August 19, 2011

മെലഡിയുടെ തമ്പുരാന്‍

മലയാള സിനിമാ സംഗീതത്തില്‍ ശ്രീ രവീന്ദ്രന്റെ വിയോഗത്തിന് ശേഷം 
ഉണ്ടായ തീരാ നഷ്ട്ടമാണ് ജോണ്‍സന്‍ മാസ്റ്ററുടെ മരണം.
നിനച്ചിരിക്കാതെ ഇന്നലെ രാത്രി ആ വാര്‍ത്തയറിഞ്ഞപ്പോള്‍ 
എവിടെയോ ഒരു കണ്ണുനീര്‍പൂവ് കവിളില്‍ തലോടി മാഞ്ഞപോലെ...

 

മലയാളികളുടെ മെലോടി സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു ഭാവം പകര്‍ന്ന സംഗീതമായിരുന്നു
ജോണ്‍സന്‍ന്റെത്. ദേവരാജന്‍ മാസ്ടരുടെ ശിഷ്യനായിരുന്ന അദ്ദേഹം പിന്നീടു ചെയ്ത 
പാട്ടുകളെല്ലാം തന്നെ ഗുരുദക്ഷിണയായി വയ്ക്കാവുന്നവയായിരുന്നു. ഒരു തൃശൂര്‍ക്കാരന്‍ 
മലയാളികള്‍ക്ക് മുഴുവന്‍, മനസ്സിലെന്നും കാത്തുസൂക്ഷിക്കാവുന്ന ഒട്ടനവധി പാട്ടുകള്‍ 
കറപുരളാത്ത സംഗീതത്തില്‍ കാഴ്ച്ചവച്ചതില്‍ തൃശൂര്‍ക്കാരനായ ഞാനും അഭിമാനിക്കുന്നു.
പക്ഷെ ഈ വിയോഗം നമ്മില്‍ ഉണര്‍ത്തുന്ന നഷ്ട്ടബോധം ഇന്നുള്ള ഒരു 
സംഗീത സംവിധായകനും നികത്താവുന്നതല്ല. 

നല്ലത് മാത്രമേ ജോണ്‍സന്‍ മാസ്റ്റര്‍ നമുക്ക് നല്‍കിയുള്ളൂ, 
അതും തനി നാടന്‍ ശൈലിയില്‍; മലയാളികള്‍ക്ക് മാത്രമായി. ഭരതന്റെയും പദ്മരാജന്റെയും 
അന്തിക്കാടിന്റെയും മോഹന്റെയും മറ്റും സിനിമകളിലെ ഗാനങ്ങള്‍ ഇതിനു സാക്ഷ്യം.
ഗാനങ്ങള്‍ക്ക് പുറമേ കഥയുടെ പശ്ചാത്തല സംഗീതമൊരുക്കുന്നതിലും ജോണ്‍സന്‍ 
തന്റെ കയ്യൊപ്പ് ചാര്‍ത്തി. മുന്തിരിത്തോപ്പിലെയും പരിണയത്തിലെയും 
തൂവാനത്തുംബികളിലെയും ബി ജി എമ്മുകള്‍ നാമറിയാതെ തന്നെ മനസ്സില്‍ 
സൂക്ഷിക്കുന്നവയാണ്. തൂവാനത്തുമ്പികളിലെ,  മഴയുള്ള രാത്രിയില്‍ 
ജയകൃഷ്ണന്റെ മനസ്സില്‍ ക്ലാരയുടെ മുഖം തെളിയുന്ന സീനില്‍ ജോണ്‍സന്‍
ഒരുക്കിയ പശ്ചാത്തല സംഗീതം നൊസ്‌റ്റാല്‍ജിയ മനസ്സിലുള്ള ഒരു പ്രേക്ഷകനും 
മറക്കാന്‍ കഴിയില്ല. ജോണ്‍സന്‍ന്റെ ഈ മികവിന് അദ്ധേഹത്തെ തേടിയെത്തിയത് 
ദേശീയ പുരസ്കാരങ്ങളായിരുന്നു, അതും രണ്ടു തവണ (സുകൃതം, പൊന്തന്‍മാട).

ജോണ്‍സന്‍ നമുക്ക് പകര്‍ന്നുതന്ന മെലോടി ഗാനങ്ങള്‍ നമ്മെ 
മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ട് ! 
ഏറ്റവും മികച്ചത് ഏതെന്ന് പറയാന്‍ പ്രയാസമാണ്, ഒന്നാം സ്ഥാനം അര്‍ഹിക്കുന്ന 
ഒരു നൂറു ഗാനങ്ങളെങ്കിലും കാണും.
തൂമഞ്ഞിന്റെ നെഞ്ചിലുറങ്ങിയും, കണ്ണുനീര്‍ പൂവിന്റെ കവിളില്‍ തലോടിയും ചിലനേരം 
മായാമയൂരത്തിന്റെ പീലിനീര്‍ത്തിയാടിയും ഒരു പുഴയുടെ ഒഴുക്കിനോളം ചേലാര്‍ന്ന
ഈണങ്ങള്‍... 
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, മഴവില്‍കാവടി,
പാവക്കൂത്തു, മാളൂട്ടി, കളിക്കളം, അര്‍ഥം, ഉത്തമന്‍, ആധാരം, പക്ഷെ, 
സല്ലാപം, തൂവല്‍കൊട്ടാരം ...അങ്ങനെ മുന്നൂറോളം ചിത്രങ്ങള്‍...

ജോണ്‍സന്റെ സംഗീത സപര്യയുടെ ഈ പുഴയും കടന്ന് മറ്റൊരു 
ലോകത്തേക്ക് പോയി അദ്ദേഹം, ഈ അജ്ഞാത വാസത്തെക്കുറിച്ച് അധികമാര്‍ക്കും 
അറിവില്ല. ആ സ്വകാര്യത എന്തായാലും അദ്ദേഹം തന്നെ സൂക്ഷിക്കട്ടെ...

പിന്നീടുള്ള അദ്ധേഹത്തിന്റെ മടങ്ങി വരവില്‍ നമുക്ക് ലഭിച്ചു വീണ്ടുമൊരു പിടി
നല്ല ഗാനങ്ങള്‍; ഗുല്‍മോഹറിന്റെ മനോഹാരിതയും കണ്ണന്റെ കറുപ്പ് നിറത്തിന്റെ 
പരിഭവ ഭാവവും എല്ലാം ചേര്‍ന്ന് വീണ്ടുമൊരു ജോണ്‍സന്‍ യുഗത്തിന്റെ 
നാന്ദി കുറിക്കും മുന്‍പേ വിടപറഞ്ഞു പോകാനായിരുന്നു വിധി. 
ജീവിതത്തിന്റെ പാതിവഴിയില്‍ സംഗീതവും അക്ഷരങ്ങളും വെടിഞ്ഞ്,
സ്വര്‍ഗ്ഗവാതില്‍ കിളിയുടെ തീരാ തെന്മോഴികള്‍ തേടി നമ്മില്‍ നിന്നും 
അകന്നു പോകുന്നവര്‍ ഏറുകയാണ്, രവീന്ദ്രന്‍ മാഷും ജോണ്‍സനും പുത്തഞ്ചേരിയുമെല്ലാം
യാത്രയാകുമ്പോള്‍ നമുക്ക് നഷ്ട്ടമാകുന്നത് പാട്ടിന്റെ ഒരു വസന്തകാലമാണ്‌.

പക്ഷേ ഒരിക്കലും മരിക്കുന്നില്ല ഇവര്‍ നമുക്ക് നല്‍കിയ ഈണങ്ങളും വരികളും...
അനശ്വരങ്ങളായ, അവരുടെ ശേഷിപ്പുകള്‍ ചിലനേരമെങ്കിലും 
സുവര്‍ണ്ണ താരകങ്ങളായി ചാരെ കണ്‍തുറക്കട്ടെ...


August 12, 2011

പട്ടത്തിപ്പാറ

ഇനി നമുക്കൊരു യാത്ര പോകാം. സാധാരണ നമ്മള്‍ "ചിന്ത"യിലൂടെ പോകാറുള്ള പോലെ
ഒരു യാത്ര; മണ്ണിനെ അറിഞ്ഞു കാടിന്റെ മണം നുകര്‍ന്ന് അരുവികള്‍ താണ്ടി ഒരു യാത്ര...


വളരെ നാളുകളുടെ തിരക്ക് പിടിച്ച ജോലികള്‍ക്കൊടുവില്‍ 
ഞങ്ങള്‍ നാല് പേരും കൂടി തീരുമാനിച്ചു, ഇന്ന് തല തണുപ്പിക്കാന്‍ എവിടെയെങ്കിലും 
പോകണമെന്ന്. മെയില്‍ നോക്കി ജോലിയൊന്നും ഇല്ല എന്നുറപ്പ് വരുത്തി കൊച്ചിയിലെ 
ഇന്‍ഫോപാര്‍ക്കില്‍ നിന്നും രാമേട്ടന്റെ "പച്ച-കുതിരയില്‍"(ഇന്‍ഡിക്ക കാര്‍) ഞങ്ങള്‍
യാത്ര തിരിച്ചു. 
ഈയിടെ "മധു മാമന്റെ" ഒരു മെയിലില്‍ നിന്നാണ് തൃശൂരിനടുത്ത്‌ ചെമ്പൂത്രയില്‍ 
പട്ടത്തിപ്പാറ എന്നൊരു വെള്ളച്ചാട്ടം ഉണ്ടെന്നറിഞ്ഞത്‌. എന്റെ സ്വന്തം ദേശത്ത് 
ഇത്രയും അടുത്ത് ഇങ്ങനെയൊരു സ്ഥലം ഞാന്‍ അറിയാതെ പോയതില്‍ തെല്ലൊരു
വിഷമം തോന്നി. ആനക്കയം മരോട്ടിച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളും ഇതുപോലെ
കണ്ടുപിടിച്ചു പോയ സ്ഥലങ്ങളായിരുന്നു.  (മരോട്ടിച്ചാല്‍ യാത്ര വായിക്കാന്‍ ഇവിടെ ക്ലിക്കുക)
വിനോദ സഞ്ചാര മാപ്പില്‍ ഇടം നേടാത്ത ഇടങ്ങളാണ് ഇവയെങ്കിലും 
ഒരു ദിവസത്തെ യാത്രക്ക് തിമിര്‍ക്കാന്‍ പറ്റിയ സ്ഥലങ്ങളാണ് മരോട്ടിചാലും പട്ടത്തിപ്പാറയും.
കണ്ടുമടുത്ത സ്ഥലങ്ങള്‍ മാറ്റിവച്ചു പുതിയ സ്ഥലങ്ങള്‍ തെടുന്നവര്‍ക്കും, ട്രെക്കിംഗ് 
ഇഷ്ട്ടപ്പെടുന്നവര്‍ക്കും പ്രകൃതിയ സ്നേഹിക്കുന്നവര്‍ക്കും ഈ സ്ഥലങ്ങള്‍ 
പരീക്ഷിക്കാവുന്നതാണ്. 


കൊച്ചിയില്‍ നിന്നും യാത്ര തിരിച്ച "പച്ചക്കുതിര" NH-47 ലൂടെ അങ്കമാലി, ചാലക്കുടി വഴി 
മണ്ണുത്തി ബൈ പാസിലൂടെ മണ്ണുത്തി സെന്റെറില്‍ എത്തി. പുതിയതായി നിര്‍മ്മിച്ച 
നാല് വരി പാതയിലൂടെ ഏഴോളം ഫ്ലൈ ഓവറുകള്‍ താണ്ടിയുള്ള യാത്ര,
കേരളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും. 


മണ്ണുത്തിയില്‍ എത്തിയ പച്ചകുതിര വലത്തോട്ട് തിരിഞ്ഞു പാലകാട് റൂട്ടിലൂടെ 
ഏകദേശം 4 കി. മി. യാത്ര ചെയ്തു മുടിക്കോട് എന്ന സ്ഥലം കഴിഞ്ഞു ചെമ്പൂത്ര യില്‍ 
എത്തി. അവിടെ നിന്നും ഇടത്തേക്ക് ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക് 
കടന്ന് ക്ഷേത്രവും കഴിഞ്ഞ് ഏകദേശം രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ 
പട്ടത്തിപ്പാറയില്‍ എത്തിച്ചേരാം. പീച്ചി ഡാമില്‍ നിന്നും വെള്ളമൊഴുകി വരുന്ന കനാലിന്റെ 
ഓരത്ത് വാഹനം പാര്‍ക്ക്‌ ചെയ്ത് 10 മിനിറ്റ് വനത്തിലൂടെ നടന്നാല്‍ മതി.

അതികമാരും ഇവിടം സന്ദര്‍ശിക്കാത്തത് കാരണം ചെറിയ കടകള്‍ പോലും പരിസരത്ത് ഇല്ല.
ഭക്ഷണം കയ്യില്‍ കരുതിയാല്‍ വിശക്കാതെ തിരിച്ചു വരാം :)


ഇനി വനയാത്ര തുടങ്ങാം. മരോട്ടിച്ചാല്‍ വനത്തിലൂടെ പോകുന്ന പോലെയുള്ള വിഷമമൊന്നും ഈ
യാത്രക്കില്ല, അതികം ദൂരം നടക്കുകയും വേണ്ട. ഒരാള്‍ക്ക്‌ നടന്നു പോകാവുന്ന പാതയിലൂടെ
കുറച്ചു നടക്കുമ്പോഴേക്കും വെള്ളം വീഴുന്ന ഒച്ച കേള്‍ക്കാം, അതെ പട്ടത്തിപാറയിലെ ആദ്യ 
വെള്ളച്ചാട്ടം എത്തിക്കഴിഞ്ഞു. അവിടെ നിന്നും ഇടത്തോട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ 
നൂര്‍ന്നിറങ്ങിയാല്‍ കൂടുതല്‍ മനോഹരമായ മറ്റൊരു കാഴ്ച കാണാം. ഇവിടെ വളരെ
 ഉയരത്ത് നിന്നാണ് വെള്ളം ഒഴുകിവരുന്നത്‌.  കാട്ടിലൂടെ ഇനിയും ദൂരം നടന്നാല്‍
കൂടുതല്‍ കാഴ്ചകള്‍ സാധ്യമാണ്. 


ഓരോ വെള്ളചാട്ടത്തിലും കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരിച്ച് ഇറങ്ങി. 
ഞങ്ങള്‍ തൃശൂര്‍-ക്കാര്‍ക്ക് വളരെ എളുപ്പം എത്തിചേരാവുന്ന പുതിയ ഒരു സ്ഥലം കണ്ടുപിടിച്ച 
സന്തോഷത്തിലായിരുന്നു ഞാന്‍. നാടിനെ സ്നേഹിക്കുന്ന, കൂടുതല്‍ കൂട്ടുകാരെ ഇവിടെ
കൊണ്ടുവരണം എന്ന ചിന്തയോടെ നാലഞ്ചു പൊളപ്പന്‍ ചിത്രങ്ങള്‍ എടുത്ത്
പച്ചകുതിരയില്‍ കൊച്ചിയിലേക്ക് തിരികെ യാത്രയായി. 
അഴകിയ രാവണനില്‍ മമ്മുക്ക പറഞ്ഞ പോലെ, നാളെ മുതല്‍ വീണ്ടും "ശങ്കര്‍ ദാസ്‌"
 
എങ്ങിനെ ഇവിടെ എത്തിച്ചേരാം:
തൃശൂരില്‍ നിന്നും വരുന്നവര്‍ നേരെ മണ്ണുത്തിയില്‍ എത്തുക.
എറണാകുളം ഭാഗത്ത്‌ നിന്നും വരുന്നവര്‍ NH-47 ലൂടെ അങ്കമാലി-ചാലക്കുടി വഴി
ആമ്പല്ലൂര്‍ കഴിഞ്ഞ് ടോള്‍ പ്ലാസക്ക് ശേഷം മണ്ണുത്തി ബൈ പാസ് വഴി മണ്ണുത്തിയില്‍
എത്തി അവിടെ നിന്നും പാലക്കാട് രൂട്ടിലേക്ക് വലത്തോട്ട് തിരിഞ്ഞ് ഏകദേശം
4 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ചെമ്പൂത്രയില്‍ എത്താം. അവിടെ നിന്നും
ഇടത്തേക്ക് തിരിഞ്ഞ് ഭഗവതി ക്ഷേത്രം കഴിഞ്ഞ് 2 കിലോമീറ്റര്‍ കഴിഞ്ഞാല്‍ 
പാട്ടത്തിപ്പാറയായി.
എറണാകുളത്തു നിന്നും ഏകദേശം 75 കി. മി.
തൃശൂരില്‍ നിന്നും കേവലം 12 കി. മി. മാത്രം.

August 05, 2011

ആനത്തോട്ടി


ആനകളെ നമുക്കൊക്കെ വലിയ കാര്യമാണല്ലോ അല്ലെ?
പക്ഷെ ചിലനേരം ഇവന്മാര്‍ മദപ്പാടില്‍ കാട്ടിക്കൂട്ടുന്ന ക്രയവിക്രയങ്ങള്‍ ഇത്തിരി കൂടിപ്പോവാറുണ്ട്.
പാപ്പാന്റെ കയ്യില്‍ നിന്നും നിയന്ത്രണം വിട്ടാല്‍ പിന്നെ നിസ്സഹായരായ മനുഷ്യര്‍ നോക്കി നില്‍ക്കുക 
മാത്രമേ നിവര്‍ത്തിയുള്ളൂ.

ഈയിടെ ഗുരുവായൂരില്‍ വച്ച് മടപ്പാടിലായ ഒരാനയെ കാണാനിടയായി. കുറുമ്പെല്ലാം  
കഴിഞ്ഞു കക്ഷിയെ ശാന്തനാക്കുന്നതാണ് സീന്‍. കഴിഞ്ഞ ദിവസങ്ങളില്‍,
കളിക്കളത്തിലെ ശ്രീശാന്തിനെ പോലെ പെരുമാറിയ ഇവനെ ധോനിക്ക് പഠിപ്പിക്കുകയാണ് 
പാപ്പാന്മാര്‍. ഗടി കൂളായി വരുന്നുണ്ട് കേട്ടോ ! പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്; 
ആശാരിമാര്‍ ചെവിക്കു പിന്നില്‍ കൂര്‍പ്പിച്ച പെന്‍സില്‍ വയ്ക്കുന്ന പോലെ ഇവനും വച്ചിരിക്കുന്നു
ഒരു വലിയ 'പെന്‍സില്‍"; അഥവാ ആനത്തോട്ടി.



അതെ; ആനയെ ചട്ടം പഠിപ്പിക്കുന്ന ചെറിയൊരു വിദ്യയാണ് ആനത്തോട്ടി പ്രയോഗം.
പാപ്പാന്‍‌ അടുത്തില്ലാത്ത നേരം ആനത്തോട്ടിയെടുത്തു ആനചെവിക്കു പിന്നിലായി ചാരി വയ്ക്കും.
ഇനി പാപ്പാന്‍‌ പറയാതെ അനങ്ങരുത് എന്ന "വാര്‍ണിംഗ്" ആണിത്. 
ഞാനിവിടെ ആനത്തോട്ടിയുടെ പ്രയോഗത്തെ കുറിച്ചല്ല പറയാന്‍ ഉദേശിക്കുന്നത്;
മറിച്ചു, ഒരു ആനയെ മെരുക്കാന്‍ പോന്ന ആനത്തോട്ടി വിദ്യയുടെ സൈക്കോളജി ആണ്.
ഒന്നുറഞ്ഞ്‌ കുടഞ്ഞാല്‍ തന്നെ ആനക്ക് എളുപ്പം ആ ആനത്തോട്ടിയെ തട്ടിയകറ്റാം,
ആനക്ക് ഒരുപക്ഷെ അതറിയില്ലായിരിക്കും എന്ന് തോന്നുന്നു. 

ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മുടെ ജീവിതത്തിലും നമ്മെ നിയന്ത്രിക്കുന്ന എത്രയോ ആനത്തോട്ടികളുടെ 
അടിമകളാണ് നാം. ആനക്കൊട്ടിലില്‍ എന്നപോലെ തന്നെ തൊട്ടിലില്‍ നിന്നുതന്നെ 
നിയന്ത്രണങ്ങളുടെ ആനത്തോട്ടികളായിരുന്നു നമുക്ക് ചുറ്റും.
സദാചാര വാദികളും പുരോഗമന വാദികളും സമൂഹത്തിന്റെ അടിച്ചേല്‍പ്പിക്കുന്ന 
തരത്തിലുള്ള ആനത്തോട്ടികള്‍ നമ്മുടെ ചിന്തകളിന്‍മേല്‍  ചാരിവചിട്ടുണ്ട്. നമ്മില്‍ പലരും അത്തരം 
സാമൂഹിക തോട്ടികളുടെ നിഴലില്‍; സ്വന്തം ചിന്തകളെ തളച്ചിട്ടു സമൂഹത്തിന്റെ ഇഷ്ട്ടത്തിനൊത്തു 
ജീവിക്കുന്നു. സ്വന്തം ആഗ്രഹങ്ങളും പുതിയ ജീവിത കാഴ്ചപ്പാടുകളും ഈ ആനത്തോട്ടിയുടെ മൂര്‍ച്ചയില്‍ 
മുറിവേറ്റിട്ടും ഒരക്ഷരം പറയാതെ നെടുവീര്‍പ്പിടുന്നു.
അന്ധ വിശ്വാസങ്ങളുടെ ആനത്തോട്ടികളായിരുന്നു കഴിഞ്ഞ കാലങ്ങളില്‍, അവയെ 
നമ്മില്‍ പലരും എടുത്തുമാറ്റി. 
ഇനിയുമുണ്ട് എടുത്തു മാറ്റപ്പെടേണ്ട ഒരുപാട് ആനത്തോട്ടികള്‍.
അവയെ എടുത്തുമാറ്റി നമുക്ക് സ്വതന്ത്രരാവാം, 
നന്മയിലേക്കുള്ള പുത്തന്‍ ആശയങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം, 
സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്നതായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.



July 13, 2011

ജി-മെയില്‍ സംഗതി


ജിമെയില്‍ ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ക്ക്...

ചിത്രങ്ങള്‍ ഉള്ള മെയില്‍ അയക്കാന്‍ ഒരു സൂത്രപ്പണി പറഞ്ഞു തരാം.
ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് , ജി മെയിലില്‍ എങ്ങനെയാണ് ചിത്രങ്ങള്‍ ചേര്‍ത്ത് വയ്ക്കുന്നത് എന്ന്?
അറ്റാച്മെന്റ്റ് ആയി ചിത്രങ്ങള്‍ മെയിലില്‍ അയക്കാന്‍ നമുക്കെല്ലാം അറിയാം, പക്ഷെ അത് കിട്ടുന്ന വ്യക്തിക്ക്
"തംബ്നെയില്‍" ആയി മെയിലിന്റെ അടിയില്‍  ചെറിയൊരു ചിത്രമായി മാത്രമേ കാണാന്‍ കഴിയൂ.
എന്നാല്‍ നാമെഴുതുന്ന വാക്കുകള്‍ക്കിടയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാന്‍ ഗൂഗിള്‍ ലാബ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
താഴെ പറയും പോലെ ചെയ്‌താല്‍ സംഗതി റെടി !

ജിമെയില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം 'Mail Settings' എടുക്കുക.

 


Settings പേജില്‍ 'Labs' എന്നാ ലിങ്കില്‍ ക്ലിക്കുക.
ഗൂഗിള്‍ ലാബ്സിന്റെ പല പരീക്ഷണങ്ങളും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.






അതില്‍ നിന്നും 'Inserting Images' എന്ന പ്രോഡക്റ്റ് സെര്‍ച്ച്‌ ചെയ്തു കണ്ടു പിടിക്കണം.
'Disable' ആയി കിടക്കുന്ന ഇതിനെ  'Enable' ആക്കി 
'Save Changes' ബട്ടന്‍ അമര്‍ത്തിയാല്‍ കാര്യം കഴിഞ്ഞു.
ഇനി എങ്ങനെ ഇത് ഉപയോഗിക്കാം? സാധാരണ മെയില്‍ അയക്കുംപോലെ 'Compose mail'
എടുത്തു മെയില്‍ ടൈപ്പ് ചെയ്യാം. Editor ന്റെ മുകളിലുള്ള formatter ബട്ടനുകളുടെ കൂട്ടാത്തില്‍
പുതിയൊരു അതിഥിയെ കാണാം, 'Insert Image'.
ചിത്രം ഉള്‍ക്കൊള്ളിക്കേണ്ട സ്ഥലത്ത് ഇവനെ പിടിച്ചു ക്ലിക്കിയാല്‍ ഏതു ചിത്രമാണ് വേണ്ടതെന്നു
ചോദിക്കും; കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്താല്‍ സംഗതി റെഡി.


 

 ചുമ്മാ ബ്ലോഗ്‌ വായിച്ചിരിക്കാതെ ഇപ്പോള്‍ തന്നെ  ഇതൊന്നു പരീക്ഷിച്ചു നോക്ക് മാഷേ.
ഇനി നിങ്ങള്‍ക്കറിയാവുന്ന ഇതുപോലുള്ള പൊടിക്കൈകള്‍ ഞങ്ങള്‍ക്കും പറഞ്ഞു തരാന്‍ മടിക്കണ്ട,
കമന്റ്‌ ആയി ഇവിടെ ഇട്ടാല്‍ മതി.

July 06, 2011

തൂക്കുപാലം



പണ്ട് മലമ്പുഴയില്‍ പോയപ്പോഴാണ് ആദ്യമായി തൂക്കുപാലം കണ്ടിട്ടുള്ളത്.
ഡാമിനോട് ചേര്‍ന്ന് ചെറിയൊരു തൂക്കുപാലം അവിടെ ഉണ്ടായിരുന്നു, ഇന്നത്‌ അവിടെയുണ്ടോ എന്നറിയില്ല.
കേരളത്തില്‍ പലയിടങ്ങളിലും ഇത്തരം പാലങ്ങള്‍ ഉണ്ടായിരുന്നു, തോടിന്റെയും വീതികുറഞ്ഞ പുഴയുടെയും മറ്റും
കുറുകെ കടക്കാന്‍ സഹായിക്കുന്ന തൂക്കു പാലങ്ങള്‍.
മരപ്പലകകള്‍ അടുക്കിവച്ച് ഇരുമ്പ് കയറിന്മേല്‍ കോര്‍ത്ത്‌, കരയുടെ ഇരുവശങ്ങളിലും ഉയര്‍ത്തി കെട്ടിയ
സ്തംബങ്ങളില്‍ ഈ പാലം തൂങ്ങിക്കിടക്കും. സാധാരണ പാലത്തിലൂടെ നടന്നു പോകുന്നത് പോലെ
പോകാം എന്ന് കരുതേണ്ട. ഭാരം കയറുന്നതോടെ തൂങ്ങിക്കിടക്കുന്ന ഇത്തരം പാലങ്ങള്‍
ഇരു വശങ്ങളിലേക്കും തെല്ലൊന്ന് ഉലയാന്‍ തുടങ്ങും. പരിചിതരല്ലാത്ത യാത്രികര്‍ക്ക് ചെറിയൊരു
ഉള്‍ക്കിടിലം ഉണ്ടാക്കും ഈ ഉലച്ചില്‍.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഈ സാഹസത്തിനു അവസരം ലഭിച്ചിട്ടുണ്ടോ? കിട്ടിയാല്‍ പാഴാക്കരുത്.
എന്റെ നാട്ടില്‍ തന്നെ ഇത്തരത്തില്‍ ഒരു തൂക്കുപാലമുണ്ടെന്നു ഈയിടെ ആണ് അറിഞ്ഞത്.
തൃശ്ശൂരില്‍ ജില്ലയിലെ ഒല്ലുരിനടുത്തു മരത്താക്കര ദേശത്തിന് ശേഷം NH-47 ന്റെ അടുത്ത് പുഴംബള്ളം
എന്ന സ്ഥലത്ത് നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തത്‌.

June 13, 2011

ഇയാന്‍

മഴക്കാലത്തെ സന്ധ്യകളില്‍ വീടിന്റെ മുറ്റത്തു നിന്നും ഇയാന്‍ പാറ്റകള്‍
മുളച്ചു പൊങ്ങുന്നത് കണ്ടിട്ടില്ലേ?
ത്രിസന്ധ്യ നേരത്ത്, തിരിയിട്ട നിലവിളക്കിനു മുന്‍പിലെ നാമജപത്തിന്റെ
ആവര്‍ത്തനം പോലെ, മണ്ണിനടിയില്‍ നിന്നും ഒന്നിനുപുറകെ ഒന്നായി
ചെറിയൊരു ദ്വാരത്തിലൂടെയാണ് ഇയാനുകളുടെ പിറവി.
അതുവരെ മണ്ണിനടിയില്‍ ഇവ ഒളിച്ചിരുന്നതെവിടെയായിരുന്നു എന്നാര്‍ക്കും അറിയില്ല.
ചിതല്‍ ഉറുമ്പുകള്‍ പോലെ കൂട്ടാമായി പ്രാണികളും ഇയാനുകളുടെ കൂടെ കാണും.
മണ്ണില്‍ നിന്നും ഇയാനുകള്‍ മുളച്ചു പൊങ്ങുന്ന കാഴ്ച വളരെ കൌതുകം നിറഞ്ഞതാണ്‌.
പ്രോഗ്രാമാരുടെ ഭാഷയില്‍ പറഞ്ഞാല്‍, ഒരു ഇന്‍ഫിനിറ്റ് ലൂപില്‍ നിന്നും അനേകം
ഇയാനുകള്‍ ഒന്നൊന്നായി പുറത്തു ചാടും. ഒടുവില്‍ റിസോര്‍സ് തീര്‍ന്ന സിഗ്നല്‍ കിട്ടുമ്പോള്‍
ലൂപില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്തു പ്രോഗ്രാം അവസാനിക്കുന്നു.


എണ്ണത്തില്‍ കൂടുതലോക്കെ മുളച്ചുപൊങ്ങുമെങ്കിലും ഈ ഇയാനുകള്‍ക്ക് അല്പായുസ്സാണത്രെ !
ഇവയുടെ ജീവന്റെ ദൈര്‍ഘ്യം ഏതാനും മിനുട്ടുകള്‍ മാത്രം എന്നാണറിഞ്ഞത്‌.

കഴിഞ്ഞ മഴക്കൊടുവില്‍ വീട്ടു മുറ്റത്തുനിന്നും കിട്ടിയ ഇയാനുകളുടെ ഏതാനും ചിത്രങ്ങള്‍
ഞാനിവിടെ പോസ്റ്റുന്നു. വെളിച്ചക്കുറവും ക്യാമറയുടെ പരിമിതിയും മൂലം ചിത്രങ്ങള്‍
മിഴിവുള്ളതല്ല; എങ്കിലും ഇയാനുകളുടെ പിറവി കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ഈ
ചിത്രങ്ങള്‍ ഇവിടെ കിടക്കട്ടെ.

May 23, 2011

പമ്പരം


വേനലവധിക്കാലം തീരാറായി..
കുട്ടികളെല്ലാം തന്നെ അവസാനനാളുകളിലെ ആഘോഷ തിമര്‍പ്പിലാണ് .
ടി വി യുടെയും വീഡിയോ/കമ്പ്യൂട്ടര്‍ ഗെയിമുകെളുടെയും മുന്നില്‍ നിന്നും
മാറാതെ നില്‍ക്കുന്ന കുട്ടികളുള്ള ഇക്കാലത്ത്,
പമ്പരം കറക്കി കളിക്കുന്ന ഒരു കുട്ടിയുടെ ചിത്രം കിട്ടിയത്
ഒരു ഭാഗ്യമയിട്ടാണ് എനിക്ക് തോന്നിയത്.

കുറെ നാളുകളായി ഒരു "പമ്പര-ചിത്രം" തേടി ഞാന്‍ നടക്കുന്നു;
ഫ്ലോറിഡയിലുള്ള എന്റെയൊരു സുഹൃത്തിന്റെ ആഗ്രഹാവുമായിരുന്നു അത്.
അമേരിക്കയിലെ സുഹൃത്തിന് ഈയിടെ ഒരു ആണ്‍തരി ജനിച്ചപ്പോള്‍
അപ്പന്റെ പഴയകാല "പമ്പര" ഓര്‍മ്മകള്‍ നോസ്ടാല്‍ജിക്കായി തലക്കടിച്ചു കാണും :)
[അനൂപേ, ബ്ലോഗ്‌ ഞാന്‍ താങ്കള്‍ക്കും മകനും ഡെഡിക്കേറ്റ് ചെയ്യുന്നു]


എന്റെയൊക്കെ കുട്ടിക്കാലത്ത് "പമ്പരം-കൊത്ത് " എന്നൊരു "ദേശീയ ഗെയിം"
നാട്ടിലൊക്കെ പോപ്പുലര്‍ ആയിരുന്നു. പമ്പരം ചാട്ടയില്‍ ചുറ്റിയെടുത്തു താഴെ വരച്ചുവച്ച
വൃത്തത്തില്‍ ആഞ്ഞു കൊത്തും. വൃത്തം "മിസ്സ്‌" ആവുന്നവര്‍ക്ക് പമ്പരം വൃത്തത്തില്‍ തന്നെ
അടിയറവു വയ്ക്കേണ്ടതും, മറ്റു "കൊത്തുകാര്‍" അടുത്ത ഊഴങ്ങളില്‍ വൃത്തത്തില്‍ കൊത്തുന്നതിനോപ്പം
"അടിമയായ" പമ്പരത്തെ കൊത്തി തെരിപ്പിക്കുന്നതും ആയിരിക്കും.
അങ്ങനെയാണ് കളി പുരോഗമിക്കുന്നത്. പമ്പരത്തിലെ ഇന്‍-ബില്‍റ്റ് ആണി മാറ്റി
പകരം "സ്പെഷ്യല്‍" ആണി വച്ച് നമ്മുടെയൊക്കെ പമ്പരം കൊത്തിപ്പൊളിച്ച
"പുലികളെ" നിങ്ങള്‍ക്കും ഓര്‍മ്മയില്ലേ???



കാലം കടന്നു പോയപ്പോള്‍ പമ്പരവും ഇതുപോലുള്ള മറ്റു കളിക്കോപ്പുകളും
പുത്തന്‍ ഗാട്ജെറ്റുകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു.

May 03, 2011

അതിരാത്രം-2011



"അറിഞ്ഞുകൊണ്ട് അതിജീവിക്കുക"

പ്രപഞ്ചമെന്ന സൃഷ്ടി പ്രക്രിയയുടെ സൂക്ഷ്മാക്ഷരങ്ങള്‍ കൊണ്ടാണ്
വേദങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്.
വേദങ്ങള്‍ പ്രകൃതിയുടെ ശാസ്ത്രവും ധര്‍മ്മത്തിന്റെ ശ്രോതസ്സുമാണ്.
അതിന്റെ പൊരുള്‍ അറിഞ്ഞവന് മാത്രമേ "ഞാനും ഞാനല്ലാത്തതിന്റെയും"
എന്ന വ്യത്യാസം ഇല്ലാതാവുന്നുള്ളൂ.
ഈ സൂക്ഷ്മ മന്ത്രങ്ങളുടെ ധ്വനി സാന്ദ്രതയിലേക്ക് ആവാഹിച്ചുണര്‍ത്തിയ അഗ്നിയില്‍
അനുഷ്ട്ടാന നിഷ്ട്ടയോടുള്ള സമര്‍പ്പണം
പ്രകൃതിയുടെ അദൃശ്യ ധമനികളെ ഊര്‍ജസ്വലമാക്കുമെന്ന് മഹര്‍ഷിമാര്‍ കണ്ടെത്തി.
അവരതിനെ യാഗമെന്ന് പേര്‍ ചൊല്ലി.
അതിരാത്രം ഏഴു വിധം സോമയാഗങ്ങളില്‍ ഒന്നാണ്.


ആചാരാനുഷ്ട്ടാനങ്ങള്‍ കൊണ്ട് പുകള്‍കൊണ്ട ഭാരതത്തില്‍
അതിരാത്രത്തിന് വേദിയോരുങ്ങിയത് നമ്മുടെ കേരളത്തിലെ,
എന്റെ സ്വന്തം നാടായ തൃശ്ശിവപേരൂരിലാണ്.
ഒരു മനുഷ്യായുസ്സില്‍ വല്ലപ്പോഴും മാത്രമേ ഇത്തരമൊരു മഹായാഗത്തിന് സാക്ഷ്യം
വഹിക്കാന്‍ കഴിയുകയുള്ളൂ.
35 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അതിരാത്രം കൂടി അരങ്ങേറി,
തൃശൂരിലെ, യാഗങ്ങളുടെ യജ്ഞ ഭൂമിയായ പാഞ്ഞാല്‍ എന്ന ഗ്രാമത്തിലെ,
ലക്ഷ്മി നാരായണ ക്ഷേത്രത്തിനു സമീപം. (ഏപ്രില്‍ 4 മുതല്‍ 15 വരെ )

സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഏതുമില്ലാതെ പ്രകൃതിയുടെ ഉണര്‍വിനും
മനുഷ്യ നന്മക്കും വേണ്ടിയാണ് അതിരാത്രം നടത്തുന്നത് എന്ന സത്യമാണ്
എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. "ലോക സമസ്ത സുഖിനോ ഭവന്തു" എന്ന ഭാരതീയ
ദര്‍ശനം തന്നെയാണ് ഇവിടെ ഉദ്ഘോഷിക്കുന്നത്. "അറിഞ്ഞുകൊണ്ട് അതിജീവിക്കുക്ക"
എന്നൊരു ആശയവും നമുക്ക് പകര്‍ന്നു തരുന്നു ഈ അതിരാത്രം.


12 ദിവസം നീണ്ടു നിന്ന അതിരാത്രത്തിന് ആ ഗ്രാമം മുഴുവന്‍ ആതിഥ്യമരുളി.
ഗരുഡ ചിതിയിലെ യാഗാഗ്നിയും പ്രവര്‍ഗ്യവും എല്ലാം അതിരാത്രം കാണാനെത്തിയ
ലക്ഷങ്ങള്‍ക്ക് ആദ്യാനുഭവമായിരുന്നു. അതിരാത്രത്തിലെ ചില ആചാരങ്ങളും
ചടങ്ങുകളും നമ്മില്‍ കൌതുകമുണര്‍ത്തും. ദിവസവും രാവിലെ 3 മണി മുതല്‍ രാത്രി 11 വരെ
നീളുന്ന ചടങ്ങില്‍ നിരവധി ഋത്വിക്കുകള്‍ അണിചേരും. അക്കിത്തിരിപ്പാടും യാഗത്തിന്റെ
യജമാനനും യജമാനത്തിയും എല്ലാം അതിരാത്ര ചടങ്ങുകളുടെ ഭാഗമാണ്. ഓരോരുത്തര്‍ക്കും
അവരുടെതായ പ്രത്യേക സ്ഥാനമാനങ്ങളുണ്ട്.

യാഗത്തിലെ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന
സാമഗ്രികള്‍ക്കുമുണ്ട് പ്രത്യേകതകള്‍. അവയെല്ലാം കണക്കനുസരിച്ച് വിവിധ മരങ്ങളില്‍
കൊത്തിയെടുത്തവയാണ്. മണ്പാത്രങ്ങളും മണ്ണില്‍ തീര്‍ത്ത കിണ്ടിയുമെല്ലാം നമ്മില്‍
കൌതുകമുണര്‍ത്തും.
യജ്ഞ വേദിയില്‍ ഞാന്‍ കണ്ട ചില കാഴ്ചകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.


ഒടുവിലീ യാഗശാല തന്നെ അഗ്നിക്കിരയാക്കി അതിരാത്രം സമാപിക്കുന്നു.
യാഗത്തിന്റെ യജമാനന്‍ അതിരാത്രത്തിന്റെ ആത്മാവും, യാഗശാല ശരീരവും
ആണെന്നാണ്‌ പ്രമാണം. അതുകൊണ്ടാണ് യാഗാന്ത്യം യജമാനനാകുന്ന
ആത്മാവില്ലാതാകുന്നതോടെ യാഗശാല അഗ്നിക്ക് സമര്‍പ്പിക്കുന്നത്.
അനുഗ്രഹവര്‍ഷം പോലെ മഴത്തുള്ളികള്‍ യാഗഭൂവിലേക്ക് വര്‍ഷിക്കുന്നത്
അതിരാത്ര വിജയവും പുണ്യവുമാണെന്നും കരുതപ്പെടുന്നു.


ഇനിയൊരു അതിരാത്രം എന്നാണുണ്ടാവുക എന്ന് പറയുക വയ്യ.
ഈയിടെ ഒരു പത്രത്തില്‍ വായിച്ചു, മൂകാംബിക ക്ഷേത്ര ദേവസ്വവുമായി സഹകരിച്ചു
2013 ല്‍ പാഞ്ഞാളില്‍ വച്ച് തന്നെ അടുത്ത അതിരാത്രം നടന്നേക്കും എന്ന്.
എന്തായാലും നമുക്ക് കാത്തിരിക്കാം,
വേദ മന്ത്രങ്ങളുടെ ആവര്‍ത്തനത്തില്‍, ഗരുഡ ചിതിയില്‍
മനുഷ്യ-നന്മയുടെ അഗ്നി തെളിയുന്നതും കാത്ത്...


April 13, 2011

തുളസിത്തറ


ഈ തുളസിത്തറയില്‍ എന്നും തിരി തെളിയിക്കുന്ന ഒരമ്മക്കിളിയുണ്ട്...
എന്നോ എവിടെയോ ജോലിതെടിപ്പോയ ഒരു മകന്റെ തിരിച്ചുവരവും കാത്ത്
ഉരുകുന്ന നെഞ്ചിലെ ചിരാതില്‍,
കാത്തിരിപ്പിന്റെ തിരി തെറുത്തിട്ട് എന്നും ദീപം തെളിയിക്കുന്ന ഒരമ്മ.


ഈ മേടം പിറക്കുമ്പോള്‍, ഒരേയൊരുണ്ണി പോയിട്ട് എത്ര വര്‍ഷമായെന്ന്
ഈയമ്മക്ക് നിശ്ചയമില്ല. ആ കുടിലില്‍ അമ്മയെ തനിച്ചാക്കി
തീവണ്ടി കയറി പോകുമ്പോള്‍ വേഗം പോയി വരാമെന്നൊരു വാക്ക് കൊടുത്തിരുന്നു...

ഓരോ വിഷുക്കാലം വന്നെത്തുമ്പോഴും സ്നേഹത്തിന്റെ കണിയൊരുക്കി,
അമ്മയ്ക്കുള്ള വിഷുക്കൈ നീട്ടവുമായി വന്നെത്തുന്ന മകന്റെ വരവും കാത്തിരുന്നു.
പക്ഷേ അമ്മയും ഈ തുളസിത്തറയും തനിച്ചായി...
വീടിനു മുന്നിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയിലും;
ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു തിരിച്ചുവരുന്ന
മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു ഈ അമ്മ...


വീണ്ടുമൊരു മേടം വന്നെത്തുമ്പോള്‍; കാത്തിരിപ്പിന്റെ വേനലറുതിക്കൊടുവില്‍
ഈയമ്മയുടെ മനസ്സിന്റെ നനുത്ത ചില്ലകളും പൂക്കുകയാണ് ,
പ്രതീക്ഷകളുടെ ഒരായിരം കണിക്കൊന്നപൂക്കള്‍...

എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
വിഷു ആശംസകള്‍...

April 01, 2011

തെല്ലിക്കല്‍ നൈറ്റ്സ്




പറമ്പിക്കുളത്തെക്കുള്ള ഒരു വനയാത്രയാണ് ഈ ബ്ലോഗ്‌.

കാട്ടില്‍ പോകാനും ട്രെക്കിങ്ങിനും നമുക്കെല്ലാം ഇഷ്ട്ടമല്ലേ, അപ്പോള്‍ ഒരു രാത്രി
വനത്തിനകത്ത്‌ താമസിക്കാന്‍ കൂടി ഒരവസരം കിട്ടിയാലോ !
ഇങ്ങനെയൊരു യാത്ര നിങ്ങളുടെ സ്വപ്നത്തിലുണ്ടോ?
എങ്കില്‍ കേരള വനം വകുപ്പിന്റെ "തെല്ലിക്കല്‍ നൈറ്റ്സ് " എന്ന പാക്കേജ് എടുത്ത്
പറമ്പിക്കുളത്തെക്ക് വിട്ടോളൂ.

വനത്തിനകത്തെക്ക് കയറാന്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
ഇക്കാലത്ത്, താമസമൊരുക്കി സന്ദര്‍ശകരെ ക്ഷണിക്കുന്ന
ഒരു പാക്കേജാണ് "തെല്ലിക്കല്‍ നൈറ്റ്സ്". പാലക്കാട് ജില്ലയിലെ, തമിഴ്നാട്
ബോര്‍ടറിനടുത്തുള്ള പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് വനമേഘലയിലാണ് ഈ
സൌകര്യമുള്ളത്. ഒരു ഗ്രൂപ്പില്‍ പരമാവധി അഞ്ചു പേര്‍ക്കാണ് ഒരു രാത്രി ഇവിടെ
ചിലവഴിക്കാവുന്നത്. 4000 രൂപയാണ് ഈ താമസത്തിന്റെ ചെലവ് (5 പേര്‍ക്ക് ).
മുന്‍കൂട്ടി ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അനുമതി നേടുകയും അഡ്വാന്‍സ് ആയി
2000 രൂപയുടെ DD എടുത്ത് അയക്കുകയും വേണം.
(കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ ബ്ലോഗിന്റെ അവസാനം നോക്കുക)


ഇനി യാത്രയെ കുറിച്ച് പറയാം.
ഞാന്‍ ജോലി ചെയ്യുന്ന ഇന്‍ഫോ പാര്‍ക്കില്‍ നിന്നും നാല് സുഹൃത്തുക്കളോടൊപ്പം
കൊച്ചിയില്‍ നിന്നും, തൃശൂര്‍ വഴി പാലക്കാട് എത്തി അവിടെ നിന്നും കൊല്ലങ്കോട് വഴി
പൊള്ളാച്ചി റൂട്ടിലൂടെ കടന്ന് ആനമല വഴി ടോപ്‌ സ്ലിപ്പിലെത്തി.

അവിടെ നിന്നും പറമ്പിക്കുലത്തെകുള്ള വഴി കാര്‍ യാത്ര കുറച്ചു പ്രയാസമാണ്.
പറമ്പിക്കുളം കേരളത്തില്‍ ആണെങ്കിലും അവിടെ എത്താന്‍ റോഡ്‌ മാര്‍ഗം
ഇല്ലാത്തതിനാല്‍ നമുക്ക് കുറച്ചു ദൂരം തമിഴ് നാടിനെ ആശ്രയിക്കണം.
രണ്ടു ചെക്ക്പോസ്റ്റുകള്‍ കടന്ന് പറമ്പിക്കുളത്ത് എത്തിച്ചേരാം. ദിവസം 30
വാഹങ്ങള്‍ മാത്രമേ അവിടേക്ക് കടത്തി വിടൂ.

11 മണിയോടെ ഞങ്ങള്‍ പറമ്പിക്കുളത് എത്തി.
ചെക്ക്‌ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്ത് പാക്കജിന്റെ മുഴുവന്‍ തുകയും അടച്ചു.
യാത്രയെ കുറിച്ചും താമസത്തെ പറ്റിയും ഒക്കെ അവിടെയുള്ള ഫോറെസ്റ്റ്
ഓഫീസര്‍മാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. കൂടെ സഹായത്തിനായി രണ്ടു
ഗൈഡ് മാരെയും ഏര്‍പാടാക്കി. അവിടെയുള്ള "മലസര്‍" എന്ന
ആദിവാസി സമുദായത്തില്‍ പെട്ടവരായിരുന്നു അവര്‍, ആദനും ശിവകുമാറും.

കുറച്ചു ദൂരം കൂടി മാത്രമേ വാഹനത്തിന് അനുമതിയുള്ളൂ. പോകും വഴിയെ ഞങ്ങള്‍
"കന്നിമാര " എന്ന തേക്കുമരം കാണാന്‍ പോയി; ലോകത്തിലെ ഏറ്റവും വലിയ
തേക്ക് മരം ! അവിടെയുള്ളവര്‍ ദൈവിക പരിവേഷം നല്‍കിയിട്ടുള്ള ആ മരത്തിനു
പിന്നില്‍ പല കഥകളുമുണ്ട്. എന്തായാലും, മരം മുറിച്ചു വിറ്റുതുലക്കാന്‍ വേണ്ടി പണ്ട്
ഇവിടെയെത്തിയ സായിപ്പിന് ഈ മരം മുറിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചരിത്രം
സാക്ഷ്യപ്പെടുത്തുന്നു.


കന്നിമാര വിശേഷങ്ങള്‍ കേട്ട ശേഷം യാത്ര തുടര്‍ന്നു. മൃഗങ്ങളെ കാണാന്‍
സാധ്യതയുള്ള സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ആദന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞങ്ങളെ വരവേറ്റത് ചെറിയൊരു ആനകൂട്ടമായിരുന്നു. അതിലൊരു കുറുമ്പന്‍
ഞങ്ങളുടെ പച്ച കാറിനെ ലക്‌ഷ്യം വച്ച് നീങ്ങിയപ്പോള്‍ "തോമാസുട്ടി, വിട്ടോടാ"
എന്നും പറഞ്ഞു വേഗം "സ്കൂട്ടായി".


കാട്ടാനകളുടെയും കാട്ടു പോത്തിന്റെ കൂട്ടത്തിന്റെയും ദര്‍ശന പുണ്യം
കഴിഞ്ഞ് ഞങ്ങള്‍ പറമ്പിക്കുളം കവലയിലെത്തി. സത്യന്‍ അന്തിക്കാടിന്റെ
പഴയകാല സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവല. അടുത്തു ഒരു
കിലോമീറ്റര്‍ അകലെയായി പറമ്പിക്കുളം ഡാം സന്ദര്‍ശിച്ചു. പിന്നീട്
ഭക്ഷണ ശേഷം, അന്ന് വൈകിട്ട് പാചകം ചെയ്ത് കഴിക്കാനുള്ള സാധനങ്ങള്‍
വാങ്ങി. കുറച്ചു കൂടി യാത്ര ചെയ്ത് ഞങ്ങള്‍ കാര്‍ ഒരിടത്ത് പാര്‍ക്ക്‌ ചെയ്തു.
വനാതിര്‍ത്തിയില്‍ നിന്നും ഇനിയുള്ള ദൂരം കാല്‍നടയായി പോകണം.


ഭക്ഷണപ്പൊതികളുമായി ഞങ്ങള്‍ "ആദന്‍" തെളിച്ച
വഴി-വരമ്പിലൂടെ കാടിനകത്തേക്ക് യാത്രയായി. കയ്യില്‍ വെട്ടുകത്തിയുമായി
മുമ്പേ നടക്കുന്ന ശിവകുമാര്‍ കാടിന്റെ രസങ്ങള്‍ പകര്‍ന്നു തന്നു. കാട്ടു പന്നികള്‍
നാണം കുണുങ്ങി ഞങ്ങളെ കാണുന്നതിനു മുന്‍പേ എവിടെയോ പോയോളിച്ചു.
കാട്ടുകോഴികളും മലയണ്ണാനുകളും മരമുകളില്‍ ഒച്ചവക്കുന്നുണ്ടായിരുന്നു.


ഏകദേശം 8 കിലോമീറ്റര്‍ നടന്നപ്പോള്‍ ഞങ്ങള്‍ കാടിന്റെ ഉള്ളിലെത്തി.
അവിടെയാണ് തെല്ലിക്കല്‍ ബംഗ്ലാവ് അഥവാ "പന്തെര ഡെന്‍" എന്ന വീട്.
ആന വരാതിരിക്കാന്‍ കുഴിച്ച കിടങ്ങിനു മുകളിലെ ചെറു പാലത്തിലൂടെ ആ
വീടിന്റെ മുന്‍പിലെത്തി.



പണ്ട് സായിപ്പിന്റെ കാലത്ത് കാടിനുള്ളില്‍ അവര്‍ നിര്‍മ്മിച്ച
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് (IB) ആണ് തെല്ലിക്കല്‍ പാക്കേജില്‍ നമുക്ക് താമസിക്കാന്‍
തരുന്നത്. രണ്ടു മുറികളും അടുക്കളയുമുള്ള ഈ ബംഗ്ലാവില്‍ വൈദ്യുതിയോ മറ്റു
സൌകര്യങ്ങളോ ഇല്ല. IB യുടെ മുന്‍വശത്ത്‌ കുറച്ചകലെയായി ഒരു വയലും തടാകവും ഉണ്ട്.
കുളിക്കാനായി അടുത്ത് തന്നെ ഒരു ആറുണ്ട് . കിടക്കാനുള്ള ബെഡ് ഷീറ്റും മറ്റും IB യില്‍ ലഭിക്കും.
ടോയിലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഈ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍
ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും


ബാഗും മറ്റും മുറിയില്‍ വച്ച ശേഷം കാട്ടാറില്‍ കുളിച്ചു "ഫ്രഷ്‌" ആയി.കുറച്ചു ദൂരത്തുള്ള
തടാകത്തില്‍ മ്ലാവുകളും വേട്ട പട്ടികളും വന്നുപോയി കൊണ്ടിരുന്നു. പട്ടികള്‍
കൂട്ടത്തോടെയാണ് വരുന്നത് കണ്ടത്, അവ വന്നതും പാവം മ്ലാവുകള്‍ ഓടി രക്ഷപ്പെട്ടു.
രാത്രി ആയതോടെ മൃഗങ്ങളുടെ കണ്ണുകള്‍ മാത്രം ഇരുട്ടിന്റെ തിരശീലയില്‍
മിന്നി മറഞ്ഞുകൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന ബൈനോകുലറുകള്‍ ഇരുട്ടില്‍
ഉപയോഗ ശൂന്യമായപ്പോള്‍ ഇന്‍ഫ്ര റെഡ് ബൈനോകുലര്‍ ഉണ്ടായിരുന്നെങ്കില്‍
എന്നാശിച്ചു പോയി.

ഇന്ത്യന്‍ കാടുകളില്‍ കടുവകളെ കാണുക എന്നത് വളരെ വിരളമാണ്. കണക്കു പ്രകാരം
അവിടെ മുപ്പതോളം കടുവകള്‍ ഉണ്ടെങ്കിലും അവയെ നേരില്‍
കാണണമെങ്കില്‍ മഹാ ഭാഗ്യം തന്നെ വേണം. എങ്കിലും രാത്രിയുടെ
മറവില്‍ ഞങ്ങള്‍ കാത്തിരുന്നു; പക്ഷെ നിരാശയായിരുന്നു ഫലം.

ഒടുവില്‍ "നിരീക്ഷണ" മേഘലയില്‍ നിന്നും പിന്‍വാങ്ങി തെല്ലിക്കലെത്തി.
ആദനും ശിവകുമാറും അപ്പോഴേക്കും ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡി ആക്കിയിരുന്നു.
ചുട്ടെടുത്ത ചപ്പാത്തിയും ഇറച്ചിക്കറിയും കഴിച്ച്,
കാടിനെ വിറപ്പിക്കുന്ന തണുപ്പിനുമേല്‍ പകല്‍ കണ്ട കാഴ്ചകളുടെ രസത്തിന്റെ
ഓര്‍മ്മയുടെ പുതപ്പും വലിച്ചു നീട്ടി ഞങ്ങള്‍ നിദ്രയിലാണ്ടു.
കാതുകള്‍ അപ്പോഴും രാത്രിയില്‍ വന്നെത്താന്‍ കൊതിച്ച ജീവികളുടെ
ശബ്ദവും കാതോര്‍ത്ത് ഉറങ്ങാതെയിരുന്നു...

പിറ്റേ ദിവസം രാവിലെ ആറിനെഴുന്നേറ്റു വീണ്ടും കാട്ടിലൂടെ നടന്നു.
കാഴ്ചകള്‍ അവസാനിച്ചപ്പോള്‍ ഉച്ചയാകുമ്പോഴേക്കും കറക്കം മതിയാക്കി കാടിറങ്ങി.


യാത്ര എങ്ങനെ ബുക്ക്‌ ചെയ്യാം ?

ഫോറെസ്റ്റ് ഓഫീസുമായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
+91 9442201690, +91 4253 245025

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ് സൈറ്റ് നോക്കാം.
www.parambikulam.കോം

എങ്ങിനെ ഇവിടെ എത്തി ചേരാം ?

കൊച്ചിയില്‍ നിന്നും ഏകദേശം 220 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.

കൊച്ചിയില്‍ നിന്നും അങ്കമാലി വഴി (NH-47) തൃശൂരിലെ മണ്ണുത്തി ബൈ പാസ്സില്‍ എത്തുക.
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കാടിനടുത്തെ വടക്കഞ്ചേരിയിലെത്തി
വലത്തോട്ട് തിരിഞ്ഞ് കൊല്ലങ്കോട്‌ എത്തി അവിടെ നിന്നും
പൊള്ളാച്ചി വഴിയിലേക്ക് തിരിയുക. പൊള്ളാച്ചി എത്തുന്നതിനു മുന്‍പായി
ആനമല യിലേക്ക് തിരിഞ്ഞ് ടോപ്‌ സ്ലിപ്പില്‍ എത്തുക. അവിടെ നിന്നും വലത്തോട്ട്
തിരിഞ്ഞ് നേരെ പറമ്പികുളത്തേക്കു എത്തിച്ചേരാം.

കയ്യില്‍ കരുതേണ്ടവ.

സാധാരണ ഒരു യാത്ര പോകുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാട്ടിലേക്കുള്ള യാത്ര.
അതിനാല്‍ ഇത്തരം യാത്രകളില്‍ കുറച്ചു കാര്യങ്ങള്‍ കയ്യില്‍ കരുതിയാല്‍ നന്നായിരിക്കും.
1. മാപ് , ഒരു കോമ്പസ് (ദിശ അറിയാനായി).
2. ഗ്രൂപ്പിലെ എല്ലാവരും വെള്ളം കരുതുക.
3. ടോര്‍ച്, മെഴുകുതിരി, ലൈറ്റര്‍.
4. സ്വിസ് നൈഫ് (കത്തി) , കയര്‍.
5. ഫസ്റ്റ് എയിഡ് ബോക്സ്‌.
6. അട്ട ഉള്ള ഇടമാണെങ്കില്‍ മഞ്ഞള്‍പ്പൊടിയും, പുകയിലയും കരുതുക.