May 31, 2010

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന് .
ഓര്‍മ്മകളുടെ പുസ്തകത്താളുകളില്‍ നമ്മളും
സൂക്ഷിച്ചു വച്ചിരുന്നു ജൂണ്‍ ഒന്ന് എന്നൊരു ദിവസം.
സ്കൂള്‍ തുറക്കുന്ന ദിവസം...
നല്ലൊരു അവധിക്കാലത്തിന്റെ മധുരം നുണഞ്ഞു ഉറങ്ങാന്‍ കിടന്ന
കുട്ടികളൊക്കെ ഉണര്‍ന്നെനീട്ടത്‌ പുതിയ ക്ലാസ്സിലെ
അധ്യയന ദിവസത്തിന്റെ ഫസ്റ്റ്ബെല്‍ കേട്ടായിരുന്നു.
ആദ്യ ദിവസം സ്കൂളില്‍ പോകാന്‍ മിക്കവര്‍ക്കും ഉത്സാഹമായിരിക്കും;
പുതിയ ക്ലാസിലേക്ക് ജയിച്ചു വന്നതിന്റെ സന്തോഷവും, പുത്തനുടുപ്പും,
പുതുമണം മാറാത്ത വരകളിട്ട പുസ്തകങ്ങളും...
ചിലര്‍ക്ക് Std-VI ഡിവിഷന്‍ A യില്‍ നിന്നും Std-VII ക്ലാസ്സ്‌ B യിലേക്ക്
മാറ്റിയത്തിലുള്ള പരിഭവവും കാണും, പഴയ കൂട്ടുകാരൊക്കെ
നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് !

ഈ സന്തോഷങ്ങള്‍ക്കിടയിലും നമ്മള്‍ അന്നൊക്കെ കാണാതെപോയ
നൊമ്പരങ്ങളും ഉണ്ടായിരുന്നു...
കൊല്ലവര്‍ഷ പരീക്ഷയില്‍ തോറ്റവരുടെയും; പിന്നെ
സ്കൂളിലേക്ക് വരാനും പുത്തനുടുപ്പിനും പുസ്തകത്തിനും
അച്ഛനമ്മമാരുടെ കയ്യില്‍ പണമില്ലാത്ത കൂട്ടുകാരുടെയും...
അവര്‍ക്കുമുണ്ടായിരുന്നില്ലേ നമ്മളെപ്പോലെ പ്രതീക്ഷകള്‍...

(Photo from Net)

കൂട്ട് കൂടിയും കളിപറഞ്ഞും കളിച്ചും-ചിരിച്ചും പഠിച്ചും
നടന്നിരുന്ന വിദ്യാലയ ജീവിതം...
സുഖ-ദുഃഖ സമ്മിശ്രങ്ങളായ ആ ദിനങ്ങള്‍ ഓര്‍ക്കാനെങ്കിലും
ഒരു രസമുണ്ടല്ലേ?...
ഇന്ന് മുതല്‍ കരഞ്ഞും ചിരിച്ചും സ്കൂളിലേക്ക് പോകുന്ന കുട്ടികളിലൂടെ
നമുക്കാ ദിനങ്ങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാം...

ആദ്യാക്ഷരങ്ങളുടെ ചാറ്റല്‍മഴ തുള്ളികള്‍ നുകരാന്‍
നനുത്ത പ്രതീക്ഷകളുടെ വര്‍ണ്ണക്കുടകള്‍ പിടിച്ചു
വിദ്യാലയത്തിന്റെ പടികയറുന കുരുന്നുകള്‍ക്ക്
എല്ലാ നന്മകളും നേരാം...
അറിവിന്റെ പെരുമഴക്കാലം തന്നെ
അവരെത്തേടിയെത്തട്ടെ...


May 25, 2010

e-4-elephant


ഇനി കുറച്ചു ആനക്കാര്യാമാവാം അല്ലെ?
ഇതാ ചില ആന-ചിത്രങ്ങള്‍ !

കേരളത്തിന്റെ
സാംസ്കാരിക നഗരിയായ തൃശൂരിന്റെ പൈത്രകതോളം തന്നെ
പഴക്കമുണ്ട് ഇന്നാട്ടിലെ ആനക്കമ്പത്തിനും. തൃശൂര്‍ പൂരത്തിന് ചാരുത കൂട്ടാനും
മറ്റു ദേശങ്ങളിലെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കാനും കേരളീയര്‍ക്കിന്നും പ്രിയം
തൃശൂരിലെ ഗജകേസരികള്‍തന്നെ.

നമ്മുടെ നാട്ടിലെ പ്രശസ്തരായ ചില ഗജ കേസരികളെ
അവതരിപ്പിക്കുകയാണിവിടെ
. ആനകളെ കുറിച്ച് ആധികാരികമായി
പറയാനോ
ലക്ഷണം ഗ്രഹിക്കാനോ ഉള്ള അറിവൊന്നും എനിക്കില്ല.
ഗജ പ്രമാണികളായ ഗുരുവായൂര്‍ പദ്മനാഭനും മംഗലാംകുന്നു കര്‍ണ്ണനും
തെചോക്കോട്ടു രാമചന്ദ്രനുമൊക്കെ ഇവിടെ മിസ്സിംഗ്‌ ആണെന്നറിയാം.
വരും നാളുകളില്‍ അവരുടെ ചിത്രങ്ങള്‍ കിട്ടുന്ന മുറയ്ക്ക്
ഞാനിവിടെ പോസ്ടാം.

ആനകളെ കണ്ടയുടനെ
തലപ്പോക്കവും അളവും നാടനാണോ വരുത്തനാണോ എന്നൊക്കെ
പറയാന്‍ അറിവുള്ള ആനപ്രേമികള്‍ നമ്മുടെ കൂട്ടത്തിലും ഉണ്ടാകാം.
നിങ്ങള്‍ക്കറിയാവുന്ന വീര സാഹസികവും രസകരവുമായ
ആനക്കഥകള്‍ ചുവടെ കമന്റ്‌ ആയി പോസ്ടിയാലും.













May 07, 2010

കണ്ണാന്തളിപ്പൂക്കള്‍



നാളിതുവരെ ഞാന്‍ കണ്ണാന്തളിപ്പൂക്കള്‍ കണ്ടിട്ടില്ല, നിങ്ങളോ?
ഇന്നത്തെ പത്രത്തില്‍ ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒത്തിരി
സന്തോഷം തോന്നി... കാരണം ഏകദേശം രണ്ടു വര്‍ഷം മുന്‍പ്
ഈ പൂക്കള്‍ തേടി കുറെ നടന്നതാ.
എം. ടി. യുടെ "കണ്ണാന്തളിപ്പൂക്കള്‍" എന്ന പുസ്തകം വായിച്ച നാള്‍ മുതല്‍
പലരോടും ചോദിച്ചെങ്കിലും പക്ഷേ ആര്‍ക്കും ഇത്തരം പൂക്കള്‍
കണ്ടതായി അറിവില്ലായിരുന്നു. പുസ്തകതാളുകളിലെ അക്ഷരങ്ങളില്‍ നിന്നും
വായിച്ചറിഞ്ഞ; ഒരിക്കലും കാണാത്ത ആ പൂവിന്റെ
ഗന്ധവും നിറവും മാത്രം മനസ്സില്‍നിന്നും മായാതെ ഒരുപാട് കാലം നിന്നു.
ഇനിയും നേരില്‍ കാണാനാവാത്ത ആ പൂവിനെ പത്രത്താളില്‍
അച്ചടിച്ചുവന്ന പടമായി കാണാനെങ്കിലും ആയല്ലോ !

ഒരു സ്വപ്നം : എന്നെങ്കിലും നമ്മുടെയൊക്കെ ചുറ്റുവട്ടത്തുനിന്നും
എന്റെ ക്യാമറക്ക്‌ വേണ്ടി ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന
ഒരു പിടി കണ്ണാന്തളിപ്പൂക്കള്‍ !


കാടും മേടും മരങ്ങളും നശിപ്പിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത
ഞാനടങ്ങുന്ന സമൂഹത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍ പേടിയാവുന്നു...
ഈ നിലതുടര്‍ന്നാല്‍ നാളെയൊരിക്കല്‍ ചെമ്പരത്തിപ്പൂവും മുക്കുറ്റിയും
ചെമ്പകവുമെല്ലാം ഇതുപോലെ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന
ഒരു കാലം വന്നേക്കാം...

നാമാലോചിചിട്ടുണ്ടോ;
ഒരു ചെമ്പരത്തിക്കൊമ്പ് ഓടിച്ചു നട്ടിട്ട് എത്ര നാളായി?


================================
Tag: kannanthali pookkal