March 15, 2017

നീളൻ ചായ

രാവിലെ എണീറ്റ് നല്ലൊരു ചായ കുടിച്ചാൽ തന്നെ ആ ദിവസം
നന്നായി തുടങ്ങി എന്നു കരുതുന്നവരാണ് നമ്മളിൽ പലരും.
ചായയുടെ എണ്ണം കുറച്ചു വരികയാണെങ്കിലും,
രാവിലെ ഒരെണ്ണം എനിക്കും ശീലമുണ്ട്.
കൊച്ചിയിൽ ജോലി സംബന്ധമായി താമസിക്കയാൽ
വാരാന്ത്യങ്ങൾ  ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയുള്ള
ജോഗിങ്ങിനു ശേഷം കാക്കനാട് ഇൻഫോപാർക് എക്സ്പ്രസ്സ്
വേയുടെ അരികിലുള്ള വേലായുധേട്ടന്റെ ചായക്കടയിൽ
നിന്നുമാണ് പതിവു ചായ.



ജോഗിങ്ങിന് കൂട്ടായി രാജഗിരിയുടെ പഴയ സ്‌പ്രിന്റ് താരം
സെബാനും കൂടെയുണ്ടാവും.
സെബാന് നല്ല കടുപ്പത്തിൽ, ചൂടാറ്റിയെടുത്ത ചായയാണ്
വേണ്ടതെങ്കിൽ എനിക്ക് വേണ്ടത് നന്നായി നീളത്തിൽ
മുകളിലേക്ക് ഒഴിച്ച് അടിച്ചെടുത്ത പതയുള്ള ചൂട് ചായയാണ്.
ആദ്യ രണ്ടു ദിവസം മാത്രമേ ചായക്കടയിലെ വേലായുധേട്ടനോട്
ഞങ്ങളുടെ സ്പെഷ്യൽ ചായക്കൂട്ടു പറഞ്ഞു കൊടുക്കേണ്ടി
വന്നിട്ടുള്ളൂ. പിന്നെ ഞങ്ങളെ കാണുമ്പോൾത്തന്നെ
കസ്റ്റമൈസ്ഡ് ചായകൾ റെഡി ആയിരിക്കും.

പറഞ്ഞു വന്നത് എന്താന്നു വച്ചാൽ , ഇങ്ങനെ നമ്മുടെ
ഇഷ്ട പ്രകാരമുള്ള ചായകൾ കിട്ടുന്ന ചായക്കടകളും
ഹോട്ടലുകളും മലയാള നാട്ടിൽ നിന്നും മാഞ്ഞു
തുടങ്ങിയിരിക്കുന്നു. കാരണം അവിടെ ചായ ഉണ്ടാക്കുന്നവർ
മറുനാട്ടിൽ നിന്നുള്ളവരാണ്. ബംഗാളിയോടും മറ്റും
നമ്മുടെ ചായരുചിയുടെ ഇഷാനിഷ്ട്ടങ്ങളും ഫ്ലേവറും
പറഞ്ഞു ഫലിപ്പിക്കണമെങ്കിൽ കടുപ്പത്തിലുള്ള
രണ്ടു ചായ ആദ്യമേ വേറെ കുടിക്കേണ്ടി വരും.
ഇല്ലേ, എത്രയെത്ര ചായ രുചികളാണ് നമുക്കുള്ളത് ?
ആ രുചിയുടെ ലിസ്റ്റിന്റെ നീളം ഇച്ചിരി കൂടുതലായിരിക്കും,
ഏകദേശം ഇങ്ങനെ...

ചേട്ടാ,
കടുപ്പത്തിൽ മധുരം കൂട്ടി ഒരു ചായ ...
ഒരു ലൈറ്റ് ചായ, നീളത്തിൽ ...
പാലിച്ചിരി കുറച് , മധുരം കൂട്ടി ആറ്റിയ ചായ ...
ഒരു പൊടി ചായ, വിത്ത് ഔട്ട് ...
കടുപ്പത്തിൽ മധുരം കുറച്ചു ഒരു ചായ ...
ഒരു കട്ടൻ വിത്ത് ഔട്ട് ഏലയ്ക്ക ഇട്ടത് ...

ചിലർക്കൊക്കെ ഒരു ഊള ചായ കിട്ടിയാലും മതിയാവും :)

ഒരു ഹോട്ടലിൽ  ചെന്നിട്ടു അവിടുത്തെ മറുനാടൻ
ചായടിക്കാരനോട് അല്ലെങ്കിൽ സപ്ലയറോട് ഇതൊക്കെ
എങ്ങനെ പറയാനാ ? ഇമ്പോസ്സിബിൾ.
അഥവാ മുറി ഹിന്ദിയും അംഗ വിക്ഷേപങ്ങളും കാട്ടി കാര്യം
ഒരുവിധം പറഞ്ഞൊപ്പിച്ചാലും അവൻ തന്നിഷ്ട പ്രകാരമേ
ചായ കൂട്ടി കൊണ്ട് വരുള്ളൂ;
ഒരു മറ്റേ ചിരിയും മുഖത്തു വച്ചുകൊണ്ട്.
എന്നാലും നമ്മളതു കുടിച്ചു പൈസയും കൊടുത്തു പോരുകയേ
വഴിയുള്ളൂ. മറ്റേതൊരു ഇഷ്ടവും പോലെ ഇതും കോംപ്രമൈസ്
ചെയ്യാൻ നമ്മൾ ശീലിച്ചു കഴിഞ്ഞിരിക്കുന്നു.
ചിലയിടങ്ങളിൽ ഇൻസ്റ്റന്റ് ചായ മാത്രേ കിട്ടുകയുള്ളൂ.

മലയാളിക്ക് നല്ലൊരു ചായ കുടിക്കണമെങ്കിൽ
തനിയെ ഇട്ടു കുടിക്കണം.

ചായയുടെ കാര്യം മാത്രമല്ല, മലയാളത്തിന്റെ രുചികളും, തനതു
രീതികളും നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഞാനും നിങ്ങളും
നമ്മളൊക്കെ അതിന്റെ കാരണക്കാരാണ്, നേരിട്ടല്ലെങ്കിലും.
അതിന്റെ കാരണങ്ങൾ ഞാനിവിടെ തിരഞ്ഞു പോകുന്നില്ല,
ഒരു ചിന്ത മാത്രം ചായ പോസ്റ്റിലൂടെ ഇട്ടു എന്ന് മാത്രം.
നാമിഷ്ടപ്പെടുന്ന പല രുചിക്കൂട്ടുകളും, മലയാളിയുടെ രീതികളും
ജീവിതവുമെല്ലാം മാറുന്നുണ്ട്, ഒന്നാലോചിച്ചാൽ നിങ്ങൾക്കും ആ
മാറുന്ന പട്ടികയുടെ നീളം കാണാനാവും.




നീളത്തിൽ , കടുപ്പത്തിൽ, ലൈറ്റ് ആയി...
ഒരു ചായ ചിന്ത പറഞ്ഞുവെന്നേ ഉള്ളൂ, ഒന്നും തോന്നരുത്.

March 04, 2017

നാരായണേട്ടൻ

ചെറിയൊരു ഇടവേളയയ്ക്കു ശേഷം  വീണ്ടും ഒരു ബ്ലോഗെഴുതാൻ
തീരുമാനിച്ചു. 2016 വർഷത്തെ അവസാന ബ്ലോഗ് ഒരു 
വ്യക്തിയെ കുറിച്ചായിരുന്നു, ഈ വർഷം(2017) ആദ്യമായി എഴുതുന്നതും 
ഒരു വ്യക്തിയെ കുറിച്ചു തന്നെ. 
എഴുതാനുള്ള ഒരു സാഹചര്യം ഇന്നുണ്ടായി എന്ന് പറയുന്നതാവും 
കൂടുതൽ ശരി.

കഴിഞ്ഞ ആറേഴു വർഷത്തെ സജീവ ഗ്രന്ഥശാല പ്രവർത്തനത്തിന്റെ 
ഭാഗമായി, എന്റെ നാട്ടിലെ വായനശാലയിൽ പതിവായി പുസ്തകം 
വായിക്കാനെത്തുന്നവരിൽ എന്നെ ഏറ്റവും കൂടുതൽ
വിസ്മയിപ്പിച്ചിട്ടുള്ളത് 
നാരായണേട്ടനാണ്. 
എഴുപതു വയസ്സ് കഴിഞ്ഞിട്ടുണ്ടാകും ഈ വായനക്കാരന്.
പണ്ട് അന്യദേശത്ത് എവിടെയോ ആയിരുന്നു ജോലി,
ഇപ്പൊ കുറേ കാലായി നാട്ടിൽ തന്നെയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കാര്യമോ, മക്കളുടെ കാര്യമോ ഒന്നും
എനിക്ക് കാര്യമായി അറിയില്ല.

വാരാന്ത്യങ്ങളിലെ വായനശാലാ പ്രവർത്തനത്തിന്റെ ഇടവേളകളിൽ 
ആണ് നാരായണേട്ടനോട് അല്പം സംസാരിക്കാറുള്ളത് , 
അതും പുസ്തകങ്ങളെ കുറിച്ച് മാത്രം. മിതഭാഷിയായ ഒരു
കൃശഗാത്രൻ. വായനശാലയിലെ പുസ്തകങ്ങൾ ആണ്
അദ്ദേഹത്തിന്റെ ഭക്ഷണം എന്നു തോന്നുന്നു. 
വായനാമുറിയിലെ പത്രങ്ങളും മാസികകളും സ്ഥിരം
വന്നു വായിക്കാറുള്ള നാരായണേട്ടൻ ആഴ്ചയിൽ വന്നു
പുസ്തകങ്ങൾ എടുത്തു കൊണ്ട് പോകും.


സാധാരണ എല്ലാ അംഗങ്ങൾക്കും രണ്ടു പുസ്തകം മാത്രേ
കൊടുക്കാൻ പാടുള്ളൂ. പക്ഷേ നാരായണേട്ടന് രണ്ട് പുസ്തകം
'ഒന്നുമാകില്ല' എന്നതിനാൽ ഒരു പരിഗണന കൊടുത്തു നാല്
പുസ്തകങ്ങൾ ഒന്നിച്ചു കൊണ്ടു പോകാനുള്ള "പ്രിവിലേജ് "
പ്രത്യേകം ലൈബ്രെറിയനോട് പറഞ്ഞു തരപ്പെടുത്തി കൊടുത്തു.
പതിനായിരത്തിൽ പരം പുസ്തകങ്ങൾ ഉള്ള ആ വായനശാലയിലെ, ഒരുമാതിരി എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചു 
തീർത്തിട്ടുണ്ടാവും എന്ന് തോന്നുന്നു !

ഞാനോർക്കുന്നു, ഒരിക്കൽ ഒരോണക്കാലത്തു ഉത്രാട തലേന്നു നാല് 
പുസ്തകങ്ങൾ കൊണ്ടുപോയി. പിന്നെ നാല് ദിവസം വായനശാല അവധിയാണ്. നാലാം ഓണ നാളിൽ പുലിക്കളിക്കു
പോകും മുൻപേ ചുമ്മാ വായനശാലയിലേക്ക് ഇറങ്ങിയതാ. വായനശാലയ്ക്കു മുൻപിൽ ദാ 
നിൽക്കുന്നു നാരായണേട്ടൻ, കയ്യിൽ വായിച്ചു തീർത്ത നാല് പുസ്തകങ്ങളുമുണ്ട്. ഇന്ന് തുറക്കില്ല എന്നറിയാം, എന്നാലും
വെറുതെ വന്നു നോക്കിയതാ എന്ന് പറഞ്ഞപ്പോൾ,
എനിക്കും അലിവ് തോന്നി. വേഗം എന്റെ വീട്ടിൽ പോയി
താക്കോലെടുത്തു വായനശാല തുറന്നു കൊടുത്തു. 
നാരായണേട്ടൻ ആവശ്യമുള്ള പുസ്തകങ്ങളെടുത്തു പോയി.

അത്രയും പ്രിയമാണ് അദ്ദേഹത്തിന് അക്ഷരങ്ങളോട്.
വർഷാവർഷം പുതിയ പുസ്തകങ്ങൾ വാങ്ങി കഴിഞ്ഞാൽ,
അതിലേറെയും ആദ്യമായി വായിച്ചു തീർക്കുന്നത് നാരായണേട്ടൻ 
തന്നെയാകാനാണ് സാധ്യത.
അബദ്ധത്തിൽ, മുൻപ് വാങ്ങിയ ഏതെങ്കിലും പുസ്തകങ്ങൾ
ഇക്കുറിയും വാങ്ങിച്ചുവെങ്കിൽ അതും ചൂണ്ടി കാണിക്കുന്നത് 
ഈ നാരായണേട്ടൻ തന്നെയായിരിക്കും. ലൈബ്രെറിയന് പോലും
ഇത്ര ധാരണ കാണില്ല എന്ന് തോന്നുന്നു. 

ചെറിയ ചിരികളിലും, ഒരുവാക്കിൽ ഒതുങ്ങിയ കുശലങ്ങളിലും 
അദ്ദേഹത്തോടുള്ള അടുപ്പം എന്നും ഒരുപോലെ നിന്നു. 
ജീവിതത്തിൽ നാം പരിചയപ്പെടുന്ന പലരും ഇങ്ങനെയാണ്,
പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ കാണില്ല, പക്ഷേ വെറുതെ
ഒരു പരിചയം എന്നും കാത്തു സൂക്ഷിക്കും, നാമറിയാതെ തന്നെ.



കഴിഞ്ഞ ആഴ്ചയാണ് ഈ വർഷത്തത്തെ ലൈബ്രറി ഗ്രാൻറ് കിട്ടിയ 
തുകയ്ക്ക് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ കെട്ടഴിച്ചത്. അന്ന് 
സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കുന്ന തിരക്കിനിടയിൽ നാരായണേട്ടൻ 
അതിലെ പുതിയ പുസ്തകങ്ങൾ എടുക്കാമോ എന്ന് ചോദിച്ചു.
അടുത്ത ആഴ്ച മുതലേ എല്ലാം നമ്പറിട്ടു ശെരിയാവുകയുള്ളു എന്ന് 
പറഞ്ഞപ്പോൾ , എന്നാൽ അങ്ങനെയാവട്ടെ എന്ന് മറുപടി പറഞ്ഞു 
എന്റെ തോളത്തു പതിയെ ഒന്ന് തട്ടി അദ്ദേഹം വായനശാലയുടെ പടികളിറങ്ങി. ഞാനും ലൈബ്രെറിയനും പതിവ് ജോലികളിലേക്ക് 
തിരിഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം; ഇന്നലെ വെള്ളിയാഴ്ച ജോലി സ്ഥലത്തു നിന്നും രാത്രി നാട്ടിലെത്തിയ ഞാൻ ആദ്യം കേട്ടത് നാരായണേട്ടന്റെ 
മരണ വാർത്തയായിരുന്നു.
മനസ്സിലൊരു വിഷമം തോന്നി.
നാരായണേട്ടൻ ആരോടും ഒന്നും പറയാതെ യാത്രയായി,
സ്വന്തം തീരുമാന പ്രകാരം.
തൃശൂരിലെ വടൂക്കര അടുത്ത്, സമാന്തരമായ രണ്ടു പാളങ്ങളുടെ 
തോളിലേറി കുതിച്ചു പാഞ്ഞെത്തിയ ആ തീവണ്ടിയുടെ 
മുന്നിലേക്ക്, എന്തിനാണ് നാരായണേട്ടൻ പോയത്?

അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും ഇഷ്ട്കാരനായ ആ 
വയോധികൻ, ഒരുവേള ആലോചനയില്ലാതെ നടന്നു പോയപ്പോൾ,
ഒരു പിൻവിളി വിളിക്കാൻ പോലും, 
എന്നെങ്കിലും വായിച്ചു തീർത്ത ഏതോ പുസ്തകത്താളിലെ 
ഒരക്ഷരവും ഉണ്ടായില്ല.?

പുത്തൻ പുസ്തകങ്ങൾ ചോദിച്ച നാരായണേട്ടന് അതിലൊന്ന് പോലും 
കൊടുക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാ പുസ്തകങ്ങളും നമ്പറിട്ടു 
സ്റ്റോക്കിൽ കയറ്റി വിതരണത്തിന് ശെരിയായി ഇരിക്കുന്നു, പക്ഷേ 
അതിലൊന്നുപോലുമെടുക്കാൻ നാരായണേട്ടൻ ഇനി വായനശാലയുടെ 
പടികടന്നു വരില്ല. 
വായനശാലയുടെ പേരിലൊരു റീത്തു വയ്ക്കാൻ പോയപ്പോൾ 
ഞാൻ കണ്ടതാ, ചേതനയറ്റ ആ ശരീരം.
അനേകമനേകം പുസ്തകത്താളുകൾ മറിച്ചു
കറുത്ത അക്ഷരങ്ങളെ വായിച്ചു തീർത്ത
ആ വിരലുകളും ശരീരവും മരവിച്ചു കിടക്കുന്നു.

ഇപ്പോൾ സമയം രാത്രിയായി, ചിതയിൽ എല്ലാം എരിഞ്ഞു തീർന്നിട്ടുണ്ടാവും. 
വായിച്ചു തീർത്ത അക്ഷരങ്ങളുടെ ലോകത്തിന്റെ തീച്ചൂളയിൽ 
നിന്നും, അദ്ദേഹം ഇന്നേ വരെ വായിക്കാത്ത പുതിയ ലോകത്തിന്റെ 
താളുകളിലേക്ക് യാത്രയാവുമ്പോൾ, എന്റെ മനസ്സിൽ ബാക്കിയാവുന്ന 
ചിന്ത ഒന്ന് മാത്രം.
നാരായണേട്ടനെ പോലെ ഇത്രയേറെ വായിക്കുന്ന മറ്റൊരാൾ 
ഈ വായനശാലയിൽ ഇനിയുണ്ടാവുമോ?