December 28, 2010

വിരഹം

പ്രിയപ്പെട്ട ഡിസംബര്‍,

പ്രണയത്തിന്റെ മഞ്ഞുപുതപ്പിനുള്ളില്‍ എന്നെ തനിച്ചാക്കി,
ഒടുവില്‍ നീയും യാത്രയാവുകയാണ്.
ഋതുക്കളിലെ ഓരോ ശിശിരവും കഴിയുമ്പോള്‍ നീയും യാത്രയാവുമെന്നറിഞ്ഞിട്ടും
നിന്നെ ഞാന്‍ പ്രണയിച്ചു.
നീയോര്‍ത്തിട്ടുണ്ടോ ? നിന്നോടൊപ്പം എനിക്ക് നഷ്ട്ടമാകുന്നത് ഒരു
വത്സരം കൂടിയാണ്; ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും എന്നിലേക്ക്‌
പകര്‍ന്നു തന്ന ഒരു വര്‍ഷം.
ഇതളുകള്‍ അടര്‍ന്നുവീഴും പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം...

പ്രതീക്ഷകളുടെ കുഞ്ഞു നക്ഷത്രങ്ങളും, നിലാവിന്റെ നേര്‍ത്ത തണുപ്പും എന്നില്‍
നിറച്ചു നീ യാത്രയാകുമ്പോള്‍ ഞാന്‍ എന്താണ് നല്‍കേണ്ടത്, എന്താണ് പറയേണ്ടത്?


നിനക്ക് ശേഷം വരാനിരിക്കുന്നത് പുതിയൊരു വര്‍ഷമാണ്‌. പേടിയാകുന്നു എനിക്ക്;
ഒരു പക്ഷെ ഞാന്‍ നിന്നെ മറന്നു പോയാലോ; ഋതുഭേദങ്ങള്‍ക്കപ്പുറം നീ വീണ്ടും
വന്നണയുമ്പോള്‍ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുമോ?
എന്നും എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കണ്ണുനീരായിരുന്നു നിന്റെ ഉത്തരം.
നിന്നിലെ എന്നോടുള്ള പ്രണയം പോലും മിഴിനീരില്‍ നീയൊളിപ്പിച്ചുവച്ചു.
മിഴിനീര്‍ചാലില്‍ ഞാന്‍ തേടി നടന്ന ഉത്തരങ്ങളൊന്നും നീയെന്നിലേക്ക്
പകര്‍ന്നതെയില്ല !


ഒടുവില്‍ ഒരു പ്രണയകാലത്തിന്റെ അന്ത്യയാമത്തില്‍
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?