October 21, 2012

കൊക്കുകളുടെ മഹാ-സമ്മേളനം

കൊക്കുകളുടെ മഹാ-സമ്മേളനം :



തൃശൂരിലെ അമല ഹോസ്പിറ്റല്‍ കഴിഞ്ഞ് ഇടത്തേക്കുള്ള വഴിയിലൂടെ ഏകദേശം
2 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഞാന്‍ ഒരു ബോര്‍ഡ് കണ്ടു;
"നന്ദി വീണ്ടും വരിക : അടാട്ട് ഗ്രാമപഞ്ചായത്."
അതിരാവിലെയുള്ള മഞ്ഞിന്റെ പുതപ്പ് മാറ്റി, പകലിലേക്ക്  കണ്ണ് ചിമ്മി
തൊട്ടരികില്‍ സമാനമായ മറ്റൊരു ബോര്‍ഡ് കൂടെ കണ്ടു;
"സ്വാഗതം: തോളൂര്‍ ഗ്രാമ പഞ്ചായത്ത് "


ഈ രണ്ടു ഗ്രാമങ്ങളെയും വേര്‍തിരിക്കുന്നത് മേല്‍പറഞ്ഞ ബോര്‍ഡുകളാണ്.
പക്ഷെ, ഞാനവിടെ കാര്‍ ചവിട്ടിയത്, റോഡിന്റെ ഇരുവശവും
കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന പാട ശേഖരങ്ങള്‍ കണ്ടിട്ടാണ്.
സത്യായിട്ടും അതിശയിച്ചു പോകും, അത്രയും വിശാലമാണവിടം. വണ്ടിയില്‍
നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴല്ലേ പൂരം!


പാടം മുഴുവന്‍ കൊക്കുകളും  ആമ്പലുകളും !!! ദൂരെ നിന്ന് നോക്കിയാല്‍
കൊക്കുകളെയും ആമ്പലുകളെയും വേര്‍ തിരിച്ചയാന്‍ വയ്യ, അത്രയധികം
എണ്ണം ഉണ്ടായിരുന്നു ആ കാഴ്ചയില്‍; ശരിക്കും കൊക്കുകളുടെയും ആമ്പലുകളുടെയും
സംസ്ഥാന തല മഹാസമ്മേളന വേദിയാണെന്നെ തോന്നൂ :)



നീളമേറിയ വരമ്പിന്‍ തുഞ്ചത്ത് നിര നിരയായിരുന്നു പുലര്‍ വെയില്‍ കായുന്ന
കൊറ്റികള്‍ നമുക്കൊരു കൌതുക്കാഴ്ച തന്നെയാണ്.


ഏതാണ്ട് 5 വര്‍ഷം മുന്‍പ് ഈ വഴിയിലൂടെ പോയപ്പോഴും സമാനമായൊരു
ദൃശ്യം എന്റെ മനസ്സിലെ ക്യാന്‍വാസില്‍ പതിഞ്ഞിരുന്നു, പക്ഷെ അന്ന്
ക്യാമറയില്‍  പകര്‍ത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഇത്തവണ കിട്ടിയ
അവസരം നഷ്ട്ടപ്പെടുത്തണ്ട എന്നു കരുതി ഓടി നടന്ന് അഞ്ചെട്ടു ക്ലിക്കുകള്‍
ക്ലിക്കി.

 
 

ആമ്പല്‍ പോയ്കകള്‍ക്ക് മീതെ പറന്നുയരുകയും  താണിറങ്ങുകയും ചെയ്യുന്ന
കൊറ്റികളെ നോക്കി നില്‍കാന്‍ തന്നെ രസമാണ്. അവയ്ക്ക് വേണ്ടത്രയും
തീറ്റ അവിടെ സുലഭമായിരിക്കും; അതിനാലായിരിക്കും എപ്പോഴും ഇവിടം
കൊറ്റികളെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. എണ്ണമറ്റ കൊറ്റിക്കൂട്ടത്തിന്റെ
കലപില ശബ്ദവും, വിടര്‍ന്നു നില്‍ക്കുന്ന ആമ്പലുകളുടെ സൗന്ദര്യവും നുകരാന്‍
നിങ്ങള്‍ക്കും ഈ അടാട്ട് ഗ്രാമാതിര്‍ത്തിയിലേക്ക് ചെറിയൊരു യാത്ര പോകാം.

1 comment:

Anjali Menon K said...

i have seen this place...!!! Even in Irinjalakkuda there is a similar place....!!!