(Image from Internet)
കഴിഞ്ഞ ആഴ്ച നവരാത്രി മണ്ഡപത്തിലെ സംഗീത-നൃത്ത പരിപാടികള്‍ കാണാന്‍
തൃശ്ശൂരിലെ എടക്കുന്നി അമ്പലത്തില്‍ പോയി. വേദിയില്‍ എന്റെ ടീച്ചര്‍ മോഹിനിയാട്ടം
അവതരിപ്പിക്കുന്നു. ടീച്ചറിന്റെ പതി, സതീഷ് സര്‍ എന്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്.
നൃത്തം വളരെ മനോഹരമായി അവസാനിച്ചു, കര്‍ട്ടന്‍ ഇടാന്‍ ചരടു വലിക്കാരുടെ ഒരു
കൂട്ടം തന്നെയുണ്ട് സ്റ്റെജിന്റെ അരികില്‍.
ഓരോ ഐറ്റം കഴിയുമ്പോഴും കര്‍ട്ടന്‍ ഉയര്‍ത്താനും, പരിപാടികള്‍ കഴിയുമ്പോള്‍
കര്‍ട്ടന്‍ താഴ്ത്താനും ഈ ഓപ്പറെറ്റര്‍മാരുടെ ഉത്സാഹം ഒന്ന് കാണേണ്ടത് തന്നെ !
ഈ ഉത്സാഹ കമ്മിറ്റിയുടെ ആവേശത്തിലേക്ക് എന്റെ ശ്രദ്ധയെ ക്ഷണിച്ചത്
സതീഷ് സാറായിരുന്നു. സാര്‍ പറഞ്ഞു ; "ബാല്യകാലത്ത് കുട്ടികള്‍ക്ക് കിട്ടുന്ന
ഏറ്റവും വിലയേറിയ അല്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ഒരു കാര്യമാണ്
ഇതുപോലെ പരിപാടികള്‍ നടക്കുന്ന സ്ടെജിന്റെ കര്‍ട്ടന്‍ വലിക്കാന്‍ കിട്ടുന്ന
അപൂര്‍വ അവസരങ്ങള്‍."
ശരിയാണ്, സാധാരണ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സംഘാടകര്‍
മിക്കവാറും മറന്നു പോകാറുള്ള ഒരു കാര്യമാണ് കര്‍ട്ടന്‍ വലിക്കാര്‍. നിങ്ങളുടെ
നാട്ടില്‍ എപ്പോഴെങ്കിലും കലാപരിപാടികള്‍ നടക്കാറുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും;
എല്ലാം ഒരു വിധത്തില്‍ തയ്യാറാക്കി പ്രോഗ്രാം തുടങ്ങുമ്പോഴാണ് ചിന്തിക്കുക,
അയ്യോ കര്‍ട്ടന്‍ വലിക്കാന്‍ ആരെയാണ് ഏല്‍പ്പിക്കുക? ഒടുവില്‍ ഒരു കൂട്ടം
കുട്ടിപ്പട്ടാളം ഈ "ഭാരിച്ച" ജോലി ഏറ്റെടുക്കും :) കര്‍ട്ടന്‍ വലിക്കായി സ്വയം
തയ്യാറായി നില്‍ക്കുന്നവരും കൂട്ടത്തില്‍ കാണാം...
മിക്കവാറും ബാബു, പോളി , അപ്പു എന്നിങ്ങനെയായിരിക്കും ഇവരുടെ പേര്.
സ്റ്റേജിന്റെ ഇടതു മൂലയില്‍, സൌണ്ട് സിസ്റ്റത്തിന്റെ അരികിലായി ഇവര്‍
സ്ഥാനമുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ സദസ്സിലെ "കളര്‍" എടുക്കാന്‍ പോലും
ഇക്കൂട്ടര്‍ എണീക്കില്ല ! കാരണം ഒന്നെഴുന്നേറ്റാല്‍ പിന്നെ അവസരം നഷ്ടട്ടപ്പെടും.
ഭയങ്കര വലിയ ചുമതലയല്ലേ കയ്യില്‍ കുരുക്കിയ ചരടിന്റെ അറ്റത്തുള്ളത് !
കാണികളുടെ മുഴുവന്‍ ശ്രദ്ധയെയും സ്റ്റെജിലേക്ക് ക്ഷണിക്കുന്നത്
കാണാമറയത്തിരുന്നു ചരടു വലിക്കുന്ന എന്റെ നിയന്ത്രണത്തിലാണ്.
ഞാനില്ലെങ്കില്‍ ഒരാളും ഇവിടെ ഒരു കലയും അവതരിപ്പിക്കാന്‍ പോവുന്നില്ല.
എത്ര വലിയ പുള്ളിയാണെങ്കിലും ഞാന്‍ ചരട് വലിച്ചാലെ നീയൊക്കെ ഇവിടെ
പാട്ട് പാടൂ, നൃത്തമാടൂ... നമ്മളോടാ കളി. ഇനി; പരിപാടി കുളമായാല്‍ കര്‍ട്ടന്‍ ഇട്ടു
തടി തപ്പണമെങ്കിലും ഞാന്‍ തന്നെ വേണം. അപ്പൊ പിന്നെ ഈ "കര്‍ട്ടന്‍ വലി"
അത്ര ചെറിയ "വലി"യൊന്നുമല്ല ! ആണ്‍ കുട്ടികളില്‍ മേച്ചുറിറ്റിയുടെ ആദ്യ പൊന്‍തൂവല്‍
ചാര്‍ത്തി കൊടുക്കുന്ന അത്യുഗ്രന്‍ വലി തന്നെ ഈ "കര്‍ട്ടന്‍ വലി" !!!
ഇനിയുമൊരു പരിപാടി കാണാന്‍ പോകുമ്പോള്‍ നിങ്ങളും ശ്രദ്ധിക്കണേ,
ഈ കര്‍ട്ടന്‍ വലിക്കാരെ.
എനിക്കിവിടെ ഈ ബ്ലോഗ് എഴുതാന്‍ ഇക്കൂട്ടരെ ശ്രദ്ധയില്‍ പെടുത്തിയ
സതീഷ് സാറിന് ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു,
ഒരു ചെറിയ കര്‍ട്ടന്‍ വലിയുടെ ചിന്തയില്‍ തുടങ്ങിയ ടെഡിക്കേഷന്‍ :)
1 comment:
ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്...പക്ഷെ ഇത് വരെ നടന്നിട്ടില്ല...ഇന്ന് വേണമെങ്കില്‍ വളരെ നിസ്സാരമായി നടക്കാവുന്ന കാര്യമാണെങ്കിലും യൌവ്വനം മനസ്സില്‍ ഉണ്ടാക്കിയ "ചമ്മല്‍" ഒട്ടു മിക്കവരിലും എന്ന പോലെ എന്നിലും ഒരു തടസ്സമായി മുന്നിലുണ്ട്...എങ്കിലും ആ പഴയ കാലം പെട്ടെന്നോടിയെത്തി ഒരു നിമിഷത്തിനുള്ളില്‍...അതിനു ചേട്ടന് ഒരുപാട് നന്ദി...
Post a Comment