ഈയിടെ ഒരു തപാല്‍ ദിനം കൂടി കടന്നുപോയി.
അപ്പോഴാണ് ഓര്‍ത്തുപോയത് , പണ്ടത്തെ "കത്തെഴുത്തിന്റെ" കാലത്തെപ്പറ്റി.
"എഴുത്ത്" എഴുതുക എന്നതായിരുന്നു ആ സമ്പ്രദായം.
നമ്മളില്‍ പലരും ആ ഒരു കാലത്തിലൂടെ കടന്നു വന്നവരാണെങ്കിലും
ഇന്ന് ഒരു കത്തെഴുതുവാന്‍ നമുടെ കൈ വഴങ്ങുമോ, അറിയില്ല !
സ്വന്തം കൈപ്പടയില്‍ കത്തെഴുതി കവറിലിട്ട് സ്റ്റാമ്പ് ഒട്ടിച്ച് മേല്‍വിലാസമെഴുതി
തപാല്‍പെട്ടി അഥവാ അഞ്ചല്‍ പെട്ടിയില്‍ കൊണ്ടിട്ടതിനു ശേഷം
ഏറെ നാളുകള്‍ കാത്തിരിക്കണം അത് മേല്‍വിലാസക്കാരന് എത്തി ചേരാന്‍.
അതിവേഗം ബഹുദൂരത്തിലോടുന്ന ഇന്നത്തെ ലോകത്ത് ചിലര്‍ക്കൊക്കെ ഇത്
ചിന്തിക്കാനേ കഴിയില്ലായിരിക്കും. ശരിയാണ്; ഞൊടിയിടയില്‍ ലൈവ് ആയി
കണ്ടും കെട്ടും ആശയവിനിമയം സാധ്യമാവുന്ന ഇക്കാലത്ത് കത്തിടപാടുകള്‍ക്കു
വലിയ പ്രസക്തിയൊന്നുമില്ല. പക്ഷേ മെനക്കെട്ടിരുന്നു കത്തെഴുതുമ്പോഴും,
നിനച്ചിരിക്കാത്ത നേരത്ത് അഞ്ചല്‍കാരന്‍ കൊണ്ടെത്തിക്കുന്ന കത്തുകള്‍
വായിക്കുമ്പോഴും കിട്ടുന്ന സുഖം ഇ-മെയിലുകള്‍ക്കോ എസ് എം എസ്സുകള്‍ക്കോ
നല്‍കാനാവില്ല. കത്തിലെ അക്ഷരങ്ങളുടെ ഈയൊരു ആര്‍ദ്രതയാണ് നമുക്കെപ്പോഴോ
നഷ്ട്ടമായത്. അന്നൊക്കെ പ്രിയപ്പെട്ടവര്‍ക്ക് നമ്മോടു എന്തൊക്കെയോ
പറയാനുണ്ടായിരുന്നു. മനസ്സിലെ സ്നേഹനൊമ്പരങ്ങള്‍ അക്ഷരങ്ങളായി
കത്തിലൂടെ ഒഴുകിയെത്തുമ്പോള്‍ അറിയാതെയെങ്കിലും നമ്മുടെ മനസ്സ്
തെങ്ങിയതോര്‍മ്മയില്ലേ? പ്രണയത്തിന്റെ അക്ഷരങ്ങള്‍ ആരും കാണാതെ
പുസ്തകതാളുകള്‍ക്കിടയില്‍ ഒളിച്ചുവച്ച് വീണ്ടും വീണ്ടും വായിച്ച് മനപ്പാടമാക്കിയതും
നമ്മളൊക്കെ മറന്നു പോയോ?
പ്രണയിതാക്കളും, നാട്ടിലും വിദേശത്തുമായി കഴിഞ്ഞുപോന്ന കുടുംബങ്ങളും ആവും
കത്തുകളെ ഏറെ സ്നേഹിച്ചവര്‍, അല്ലേ? അവര്‍ക്കിടയില്‍ ഹംസമായി വര്‍ത്തിച്ചിരുന്ന
അഞ്ചല്‍ക്കാര്‍ക്ക് ദൈവത്തിന്റെ മുഖമായിരുന്നു. ഒരു ദേശത്തിന്റെ തന്നെ
"യെല്ലോ പേജുകള്‍" ആയിരുന്നു അഞ്ചല്‍ക്കാരന്മാര്‍. പക്ഷേ ഇന്നവര്‍ക്ക് നമുക്കായി
കൊണ്ടുതരാനുള്ളത് പ്രിന്റ് ചെയ്ത ക്ഷണകത്തുകളും,
മൊബൈല്‍ / ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും മാത്രം.
ഞാനോര്‍ക്കുന്നു, പണ്ട് അച്ഛന്‍ ഗള്‍ഫില്‍ ആയിരന്നപ്പോള്‍ അമ്മ ഒരുപാട്
കത്തുകള്‍ എഴുതുമായിരുന്നു. ഓരോ കത്തുകള്‍ക്കൊടുവിലും ഞങ്ങള്‍ മക്കള്‍ക്ക് വേണ്ടി
എഴുതാനും ഒരു പുറം മാറ്റിവയ്ക്കും. ആദ്യമായി കത്തെഴുത്ത് ശീലം തുടങ്ങിയത് അങ്ങിനെയാണ്.
പിന്നീട് ഏറ്റവും അധികം കത്തുകള്‍ എഴുതിയിട്ടുള്ളത് ക്യാമ്പസ് ജീവിതത്തിലും. ഒടുവില്‍
പ്രണയവും സൗഹൃദവുമെല്ലാം ഋതുക്കള്‍ പോലെ കൊഴിഞ്ഞു പോയപ്പോള്‍ പക്കലുണ്ടായിരുന്ന
കടലാസു കഷണങ്ങള്‍ ഒരക്ഷരത്തിനു വേണ്ടി ദാഹിച്ചുപോയി. പിന്നീട് ജോലിത്തിരക്കെന്ന
കപടസത്യം പറഞ്ഞ് കത്തുകളോട് വിടചൊല്ലി ഉറക്കം നടിച്ചു കിടന്നു.
ഉണര്‍ന്നെണീറ്റപ്പോള്‍ ചുറ്റും മൊബൈല്‍ ഫോണുകളും ഇന്‍സ്റ്റന്റ് മെസ്സെഞ്ചറുകളും.
പിന്നീടവ സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഫേസ്ബുക്കും വാട്സ് ആപ്പും ഏറ്റെടുത്തപ്പോള്‍;
തൂലികാ സൌഹൃദങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് വഴിമാറിയപ്പോള്‍;
കടലാസില്‍
കടലാസില്‍
അക്ഷരങ്ങള്‍ കുറിക്കാന്‍ കൈ വഴങ്ങാതെയായി.
ഇന്നിപ്പോള്‍ പോസ്റല്‍ സ്റ്റാമ്പുകളും ഇന്‍ലാന്റ്റും പോസ്റ്റ് കാര്‍ഡുമെല്ലാം
പുരാതന വസ്തുക്കളായി. ഒരു രസത്തിന് വേണ്ടി നാലഞ്ചു വർഷം മുന്‍പാണ്
ഒരു പോസ്റ്റ് കാര്‍ഡും ഇൻലാന്റും വാങ്ങിയത്.
കുറെ നാളുകൾ കഴിഞ്ഞിട്ടും അതിലൊരു വരിപോലും എഴുതിയില്ല, ആര്‍ക്കും അയച്ചതുമില്ല!
ആര്‍ക്കും വേണ്ടാതെ ഏതോ ഡയറിയുടെ താളുകള്‍ക്കിടയിലിരുന്നതു
വീര്‍പ്പുമുട്ടിക്കാണും. അഞ്ചല്‍ പെട്ടികള്‍ കവലകളില്‍ നോക്കു കുത്തികളായും നിന്നു.
പിന്നെ കത്തുകൾ ബോധപൂർവ്വം എഴുതിത്തുടങ്ങി.
ഒന്നു രണ്ടു സുഹൃത്തുക്കകൾക്ക്, പഠിപ്പിച്ച ടീച്ചർക്ക് അങ്ങനെയങ്ങനെ.
വർഷത്തിൽ ഒന്നോ രണ്ടോ എന്ന കണക്കേ അതിന്നും തുടരുന്നു.
പിന്നെ കത്തുകൾ ബോധപൂർവ്വം എഴുതിത്തുടങ്ങി.
ഒന്നു രണ്ടു സുഹൃത്തുക്കകൾക്ക്, പഠിപ്പിച്ച ടീച്ചർക്ക് അങ്ങനെയങ്ങനെ.
വർഷത്തിൽ ഒന്നോ രണ്ടോ എന്ന കണക്കേ അതിന്നും തുടരുന്നു.
നിങ്ങള്‍ക്കൊര്‍മ്മയുണ്ടോ,
നിങ്ങള്‍ അവസാനമായി എന്നാണ് ഒരു കത്തെഴുതിയതെന്ന്? ആര്‍ക്കായിരുന്നു അത്?
നമുക്കൊരു കാര്യം ചെയ്താലോ? ശ്രമിച്ചു നോക്കാം വീണ്ടുമൊരു കത്തെഴുതാന്‍, നിങ്ങളുടെ
പ്രിയപ്പെട്ട ആര്‍ക്കെങ്കിലും; അച്ഛനമ്മമാര്‍ക്കോ കൂട്ടുകാരനോ കൂട്ടുകാരിക്കോ...
ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ, നിങ്ങള്‍ അകലെയാണെങ്കില്‍ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും
ഒരു തുറന്ന കത്ത്. ഒരുപക്ഷെ ദിവസവും അവരെ നെറ്റിലൂടെ നേരില്‍കണ്ട്
സംസാരിക്കുന്നുണ്ടാവാം, പക്ഷേ ഒത്തിരി നാളുകള്‍ക്കിപ്പുറം സ്വന്തം മക്കളെഴുതിയ
ഒരു കത്ത് കിട്ടുമ്പോള്‍ അവര്‍ക്ക് എന്ത് സന്തോഷമായിരിക്കും !
നമുക്കിവിടെ തുടങ്ങി വയ്ക്കാം;
"പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് ..."
ഹൃദയത്തിന്റെ അരികത്തുള്ള പ്രണയിനിക്ക് എഴുതിത്തുടങ്ങാം;
"പ്രിയേ, നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍..."
ഇനിയിതൊന്നും പറ്റില്ലെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിനെ തെറിവിളിച്ച്
ഒരു കത്തെഴുതുക. എന്തിനാണെന്നല്ലേ??? ചുമ്മാ, ഒരാശ്വാസത്തിന്.
1 comment:
പണ്ട് വന്ന ആ എഴുത്തുകളില്‍ ഒരെണ്ണമെങ്കിലും ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടാകുമല്ലോ ?
Post a Comment