലെയായിരുന്നു ഞങ്ങളുടെ സഹധര്‍മ്മിണികള്‍.
മണലില്‍ കടമ്മയെ ചൊടിപ്പിച്ചു അക്ഷരങ്ങള്‍ എഴുതിയും,
തിരമാലകള്‍ വന്നു മായ്ച്ചപ്പോള്‍ പരിഭവിച്ചും, 
കക്കകള്‍ പെറുക്കിയും അവര്‍ അവിടെ ഓടിനടക്കുന്നത് കാണാന്‍ തന്നെ
രസമായിരുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട്;
നല്ല സുഹൃത്തുക്കളുടെ ഭാര്യമാര്‍ തമ്മിലും നല്ല സൌഹൃദം കാണും.
അവരെ കണ്ടപ്പോള്‍ എനിക്കും മനസ്സില്‍ തോന്നി,
തൃശ്ശൂരിലെ ഈ കടല്‍തീരം ശരിക്കും ഒരു സ്നേഹതീരം തന്നെ !



കടല്‍ എന്നും ഒരു വിസ്മയമാണ്. ഒരിക്കലും കണ്ടു മതിവരാത്ത കാഴ്ച.
കുട്ടികളെയും യുവാക്കളെയും പ്രായമേറിയവരെയും ഒരുപോലെ രസിപ്പിക്കും
ഈ കടല്‍ത്തിരകള്‍. കുളിച്ചും കളിച്ചും ഓടിനടന്നും ചിലര്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍
മറ്റു ചിലര്‍ക്ക് തീരത്തിന്റെ ഒരുഒഴിഞ്ഞ ഓരത്ത് വിദൂരതയിലേക്ക്
കണ്ണിമ ചിമ്മാതെ നോക്കിയിരിക്കാനാകും തോന്നുക.
പലപ്പോഴും; ഒരു ചരടില്ലാത്ത പട്ടം പോലെ പറന്നു പോകുന്ന ചിന്തകളുമായി
ഇരിക്കുന്ന ഇക്കൂട്ടരെ തീരത്തിന്റെ തിരക്കിലെക്കും ആരവങ്ങളിലേക്കും തിരികെ
കൊണ്ട് വരുന്നത് കപ്പലണ്ടി വില്‍ക്കുന്ന ചെറുക്കന്മാരായിരിക്കും...
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടാകും ഓരോ കടല്‍ തീരത്തിനും...
കണ്ടതും കാണാത്തതുമായ ജീവിത സത്യങ്ങളുടെ
ഒരിക്കലും അടങ്ങാത്ത തിരകള്‍ പോലെ...
--------------------------------------------------------------------------------------------
കേരള ടൂറിസം ടവലപ്മെന്റ് കോര്‍പ്പറെഷന്‍; KTDC യുടെ നടത്തിപ്പിലുള്ള
ഈ സ്ഥലംവളരെ മനോഹരമായാണ് കാത്തുരക്ഷിചിട്ടുള്ളത്. വളരെ വൃത്തിയുള്ളതും,
വരുന്ന സഞ്ചാരികള്‍ക്ക് യധേഷ്ട്ടം കടലിന്റെ സൌന്ദര്യം ആസ്വദിക്കാന്‍
ഉതകുന്ന രീതിയിലാണ് ഇവിടം പരിപാലിക്കുന്നത്.
വാക്ക് വേയും ബെഞ്ചുകളും കരിങ്കല്ലില്‍ എന്നപോലെ തോന്നിക്കുന്ന
കല്‍മണ്ഡപങ്ങളും വളരെ ഭംഗിയുള്ളതും പ്രകൃതിക്ക് ചേര്‍ന്ന
രീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.




അടുത്ത് തന്നെ "നാലുകെട്ട്' എന്ന പേരില്‍ ഒരു റെസ്ടോറന്‍ട്ടും ഉണ്ട്.
കൂടാതെ, ഭക്ഷണം വെള്ളം ജൂസ് എന്നിവ  ലഭിക്കുന്ന വേറെ കടകളും ഉണ്ട്.
ചേര്‍ന്നു തന്നെ ചെറിയൊരു പാര്‍ക്കും, പുല്‍ തകിടിയും
കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉണ്ടവിടെ.
വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ക്കായി
ടോയിലെറ്റ്‌ സൌകര്യവും ഉണ്ട്.



അപ്പൊ ഇനി അധികം താമസിക്കണ്ട,
കടല്‍ കാണണം എന്ന് തോന്നുമ്പോള്‍ വേഗം വിട്ടോളൂ ഈ സ്നേഹതീരത്തേക്ക്.
മഴയുടെ കാന്‍വാസില്‍ കടല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകും.
കടലില്‍ മഴ പെയ്യുമ്പോള്‍ ആരുടെ മനസ്സിലാണ് കവിത നിറയാതിരിക്കുക?
നിങ്ങള്‍ക്കും കാണണ്ടേ ഈ സ്നേഹത്തിന്റെ അലകളെ?
നമുക്ക് പോകാം മഴത്തുള്ളികള്‍ പെയ്തിറങ്ങുന്ന ഈ സ്നേതീരത്തേക്ക്...

എങ്ങിനെ ഇവിടെ എത്തിചേരാം ?

തൃശ്ശൂരില്‍ നിന്നും തൃപ്രയാര്‍ റൂട്ടില്‍ 30  കിലോമീറ്റര്‍ അകലെയുള്ള
തളിക്കുളം സെന്റെറില്‍ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു
ഏകദേശം 3 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ സ്നേഹതീരം ബീചിലെത്താം.

3 comments:

Deleep said...

Thank u Suji for illustrating about Snehatheeram, Thalikulam - my own Thalikulam. The beach is named as Snehatheeram recently(6-8 yrs back). We must again visit Snehatheeram when v r at Thrissur.

jai said...

Thanks for this blog Mamans....
Njangade Anniversary kku evide pokumnnu vicharichirikkarnnu.

Ini ippo vere evidekkum illa. we are going to Snehatheeram.

jai said...
This comment has been removed by the author.