കഴിഞ്ഞ ദിവസം കണ്ട ഒരു "കാഴ്ചയുടെ" വിശേഷം
പങ്കു വയ്ക്കുകയാണിവിടെ.
മുൻപ് പല കാഴ്ചകളും ഞാനിവിടെ പോസ്റ്റിയിട്ടുണ്ട്;
ചിത്രങ്ങൾ സഹിതം. പക്ഷേ ഇത്തവണ അവതരിപ്പിക്കുന്ന
ഈ "കാഴ്ച"യിൽ നിറങ്ങളില്ല രൂപങ്ങളില്ല;
എന്തിന്, വെളിച്ചം പോലുമില്ല.
ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി തൃശ്ശൂരിൽ
ഐ ഹോസ്പിറ്റലിന്റെയും , മലബാർ കോളേജ് ഓഫ്
ഹെൽത്ത് സയൻസിന്റെയും ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ഒരു പരിപാടി കാണാനിടയായി.
FEEL THE BLINDNESS
(Tunnel Of Darkness)
യാത്രാ വേളകളിൽ, പൊതു സ്ഥലങ്ങളിൽ
ഒക്കെ അന്ധതയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരെ
നാം കണ്ടിട്ടുണ്ടാകും. പലപ്പോഴും നാമവരെ പരിഗണിക്കുകയോ
സഹായിക്കുകയോ ചെയ്തിട്ടുമുണ്ടാകാം. പക്ഷേ
അവരുടെ ഇരുൾ നിറഞ്ഞ ലോകത്തെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ? അവരുടെ ചലനങ്ങളിൽ
ചുവടുകളിൽ ചിന്തകളിൽ എല്ലാം ഇരുളിന്റെ
നിറം മാത്രമായിരിക്കാം. ഒരുപക്ഷേ ഈ കറുപ്പിനെ
അല്ലെങ്കിൽ ഇരുളിനെ അവർ ഒരിക്കൽ പോലും
തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല, കാരണം നിറങ്ങളുടെ നിറം
അവർക്കന്യമാണല്ലോ !!! ജന്മനാ അന്ധരായവർക്കു
സമാനമായ അനുഭവമായിരിക്കാം. ഇടക്കാലത്ത്
കാഴ്ച നഷ്ട്ടപ്പെട്ടവർ കൂടുതൽ ബുധിമുട്ടുമായിരിക്കും.
FEEL THE BLINDNESS "കാണാൻ" പോകുമ്പോൾ ഈവക
ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി.
ഇനി അവിടെ എന്നെ കാത്തിരുന്നത് എന്താണെന്ന് പറയാം.
ഇരുട്ടിന്റെ ലോകത്തിലൂടെ ഒരു ഹ്രസ്വ സഞ്ചാരം.
അന്ധതാ നഗരിയിലേക്കുള്ള യാത്രയ്ക്ക് സ്വാഗതമോതി
സംഘാടകർ പ്രവേശന വാതിലിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വാതിൽ തുറന്ന് പാദരക്ഷകൾ അഴിച്ചുവച്ച്
ഇരുട്ട് നിറഞ്ഞൊരു മുറിയുടെ അകത്താക്കി
അവർ വാതിലടച്ചു . ഒരു തരി പോലും പ്രകാശം
കടക്കാതെ, കറുപ്പിന്റെ തീക്ഷ്ണത മാത്രം; എവിടെയും.
ഒരാൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു;
"പേടിക്കണ്ട ഞാൻ നിങ്ങളെ സഹായിക്കാം.
എന്റെ പേര് സുലൈമാൻ, പാലക്കാട് ജില്ലയിലെ
പത്തടിപ്പലം ഗവ. സ്കൂളിലെ അദ്ധ്യാപകനാണ്."
അയാൾ സ്വയം പരിചയപ്പെടുത്തി.
ഇരുട്ടിന്റെ ലോകത്ത് സഹായത്തിനെത്തിയ
ആ മാലാഖയുടെ കൈ പിടിച്ച്, തന്ന നിർദേശങ്ങൾ
അനുസരിച്ച് ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ
നടന്നു.
ആദ്യമെന്നെ കൊണ്ടുപോയത് ഒരുത്സവ പറമ്പിലേക്കായിരുന്നു.
മേളം കൊട്ടിക്കയറുന്ന ശബ്ദം തെല്ലകലെയായി കേൾക്കാം.
ഉത്സവ പറമ്പിലെ ബലൂണുകളും വളക്കച്ചവടവും മാലകളും
എല്ലാം കൈ കൊണ്ട് സ്പർശിച്ചറിഞ്ഞു. നിരത്തി വച്ച
സോഡാ കുപ്പികളിലൂടെ കൈ തൊട്ടു നടന്നു.
പൊരിച്ചാക്കും മുറുക്കും എല്ലാം അവിടെ
നിരത്തി ഒരുക്കിവചിരിക്കുന്നത് ഞാൻ കാണാതെ കണ്ടു.
കച്ചവടക്കാരുടെ ശബ്ദവും ഉത്സവപ്പറമ്പിലെ ഒച്ചയും
എല്ലാം ശബ്ദ വിന്യാസത്തിലൂടെ കേൾപ്പിച്ച്
അന്ധതയുടെ കൌതുകകരമായ ഒരു ലോകത്തിലൂടെ
നമ്മളെ കൊണ്ട് പോകുന്നു. തപ്പി തടഞ്ഞ് നടക്കവേ
മേളം നടക്കുന്ന സ്ഥലമെത്തി എന്നു തോന്നി.
ആനയെ സങ്കൽപ്പിച്ചു ഞാൻ അലക്ഷ്യമായി കൈ വീശി
തൊടാൻ നോക്കി, പക്ഷേ അവിടെ ഒന്നുമുണ്ടായില്ല.
നടന്നു നീങ്ങും തോറും ഉത്സവ മേളത്തിന്റെ ശബ്ദം
കുറഞ്ഞ് വന്ന് പതിയെ ഇല്ലാതായി.
രണ്ടടി മുകളിലേക്ക് വച്ച് പടവുകൾ കയറാൻ
സുലൈമാൻ ചേട്ടൻ പറഞ്ഞു. എണ്ണം പിടിച്ച്
രണ്ടടി മുകളിലേക്ക് കയറി ചെന്നത് ഒരു
തൂക്കു പാലത്തിലേക്ക്. ഇളകുന്ന തൂക്കുപാലത്തിൽ
ഇരുവശവും കെട്ടിയിട്ടുള്ള കയറിലേക്ക് അയാൾ എന്റെ
കൈകൾ വച്ച് തന്നു. കയർ മുറുകുമ്പോഴും അഴയുമ്പോഴും
ഉണ്ടാകുന്ന ശബ്ദം മനസ്സിലാക്കി പാലം കടന്നിറങ്ങി.
നേരെ ചെന്നെത്തിയത് ഒരു റെയിൽവേ പ്ലാറ്റ്ഫോമിലേക്ക്.
"യാത്രിയോം കോ ധ്യാൻ ദീജിയേ; ഘാടി നമ്പർ ......
ആനെ കീ സംഭാവനാ ഹേ..."
റെയിൽവേ അനൌണ്‍സ് മെന്റും, ട്രെയിൻ വരുന്ന ഒച്ചയും
കേട്ട് പെട്ടെന്ന് ഞെട്ടിപ്പോയി. പ്ലാറ്റ് ഫോമിന്റെ വശങ്ങളിൽ
തൂക്കിയിട്ടിട്ടുള്ള കൂൾ ഡ്രിങ്ക്സ് കുപ്പികളിൽ വിരലോടിച്ചു.
ഇടയ്ക്കിടെ ഞാൻ ചുറ്റുപാടും നോക്കി എന്തെങ്കിലും
കാണാൻ ശ്രമിച്ചു. പക്ഷെ എവിടെയും ഇരുട്ട് മാത്രം.
കണ്ണടച്ചാലും തുറന്നാലും ഒരേ കറുപ്പ് നിറം.
കാഴ്ച പൂർണ്ണമായും നഷ്ട്ടപ്പെട്ട അനുഭവം. കൂടെ
സഹായത്തിനു ആ ചേട്ടൻ ഇല്ലെങ്കിൽ എനിക്കൊരടി
മുൻപോട്ടു പോകാൻ കഴിയില്ല.
ദിശ ഏതെന്ന് മനസ്സിലാക്കാനാവില്ല.
ഞാൻ തിരിച്ചറിഞ്ഞു വിലയേറിയ നമ്മുടെ
കണ്ണിന്റെ കാഴ്ച്ചയെ. എത്ര മൂല്യമേറിയതാണത് !!!
മനസ്സിൽ ചിന്തകൾക്ക് ഇടം കൊടുക്കാതെ രസകരമായ
ആ യാത്ര വീണ്ടുംതുടർന്നു. റെയിൽവേ പരിസരം കടന്നു
ചെന്നെത്തിയത് പച്ചക്കറി മാർക്കറ്റിൽ ആയിരുന്നു.
കച്ചവടക്കാരായ സ്ത്രീകളും പുരുഷന്മാരും കമ്പോള
വില ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു. ആളുകളുടെ
തിക്കും തിരക്കും. പച്ചക്കറി നിറച്ചുവച്ച കൊട്ടകളെ
തൊട്ടുകൊണ്ട് മുൻപോട്ടു വേച്ചു വേച്ചു നടക്കവേ
സുലൈമാൻ ചേട്ടൻ ഓരോ കുട്ടകളിലും നമ്മുടെ
കൈ വച്ച് തന്ന് അതിൽ ഏതു പച്ചക്കറിയാണെന്ന്
തൊട്ടറിയാൻ പറഞ്ഞു. ഉരുണ്ട തേങ്ങയും സവോളയും
നീളൻ വെണ്ടക്കായയും മുരിങ്ങയും പച്ചമുളകും
ക്യാരറ്റും ഒക്കെ തൊട്ടുരുമ്മി ഉത്തരങ്ങൾ കൊടുത്തപ്പോൾ
പലതും തെറ്റിപ്പോയി. ആ കളി വളരെ രസമായിത്തോന്നി.
മാർക്കറ്റിൽ നിന്നും നേരെ പോയത് ഒരു അരുവി കടന്ന്
കാട്ടിലേക്ക്. അരുവിയിലെ വെള്ളം കാലിൽ ഇക്കിളിപ്പെടുത്തി.
ഇഴതൂർന്ന തരുലതാതികൾ നിറഞ്ഞ ഒരിടം. കാട്ടു വള്ളികൾ
മുഖത്ത് വന്നടിക്കാതിരിക്കാൻ കൈ മുഖത്തിന് മുൻപിൽ
തട വച്ചു നടക്കുമ്പോൾ കാടിന്റെ പശ്ചാത്തല ശബ്ദത്തിൽ
പല മൃഗങ്ങളുടെയും ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
കാടിന്റെ ഗന്ധവും സ്പർശവും അറിഞ്ഞ് ആ യാത്ര
മെല്ലെ അവസാനിക്കുകയായിരുന്നു. സുലൈമാൻ ചേട്ടൻ
പതുക്കെ പുറത്തു കടക്കാനുള്ള വാതിൽ തുറന്നു,
കാഴ്ച്ചയുടെ ലോകത്തേക്ക് എന്നെ തിരികെയെത്തിച്ചു.
ഏകദേശം 15 മിനിറ്റുകൾ ആയിരിക്കുന്നു എന്റെ
കണ്ണിലേക്കു അല്പം വെളിച്ചം കടന്നു വന്നിട്ട്.
കണ്ണുകൾ പതുക്കെ ചിമ്മി തുറന്നു നോക്കിയപ്പോൾ
അന്ധനായ ഒരാൾ മുൻപിൽ നിൽക്കുന്നു. അദ്ദേഹം
പറഞ്ഞു; ഞാനാണ് ഇത്രയും നേരം നിങ്ങളെ ഇരുട്ടിൽ
"കാഴ്ചകൾ കാണിച്ചു തന്നത്". കൈകൾ ഗ്രഹിച്ച്
ഞാനദ്ദെഹത്തിനു നന്ദി പറഞ്ഞു. അവരുടെയൊക്കെ
അന്ധത നിറഞ്ഞ ലോകത്തെക്കുറിച്ച് അത്ഭുതം തോന്നി.
ഇരുളിന്റെ ആകാശങ്ങളിൽ നിലാവും നക്ഷത്രങ്ങളുമില്ല,
അകക്കണ്ണിൽ കൊളുത്തിയ പ്രതീക്ഷയുടെ തിരിനാളങ്ങൾ
മാത്രം. ഈ ഉൾക്കാഴ്ചയാണ് വെളിച്ചത്തിന്റെ ചാലൊരുക്കി
അന്ധരെ മുന്നോട്ടു നയിക്കുന്നത്. അവർ പക്ഷേ ഇന്ന്
പരിമിതികളിൽ തളരാതെ എല്ലാ മേഘലകളിലും
അവരുടേതായ വിജയത്തിന്റെ കയ്യൊപ്പ് പതിപ്പിചിരിക്കുന്നു.
അഭിവാദ്യങ്ങൾ...
പുറത്ത് സംഘാടകരിൽ ഒരാൾ അവരുടെ ലോഗ് ബുക്കിൽ
എന്തെങ്കിലും കുറിയ്ക്കാൻ പറഞ്ഞപ്പോൾ ഞാനിങ്ങനെ
എഴുതി ;
അനിർവ്വചനീയമായൊരു അനുഭവം ജീവിതത്തിൽ
ആദ്യമായി "കാണിച്ചു" തന്നതിന് നന്ദി.
ഇരുട്ടിന്റെ തുരങ്കത്തിലൂടെ, അന്ധതയുടെ താഴ്വരയിലൂടെ
നടന്നു നീങ്ങിയപ്പോൾ എന്നെ നയിച്ചത് സ്നേഹത്തിന്റെ
ഒരു സ്പർശമായിരുന്നു. കാഴ്ച്ചയുടെ അഹങ്കാരം നിറഞ്ഞ
നമ്മുടെയൊക്കെ "അന്ധത" എന്നായിരിക്കും മാറുക ?
സ്നേഹവും നന്മയും നമുക്ക് വഴി കാണിക്കട്ടെ...
നന്ദിയോടെ,
കാഴ്ചയുള്ള ഒരു അന്ധൻ.