ജൂൺ 19 നമ്മൾ വായനദിനമായി ആചരിക്കുകയാണല്ലോ.
"ചിന്ത"യിൽ ഇക്കുറി ഒരു പുസ്തകം
പരിചയപ്പെടുത്താം എന്ന് കരുതി.
ഇന്ത്യയിലെ ആദ്യത്തെ Augmented Reality പുസ്തകം.
രചന: നിരക്ഷരൻ
പ്രസാധനം : മെന്റർ ബുക്സ് , തൃശൂർ.
വില : 450/-
നിരക്ഷരൻ എന്ന പേരിൽ ബ്ലോഗുകൾ എഴുതി പ്രസിദ്ധനായ
മനോജ് രവീന്ദ്രൻ, മുസരിസ് പൈത്രിക ഭൂമിയിലെ
എല്ലാ സ്ഥലങ്ങളും സചിത്രം വിശദമായി പങ്കുവയ്ക്കുന്ന
യാത്രാവിവരണമാണീ പുസ്തകം.
പണ്ടോരുകാലത്ത് നിലനിന്നിരുന്ന മുസരീസ് എന്ന
തുറമുഖ നഗരവും അനുബന്ധ പ്രദേശങ്ങളും ചരിത്രവും
ചിത്രങ്ങളും; കഥകളും കെട്ടുകഥകളും
ഈ പുസ്തകത്തിൽ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.
ചരിത്ര സ്മാരകങ്ങളുടെ കൈയ്യൊപ്പ് ചാർത്തി നിലകൊള്ളുന്ന;
ചേരമാൻ പള്ളി, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം,
മാർത്തോമ്മാലയം കോട്ടപ്പുറം കോട്ട, ചേന്ദമംഗലം സിന്നഗോഗ്,
പാലിയം കൊട്ടാരം, സഹോദരൻ അയ്യപ്പൻ സ്മാരകം
തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരണം
ഈ താളുകളിൽ വായനക്കാരനെ കാത്തിരിക്കുന്നു.
പക്ഷേ ഈ പുസ്തകത്തിന്റെ പ്രത്യേകത മറ്റൊന്നു കൂടിയാണ്.
റിയാലിറ്റി ഒഗ്മെന്റെഷൻ (Reality Augmentation) എന്ന സാങ്കേതിക
വിദ്യ പ്രയോജനപ്പെടുത്തുന്ന, ഇന്ത്യയിലെ തന്നെ ആദ്യത്തെ
പുസ്തകമാണ് ഇത് എന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്.
ഞാൻ ആദ്യമാണ് ഇത്തരത്തിൽ ഒരു പുസ്തകത്തെ നേരിൽ
വായിച്ചറിഞ്ഞത്, കണ്ടറിഞ്ഞത്.
കേവലം പുസ്തകത്താളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു
വായനാനുബവമല്ല ഈ പുസ്തകം പ്രദാനം ചെയ്യുന്നത്.
അനുബന്ധ വിവരണങ്ങളും, കൂടുതൽ ചിത്രങ്ങളും,
വീഡിയോകളും ഒരു Android സ്മാർട്ട് ഫോണിന്റെ സഹായത്തോടെ
വായനക്കാരന് ലഭിക്കുന്നു. അതവനെ കൂട്ടിക്കൊണ്ടു
പോകുന്നത് വായനയുടെ പുതിയ ലോകത്തേക്കാണ്,
അറിവിൻറെയും കാഴ്ചയുടെയും കൂടുതൽ മേച്ചിൽ
പുറങ്ങൾ ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്നു.
പുസ്തകത്തിലെ താളുകളുടെ എണ്ണത്തിന്റെ പരിമിതികൾ
ഇവിടെ തരണം ചെയ്യപ്പെടുകയാണ്.
Augmented Reality അനുഭവിച്ചറിയാൻ, പുസ്തകത്തിലെ
ചിത്രങ്ങളുടെ ഒരു കോണിൽ കൊടുത്തിരിക്കുന്ന
ഐക്കൺ, ഫോണിൽ കാണിച്ചാൽ മാത്രം മതി.
ഈ പുസ്തകത്തിന്റെതായ ഒരു മൊബൈൽ ആപ്
പ്ലേ സ്റ്റോറിൽ നിന്നും മുൻപേ ഇൻസ്റ്റോൾ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾ നിങ്ങളീ പുസ്തകം വാങ്ങിച്ചു
വായിക്കുമ്പോൾ കിട്ടുന്നതാണ്.
Augmented Reality എന്ന ടെക്നോളജി ലോകത്തിൽ പല
ആവശ്യങ്ങൾക്കും ഇന്ന് ഉപയോഗിക്കുന്നുണ്ട്. മെഡിക്കൽ
രംഗത്തും, സ്പേസ് റിസർച് രംഗത്തും, ഗെയിമിംഗ്
മേഘലയിലും എല്ലാം. അതിന്റെ സാധ്യതകൾ ഒട്ടനവധിയാണ്.
വരും നാളുകളിൽ നമ്മുടെയൊക്കെ നിത്യേനയുള്ള ജീവിതത്തിൽ
ഉപയോഗിക്കാവുന്ന പല ഓട്ടോമേഷനുകളിലും ഇവൻ
വന്നെത്തും. ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്(Internet Of Things, IoT)
എന്നൊക്കെ നമ്മളിൽ പലരും കേട്ട് കാണും.
നമ്മുടെ നാട്ടിൽ ഈ സാങ്കേതിക വിദ്യയുടെ പ്രയോക്താക്കൾ
കുറവാണെങ്കിലും ലോകത്തിന്റെ പലയിടത്തും ഇതിനോടകം
Augmented reality വളരെ പോപ്പുലർ ഹോട്ട് ടെക്ക് ആണ്.
പുസ്തകങ്ങൾ ഒരുപാട്, ഈ വിദ്യയിൽ പബ്ലിഷ് ചെയ്യപ്പെട്ടു
എന്നിരുന്നാലും, നിരക്ഷരന്റെ "മുസരീസിലൂടെ" എന്ന
ഈ പുസ്തകത്തിലാണത്രേ Augmented Reality ഒരു
യാത്രാ വിവരണ ഗ്രന്ഥത്തിനായി ലോകത്തിൽ ആദ്യമായി
ഉപയോഗിക്കുന്നത്. മികവാർന്ന പ്രിന്റ് ക്വാളിറ്റിയുള്ള
ഉൾത്താളുകളും ആകർഷണീയമാണ്.
മലയാളികളായ നമുക്കൊക്കെ
അഭിമാനിക്കാവുന്ന ഈ പുസ്തകം പബ്ലിഷ് ചെയ്ത
മെന്റർ ബുക്സിനും നന്ദി. പുസ്തക പ്രസാധന രംഗത്ത് മാറ്റത്തിന്റെ
ഒരു പുതിയ ചുവടുവയ്പ് നടത്താനായതിൽ ഇവർക്ക്
അഭിമാനിക്കാം.
മുസരീസ് എന്ന വാക്ക് ചിന്ത ബ്ലോഗ് സ്ഥിരമായി വായിക്കുന്നവര്ക്ക്
പരിചിതമായിരിക്കും, കാരണം പണ്ട് ബിനാലെ, പാലിയം, കൊച്ചി ഹെറിറ്റേജ് തുടങ്ങിയ പോസ്റ്റുകളിൽ ഞാനീ പൈതൃക ഭൂമിയെപ്പറ്റി
പ്രതിപാദിച്ചിട്ടുണ്ട്.
എങ്കിലും ഒന്നൂടെ ചുരുക്കിപ്പറയാം.
എന്താണ് മുസരീസ് ?
പതിനാലാം നൂറ്റാണ്ട് വരെ പശ്ചിമേഷ്യയിലെ തന്നെ ഒരു
പ്രധാന തുറമുഖ നഗരമായിരുന്നത്രേ മുസരിസ്.
ഇന്നത്തെ കൊടുങ്ങല്ലൂർ, മാള, ചേന്ദമംഗലം, പറവൂർ, പട്ടണം,
ചെറായി, പള്ളിപ്പുറം തുടങ്ങിയ അതിവിസ്തൃതമല്ലാത്ത
ഒരു ചരിത്രഭൂമി.
യവനരും മിസിറികളും റോമാക്കാരും ചൈനക്കാരും
ഇസ്രായേലികളുമൊക്കെ വാണിജ്യ ആവശ്യങ്ങൾക്കും
അല്ലാതെയും കടന്നു വന്നിരുന്ന ഈ പ്രദേശത്തിന് ;
ഇന്നത്തെ കേരളത്തിന്റെ സഞ്ചാര ഭൂപടത്തിൽ ഒരിടം
തീർച്ചയായും ഉണ്ട്.
മുസരിസ് പൈതൃക വിനോദ സഞ്ചാര പദ്ധതി, ഈയിടെ
ഈ പ്രദേശത്തുള്ള ചരിത്ര സ്മാരകങ്ങൾ പുനരുദ്ധാരണം
ചെയ്തു സംരക്ഷിക്കാൻ താല്പര്യം കാണിച്ചതിൽ അതിയായ
സന്തോഷമുണ്ട്.
മനോജ് രവീന്ദ്രൻ എന്ന എഴുത്തുകാരൻ മലയാളം
ബ്ലോഗ്ഗർമാർക്കിടയിൽ സുപരിചിതനാണ്.
അഞ്ചാറു വർഷം മുൻപേ ഞാൻ ബ്ലോഗിങ് തുടങ്ങിയ
കാലത്ത് ഇദ്ദേഹത്തിന്റെ ബ്ലോഗുകൾ കണ്ടാണ് പല
യാത്രകളും സ്ഥലങ്ങളും കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഒരു ട്രെക്കിംഗ് (നാടുനോക്കി ട്രെക്കിംഗ്)
സംഘത്തിൽ ചേർന്നപ്പോൾ അവിചാരിതമായി ഇദ്ദേഹത്തിന്റെ
കന്നി ദർശന പുണ്യം കിട്ടി.
ഒരു പകൽ മുഴുവൻ ഒന്നിച്ചൊരു മല കയറാനുള്ള ഭാഗ്യമുണ്ടായി.
അന്ന് ഈ പുസ്തകം ഇറങ്ങിയിരുന്നെങ്കിൽ ഞാൻ
പറയുമായിരുന്നു;
"മുസരിസ് പട്ടണത്തിൽ ജനിച്ചു വളർന്ന മനോജേട്ടാ,
ജന്മനാടിന് ഇതിൽ പരം മികവാർന്നൊരു ചരിത്രഗ്രന്ഥം
മറ്റാർക്കാണ് സമ്മാനിക്കാൻ കഴിയുക !!!"
ഈ പുസ്തകത്തെപ്പറ്റി കൂടുതൽ പറയുന്നില്ല.
നിങ്ങളും ഒരു കോപ്പി വാങ്ങി വായിച്ചു സൂക്ഷിച്ചു വയ്ക്കണം;
മുസരീസിനെ അറിയാൻ വേണ്ടി, ഇനിയൊരു തലമുറയ്ക്കു വേണ്ടി...