April 18, 2014

പൂവാങ്കുരുന്നില


 കണ്മഷിയെഴുതിയ മിഴികളിൽ
കവിതകൾ കൂട് കൂട്ടും;
സ്വപ്നങ്ങളുടെ ഒരു താഴ്വരയാണത് ...


പെണ്‍കുട്ടികൾക്ക്, ജനിച്ച് 28 ദിവസം തികയുമ്പോൾ
കണ്ണിൽ കരിമഷി എഴുതുന്ന ചടങ്ങുണ്ട്. എന്റെ മകളുടെ
28 ന്  കണ്മഷി വാങ്ങാൻ വിചാരിച്ചപ്പോഴാണ്  ഈ സംഭവം
വീട്ടിൽ തന്നെയുണ്ടാക്കാം എന്നറിഞ്ഞത്.
പണ്ടൊക്കെ കണ്മഷി വീട്ടിൽ തന്നെയാണത്രേ ഉണ്ടാക്കിയിരുന്നത്.
എന്നാൽ പിന്നെ ഈ നിർമ്മിതി ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ
തീരുമാനിച്ചു.




സംഭവം വളരെ ലളിതമാണ് , എല്ലാം പ്രകൃതി ദത്തം.
വീടിന്റെ മുറ്റത്തോ തൊടിയിലോ കാണുന്ന പൂവാങ്കുരുന്നിലയാണ്
ആകെ വേണ്ടുന്നതായ സാധനം. നിത്യവും മുറ്റത്ത്‌  കാണുന്ന
ദശപുഷ്പ ഗണത്തിൽപെട്ട  ഈ ചെടി കണ്മഷി ഉണ്ടാക്കാൻ
ഉപയോഗിക്കും എന്നറിഞ്ഞത് ഇപ്പോഴാണ് .

 

പൂവാങ്കുരുന്നില കൊണ്ട്  കണ്മഷി ഉണ്ടാക്കുന്ന രീതിയിതാ പോസ്റ്റുന്നു:


 

ആദ്യം പൂവങ്കുരുന്നിലയുടെ ഇലകൾ ശേഖരിച്ച് വൃത്തിയായി
കഴുകിയെടുക്കുക. എന്നിട്ട് ഇലകൾ ഇടിച്ചു പിഴിഞ്ഞ്  ഒരു പാത്രത്തിലേക്ക്
ചാറെടുക്കണം, ഇത് കുറച്ചധികം വേണ്ടി വരും. വിളക്കിലെ തിരിയുണ്ടാക്കാൻ
ഉപയോഗിക്കുന്ന  നല്ല വൃത്തിയുള്ള കൊട്ടൻ തുണി മുറിച്ചെടുത്തു
പൂവാങ്കുരുന്നിലയുടെ ചാറിൽ മുക്കി നനച്ച ശേഷം തണലത്ത് ഇട്ട്  ഉണക്കണം.






തുണി നന്നായി ഉണങ്ങിയ ശേഷം വീണ്ടും പൂവങ്കുരുന്നില-ചാറിൽ നനച്ച്
വീണ്ടും തണലത്തിട്ട്‌ ഉണക്കണം. ഇപ്രകാരം 7 തവണ ആവർത്തിക്കുക.
ഇപ്പോൾ ഔഷധ ഗുണമുള്ള പൂവാങ്കുരുന്നിലയുടെ ചാറ്  നല്ലപോലെ
തുണിയിൽ ആയിട്ടുണ്ടാകും.



ഇനിയീ തുണി വിളക്കിലിടാനുള്ള തിരിയായി തെറുത്തെടുക്കണം.
ഒരു നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ച് ഈ തിരിയിട്ട് കത്തിക്കാൻ
പാകത്തിന്  ഒരുക്കി വയ്ക്കുക.
ഇനി വേണ്ടത് ഒരു പുത്തൻ മണ്‍പാത്രം.



നിലവിലക്കിലെ തിരി കത്തിച്ച ശേഷം പുക ഉയരുന്ന ഭാഗത്തായി
മണ്‍പാത്രം കമിഴ്ത്തി വയ്ക്കണം. വിളക്കിൽ നിന്നുതിരുന്ന പുക
മണ്‍പാത്രത്തിൽ കരിയായി വന്നടിയും . ആവശ്യമായ
ആത്രയും കരി മണ്‍പാത്രത്തിൽ ആയാൽ തിരിയണയ്ക്കാം.


 

മണ്‍പാത്രത്തിലെ പാട പോലെയുള്ള കരി ഒരു ഓലക്കീറുകൊണ്ട്
അടർത്തിയെടുക്കുക. ഈ കരി ഒരു പാത്രത്തിലിട്ട് രണ്ടോ മൂന്നോ
തുള്ളി നല്ലെണ്ണ ഒഴിച്ച് ഈർക്കിൽ കൊണ്ട്  നന്നായി ചാലിക്കുക.

 
 

കണ്മഷി തയ്യാർ. ഒരു ഒഴിഞ്ഞ കണ്മഷിക്കൂടിലേക്ക് ചാലിച്ച കണ്മഷി
പകർത്തി ആവശ്യാനുസരണം ഉപയോഗിക്കാം.


താല്പര്യമെങ്കിൽ നിങ്ങൾക്കും ഇത് പരീക്ഷിക്കാവുന്നതെയുള്ളൂ.
ആവശ്യമായ സാധനങ്ങൾ:
1. പൂവാങ്കുരുന്നിലയുടെ ഇല
2. തിരിത്തുണി
3. നല്ലെണ്ണ
4. നിലവിളക്ക്
5. മണ്‍പാത്രം