December 25, 2012

ടൈപ്പ് റൈറ്റര്‍


കമ്പ്യൂട്ടര്‍ യുഗത്തിന് മുന്‍പ് വരെ പുറത്തിറങ്ങിയ ഗാഡ്ജറ്റുകളില്‍ വച്ച്
ഏറ്റവും ഹോട്ടസ്റ്റ്  ഐറ്റം ആയിരുന്നു ടൈപ്പ് റൈറ്റര്‍.
ടൈപ്പിംഗ്‌ ജോലികള്‍ക്കായി മുഴുവനായും മെകാനിക്കല്‍ ആയി പ്രവര്‍ത്തിക്കുന്ന
ഒരുപകരണം. ഡോക്കുമെന്റുകളും കത്തുകളും ടൈപ്പ് ചെയ്യുന്നതിനും മറ്റു ഓഫീസ്
ആവശ്യങ്ങള്‍ക്കും പണ്ട് ഒരേയൊരു സാധ്യത യായിരുന്നു ടൈപ്പ് റയിറ്ററുകള്‍.



കാര്യം ഇന്നത്തെ കാലത്ത് ടൈപ്പ് റൈറ്റര്‍ നാമാവശേഷമായെങ്കിലും
പുതു യുഗത്തിലെ ഗാഡ്‌ജെറ്റായ ടാബ്ലെറ്റ് പീ സിയില്‍ പോലും കീ പാടിന്റെ
രൂപ കല്‍പ്പന പൂര്‍ണ്ണമായും പഴയ ആ ടൈപ്പ് റയിറ്റരിന്റെ മാതൃക തന്നെയാണ് !
അതില്‍ അക്ഷരങ്ങള്‍ ഒരുക്കി വച്ചിരിക്കുന്ന രീതിക്ക് ഇനിയൊരിക്കലും
മാറ്റമുണ്ടാവാന്‍ സാധ്യതയില്ല എന്ന് തോന്നുന്നു. ടൈപ്പ് ചെയ്യുവാന്‍ അത്രയേറെ
എളുപ്പത്തിലുള്ള രീതിയിലാണ് QWERTY കീസ് ഒരുക്കിയിട്ടുള്ളത്.

 
 

പറഞ്ഞു കേട്ടിട്ടുണ്ട്, പണ്ടൊക്കെ പത്താം തരം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും
ടൈപ്പ് റൈറ്റര്‍ ലോവര്‍ ക്ലാസ്സിന് ചേരും. പിന്നീട് ടൈപ്പിംഗ്‌ ഹയ്യര്‍ കൂടി
പാസ് ആയാല്‍ ജോലി റെഡി.
ഈ ബ്ലോഗ്‌ വായിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഒരുപക്ഷേ ഓര്‍ത്തെടുക്കാനായേക്കും
പണ്ട് നിങ്ങള്‍ പഠിച്ച ടൈപ്പിംഗ്‌ ക്ലാസ്സിലെ ആദ്യ പാഠങ്ങള്‍.


ASDFG.... എന്നൊക്കെ വിരല്‍തുമ്പ് വേദനിക്കും വിധം പഴയൊരു ടൈപ്പ് റയിട്ടറില്‍
കുത്തിപ്പിടിച്ച് അടിച്ചു പഠിച്ച ആദ്യ നാളുകള്‍. പുറത്തെ വഴിയില്‍ നിന്നു തന്നെ
കേള്‍ക്കാം, ടൈപ്പിംഗ്‌ ക്ലാസ്സിലെ താളം പിടിത്തം. അന്നത്തെ പല നിശ്ശബ്ദ
പ്രണയങ്ങള്‍ക്കും താളം മുറുകിയിരുന്നത്‌ ടൈപ്പിംഗ്‌ ഇന്‍സ്ടിറ്റൂട്ടില്‍ ആയിരുന്നു.
കാലാന്തരത്തില്‍ ഇവന്‍ കമ്പ്യൂട്ടറുകള്‍ക്ക് വഴി മാറിയപ്പോള്‍, ടൈപ്പിംഗ്‌ മാസ്റ്ററും
ടൈപ്പ് റയിറ്ററുകളും തനിച്ചായി... ഓര്‍മ്മകളുടെ നെടുവീര്‍പ്പുകളുമായി ഇന്നവ
പലയിടങ്ങളിലും ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ പൊടി പിടിച്ചു കിടക്കുന്നു...



കുറച്ചു നാള്‍ മുന്‍പ് പഴയ സാധനങ്ങള്‍ സൂക്ഷിച്ചു വച്ചിരുന്ന അലമാര
തുറന്നപ്പോഴാണ്, അച്ഛന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ടൈപ്പ് റൈറ്റര്‍ കയ്യില്‍
പെട്ടത്. പണ്ടെപ്പോഴോ സ്കൂളില്‍ പഠിക്കുന്ന ഒരവധിക്കാലത്ത് ഞാന്‍ ഇവനുമായി
ഒന്നിണങ്ങാന്‍ ശ്രമിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നെ ഇവനെ
കണ്ടിട്ടേ ഇല്ല. എന്തായാലും ഒരു "പുരാവസ്തു" കയ്യില്‍ കിട്ടിയതല്ലേ, പെട്ടി തുറന്ന്
ഇവനെയൊന്ന് ഗൌനിചേക്കാം എന്ന് തീരുമാനിച്ചു.

 


പഴയതാണെങ്കിലും ഇവന്റെ ലുക്ക്‌ കണ്ടാലറിയാം തറവാടിയാണെന്ന്, അതെ
Olivetti Lettera 25 എന്ന് റയിറ്ററിന്റെ മുകളില്‍ എഴുതി വച്ചിട്ടുണ്ട്.
ഒരു പക്ഷെ അന്നിത് വാങ്ങിയപ്പോള്‍ ഇന്നത്തെ iPhone ന്റെ ഗമയൊക്കെ
ഉണ്ടായിരുന്നിരിക്കാം. എന്തായാലും ഇവനൊരു പുലിക്കുട്ടി തന്നെ, കാലപ്പഴക്കം
ഉണ്ടെങ്കിലും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട് !



കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡിലുള്ള പല സൌകര്യങ്ങളും ആ ടൈപ്പ്റയിറ്ററില്‍ ഉണ്ട്.
എല്ലാം മെക്കാനിക്കല്‍ പാര്‍ട്ടുകള്‍ ആണെന്ന് മാത്രം. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ്‌
എടുക്കും പോലെ അത്രമേല്‍ എളുപ്പമല്ല ഇതില്‍. പക്ഷേ ഒരു കാര്യം, കറന്റ്‌
ഒന്നും വേണ്ട ഇവന് പ്രവര്‍ത്തിക്കാന്‍; ചിലവേതുമില്ല !
റിബ്ബണില്‍ മഷിയും ഒരു വെള്ള കടലാസും ഉണ്ടെങ്കില്‍ സംഗതി റെഡി.





 

അക്ഷരത്തിന്റെ അച്ചുകളെല്ലാം ഏതോ കമ്പിമേല്‍, നാലോ അഞ്ചോ തട്ടുകളിലായി
നിരത്തി വച്ചിരിക്കയാണ്, ക്രിക്കറ്റ്‌ കളി കാണാന്‍ ആളുകള്‍ ഗ്യാലറിയില്‍
ഇരിക്കും പോലെ. ടൈപ്പ് ചെയ്യുമ്പോള്‍, ഉദ്ദേശിച്ച അക്ഷരത്തിന്റെ അച്ച്
താഴെ നിന്നും പൊങ്ങി വന്ന് മുകളില്‍ തിരുകി വച്ചിരിക്കുന്ന പേപ്പറില്‍
റിബ്ബണിന്റെ മേല്‍ പതിച്ച്, അക്ഷരങ്ങള്‍ പതിയുന്നു. ടൈപ്പ് ചെയ്യുമ്പോള്‍
തെറ്റിപ്പോയാല്‍ തിരുത്താന്‍ അത്ര എളുപ്പമല്ല; അതിനു പ്രത്യേകം ഇറേസര്‍
പേപ്പര്‍ ഉണ്ട്.

 
 


കാര്യം ഇന്നിത് ഉപയോഗിക്കാന്‍ അത്ര എളുപ്പമല്ല എങ്കിലും, ചുമ്മാ
ഒന്ന് പരീക്ഷിച്ചു നോക്കാന്‍ രസമാണ്, പണ്ടത്തെ കാള വണ്ടി ഓടിക്കും പോലെ.

4 comments:

നീലക്കുറിഞ്ഞി said...

ഇന്നെല്ലാവരും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിലും ആ കീ ബോര്‍ഡീല്‍ കാണുന്ന അക്ഷരങ്ങളുടേയും അക്കങ്ങളുടേയും മാതൃക പഴയ തറവാട്ട് കാരണവരായ ടൈപ്പ് റൈറ്ററിന്റേതാണെന്ന് ഇന്നത്തെ തലമുറയിലെ ഒട്ടു മിക്കവര്‍ക്കും അജ്ഞാതമായ ഒരു കാര്യം ...സുജിത്ത് ഇതിവിടെ പങ്കു വെച്ചത് ചിലര്‍ക്കെങ്കിലും അറിവു നേടാനുതകും ..നല്ല കുറിപ്പും ചിത്രങ്ങളും ..!!!

JITHU (Sujith) said...

നന്ദി, നീലക്കുറിഞ്ഞി ...

khader patteppadam said...



അന്നു അവനും ഒരു പുലിയായിരുന്നു കേട്ടോ.. എത്രയോ ആളുകളുടെ ജീവിതമാണു അവൻ പച്ചപിടിപ്പിച്ചിട്ടുള്ളത്.



Unknown said...

Thank you