June 17, 2020

ആണ്ടാൾ ദേവനായകി

"സുഗന്ധി എന്ന ആണ്ടാൾ ദേവനായകി"

ഈ നോവൽ വായിച്ചിട്ടുണ്ടോ?

പുസ്തക പരിചയം : *സുഗന്ധി എന്ന ആണ്ടാൾ ദേവനായകി*
രചയിതാവ്   - ടി.ഡി. രാമകൃഷ്ണൻ


ഫ്രാൻസിസ് ഇട്ടിക്കോരക്ക് ശേഷം
ടി.ഡി. എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ഒരു എഴുത്തുകാരന്റെ ബ്രില്യന്റ് ക്രാഫ്റ്റ് ആണ്;
പ്രധാനമായും മൂന്നു കാല ഘട്ടത്തിലെ
ശക്തയായ സ്ത്രീകളുടെ കഥ പറയുന്നു.

ഡോ. രജനി തിരണഗാമ.
മനുഷ്യാവകാശ പ്രവർത്തക ആയിരിക്കെ
സ്വന്തം ഈഴപ്പോരിൽ ജീവൻ നഷ്ടപ്പെട്ട
യാഴ്പ്പാണത്തിന്റെ വീരപുത്രികളിൽ ഒരുവൾ.
റിയലിസ്റ്റിക് ക്യാരക്ടർ.


      ഫോട്ടോ : ഡോ. രജനി തിരണഗാമ


ആണ്ടാൾ ദേവനായകിക്ക് ആയിരം വർഷത്തോളം
പഴക്കമുണ്ട്. സുശാന സുപിന എന്ന ഗ്രന്ഥത്തിലൂടെ
മനോഹരവും ശക്തവുമായ അവളുടെ കഥൈ
അനാവൃതമാകുന്നു.
യുദ്ധശാസ്ത്രവും രാജ തന്ത്രവും അറിയാവുന്ന
ഉടലഴകിന്റെ പ്രതീകമായ ദേവനായകി
ഒരു മിത്തിക്കൽ ക്യാരക്ടർ ആണ്.

സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.
ഒരു ഫിക്ഷണൽ ക്യാരക്ടർ.

വിടുതലൈ പോരാട്ടത്തെക്കുറിച്ച് പീറ്റർ ജീവാനന്ദമെന്ന
എഴുത്തുകാരൻ സിനിമയെഴുതുന്നു.
ആ സിനിമയുടെ അകം നോവലിന്റെ രൂപമാകുന്ന
കാവ്യകലയാണ് ആ നോവലിനുള്ളത്.

ശ്രീ ലങ്കയിൽ തമിഴ് വിമോചന പോരാട്ടങ്ങൾക്ക്
നേതൃത്വം നൽകിയ LTTE പോലെയുള്ള സംഘടനകളും
അടിമുടി ജനാധിപത്യ വിരുദ്ധവും
ഫാസിസ്റ്റ് സ്വഭാവനങ്ങൾ ഉള്ളിൽ പേറിയ
പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന്
നോവൽ അടിവരയിട്ടു പറയുന്നു.
തമിഴ് ഈഴ പ്രസ്ഥാനങ്ങളെ വെള്ളപൂശുകയല്ല
ശ്രീ.ടി ഡി രാമകൃഷ്ണന്റെ നോവൽ;
മറിച് വിപ്ലവ സംഘനകളിലും വിമോചന പ്രസ്ഥാനങ്ങളിലും
നിലനിൽക്കുന്ന സ്ത്രീ വുരുദ്ധതയും ജനാധിപത്യരാഹിത്യവും
അതിന്റെ തീവ്രതയിൽ അക്ഷരങ്ങളിലൂടെ  അനുവാചകർക്ക്
വരച്ചു കാട്ടി തരുന്നു അദ്ദേഹം.

സ്ത്രീകൾ ചരിത്രത്തിന്റെ വിധാതാക്കളാകുന്നതിന്റെ
അസാധാരണവും അപൂർവ്വവുമായ
നോവൽവൽക്കരണവുമാകുന്നു "സുഗന്ധി".

ശ്രീലങ്കയുടെ ചരിത്രം പറയുമ്പോൾ അത് പഴയ
തിരുവിതാംകൂറിന്റെയും ചേര ചോള സിംഹള
രാജ്യത്തിന്റെയുമൊക്കെ ചരിത്രമായി പരിണമിക്കുന്നു.

സിഗിരിയയിലെ സ്വപ്ന നഗരവും വർണ്ണനകളും
ശ്രീലങ്കയിലെ Lion Rock എന്ന യഥാർത്ഥ ആർക്കിയോളജി
തെളിവുകളായി മാറുമ്പോൾ, TD യുടെ മറ്റേതു നോവലുകൾ
പോലെത്തന്നെ സത്യമേത് മിത്ത് ഏത് എന്ന്
വായനക്കാരൻ ചിന്തിച്ചു പോകും.



വായനയുടെ അവസാന താളും തീർന്നാലും
പിന്നെയും ഈ നോവലിലെ കഥാപാത്രങ്ങളായ
സുഗന്ധിയും ദേവനായകിയും തിരണഗാമയും
കാന്തള്ളൂരിന്റെ പെരിയകോയിക്കനും
ചേര രാജാവ് മഹേന്ദ്ര വർമ്മനും
ചോള രാജ രാജനും, രാജേന്ദ്രനും
കൂവേണിയും മംഗളയും
അനുരാധപുരയുടെ മഹീന്ദനും സ്വർഗ്ഗനഗരിയും
മീനാക്ഷി രാജരത്തിനവും, ജൂലിയും
യുദ്ധവും പോരാട്ടങ്ങളും
എല്ലാമെല്ലാം വിസ്മയക്കാഴ്ചകളായി നമ്മെ
വിട്ടുപോകാതെ ദിവസങ്ങളോളം പിന്തുടരും തീർച്ച !

കാന്തള്ളൂരിലെ കാന്തയെന്ന മദ്യത്തിന്റെ ലഹരി പോലെ,
ഓരോ അദ്ധ്യായങ്ങൾ കഴിയും തോറും
നമ്മെ മത്തു പിടിപ്പിക്കുന്ന രചനാ പാടവം
TD യുടെ കൈയ്യൊപ്പ് ചാർത്തിയതാണ്.



ശ്രീലങ്കയുടെ വർത്തമാനകാല  രാഷ്ട്രീയവും
ഭൂതകാല മിത്തും കൂട്ടിയിണക്കി എഴുതിയ,
ഡിസി ബുക്സ് 2014 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ
തീർച്ചയായും വായനക്കാരന് നവ്യാനുഭവമേകും...

കേരള സാഹിത്യ അക്കാദമി അവാർഡ്, മലയാറ്റൂർ അവാർഡ്
എന്നിവ ഈ നോവലിലൂടെ ടി ഡി രാമകൃഷ്ണന് ലഭിച്ചു.