July 06, 2012

പ്രേമലേഖനം



 
ജീവിതം യൌവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്
എങ്ങനെ വിനിയോഗിക്കുന്നു ? ഞാനാണെങ്കില്‍.....
എന്റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും
സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ ?
ഗാഡമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ
അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്,

സാറാമ്മയുടെ
കേശവന്‍ നായര്‍.

---------------------------------------------------------------------------------------
ഈ പ്രേമലേഖനം ഞാന്‍ എഴുതിയതല്ല എന്ന് എല്ലാ മലയാളികള്‍ക്കും
അറിയാം. ബേപ്പൂരിന്റെ സുല്‍ത്താനായ ബഷീറിനെ സ്നേഹിക്കുന്ന
അക്ഷര സ്നേഹികള്‍ക്ക് ഒരുപക്ഷെ ഈ പ്രേമലേഖനം കാണാപാഠമായിരിക്കും.
കാരണം , കേശവന്‍ നായര്‍ സാറാമ്മയ്ക്ക് നല്‍കിയ അന്നത്തെ പ്രേമലേഖനം
അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.


പുസ്തക രൂപത്തില്‍ അച്ചടിച്ച്‌ വന്ന, ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ
ആദ്യ നോവലാണ്‌ "പ്രേമലേഖനം".
1942-ല്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍ വച്ച്
ബഷീര്‍ എഴുതിയ നോവല്‍. രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം
കഠിനതടവ് അനുഭവിക്കുകയായിരുന്നു അന്ന് ബഷീര്‍.
തടവുപുള്ളികള്‍ക്ക് കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍
അവര്‍ക്കു വേണ്ടി എഴുതിയതാണത്രേ ഇത്. 1943-ല്‍ പ്രസിദ്ധപ്പെടുത്തി.
നിര്‍ദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944-ല്‍ തിരുവതാംകൂര്‍
രാജ്യത്തു നിരോധിക്കുയും കണ്ടുകെട്ടുകയും ചെയ്‌തു. "പ്രേമലേഖനം" എന്നാണ്
കൃതിയുടെ പേര് എങ്കിലും കുറിക്കു കൊള്ളുന്ന വിമര്‍ശനങ്ങളിലൂടെ അന്നത്തെ
കാലത്തിന്റെ സാമൂഹ്യ ചുറ്റുപാടുകളെ ലോകത്തിനു കാട്ടികൊടുക്കാന്‍
ബഷീര്‍ ശ്രമിച്ചിട്ടുണ്ട്. സ്ത്രീധനം എന്ന മഹാ വിപത്തിനെപ്പറ്റി അദ്ദേഹം
വളരെ നിശിതമായി പരിഹസിക്കുന്നു. കാലത്തിനു അതീതമാണ്
എഴുത്തുകാരന്റെ ഭാവന എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്  ഈ നോവല്‍.


ഇനി ഈ ബ്ലോഗ്‌ എഴുതാനുണ്ടായ കാരണത്തെപ്പറ്റി പറയാം. എറണാകുളത്ത്
പ്രവര്‍ത്തിക്കുന്ന "എ സെന്റര്‍ ഫോര്‍ തിയേറ്റര്‍"(ACT)  എന്ന സംഘടന,
ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി, ഇന്നലെ ടൌണ്‍ ഹാളില്‍
പ്രേമലേഖനം നോവലിന് ദ്രിശ്യാവിഷ്ക്കാരം നല്‍കി അവതരിപ്പിച്ചത് കാണാനുള്ള
ഭാഗ്യമുണ്ടായി, എനിക്കും  എന്റെ സാറാമ്മയ്ക്കും.



പ്രശസ്ത സംവിധായകന്‍ ശ്രീ സൂര്യ കൃഷ്ണമൂര്‍ത്തി
സംവിധാനം ചെയ്ത ഈ നാടകം രംഗത്ത് അവതരിപ്പിച്ചത് ശ്രീ അമല്‍ രാജും
ശ്രീമതി ലക്ഷ്മി അമല്‍ രാജുമായിരുന്നു. വളരെ പ്രതീക്ഷയോടെ, ബഷീറിന്റെ
കേശവന്‍ നായരെയും സാറാമ്മയെയും കാണാനെത്തിയ എന്നെ ഒരിക്കലും
അവര്‍ നിരാശപ്പെടുത്തിയില്ല. അത്ര നല്ല പ്രകടനമായിരുന്നു രണ്ടുപേരും.






സാധാരണ കാണാറുള്ള നാടകങ്ങളുടെ രീതിയെ അല്ലായിരുന്നു അവിടെ.
കര്‍ട്ടന്‍ ഇട്ട സ്റ്റേജിനു പകരം ഹാളിന്റെ നടുവിലായി ചെറിയൊരു ഓപ്പണ്‍ സ്റ്റേജ്.


രംഗപടവും കാതടപ്പിക്കുന്ന പാശ്ചാത്തല സംഗീതവുമില്ല. നോവലിലെ രണ്ടേ രണ്ടു
കഥാപാത്രങ്ങളും അവരുടെ സ്വാഭാവികമായ സംഭാഷണവും നമ്മെ ഒരു മണിക്കൂര്‍
പിടിച്ചിരുത്തും. ഇടയ്ക്കിടെ കാണികളോട് സംവദിക്കുന്ന കേശവന്‍ നായരും
സാറാമ്മയും  സദസ്സിനെ കയ്യിലെടുത്തു. അഞ്ഞൂറിലേറെ വേദികളില്‍
പ്രേമലേഖനത്തിന്റെ മാധുര്യം പകര്‍ന്ന ആ കലാകാരന്റെ അഭിനയ പാടവം
ഒന്നെടുത്തു പറയാതെ വയ്യ!




ആദ്യമായി കേശവന്‍ നായര്‍ സാറാമ്മയ്ക്ക്  പ്രേമലേഖനം കൊടുക്കുന്നത്
മുതല്‍, വെളുപ്പിനുള്ള നാല് മണിയുടെ തീവണ്ടിയില്‍ ഇരുവരും പോകുന്നത് വരെയുള്ള
രംഗങ്ങള്‍ വളരെ സൂക്ഷ്മമായി തന്നെ അവതരിപ്പിക്കപ്പെട്ടു. കേശവന്‍ നായരുടെ
കാലന്‍ കുടയും, ഇരുമ്പ് പെട്ടിയും, ടോര്‍ച്ചും, തുകല്‍ ബാഗും, പായയും എല്ലാം
ചേര്‍ന്ന് വളരെ ലളിതമായൊരു രംഗസജ്ജീ കാരണമാണ് എന്നെ ഏറെ
ആകര്‍ഷിച്ചത്. സാറാമ്മയുടെ പരിഭവങ്ങളും, "നിനച്ചിരിക്കാതെ കിട്ടിയ ജോലിയും" ,
"ആകാശ് മിട്ടായിയും" ഒക്കെ ആരിലും ചിരിയുടെ രസമുകുളങ്ങള്‍ തീര്‍ക്കുന്നു.






 



ഇതൊക്കെ പറയുമ്പോള്‍, ഈ നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ ഒരുപക്ഷെ
വിചാരിക്കും, ഇപ്പൊ ഞാനിവിടെ ആ കഥ വിവരിക്കും എന്ന്.
സോറി, ബഷീര്‍ എഴുതിയ ആ മഹത്തായ കൃതി നിങ്ങള്‍ തന്നെ വായിക്കണം.
കേശവന്‍ നായരെയും സാറാമ്മയെയും നിങ്ങള്‍ തന്നെ വായിച്ചറിയണം.
സാറാമ്മ കേശവന്‍ നായര്‍ക്കു തിരിച്ചു നല്‍കിയ "പ്രേമലേഖനം" എന്തായിരുന്നു
എന്നും മനസ്സിലാക്കണം. അപ്പോഴേ അതിനൊരു മൊഞ്ചുള്ളൂ.




ബഷീറിന്റെ പ്രേമലേഖനത്തിന്റെ രണ്ടാം ഭാഗം അല്ലെങ്കില്‍ തുടര്‍ച്ച
എന്നപോലെ മറ്റൊരു നാടകവും അവിടെ അരങ്ങേറി. ആദ്യഭാഗത്തില്‍
അഭിനയിച്ചവര്‍ തന്നെ ആ കഥാപാത്രങ്ങളുടെ ശിഷ്ട്ട ജീവിതത്തെ
വരച്ചു കാട്ടുന്ന കഥാഭാവനയും അതീവ ഹൃദ്യമായിരുന്നു. കേശവന്‍ നായരും
സാറാമ്മയും ഇന്നത്തെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതും,
ഇന്നത്തെ സാമൂഹിക പാശ്ചാത്തലത്തില്‍ അവരുടെ ജീവിതം
വരച്ചുകാട്ടുന്ന രീതിയും പുതുമയേറിയതായി തോന്നി.



എന്തായാലും നല്ലൊരു സായാഹ്നം എനിക്കും എന്റെ സാറാമ്മയ്ക്കും
നല്‍കിയ ACT ന്റെ പ്രവര്‍ത്തകരോടും അമല്‍ രാജിനോടും നന്ദി
പറയാതെ വയ്യ. അഭിനയത്തെയും നാടകത്തെയും ഒരു തപസ്യയായി
കരുതുന്ന ഒരു യുവത ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍
വളരെ സന്തോഷം. ഇത്തരം സംരംഭങ്ങള്‍ എന്നും വിജയം കാണട്ടെ എന്ന്
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ജീവിതം യൌവ്വന തീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന
ഈ അസുലഭ കാലഘട്ടത്തില്‍ ഇതല്ലാതെ ഞാന്‍ മറ്റെന്തു പറയാന്‍ ????
:)