തൃശ്ശൂരിലെ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പുന്നത്തൂര്‍ കോട്ടയിലെ ആനക്കാഴ്ചകളാണ്
ഇവിടെ.
ക്ഷേത്രത്തിനെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്ര
ചെയ്‌താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന സങ്കേതത്തില്‍ എത്തിച്ചേരാം.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നടയിരുത്തിയ ആനകളടക്കം ഏകദേശം
അറുപതോളം ഗജവീരന്മാരുണ്ട് ഈ ആനത്താവളത്തില്‍.
പണ്ട് പുന്നത്തൂര്‍ രാജവംശരുടെ കൊട്ടാരമായിരുന്ന ഈ 60 ഏക്കര്‍ സ്ഥലം
1970 മുതല്‍ ദേവസ്വത്തിന്റെ കീഴിലാണ്. കൊട്ടാരത്തിന് പുറമേ ഇവിടെ
പുരാതനമായൊരു ക്ഷേത്രവും ഉണ്ട്; ശിവനും ഭഗവതിയുമാണ് പ്രതിഷ്ഠ.
ഈ ക്ഷേത്രാങ്കണത്തിന്റെ സമീപത്തായിരുന്നു പണ്ട് ഈ ആനകളെയെല്ലാം
പാര്‍പ്പിചിരുന്നതത്രേ[ഇന്നത്തെ ശ്രീവത്സം]. പിന്നീട് ദേവസ്വം പുന്നത്തൂര്‍ കോട്ട
ഏറ്റെടുത്തപ്പോള്‍ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍
ഘോഷയാത്രയുടെ അകമ്പടിയോടെ എല്ലാ ആനകളെയും ഇവിടേയ്ക്ക്
കൊണ്ട് വരികയായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു.
ദേവസ്വത്തിന്റെ ആനകളെ പരിപാലിക്കുന്നതിനും സുഖചികിത്സക്കും മറ്റുമായി
ഒരുക്കിയിട്ടുള്ളതാണ് ഈ ആനക്കൊട്ടില്‍, എങ്കിലും സന്ദര്‍ശകര്‍ക്ക് ആനകളെ
കാണാനും അവയെ ചട്ടം പഠിപ്പിക്കുന്ന ആനക്കൊട്ടില്‍ കാണാനും ഇവിടെ
സൗകര്യം ഒരുക്കിയിട്ടുണ്ട്. ജാതിഭേദമന്യേ ഏവര്‍ക്കും ഇവിടെ സന്ദര്‍ശിക്കാനാകും.
പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും സ്വാഭിമാനത്തിന്റെ "എയര്‍" പിടിച്ചു നില്കാറുള്ള
ആനകളെ മാത്രം കണ്ടിട്ടുള്ള നമുക്കൊക്കെ, ഇവിടുത്തെ ആനകളുടെ ചേഷ്ട്ടകള്‍
ചിരിയുണര്‍ത്തും. ഒത്താലൊരു ആനക്കുളിയും കാണാം !
പനം പട്ടട എടുത്തെറിഞ്ഞു കളി തമാശകള്‍ കാണിക്കുന്ന കുട്ടി കൊമ്പന്മാര്‍
മാത്രമല്ല, മദം ഇടകിത്തുടങ്ങിയ ആനകളും അവയെ മെരുക്കുന്ന പാപ്പാന്മാരെയും
ഇവിടെ കാണാം. ആരോഗ്യമൊക്കെ ക്ഷയിച്ച് അവശന്മാരായ
വയസ്സന്‍ ആനകളും ഇവിടെയുണ്ട്. ഓരോ ആനകളെയും പരിപാലിക്കാന്‍
പ്രത്യേകം ആളുകളെയും ദേവസ്വം നിയമിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ ഒരിക്കലും ഈ ആനക്കൊട്ടില്‍
കാണാതെ മടങ്ങരുത്. കാരണം ക്ഷേത്രദര്‍ശനത്തിന്റെ ഭാഗമായി എല്ലാവരും
മഹിമയൂര്‍ (മമ്മിയൂര്‍) മഹാദേവ ക്ഷേത്രത്തിലും എത്താറുണ്ട്,
അവിടെ നിന്നും വളരെ അടുത്താണ് പുന്നത്തൂര്‍ കോട്ട.
എങ്ങനെ ഇവിടെ എത്തിച്ചേരാം?
തൃശൂരില്‍ നിന്നും ഗുരുവായൂരിലെത്തി (30 കിലോമീറ്റര്‍) ,
വടക്ക് ഭാഗത്തേക്ക് തിരിഞ്ഞു 3 കിലോമീറ്റര്‍ അകലെയാണ്
പുന്നത്തൂര്‍ കോട്ട അഥവാ ആനത്താവളം.
ഗുരുവായൂരില്‍ നിന്നും പ്രൈവറ്റ് ബസ്സിലോ ഓട്ടോ റിക്ഷയിലോ
ഇവിടെ എത്തിച്ചേരാം.