February 22, 2013

ട്രെയിന്‍ ടിക്കറ്റ്‌




കാലം ചൂളം വിളിച്ചു കുതിച്ചു പായുകയാണ്.
ഡിജിറ്റല്‍, കംപ്യൂട്ടറയിസെഡ്‌, ഓണ്‍ലൈന്‍ എന്നിങ്ങനെയുള്ള
വാക്കുകളിലൂടെ, കാല വേഗത്തിനൊപ്പം മനുഷ്യനും
യാത്രയിലാണ്.
മേല്‍പറഞ്ഞ യുഗങ്ങള്‍ക്കു  മുന്‍പേ, സായിപ്പിന്‍റെ ഭരണകാലത്ത്
തുടങ്ങിയ, റെയില്‍വേയും ട്രെയിന്‍യാത്രയും  നമുക്ക്
പരിചിതമാണ്. അത്തരം യാത്രകളുടെ ഗ്രീന്‍ കാര്‍ഡായ
ട്രെയിന്‍ ടിക്കെറ്റിനെക്കുറിച്ചാണ് ഈ ബ്ലൊഗ്.
ടിക്കറ്റ്‌ എന്ന് പറയുമ്പോള്‍ ഇന്ന് നമുക്ക് സ്റ്റേഷനില്‍ നിന്നും
പ്രിന്‍ററില്‍  ലഭിക്കുന്ന ടിക്കറ്റ്‌ അല്ല കേട്ടോ !

കട്ടിയുള്ള മഞ്ഞ ചട്ടയില്‍ മുന്‍‌കൂര്‍ പഞ്ച് ചെയ്തു വച്ച
ആ പഴയകാല ട്രെയിന്‍ ടിക്കറ്റ്‌.



ഒരുപക്ഷേ ഇന്നും അപൂര്‍വ്വം ചിലയിടങ്ങളില്‍ ഇത്തരം
ടിക്കെറ്റുകള്‍ കിട്ടിയെക്കാം. ഏകദേശം രണ്ടു മാസം
മുന്‍പ് വരെ, എനിക്ക് ഏറ്റവും അടുത്തുള്ള
ഒല്ലൂര്‍ റെയില്‍വെ  സ്റ്റേ ഷനില്‍(തൃശൂര്‍ ജില്ല) നിന്നും
ഈ ടിക്കെറ്റുകള്‍ ആണ് തന്നിരുന്നത്.
നീണ്ട 10 വര്‍ഷക്കാലം  "ഒല്ലൂര്‍ ടു എറണാകുളം"
ട്രെയിന്‍ യാത്ര ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു,
ദിനവും ഇല്ലെങ്കിലും വാരാന്ത്യത്തിലുള്ള ഈ യാത്രയില്‍
എന്നെ കാത്തിരുന്നത് ഈ പഴയ ടിക്കെറ്റുകള്‍ ആയിരുന്നു.

 


10  രൂപയ്ക്ക് എറണാകുളം വരെ യാത്ര ചെയ്യാം എന്നു
പറയുമ്പോള്‍ ഇതാണ് ഏറ്റവും ലാഭകരമായ യാത്ര
എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലൊ.

അന്നത്തെ യാത്രയ്ക്കൊടുവില്‍ എന്തു കൊണ്ടോ
ടിക്കെറ്റുകള്‍ വലിച്ചെറിയാന്‍ തോന്നിയിരുന്നില്ല.
വെറുതെ അത് സൂക്ഷിച്ചു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍
പിന്നീട് അതൊരു ശീലമായി.  അറിയാമായിരുന്നു,
ഒട്ടും വൈകാതെ തന്നെ ഇവ കമ്പ്യൂട്ടര്‍ ടിക്കെറ്റുകള്‍ക്ക്
വഴിമാറിക്കൊടുക്കുമെന്ന്. അതുകൊണ്ടു തന്നെ
ഒരിഷ്ട്ടത്തോടെ പാസഞ്ചറിലുള്ള ആ ട്രെയിന്‍
യാത്രകളുടെ ഓര്‍മ്മയ്ക്കായ് അവയെല്ലാം
സൂക്ഷിച്ചു വച്ചു!


തൃശൂര്‍ ഏറണാകുളം ട്രെയിന്‍ യാത്ര എന്ന് കേള്‍ക്കുമ്പോള്‍
തന്നെ ഇത് വായിക്കുന്ന പല കൂട്ടുകാര്‍ക്കും
എന്നെപ്പോലെ ഒത്തിരി ഓര്‍മ്മകള്‍ മനസ്സിലേക്ക്
ചൂളം വിളിചെത്തും.


ട്രെയിന്‍ യാത്രയിലെ  സൗഹൃദങ്ങള്‍, പ്രണയങ്ങള്‍,
നിശ്ശബ്ദമായ വേളകളിലെ ചിന്തകള്‍... അങ്ങനെ പലതും...

അന്നത്തെ  ചില സൗഹൃദങ്ങള്‍ "പുഷ് പുള്‍" ചെയ്ത്
ഇന്നും നീങ്ങുന്നു, ചില പ്രണയങ്ങള്‍ ജീവിതത്തിലേക്കും
ചിലത് വിരഹത്തിലെക്കും പച്ചക്കൊടികള്‍ വീശി,
രാത്രിയാത്രയിലെ ചിന്തകള്‍ അക്ഷരങ്ങളായ്‌
പിന്നീടവ കവിതകളായ്.... 
ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് പിടിച്ച ഓര്‍മ്മകള്‍
ഇന്ന്  തമാശകളായ് :)


അങ്ങനെ ഒരുപാട്  അനുഭവങ്ങളുടെയും
വഴിയോര കാഴ്ചകളുടെയും ലോകത്തേക്ക്
എന്നെയെത്തിച്ച  ഈ ട്രെയിന്‍ ടിക്കെറ്റുകള്‍
ചവറ്റു കൊട്ടയില്‍ വലിച്ചെറിയാന്‍ തൊന്നുന്നില്ല.
ചുമ്മാ അതിവിടെ ഇരിക്കട്ടെ അല്ലേ?

ടിക്കെറ്റുകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ നിങ്ങളില്‍
മറന്നു പോയവരുണ്ടോ?
സാരമില്ല; ഇന്നലത്തെ യാത്രയിലെ ഓര്‍മ്മകള്‍
മുന്നോട്ടുള്ള ജീവിത യാത്രക്കുള്ള  ടിക്കെറ്റുകളായ്
നിങ്ങളുടെ കൂടെത്തന്നെയുണ്ടാവട്ടെ.

February 07, 2013

ബാവുല്‍


ബാവുല്‍ എന്നത് ബംഗാളിലെ ഒരു സംസ്കൃതിയും ഒരു സംഗീതശാഖയുമാണ്‌.
ഇന്ത്യയില്‍ നിന്നും ലോക പ്രശസ്തമായ ബാവുല്‍ സംഗീതത്തെ കുറിച്ചും,
അതെനിക്ക് പരിചയപ്പെടുത്തിയ ഒരു പുസ്തകത്തെപ്പറ്റിയുമാണ് ഈ ബ്ലോഗ്‌.

ഗ്രാമീണ ഇന്ത്യയിലെ നാടോടി ഗായകരായ
ബാവുലുകളോടൊപ്പം ഒരു ദേശാടനം...


വിശാലമായൊരു വായനാ ശീലമൊന്നും എനിക്കില്ലെങ്കിലും
ഞാന്‍ അത്യാവശ്യം വല്ലപ്പോഴും വായിച്ചിരുന്നു; കുറച്ചുകാലം മുന്‍പ് വരെ.
മടി പിടിച്ച് ആ നല്ല ശീലം ഞാനായിട്ട് നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ്
കോട്ടയത്ത്‌ നിന്നും എന്നെ കാണാന്‍ വന്നൊരു സുഹൃത്ത്‌ (അനൂപ്‌ എബ്രഹാം)
ഈ പുസ്തകം സമ്മാനിച്ചത്‌.


"ബാവുല്‍ - ജീവിതവും സംഗീതവും "
(BAUL: THE HONEY GATHERERS)
പ്രസിദ്ധീകരണം : മാതൃഭൂമി ബുക്ക്സ് (2012 October)



എഴുത്തുകാരിയെപ്പറ്റി  : 


ഷില്ലോങ്ങില്‍ ജനിച്ച മിലു സെന്‍ എന്ന വിവര്‍ത്തകയും സംഗീതജ്ഞയുമാണ്
ഈ പുസ്തകം എഴുതിയിരിക്കുന്നത്. പബന്‍ ദാസ് ബാവുലിനൊപ്പം പരിപാടികള്‍
അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ സംഘത്തെ ലോകമെങ്ങും
നയിക്കുകയും ചെയ്യുന്നു. 1969 മുതല്‍ ഇന്ത്യയിലും ഫ്രാന്‍സിലുമായി ജീവിതം.


ബാവുലുകള്‍ :
ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാല്‍നടയായി അലഞ്ഞു നടക്കുന്ന
നാടോടി ഗായകരാണ് ബാവുലുകള്‍. മേളകളിലേക്കും ഉത്സവങ്ങളിലേക്കും
അവര്‍ ചേക്കേറുന്നു. "വാതുല" എന്ന വാക്കില്‍ നിന്നാണ് "ബാവുല്‍"
എന്ന വാക്ക് രൂപം കൊണ്ടത്‌. കാറ്റിന് അധീനപ്പെട്ടവര്‍ എന്നാണിതിനര്‍ത്ഥം.
കാറ്റിനൊപ്പം അലയുന്നവര്‍; ബാവുലുകളുടെ സഞ്ചാരഗതികളുടെ
സ്വഭാവത്തെ അത് സൂചിപ്പിക്കുന്നു. വൈഷ്ണവരും സൂഫികളും
ഇടകലര്‍ന്നുള്ള ഈ നാടോടി ഗണത്തിന്റെ ഗാനങ്ങള്‍ ആഴത്തില്‍
സ്പര്‍ശിക്കുന്നവയാണ്, വരികള്‍ ഹൃദയത്തെ നീറ്റുന്നവയുമാണ്;

നിഗൂഡ വശ്യതയുള്ള പാട്ടുകള്‍.

നീണ്ട് അയഞ്ഞ പല വര്‍ണ്ണങ്ങളിലുള്ള നീളന്‍ കുപ്പായങ്ങളാണ്
ബാവുലുകള്‍ ധരിക്കുന്നത്. "അല്‍ഖല്ല" എന്നാണതിന്റെ പേര്.


 
കൈ കൊണ്ട് തടിയിലും കളിമണ്ണിലും നിര്‍മ്മിച്ച, ലളിതമായ സംഗീത
ഉപകരണങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ
വിഭ്രാന്തമായ താളങ്ങള്‍ അവരതില്‍ രൂപപ്പെടുത്തുന്നു.
പ്രകൃതിയുടെയും കാമനകളുടെയും വിരുദ്ധാവസ്ഥകള്‍
ആ പാട്ടുകളില്‍ നിറയുന്നു.

THE HONEY GATHERERS
ബാവുല്‍ സംഗീതമഴ തേടിയലഞ്ഞ്...
ബാവുലുകളുടെ കഥ പറയുന്നതോടൊപ്പം ഗ്രന്ഥകര്‍ത്താവായ മിലു സെന്നിന്റെ
ജീവിതവും ഈ താളുകളില്‍ നിറയുന്നു.
കോല്‍ക്കത്ത ജയിലില്‍ ഒരു രാത്രിയില്‍ ബാവുല്‍ സംഗീതത്തിന്റെ
നേര്‍ത്ത ഭാവമാധുരി മിലുവിനെ തേടിയെത്തി. ജയില്‍ രാത്രികളില്‍ അവര്‍
ആ സംഗീതത്തിനായി പിന്നെയും പിന്നെയും കാതോര്‍ത്തു.
പിന്നീട് പാരീസില്‍ വച്ച് അസാധാരണമായൊരു  കുടുംബ ജീവിതത്തിനിടയില്‍
ബാവുലുകള്‍ അവരുടെ ജീവിതത്തിലേക്ക് അലഞ്ഞെത്തി.
ബാവുല്‍ ജീവിത്തത്തിന്റെയും സംഗീതത്തിന്റെയും അന്വേഷണ വഴികളിലൂടെ
അവര്‍ അലഞ്ഞു തുടങ്ങി. ഈ അലച്ചില്‍ ബാവുല്‍ സംഗീതമധു
തേടിയുള്ളതായിരുന്നു.



ബാവുല്‍ സംഗീതത്തിന്റെയും ജീവിതത്തിന്റെയും ഇതുവരെ എഴുതപ്പെടാത്ത
ഒരദ്ധ്യായമാണ് എനിക്ക് മുന്‍പില്‍ ഈ പുസ്തകം തുറന്നു തന്നത്. ഒരു
സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായ ഈ സംഗീതത്തെക്കുറിച്ച് കൂടുതല്‍
അന്വേഷിച്ചപ്പോഴാണ് അതിന്റെ പ്രചാരത്തെക്കുറിച്ച് അറിയാനായത്.
അലഞ്ഞ് നടക്കുന്ന ബാവുലുകള്‍ ഒരേ സമയം നാടോടി ഗായകരും
അര്‍ദ്ധ സന്ന്യാസികളുമാണ്, സെന്‍ ബുദ്ധിസത്തിന്റെ അലയടികളും
ഇവരില്‍ പ്രകടമത്രേ! ഈ അന്വേഷണത്തിന്റെ കണ്ടെത്തലായിരുന്നു
രവീന്ദ്രനാഥ ടാഗോറും ബാവുല്‍ സംഗീതവും തമ്മിലുള്ള ഗാഡമായ
ബന്ധം. ബാവുല്‍ സംഗീതത്തിന്റെ ഒരു വക്താവായിരുന്നു ടാഗോര്‍.
വെറുമൊരു നാടോടി സംഗീതത്തില്‍ നിന്നും രവീന്ദ്ര സംഗീതമായി
അത് പരിണമിച്ചപ്പോള്‍ ബാവുല്‍ സംഗീതത്തിന് പുതിയൊരു
തലം കൈവന്നു; അവ കൂടുതല്‍ സ്വീകാര്യമായി. കല്‍ക്കത്തയിലെ
പ്രസിദ്ധമായ ശാന്തിനികേതന്‍ അതിന് വേദിയൊരുക്കുകയും
ചെയ്തു. ബാവുല്‍ മേളകള്‍ രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്നു.
ഇതുവരേയും ബാവുല്‍ പാട്ടുകള്‍ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും കേട്ടു നോക്കൂ,
നെറ്റില്‍ നിന്നും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും.


വിസ്മയാവഹമായ ഗദ്യത്തില്‍ രചിക്കപ്പെട്ട ഈ പുസ്തകം ബാവുലുകളുടെ
പ്രാചീന ജീവിതത്തിന്റെ നിഗൂഡലോകത്തേക്ക്  നോക്കാനുള്ള ഒരു
താക്കോല്‍ പഴുതാണ്. THE HONEY GATHERERS ന്
മലയാള പരിഭാഷ നല്‍കിയ മാതൃഭൂമി ബുക്സിന് ഒത്തിരി നന്ദിയുണ്ട്.
ഒപ്പം, ചെറിയൊരു ഇടവേളക്ക് ശേഷം അക്ഷരമധു തേടിയുള്ള എന്റെ
യാത്രകള്‍ക്ക് ആക്കം കൂട്ടിയ ഈ പുസ്തകം എനിക്ക് സമ്മാനിച്ച അനൂപിനും.
അതെ, പുസ്തകത്താളുകളിലൂടെ അക്ഷരങ്ങള്‍ക്കൊപ്പം അലഞ്ഞ്
നടക്കുമ്പോള്‍ നമ്മുടെ മനസ്സും അറിയാതെ ഒരു നാടോടിയെപ്പോലെയാകുന്നു...