January 30, 2013

ബിനാലെ 2013



ഇന്ത്യയുടെ ആദ്യത്തെ ബിനാലെ കൊച്ചിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കാലത്തിന്റെ കലണ്ടറില്‍ 12/12/12 എന്ന് ഒട്ടിച്ചുവച്ച ദിവസം, ഇന്ത്യയില്‍ 
ആദ്യമായി നടക്കുന്ന "കൊച്ചി മുസ്സരിസ് ബിനാലെ"ക്ക് തിരിതെളിഞ്ഞു.
മൂന്നു മാസം നീണ്ടു നില്‍ക്കുന്ന കലയുടെ രാപ്പകലുകള്‍ക്ക്  സാക്ഷ്യം വഹിക്കാന്‍
കിട്ടിയ അപൂര്‍വ്വ അവസരം !


ഇന്നലെ ഞാനും പോയി, ഈ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ബിനാലെ കാണാന്‍.
എറണാകുളത്തെ ഫോര്‍ട്ട്‌ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ആണ്
ആധുനിക കലയുടെ ഈ പ്രദര്‍ശനം നടക്കുന്നത്. അതിരുകളില്ലാത്ത കലയുടെ
വിശാലമായ ക്യാന്‍വാസില്‍ വേറിട്ട ഒരനുഭവമാണ് പ്രേക്ഷകനെ ഇവിടെ
കാത്തിരിക്കുന്നത്.


എന്താണ് ബിനാലെ?
ഷോ, എക്സിബിഷന്‍, ഫെയര്‍ എന്നൊക്കെ പറയും പോലെ ഒരു വാക്കാണ്‌ ബിനാലെ.
രണ്ടു വര്‍ഷം കൂടുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടത്തി വരുന്ന
ഈ ബിനാലെകളില്‍ ലോകോത്തര നിലവാരത്തിലുള്ള കലാ സൃഷ്ട്ടികള്‍
പ്രദര്‍ശിപ്പിക്കപ്പെടുന്നു. (ട്രിനാലെ മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തപ്പെടുന്നത് )
ബിനാലേക്ക് വേദിയാകുന്ന രാജ്യത്തെ കലാകാരന്മാരും
മറ്റ് വിദേശ രാജ്യങ്ങളിലെ കലാകാരന്മാരും സമ്മേളിക്കുന്ന ഈ വേദികളില്‍
പെയിന്റിങ്ങും ഇന്‍സ്റ്റലേഷനും ചിത്രങ്ങളും ശില്‍പ്പങ്ങളും എല്ലാം വിവിധ
മാധ്യമങ്ങളിലൂടെ പുതിയ ഭാവങ്ങളില്‍ അണിയിച്ചൊരുക്കുന്നു.
ഇതിനോടനുബന്ധിച്ച് കലാ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളും
പഠന ശിബിരങ്ങളും സെമിനാറുകളും ഉണ്ടാകും.

ആദ്യത്തെ ഇന്ത്യന്‍ ബിനാലെ !

1895 ല്‍ ആരംഭിച്ച ഈ ബിനാലെ യൂറോപ്യന്‍ അമേരിക്കന്‍ ഏഷ്യന്‍
രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ആദ്യമായാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്,
അതും നമ്മുടെ സ്വന്തം കേരളത്തില്‍, മ്മടെ കൊച്ചിയില്‍...
അങ്ങനെ ഇത്തവണ അത് "കൊച്ചി മുസ്സരിസ് ബിനാലെ" ആയി.
(മുസ്സരിസ് എന്നത് പ്രാചീന കൊച്ചിയില്‍ നില നിന്നിരുന്ന ഒരു സംസ്കൃതിയാണ്)

 
കൊച്ചി ബിനാലെയില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ ഇവിടെ പോസ്റ്റുന്നു;
അറിയാവുന്ന കൊച്ചു കൊച്ചു കാര്യങ്ങളും...


ബോസ് കൃഷ്ണമാചാരിയാണ് ഇന്ത്യന്‍ ബിനാലെയുടെ സൂത്രധാരന്‍.
ഫോര്‍ട്ട്‌ കൊച്ചിയിലെ Aspin Wall, David Hall, Pepper House, Durbar Hall,
Parade Ground, Fort Kochi Beach, Kaashi Art Gallery,
Jew Town Road Godown എന്നിവിടങ്ങളില്‍ നടക്കുന്ന ബിനാലെയുടെ
പ്രധാന വേദി Aspin Wall ആണ്.


വേദിയ്ക്കുള്ളില്‍ കടന്നാല്‍ പിന്നെ നോക്കുന്നിടം എല്ലാം കലാ സൃഷ്ട്ടികളാണ്.
ക്യാന്‍വാസും മരവും പ്രിന്റിംഗ് പേപ്പറും മാത്രമല്ല വെറുതെ കിടക്കുന്ന ചുവരുകളും
ദ്രവിച്ചുപോയ ഓട്ടോ റിക്ഷയും ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരങ്ങളും  ഇവിടെ
കലാകാരന് പുതിയ മാധ്യമമാകുന്നു.

  
 
 

 



സൗണ്ട് ഇന്‍സ്റ്റലേഷനും ഗ്രാഫിക്സും ഒക്കെ വേറിട്ട കലാ-സംസ്കൃതിയുടെ
പുതിയ വാതായനങ്ങള്‍ തുറന്നു തരാന്‍ കെല്‍പ്പുള്ളവയാണ്.

 
 

എന്നാല്‍ ചില സൃഷ്ട്ടികള്‍ കണ്ടാല്‍ വെറും നേരം പോക്കായി മാത്രമേ
തോന്നുകയുള്ളൂ.

 
 

ബിനാലെയോട്  അനുബന്ധിച്ച് പഠന ശിബിരങ്ങളും സെമിനാറുകളും
നടക്കുന്നതിനു പുറമേ വിവിധ കലാ പ്രകടനങ്ങളും മത്സരങ്ങളും
നടക്കുന്നുണ്ട്.

 
 
ഇവിടെ എന്നെ കൂടുതല്‍ ആകര്‍ഷിച്ച കാര്യം കലാഖ്യാനത്തിന്റെ ലാളിത്യമാണ്.
പല സൃഷ്ട്ടികളും, നമ്മള്‍ ചിന്തിക്കാതെ പോകുന്ന, അല്ലെങ്കില്‍ നിസ്സാരമായി
കാണുന്ന മാധ്യമങ്ങള്‍ ഉപയോഗിച്ച് വളരെ നല്ല രീതിയില്‍ നമ്മളോട്
സംവദിക്കുന്നു...

 
 

കലാ രൂപത്തിന്റെയും പ്രേക്ഷകന്റെയും ഇടയില്‍
ആര്‍ദ്രമായൊരു സ്നേഹത്തിന്റെ വിരലടയാളം പതിപ്പിച്ച് പോകുന്നത്,
ദേശാന്തരങ്ങള്‍ കടന്നു വന്നൊരു കലാകാരനാണെന്നറിയുമ്പോള്‍
നാം മനസ്സിലുറപ്പിക്കുന്നു;
കല എന്നത് ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമാണെന്ന്.
അത് സംസാരിക്കുന്ന ഭാഷ, പച്ചയായ മനുഷ്യന്റെ  ഭാഷയാണെന്ന്...


ഈ ബിനാലെ കാഴ്ചകള്‍ ഇവിടെ തീരുന്നില്ല, ചിത്രത്തില്‍ ഒതുക്കാനാവാത്ത
ക്ലിക്കുകള്‍ക്കപ്പുറം മനസ്സിനോട് സംവദിക്കുന്ന ഇന്‍സ്റ്റലെഷനുകളും മറ്റും
ഇനിയുമുണ്ട്. 13/03/2013 വരെ ഈ ബിനാലെ ഇവിടെയുണ്ടാകും.
താല്‍പ്പര്യമുള്ളവര്‍ ഈ അവസരം നഷ്ട്ടപ്പെടുത്തരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
http://kochimuzirisbiennale.org

ബിനാലെയുടെ ഒരു തീം സൊങ്ങ് കാണണമെങ്കില്‍ ഇതാ...
https://www.youtube.com/watch?feature=player_embedded&v=BzioGj2c70I



എന്‍റെ സുഹൃത്തും സഹ പാഠ ി യുമായ
ഹാപി ജോസ് (Woodpecker Studio, Kochi) ആണ് ഇതിന്‍റെ സംഗീതം
 മിക്സ് ചെയ്തത്  എന്ന് പറയുന്നതില്‍ അതിയായ സന്തോഷമുണ്ട്.

January 08, 2013

പുതുവര്‍ഷ ചിന്തകള്‍


ഒടുവില്‍ 2012 ലെ എല്ലാ ഋതുക്കളും കടന്ന് 2013 എത്തിച്ചേര്‍ന്നു.
ഈ വൈകിയ വേളയിലാണെങ്കിലും, എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും
പുതിയ ഒരു വര്‍ഷം ആശംസിക്കുന്നു...


കൊട്ടിഘോഷിക്കപ്പെട്ട ഒരു തിരക്കോടു കൂടിയൊന്നും ഒരു പുതുവര്‍ഷത്തെയും
സ്വീകരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല, കാരണം കാലം കടന്നു പോകുന്ന
കൂട്ടത്തില്‍ പുതിയ ദിനങ്ങളും മാസങ്ങളും വര്‍ഷങ്ങളും വന്നെത്തും.
കാലഗതിയനുസരിച്ച് അത് യധേഷ്ട്ടം പോയ്ക്കൊള്ളട്ടെ.
എല്ലാ വര്‍ഷവും പറഞ്ഞു കേള്‍ക്കാറുള്ള പോലെ, കഴിഞ്ഞ കൊല്ലത്തെ
കാര്യങ്ങളുടെ ഒരു വാര്‍ഷിക കണക്കെടുപ്പോന്നും വേണ്ട നമുക്ക്.
കാരണം ഇന്നലെയില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷെ പലര്‍ക്കും
നിരാശ മാത്രമാവാം ഈ കണക്കെടുപ്പിന്റെ ബാലന്‍സ് ഷീറ്റില്‍
ബാക്കിയാവുന്നത്.
നാളെയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അമിതമായി മനസ്സിലേക്ക്
നിറച്ചു വച്ചാല്‍ ആശങ്ക മാത്രമാവും ഫലം. അതിനാല്‍ ഈ പുതുവര്‍ഷത്തില്‍
നമുക്കൊരു പരീക്ഷണം നടത്തി നോക്കാം; കാര്യം നിസ്സാരമാണ്.
ഇന്നലെയുടെ ദുഖങ്ങളും നാളെയുടെ ആശങ്കകളും ഇല്ലാതെ
ഇനിമുതല്‍ നമുക്ക് "ഇന്നില്‍" ജീവിക്കാം. നമ്മുടെ എല്ലാ ശക്തിയും
ഏകാഗ്രതയും ഇന്ന് ഇപ്പോള്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രം കേന്ദ്രീകരിക്കുക.
വാര്‍ത്തമാന കാലത്തില്‍ ജീവിക്കുക, ഓരോ നിമിഷവും ആസ്വതിക്കുക.
LIVE IN THE PRESENT  എന്ന് കേട്ടിട്ടില്ലേ, ബുദ്ധനും മറ്റും
നമ്മെ പഠിപ്പിച്ചത് ആ ആശയമാണ്.

നമുക്കൊന്ന് ശ്രമിച്ചു നോക്കാം, ഈ എളിയ ശ്രമത്തില്‍ ഞാനും പങ്കുചേരുന്നു.
വിഷമങ്ങള്‍ ഇല്ലാത്തവരായി ആരും തന്നെയില്ല, പക്ഷെ നാം വിചാരിച്ചാല്‍
ഒരു ചെറിയ രീതിയിലുള്ളൊരു മാറ്റം നമ്മുടെ ജീവിതത്തില്‍ വരുത്താന്‍
കഴിഞ്ഞേക്കും. ഈ പുതുവര്‍ഷത്തില്‍ എനിക്ക് പങ്ക് വെയ്ക്കാനുള്ള ഒരു
ചിന്ത ഇതാണ്, "ഈ നിമിഷത്തില്‍ ജീവിക്കുക, ജീവിതം ആസ്വതിക്കുക".

നമ്മുടെ എല്ലാ അവസ്ഥകളും മാറിക്കൊണ്ടിരിക്കും. സുഖദുഖ സമ്മിശ്രമായ
ജീവിതം ഒരു യാത്ര പോലെ, അല്ലെങ്കില്‍ ഋതുക്കള്‍ പോലെ മാറി വരും...
എന്നില്‍ ഈ ചിന്ത ഉണര്‍ത്തിയത് കഴിഞ്ഞ വര്‍ഷം രണ്ട് ഋതുക്കളില്‍ ആയി
ഞാന്‍ ക്ലിക്കിയ ചിത്രങ്ങളാണ്.
കാലം പ്രകൃതില്‍ ജീവിത-സത്യത്തിന്റെ കൈയ്യൊപ്പോടെ പകര്‍ത്തിയ
ആ രണ്ട് ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.

ഒന്ന്, പ്രകൃതി മുഴുവന്‍ തളിര്‍ത്തു നില്‍ക്കുന്ന ആവണി മാസത്തില്‍ എടുത്തത്‌.
അന്ന് പൊന്‍ ചിങ്ങമാസത്തില്‍ പച്ചവിരിച്ച ഒരു പാടമാണ് ചിത്രത്തില്‍.


അതേ പാടം തന്നെ ഇക്കഴിഞ്ഞ ദിവസം ഞാന്‍ കണ്ടത് ഈ രൂപത്തിലാണ്.
ഋതുക്കള്‍ കടന്ന് പോയപ്പോള്‍ പച്ച പരവതാനി വിരിച്ച ആ സ്ഥലം
ഈ ശരത് കാലത്തില്‍ കരിഞ്ഞുണങ്ങി ഈ അവസ്ഥയിലായി.


പക്ഷേ, കക്കാട് എഴുതിയ പോലെ
"കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും
പിന്നെയോരോ തളിരിലും പൂ വരും കായ് വരും..."
------------------------------------------------------------------------
കാലത്തിനൊത്ത് പ്രകൃതിയുടെ നിറച്ചാര്‍ത്തുകള്‍ കണ്ട്,
ഋതുക്കള്‍ പോലെയാണ് ജീവിതവും എന്ന് മനസ്സിലാക്കി 
നമുക്കും മുന്നോട്ട് പോകാം;
യാത്ര ഇനിയും ഒത്തിരി ദൂരമുണ്ട്, 
യാത്രാമദ്ധ്യേ, സ്നേഹം എന്ന രണ്ടക്ഷരപ്പാലത്തില്‍ വച്ച് 
നമുക്ക് കണ്ട് മുട്ടാം...
ശുഭയാത്ര.