ഒരുക്കി വയ്ക്കാറില്ലേ? മണ്ണുകൊണ്ട് വാമാനമൂര്‍ത്തിയെ ഉണ്ടാക്കി അതില്‍ ഓണപ്പൂവും
തുമ്പക്കുടവും ചാര്‍ത്തി, അരിമാവ് അണിഞ്ഞ് വീട്ടുപടിക്കല്‍ നിന്ന് "ആര്‍പ്പോ" വിളികളുമായി
നാം ഓണത്തപ്പനെ വരവേല്‍ക്കുന്നു. ഈ ഓണത്തപ്പനെ തന്നെയാണ് തൃക്കാക്കരയപ്പന്‍
എന്ന് വിളിക്കുന്നതും. തൃക്കാക്കരയപ്പന്റെ വിശേഷങ്ങള്‍ അറിയാന്‍ നമുക്ക് "തൃക്കാക്കര"
എന്ന ഗ്രാമം വരെ ഒന്ന് പോയ് വരാം.
എറണാകുളത്തെ ഇടപ്പള്ളിയില്‍ (ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍)നിന്നും
കിഴക്കുഭാഗത്തായി(2 കിലോമീറ്റര്‍) സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് തൃക്കാക്കര.
ഭാരതത്തില്‍ തന്നെ വളരെ അപൂര്‍വ്വമായ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്.
മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ.
ഓണത്തിന്റെ ഐതിഹ്യം നമുക്കെല്ലാം അറിവുള്ളതാണ്. മഹാബലി തിരുമേനി
നാട് വാണീടുന്ന കാലവും, അന്നത്തെ പ്രജകളുടെ ക്ഷേമവുമെല്ലാം നാം പല മിത്തുകളില്‍ നിന്നും
കേട്ടറിഞ്ഞിട്ടുണ്ട്. അന്ന് മഹാബലിയെ പരീക്ഷിക്കാന്‍ വാമനന്റെ രൂപത്തില്‍ വന്ന
മഹാവിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തിലാണത്രേ തൃക്കാക്കര ഉണ്ടായത്.
യഥാര്‍ത്ഥത്തില്‍ തിരു-കാല്‍-കര എന്നത് ലോപിച്ച് പിന്നീടത് തൃക്കാക്കരയായി മാറി.
വാമനമൂര്‍ത്തി പ്രതിഷ്ഠയായുള്ള തൃക്കാക്കര ക്ഷേത്രം ശില്‍പ്പ ഭംഗി കൊണ്ടും ശ്രദ്ധേയമാണ്.
എഴടിയോളം പൊക്കത്തിലുള്ള നിലവിളക്കാണ് നമ്മെ ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
സോപാനവും ശ്രീകോവിലിന്റെ പാര്‍ശ്വസ്ഥ സ്ഥലങ്ങളും കമനീയമായി പിച്ചളയില്‍ പൊതിഞ്ഞിരിക്കുന്നു.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി എനിക്ക് തോന്നിയ മറ്റൊരു കാര്യം
ഉയരത്തില്‍ നില്‍ക്കുന്ന പ്രതിഷ്ഠയാണ്. ശ്രീ കോവിലിന്റെ വാതില്‍ കടന്നു പിന്നെയും അനേകം
പടവുകള്‍ക്കു മുകളിലായാണ് വാമന പ്രതിഷ്ഠ ഉള്ളത്, ആയതിനാല്‍ ഭക്തര്‍ക്ക് യധേഷ്ട്ടം
ഭഗവാനെ ദര്‍ശിക്കാം. വാമന പ്രതിഷ്ഠ കൂടാതെ ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണന്‍, നാഗങ്ങള്‍,
രക്ഷസ്സ്, യക്ഷി എന്നീ ആരാധനകളും ഈ ക്ഷേത്രത്തിലുണ്ട്.
വളരെ വലിയ മൈതാനത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഇനിയുമുണ്ട്
വിശേഷങ്ങള്‍; വാമനമൂര്‍ത്തീ ക്ഷേത്രം കൂടാതെ, മഹാബലി ആരാധിച്ചിരുന്നത് എന്ന്
കരുതപ്പെടുന്ന ഒരു ശിവക്ഷേത്രവും ഉണ്ടിവിടെ. ഭക്തര്‍ ഈ ശിവക്ഷേത്രത്തില്‍ തോഴുതിറങ്ങിയ
ശേഷം മാത്രമേ വാമന മൂര്‍ത്തിയെ വണങ്ങാവൂ എന്നാണു പ്രമാണം. തെക്ക് ഭാഗത്തായി
സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രത്തിന്റെ മുന്‍പിലായി ഒരു സിംഹാസനം കാണാം.
മഹാബലി തിരുമേനിയുടെ ആസ്ഥാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ക്ഷേത്രാങ്കണത്തില്‍ തന്നെ വിഷിഷ്ട്ടമായൊരു കുളവുമുണ്ട്. "കപില തീര്‍ത്ഥം" എന്നാണ്
ഇതറിയപ്പെടുന്നത്. കപില മഹര്‍ഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഐതിഹ്യം
ഈ കുളത്തിനുള്ളതുകൊണ്ട് ഭക്തര്‍ക്ക് ഇവിടം നിഷിദ്ധമാണ്;
പുറമേ നിന്ന് കാണാന്‍ മാത്രമേ സാധിക്കൂ.
ക്ഷേത്രത്തിലെ പൂജാവിധിയെകുറിച്ച് പറയുകയാണെങ്കില്‍, നിത്യവും അഞ്ചു നേരമായിട്ടാണ്
വിധിപ്രകാരമുള്ള പൂജകള്‍; ഉഷ പൂജ, എതൃത്ത പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ.
കൂടാതെ എതൃത്ത ശീവേലി, ഉച്ച ശീവേലി, അത്താഴ ശീവേലി എന്നിങ്ങനെ മൂന്നു
ശീവേലികളും പതിവുണ്ട്.
ഓണവും തൃക്കാക്കരയും.
സത്യത്തില്‍ ഓണം തൃക്കാക്കരയിലാണ്. ഓണം ആഘോഷങ്ങള്‍ തൃക്കാക്കര ക്ഷേത്രവുമായി
ബന്ധപ്പെട്ടിട്ടുള്ളതാണെന്നു ചരിത്രവും സാക്ഷ്യപ്പെടുത്തുന്നു.
ചിങ്ങമാസത്തിലാണ് തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവം. ചിങ്ങത്തിലെ അത്തം നാളില്‍
ഉത്സവത്തിന് കൊടികയറുന്നു. മാബലി മാലോകരെ കാണാന്‍ വരുന്ന ഈ ഉത്സവ നാളുകള്‍ക്ക് നാന്ദികുറിക്കുന്നത് തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്രയോടെയാണ്.
അത്തച്ചമയം എന്നറിയപ്പെടുന്ന ഈ പുറപ്പാട് അവസാനിക്കുന്നത് തൃക്കാക്കരയിലെ
വാമാനമൂര്‍ത്തീ ക്ഷേത്രത്തിലാണ്, തുടര്‍ന്ന് ഉത്സവ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങുകയായി;
പിന്നെ പൂക്കളുടെയും വര്‍ണ്ണങ്ങളുടെയും പൂത്തുംബികളുടെയും ആരവത്തോടെ പത്തു ദിനങ്ങള്‍.
വാമനമൂര്‍ത്തിയുടെ ജന്മദിനമായ തിരുവോണനാളില്‍ ആറോട്ടോടു കൂടി
ഉത്സവം കൊടിയിറങ്ങുകയും ചെയ്യുന്നു.
തൃക്കാക്കരയിലെ ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവരാണത്രെ സ്വഗൃഹങ്ങളില്‍
അത്തം മുതല്‍ പത്തു ദിവസം പൂക്കളമൊരുക്കി, ഉത്രാടരാത്രിയില്‍ തൃക്കാക്കരയപ്പന്
നിവേദ്യം നല്‍കി ആര്‍പ്പു വിളിച്ച്, തിരുവോണനാളില്‍ ഓണസദ്യയൊരുക്കി
നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഓണം ആഘോഷിക്കുനത്.
പ്രിയ വായനക്കാര്‍ ഈ അമ്പലത്തില്‍ ഇതുവരെ പോയിട്ടില്ലെങ്കില്‍ ഇതാണ് ഏറ്റവും
നല്ല സമയം. കാരണം നാലഞ്ചു ദിനം കഴിഞ്ഞാല്‍ ചിങ്ങത്തിലെ അത്തം വരവായി.
ഇനി ഉത്സവ നാളുകള്‍. ഇന്നലെ ഞാനിവിടെ പോയപ്പോഴേ ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍
തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പിന്നെ ഇക്കുറി വാമാനമൂര്‍ത്തിയെ വണങ്ങിയിട്ടാവാം
ഓണാഘോഷം, വേഗം വിട്ടോളൂ തൃക്കാക്കരയിലേക്ക്...
എങ്ങിനെ ഇവിടെ എത്തിച്ചേരാം ?
ഏറണാകുളത്തു നിന്നും വരുന്നവര്‍ കലൂര്‍ കഴിഞ്ഞു ഇടപ്പള്ളി സിഗ്നലിനു ശേഷം
ഇടപ്പള്ളി ടോള്‍ കവലയില്‍ എത്തുക. തൃശൂര്‍ നിന്നും വരുന്നവര്‍ NH - 47 വഴി
അങ്കമാലി-ആലുവ വഴി കളമശ്ശേരി കഴിഞ്ഞു ഇടപ്പള്ളി ടോള്‍ കവലയില്‍ എത്താം.
അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലേക്ക് (തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ ഇടത്തോട്ട് )
തിരിഞ്ഞ് 2 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഈ ക്ഷേത്രത്തിലെത്താം.