ഇനി നമുക്കൊരു യാത്ര പോകാം. സാധാരണ നമ്മള്‍ "ചിന്ത"യിലൂടെ പോകാറുള്ള പോലെ
ഒരു യാത്ര; മണ്ണിനെ അറിഞ്ഞു കാടിന്റെ മണം നുകര്‍ന്ന് അരുവികള്‍ താണ്ടി ഒരു യാത്ര...
വളരെ നാളുകളുടെ തിരക്ക് പിടിച്ച ജോലികള്‍ക്കൊടുവില്‍
ഞങ്ങള്‍ നാല് പേരും കൂടി തീരുമാനിച്ചു, ഇന്ന് തല തണുപ്പിക്കാന്‍ എവിടെയെങ്കിലും
പോകണമെന്ന്. മെയില്‍ നോക്കി ജോലിയൊന്നും ഇല്ല എന്നുറപ്പ് വരുത്തി കൊച്ചിയിലെ
ഇന്‍ഫോപാര്‍ക്കില്‍ നിന്നും രാമേട്ടന്റെ "പച്ച-കുതിരയില്‍"(ഇന്‍ഡിക്ക കാര്‍) ഞങ്ങള്‍
യാത്ര തിരിച്ചു.
ഈയിടെ "മധു മാമന്റെ" ഒരു മെയിലില്‍ നിന്നാണ് തൃശൂരിനടുത്ത് ചെമ്പൂത്രയില്‍
പട്ടത്തിപ്പാറ എന്നൊരു വെള്ളച്ചാട്ടം ഉണ്ടെന്നറിഞ്ഞത്. എന്റെ സ്വന്തം ദേശത്ത്
ഇത്രയും അടുത്ത് ഇങ്ങനെയൊരു സ്ഥലം ഞാന്‍ അറിയാതെ പോയതില്‍ തെല്ലൊരു
വിഷമം തോന്നി. ആനക്കയം മരോട്ടിച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളും ഇതുപോലെ
കണ്ടുപിടിച്ചു പോയ സ്ഥലങ്ങളായിരുന്നു. (മരോട്ടിച്ചാല്‍ യാത്ര വായിക്കാന്‍ ഇവിടെ ക്ലിക്കുക)
വിനോദ സഞ്ചാര മാപ്പില്‍ ഇടം നേടാത്ത ഇടങ്ങളാണ് ഇവയെങ്കിലും
ഒരു ദിവസത്തെ യാത്രക്ക് തിമിര്‍ക്കാന്‍ പറ്റിയ സ്ഥലങ്ങളാണ് മരോട്ടിചാലും പട്ടത്തിപ്പാറയും.
കണ്ടുമടുത്ത സ്ഥലങ്ങള്‍ മാറ്റിവച്ചു പുതിയ സ്ഥലങ്ങള്‍ തെടുന്നവര്‍ക്കും, ട്രെക്കിംഗ്
ഇഷ്ട്ടപ്പെടുന്നവര്‍ക്കും പ്രകൃതിയ സ്നേഹിക്കുന്നവര്‍ക്കും ഈ സ്ഥലങ്ങള്‍
പരീക്ഷിക്കാവുന്നതാണ്.
കൊച്ചിയില്‍ നിന്നും യാത്ര തിരിച്ച "പച്ചക്കുതിര" NH-47 ലൂടെ അങ്കമാലി, ചാലക്കുടി വഴി
മണ്ണുത്തി ബൈ പാസിലൂടെ മണ്ണുത്തി സെന്റെറില്‍ എത്തി. പുതിയതായി നിര്‍മ്മിച്ച
നാല് വരി പാതയിലൂടെ ഏഴോളം ഫ്ലൈ ഓവറുകള്‍ താണ്ടിയുള്ള യാത്ര,
കേരളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും.
മണ്ണുത്തിയില്‍ എത്തിയ പച്ചകുതിര വലത്തോട്ട് തിരിഞ്ഞു പാലകാട് റൂട്ടിലൂടെ
ഏകദേശം 4 കി. മി. യാത്ര ചെയ്തു മുടിക്കോട് എന്ന സ്ഥലം കഴിഞ്ഞു ചെമ്പൂത്ര യില്‍
എത്തി. അവിടെ നിന്നും ഇടത്തേക്ക് ചെമ്പൂത്ര ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയിലേക്ക്
കടന്ന് ക്ഷേത്രവും കഴിഞ്ഞ് ഏകദേശം രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍
പട്ടത്തിപ്പാറയില്‍ എത്തിച്ചേരാം. പീച്ചി ഡാമില്‍ നിന്നും വെള്ളമൊഴുകി വരുന്ന കനാലിന്റെ
ഓരത്ത് വാഹനം പാര്‍ക്ക് ചെയ്ത് 10 മിനിറ്റ് വനത്തിലൂടെ നടന്നാല്‍ മതി.
അതികമാരും ഇവിടം സന്ദര്‍ശിക്കാത്തത് കാരണം ചെറിയ കടകള്‍ പോലും പരിസരത്ത് ഇല്ല.
ഭക്ഷണം കയ്യില്‍ കരുതിയാല്‍ വിശക്കാതെ തിരിച്ചു വരാം :)
ഇനി വനയാത്ര തുടങ്ങാം. മരോട്ടിച്ചാല്‍ വനത്തിലൂടെ പോകുന്ന പോലെയുള്ള വിഷമമൊന്നും ഈ
യാത്രക്കില്ല, അതികം ദൂരം നടക്കുകയും വേണ്ട. ഒരാള്‍ക്ക് നടന്നു പോകാവുന്ന പാതയിലൂടെ
കുറച്ചു നടക്കുമ്പോഴേക്കും വെള്ളം വീഴുന്ന ഒച്ച കേള്‍ക്കാം, അതെ പട്ടത്തിപാറയിലെ ആദ്യ
വെള്ളച്ചാട്ടം എത്തിക്കഴിഞ്ഞു. അവിടെ നിന്നും ഇടത്തോട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ
നൂര്‍ന്നിറങ്ങിയാല്‍ കൂടുതല്‍ മനോഹരമായ മറ്റൊരു കാഴ്ച കാണാം. ഇവിടെ വളരെ
ഉയരത്ത് നിന്നാണ് വെള്ളം ഒഴുകിവരുന്നത്. കാട്ടിലൂടെ ഇനിയും ദൂരം നടന്നാല്‍
കൂടുതല്‍ കാഴ്ചകള്‍ സാധ്യമാണ്.
ഓരോ വെള്ളചാട്ടത്തിലും കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരിച്ച് ഇറങ്ങി.
ഞങ്ങള്‍ തൃശൂര്‍-ക്കാര്‍ക്ക് വളരെ എളുപ്പം എത്തിചേരാവുന്ന പുതിയ ഒരു സ്ഥലം കണ്ടുപിടിച്ച
സന്തോഷത്തിലായിരുന്നു ഞാന്‍. നാടിനെ സ്നേഹിക്കുന്ന, കൂടുതല്‍ കൂട്ടുകാരെ ഇവിടെ
കൊണ്ടുവരണം എന്ന ചിന്തയോടെ നാലഞ്ചു പൊളപ്പന്‍ ചിത്രങ്ങള്‍ എടുത്ത്
പച്ചകുതിരയില്‍ കൊച്ചിയിലേക്ക് തിരികെ യാത്രയായി.
അഴകിയ രാവണനില്‍ മമ്മുക്ക പറഞ്ഞ പോലെ, നാളെ മുതല്‍ വീണ്ടും "ശങ്കര്‍ ദാസ്"
എങ്ങിനെ ഇവിടെ എത്തിച്ചേരാം:
തൃശൂരില്‍ നിന്നും വരുന്നവര്‍ നേരെ മണ്ണുത്തിയില്‍ എത്തുക.
എറണാകുളം ഭാഗത്ത് നിന്നും വരുന്നവര്‍ NH-47 ലൂടെ അങ്കമാലി-ചാലക്കുടി വഴി
ആമ്പല്ലൂര്‍ കഴിഞ്ഞ് ടോള്‍ പ്ലാസക്ക് ശേഷം മണ്ണുത്തി ബൈ പാസ് വഴി മണ്ണുത്തിയില്‍
എത്തി അവിടെ നിന്നും പാലക്കാട് രൂട്ടിലേക്ക് വലത്തോട്ട് തിരിഞ്ഞ് ഏകദേശം
4 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ചെമ്പൂത്രയില്‍ എത്താം. അവിടെ നിന്നും
ഇടത്തേക്ക് തിരിഞ്ഞ് ഭഗവതി ക്ഷേത്രം കഴിഞ്ഞ് 2 കിലോമീറ്റര്‍ കഴിഞ്ഞാല്‍
പാട്ടത്തിപ്പാറയായി.
എറണാകുളത്തു നിന്നും ഏകദേശം 75 കി. മി.
തൃശൂരില്‍ നിന്നും കേവലം 12 കി. മി. മാത്രം.
4 comments:
Kollam.. Appo Krishna?
Thanks for discovering this one sujith :)
നന്ദി .. എന്റെ ബ്ലോഗില്‍ നിന്നും ആണ് ഈ യാത്രക്ക് തുടക്കം എന്നറിഞ്ഞതിലും ഈ ബ്ലോഗില്‍ എന്റെ പേര് പറഞ്ഞതിനും ഒരു പാട് നന്ദി ..
പാലക്കാട് ജില്ലയില്‍ ധോണി, മീന്‍ വള്ളം എന്നീ രണ്ടു സ്ഥലങ്ങള്‍ കൂടി ഒന്ന് പോയി നോക്കൂ ... എനിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല . നല്ല കാടും വെള്ളച്ചാട്ടങ്ങളും ഉണ്ട് എന്നാണു കേട്ടത് ..
തീര്‍ച്ചയായും, മധു ചേട്ടാ. പോവുകയാണെങ്കില്‍ താങ്കളെ അറിയിക്കാം കേട്ടോ...
Post a Comment