April 13, 2020

വിഷുക്കട്ട

വീടിന്റെ ഏതെങ്കിലുമൊരു കോണിൽ
അമ്മയുണ്ടെങ്കിൽ മാത്രം പിറവിയെടുക്കുന്ന
ഒരു ഉത്സവാന്തരീക്ഷമുണ്ട് 
നമ്മുടെയൊക്കെ വീട്ടിലും മനസ്സിലും.

വിഷുവിനും ഓണത്തിനുമൊക്കെ 
പലതും തയ്യാറാക്കാൻ
അമ്മമാർ വീടിന്റെ ചുവരുകൾക്കകത്തും
മുറ്റത്തും പരിസരത്തുമൊക്കെ ഓടി നടന്ന്
തിരക്കിട്ടു നടത്തുന്നൊരു കലാശപ്പൊരിച്ചിൽ.
അത് അമ്മമാർക്ക് മാത്രം അവകാശപ്പെട്ടതാണ്;
അമ്മയ്ക്ക് മാത്രം ക്രിയേറ്റ് ചെയ്തെടുക്കാൻ പറ്റുന്നൊരു
മാജിക്ക്;
അമ്മയില്ലാതാവുമ്പോൾ മാത്രം നമുക്ക് മനസ്സിലാവുന്ന
തിരിച്ചറിവ്.



കൊറോണക്കാലം ആണെങ്കിലും, ആഘോഷമൊന്നും 
ഇല്ലെങ്കിലും, ഇക്കുറി വിഷുവിന് അമ്മയില്ല എന്ന സത്യം 
ഓർമ്മപ്പെടുത്തുന്നത് പല രുചികളും, മണങ്ങളും
സ്നേഹവിളമ്പലുകളുമൊക്കെയാണ്.

എന്റെയൊക്കെ കുട്ടിക്കാലത്ത് അച്ഛൻ പ്രവാസിയായതിനാൽ 
അമ്മയാണ് ഞങ്ങൾക്കെല്ലാം ഒരുക്കി തന്നിരുന്നത്.
മണലാരണ്യങ്ങൾക്കപ്പുറം അച്ഛന് അതെല്ലാം
കത്തുകളിലൂടെ മാത്രമേ അനുഭവബേദ്യമായിരുന്നുള്ളൂ.
ആഘോഷ ദിവസങ്ങളിൽ അമ്മയുടെ സ്നേഹവും
രുചിയുടെ കൈയ്യൊപ്പും ചാർത്തിയ ട്രഡീഷണൽ
പലഹാരങ്ങൾഉണ്ടാക്കുന്ന മണവും സ്വാദും
നാവിൽനിന്നും ഇതുവരെ പോയിട്ടില്ല,
അമ്മയെന്നെ വിട്ടു പോയി എന്നിരുന്നാലും.

അമ്മയില്ലാത്ത ആദ്യത്തെ വിഷു എന്നൊരു
നഷ്ടബോധമുണ്ട് മനസ്സിൽ.
അതിരാവിലെ വിഷുക്കണി കണ്ട് കഴിഞ്ഞാൽ പിന്നെ 
അമ്മയ്ക്കൊരു തിരക്കാണ്.
പണ്ട് അമ്മ തനിച്ചായിരുന്നു, ഈയിടെയൊക്കെ കൃഷ്ണയും കൂടെയുണ്ടെങ്കിലും അമ്മയുടെ ചില സ്പേസ് ഉണ്ട്,
അവിടെ അമ്മ തന്നെയാണ്
പാചകത്തിന്റെ അമരത്തുണ്ടാവുക. കൃഷ്ണയും ഞാനും
ഒക്കെ അസിസ്റ്റന്റുമാർ.
ഞാനധികം സഹായിക്കാൻ നിൽക്കാറില്ല ട്ടോ,
അടുക്കളയിൽ നിന്നും മിക്കവാറും സ്കൂട്ടാവുകയാണ്
പതിവ്. (ഇന്നും കൃഷ്ണയ്ക്ക് മാത്രമറിയാവുന്നൊരു സത്യം)

പക്ഷേ വിഷുക്കട്ട ഉണ്ടാക്കാൻ ഞാൻ കൂടെ നിൽക്കും. 
തൃശ്ശൂർക്കാർക്ക് വിഷുനാളിൽ പ്രാതലിന് വിഷുക്കട്ടയാണ് പതിവ്.
കുത്തരി വേവിച്ച് നാളികേരം ചിരവിയിട്ട് ജീരകവും വിതറി 
കേക്കുപോലെ ചട്ടുകം കൊണ്ട് അമ്മയത്
ഒരു വാഴയിലയിലേക്ക് പരത്തുമ്പോൾ,
ഇല പതിയെ വെന്ത് നറുമണം വരും;
പിന്നീട് അമ്മയത് അനായാസമായി ചട്ടുകം കൊണ്ട് തന്നെ 
കഷ്ണങ്ങളാക്കി മുറിച്ചുവയ്ക്കും.

ചുക്കും ജീരകവും ഇട്ട്, ഉരുക്കിയ ശർക്കര പാനീയത്തിൽ മുക്കി 
വിഷുക്കട്ട കഴിക്കുമ്പോൾ അമ്മയെ അല്ലാതെ ആരെയാണ് 
ഓർമ്മ വരിക. കൃഷ്ണ വിഷുക്കട്ട ഉണ്ടാക്കുമ്പോഴും അതേ രുചിയാണ്
പക്ഷേ അമ്മ വിഷുവിന് കൂടെ ഇരുന്നു കഴിക്കാനില്ലല്ലോ 
എന്നോർക്കുമ്പോൾ ശർക്കരക്ക് മധുരം കുറവായ പോലെ.
ജീവിതത്തിലെ ചില ചേരുവകൾ ഒരിക്കൽ നഷ്ടപ്പെട്ടാൽ 
പിന്നീടൊരിക്കലും തിരികെ കിട്ടില്ല. 
ലോകത്തിലെ യാതൊന്നിനും നികത്തി, താളിച്ചെടുക്കാൻ 
ആവാത്ത നഷ്ടരുചികൾ.

അതുകൊണ്ട് ഇത് വായിക്കുന്ന എന്റെ കൂട്ടുകാർ, നിങ്ങളുടെ 
അമ്മയോ അച്ഛനോ കൂടെയുണ്ടെങ്കിൽ; ആഘോഷനാളുകളിൽ 
മാത്രമല്ല എന്നും അവരുടെ കൂടെയിരുന്നു ഭക്ഷണത്തിന്റെ രുചി 
നുണയുക. മനസ്സിലെ വിഷു ആഘോഷങ്ങളിൽ എന്നുമുണ്ടാക്കുന്ന 
സ്നേഹത്തിന്റെ വിഷുക്കട്ടയുടെ ഒരു തുണ്ട് അവരുടെ വായിലും 
വച്ചു കൊടുക്കുക; കുട്ടിക്കാലത്ത് നമുക്കവർ തന്നിരുന്ന പോലെ...

 #അമ്മ

4 comments:

Unknown said...

നഷ്ടപ്പെടുമ്പോഴാണ് ഓരോരുത്തരുടേയും / ഓരോന്നിൻ്റേയും മൂല്യം നാം മനസ്സിലാക്കുന്നത്. വീട്ടിലെ അമ്മയുടെ സ്ഥാനവും പ്രാധാന്യവും ശരിക്കും വരച്ചുകാട്ടിയിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട് സുജീ.... അമ്മ മുകളിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടാവും. ആ ആത്മാവിന് എന്നെന്നും ശാന്തി ലഭിക്കട്ടെ...

VIJAYYY said...

ഏട്ടാ ഒരിക്കലും മാറ്റിവെക്കാൻ സാധിക്കാത്ത ഒരു ഇടം എപ്പഴും അമ്മമാർക്ക് മാത്രം അവകാശപ്പെടാൻ ഉണ്ടാവും. അത് ഓരോ ആഘോഷവും നമ്മെ ഓർമിപ്പിക്കും അവരുടെ വിയോഗശേഷം.

Unknown said...

അമ്മയുടെ സ്നേഹം

Anicejawahar said...

Aa nashtabodham vallathe ullu pollichu