പക്ഷെ ചിലനേരം ഇവന്മാര്‍ മദപ്പാടില്‍ കാട്ടിക്കൂട്ടുന്ന ക്രയവിക്രയങ്ങള്‍ ഇത്തിരി കൂടിപ്പോവാറുണ്ട്.
പാപ്പാന്റെ കയ്യില്‍ നിന്നും നിയന്ത്രണം വിട്ടാല്‍ പിന്നെ നിസ്സഹായരായ മനുഷ്യര്‍ നോക്കി നില്‍ക്കുക
മാത്രമേ നിവര്‍ത്തിയുള്ളൂ.
ഈയിടെ ഗുരുവായൂരില്‍ വച്ച് മടപ്പാടിലായ ഒരാനയെ കാണാനിടയായി. കുറുമ്പെല്ലാം
കഴിഞ്ഞു കക്ഷിയെ ശാന്തനാക്കുന്നതാണ് സീന്‍. കഴിഞ്ഞ ദിവസങ്ങളില്‍,
കളിക്കളത്തിലെ ശ്രീശാന്തിനെ പോലെ പെരുമാറിയ ഇവനെ ധോനിക്ക് പഠിപ്പിക്കുകയാണ്
പാപ്പാന്മാര്‍. ഗടി കൂളായി വരുന്നുണ്ട് കേട്ടോ ! പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത്;
ആശാരിമാര്‍ ചെവിക്കു പിന്നില്‍ കൂര്‍പ്പിച്ച പെന്‍സില്‍ വയ്ക്കുന്ന പോലെ ഇവനും വച്ചിരിക്കുന്നു
ഒരു വലിയ 'പെന്‍സില്‍"; അഥവാ ആനത്തോട്ടി.
അതെ; ആനയെ ചട്ടം പഠിപ്പിക്കുന്ന ചെറിയൊരു വിദ്യയാണ് ആനത്തോട്ടി പ്രയോഗം.
പാപ്പാന്‍ അടുത്തില്ലാത്ത നേരം ആനത്തോട്ടിയെടുത്തു ആനചെവിക്കു പിന്നിലായി ചാരി വയ്ക്കും.
ഇനി പാപ്പാന്‍ പറയാതെ അനങ്ങരുത് എന്ന "വാര്‍ണിംഗ്" ആണിത്.
ഞാനിവിടെ ആനത്തോട്ടിയുടെ പ്രയോഗത്തെ കുറിച്ചല്ല പറയാന്‍ ഉദേശിക്കുന്നത്;
മറിച്ചു, ഒരു ആനയെ മെരുക്കാന്‍ പോന്ന ആനത്തോട്ടി വിദ്യയുടെ സൈക്കോളജി ആണ്.
ഒന്നുറഞ്ഞ് കുടഞ്ഞാല്‍ തന്നെ ആനക്ക് എളുപ്പം ആ ആനത്തോട്ടിയെ തട്ടിയകറ്റാം,
ആനക്ക് ഒരുപക്ഷെ അതറിയില്ലായിരിക്കും എന്ന് തോന്നുന്നു.
ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മുടെ ജീവിതത്തിലും നമ്മെ നിയന്ത്രിക്കുന്ന എത്രയോ ആനത്തോട്ടികളുടെ
അടിമകളാണ് നാം. ആനക്കൊട്ടിലില്‍ എന്നപോലെ തന്നെ തൊട്ടിലില്‍ നിന്നുതന്നെ
നിയന്ത്രണങ്ങളുടെ ആനത്തോട്ടികളായിരുന്നു നമുക്ക് ചുറ്റും.
സദാചാര വാദികളും പുരോഗമന വാദികളും സമൂഹത്തിന്റെ അടിച്ചേല്‍പ്പിക്കുന്ന
തരത്തിലുള്ള ആനത്തോട്ടികള്‍ നമ്മുടെ ചിന്തകളിന്‍മേല്‍ ചാരിവചിട്ടുണ്ട്. നമ്മില്‍ പലരും അത്തരം
സാമൂഹിക തോട്ടികളുടെ നിഴലില്‍; സ്വന്തം ചിന്തകളെ തളച്ചിട്ടു സമൂഹത്തിന്റെ ഇഷ്ട്ടത്തിനൊത്തു
ജീവിക്കുന്നു. സ്വന്തം ആഗ്രഹങ്ങളും പുതിയ ജീവിത കാഴ്ചപ്പാടുകളും ഈ ആനത്തോട്ടിയുടെ മൂര്‍ച്ചയില്‍
മുറിവേറ്റിട്ടും ഒരക്ഷരം പറയാതെ നെടുവീര്‍പ്പിടുന്നു.
അന്ധ വിശ്വാസങ്ങളുടെ ആനത്തോട്ടികളായിരുന്നു കഴിഞ്ഞ കാലങ്ങളില്‍, അവയെ
നമ്മില്‍ പലരും എടുത്തുമാറ്റി.
ഇനിയുമുണ്ട് എടുത്തു മാറ്റപ്പെടേണ്ട ഒരുപാട് ആനത്തോട്ടികള്‍.
അവയെ എടുത്തുമാറ്റി നമുക്ക് സ്വതന്ത്രരാവാം,
നന്മയിലേക്കുള്ള പുത്തന്‍ ആശയങ്ങളെ നമുക്ക് സ്വാഗതം ചെയ്യാം,
സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്നതായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന.
No comments:
Post a Comment