March 21, 2013

റുബിക്സ് ക്യൂബ്



കുറച്ചു നാൾ മുൻപ് H&C സ്റ്റോറിൽ പോയപ്പോൾ ഒരു റുബിക്സ് ക്യൂബ് കണ്ടു.
അതിന്റെ സാങ്കേതിക വശമോന്നും അറിയില്ലെങ്കിലും ചുമ്മാ ഒരു രസത്തിന്
ഒരെണ്ണം വാങ്ങിച്ചു. മൊത്തത്തിൽ shuffle ആയി അവിടെ യിരുന്നിരുന്ന ആ
ക്യൂബ് എങ്ങനെ solve ചെയ്യാം എന്ന കൌതുകമായിരുന്നു ആ
വാങ്ങലിനു പിന്നിൽ.


വീട്ടിൽ വന്ന് അതിൽ പണി പഠിക്കാൻ തുടങ്ങി. നിത്യസഹായ മാതാവായ
ഗൂഗിളിൽ വിശദമായി റുബിക്സ് ക്യൂബിനെക്കുറിച്ച് വായിച്ചറിഞ്ഞ ശേഷമാണ്
ഈ സാഹസം !

ശരിയായ റുബിക്സ് ക്യൂബിന്റെ ഘടനയ്ക്ക് ഒരു pattern ഉണ്ട്.
ആറു വശങ്ങളുള്ള ക്യൂബിൽ, ഓരോ വശങ്ങളിലും 9 ചതുര കട്ടകളുണ്ടാകും.
അതിൽ ഓരോ വശത്തേയും ഒത്ത നടുവിലുള്ള ചതുരം ഒരു വിധത്തിലും
തിരിച്ചു മാറ്റാവുന്നതല്ല. ഓരോ വശത്തെയും നടുവിലുള്ള ആ ചതുരത്തിനും
ഒരു ക്രമമുണ്ട്. വെള്ള ചതുരത്തിന്റെ എതിർചതുരം മഞ്ഞ.
നീലയുടെ എതിർ ചതുരം പച്ച. ചുവപ്പിന്റെ എതിർ ചതുരം ഓറഞ്ച്.
നടുവിലുള്ള ചതുരത്തിന്റെ നിറവും, ആ വശത്തെ മറ്റ് 8 ചതുരങ്ങളുടെ
നിറവും യോജിക്കുമ്പോഴാണ് റുബിക്സ് ക്യൂബിന്റെ ഒരു വശം ജയിക്കുന്നത്.
അങ്ങനെ 6 വശങ്ങളും ശരിയായ നിറങ്ങളിലെത്തുമ്പോൾ ഈ കളി
ജയിക്കുന്നു.


സംഭവം എങ്ങനെയൊക്കെ ആണെങ്കിലും, സ്ക്കൂൾ കാലഘട്ടത്തിൽ ഉപന്യാസം
മനസ്സിരുത്തി പഠിക്കും പോലെ ഇതിനെക്കുറിച്ച്‌ പഠിച്ചപ്പോഴാണ്, എനിക്ക്

പണി പാളിയ കാര്യം തിരിച്ചറിഞ്ഞത്. ഞാൻ വാങ്ങിയ ക്യൂബിന്റെ ഒരു വശത്തും
നടുവിലത്തെ ചതുരം വെള്ള ന് നിറം ആയിരുന്നില്ല. അതുകൊണ്ട് തന്നെ
ഈ ക്യൂബ് എങ്ങനെയൊക്കെ തിരിച്ചാലും ഒരു കാലത്തും ശരിയാവാൻ
പോകുന്നില്ല.!


അതിനാൽ എപ്പോഴെങ്കിലും നിങ്ങൾ ഈ സാധനം വാങ്ങുകയാണെങ്കിൽ
ഇതെല്ലാം നോക്കി വാങ്ങണം. Solve ആയിക്കിടക്കുന്ന ക്യൂബ് വാങ്ങിയാൽ
വേറെ ഒന്നും നോക്കണ്ട.

പക്ഷേ ഞാൻ വാങ്ങിയ ക്യൂബിനെ ഇനി എന്തു ചെയ്യും? ഈ പ്രശ്നത്തെ
ഗൂഗിളിൽ കൊടുത്തപ്പോൾ YouTube വീഡിയോ വഴി പോംവഴിയെത്തി.
റുബിക്സ് ക്യൂബിനെ പൊളിച്ചെടുക്കുക. എന്നിട്ട് സാവകാശം എല്ലാ ചതുരങ്ങളും
വേണ്ട രീതിയിൽ അടുക്കിയൊതുക്കി  ക്യൂബ് പുനർനിർമ്മിക്കുക.

 
 

ഒരു വാച്ച് റിപ്പയർ ചെയ്യുന്ന മെക്കാനിക്കിനെപ്പോലെ, ഒരു വിധത്തിൽ
പൊളിച്ചെടുത്ത ആ ക്യൂബ് ശരിയാക്കിയെടുത്തു.


കുട്ടികൾ കളിക്കുന്ന റുബിക്സ് ക്യൂബ് ആണെങ്കിലും, ഇത് വാങ്ങിയ ശേഷം
ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചു.

ശരിയായ വിധത്തിലുള്ള റുബിക്സ് ക്യുബ് ആയപ്പോൾ ഇനി ഇത്
എങ്ങിനെ Solve ചെയ്യാൻ പഠിക്കും എന്നായി അടുത്ത ചിന്ത!
എടുത്തു RubiksCube.com
ആദ്യമൊന്നു പകച്ചു പോയി. എണ്ണിയാലൊടുങ്ങാത്ത അത്രയും
Alogorithms ഉണ്ട് ഇത് ചെയ്യാൻ എന്നൊക്കെ കേട്ടപ്പോൾ
സന്തത സഹചാരിയായ മടി ഓടിയടുത്തു. ഒടുവിൽ ഈ സമസ്യയെ
ഒന്നു പഠിച്ചെടുക്കാൻ തന്നെ തീരുമാനിച്ചു. കുട്ടികൾ പോലും
അനായാസേന കളിക്കുന്ന ഈ കളി പഠിക്കുന്നതിൽ ഒരു ലജ്ജയും
എനിക്ക് തോന്നിയില്ല. മനുഷ്യൻ മരണം വരെയും
പുതിയ അറിവുകൾക്ക് ശിഷ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ !

അങ്ങനെ റുബിക്സ് ക്യൂബ് പഠിക്കാൻ ഒരു സുഹൃത്തിനു ഞാൻ ശിഷ്യപ്പെട്ടു.
7 Steps ഉണ്ട് ഇത് Solve ചെയ്യാൻ. അവനത്‌ അനായാസം
ക്യൂബിനെ തിരിച്ചും മറിച്ചും കറക്കി, ഒരു ജാലവിദ്യക്കാരനെപ്പോലെ
ശരിയാക്കുന്നത് കണ്ടപ്പോൾഅതിശയം തോന്നി, ഒപ്പം കൌതുകവും.  


ആദ്യത്തെ 3-4 സ്റ്റെപ്പുകൾ മനസ്സിലാക്കി എടുക്കും വരെ വലിയ
ആകാംക്ഷയായിരുന്നു. പക്ഷേ ഇതിന്റെ സൂത്രം കൂടുതൽ അറിഞ്ഞപ്പോൾ
റുബിക്സ് ക്യൂബിനോടുള്ള ബഹുമാനം കുറയും പോലെ തൊന്നി.
അത് പിന്നെ നമ്മൾ മാനുഷർ അങ്ങനെയാണല്ലോ; ഒരു കാര്യത്തിന്റെ
സാങ്കേതിക വശം അറിഞ്ഞാൽ പിന്നെ നമ്മൾ പറയും, "ഇത്രേയുള്ളൂ"....
കയ്യിലുള്ള ഒന്നിനെപ്പറ്റിയും വില കൽപ്പിക്കാത്ത വരാണ് നമ്മൾ.
അത് മറ്റുള്ളവരുടെ കയ്യിൽ കാണുമ്പോൾ മോഹിക്കുകയും ചെയ്യും.

അങ്ങനെ ഒരു വിധത്തിൽ ഈ പസ്സിലിന്റെ 7 സ്റ്റെപ്പുകളും പഠിച്ചെടുത്തു.
കാര്യം നമ്മൾ പറയും പോലെ അത്ര ലളിതമല്ലാട്ടോ. എല്ലാ സ്റ്റെപ്പുകളും
ഓർമ്മിച്ചു വയ്ക്കുവാനും അത് വേണ്ട വിധേന ചെയ്യുവാനും ഒരു
മനസ്സാന്നിദ്ധ്യം  തീർച്ചയായും വേണം. ആദ്യത്തെ ദിവസം പൂർണ്ണമായി
റുബിക്സ് ക്യൂബ് Solve ചെയ്ത രാത്രിയിൽ സന്തോഷത്തിന് അതിരില്ലായിരുന്നു.
ക്യൂബിന്റെ തിരിക്കൽ മറിക്കൽ പ്രക്രിയകൾ ഉറക്കത്തിൽ പല തവണ
മനസ്സിൽ മിന്നിമാഞ്ഞു !

F R T Ri Ti Fi
R T Ri T R TT Ri
Ri F Ri BB R Fi Ri BB RR
LL Ti Bi Fi LL B F Ti LL ......

എല്ലാം മനസ്സിൽ പല തവണ, പെരുക്ക് പട്ടിക പഠിക്കും പോലെ ഉരുവിട്ടു.
പക്ഷേ ഉണർന്നപ്പോൾ പലതും മറന്നു പൊയി...

റുബിക്സ് ക്യൂബും ജീവിതവും :


ശരിക്കും നമ്മുടെ ജീവിതം റുബിക്സ് ക്യുബ്  പോലെയാണ്.
ജീവിതത്തിന്റെ ഭാഗങ്ങളായി കുടുംബവും, ജോലിയും, സുഹൃത്തുക്കളും,
സ്വപ്നങ്ങളും, ഇഷ്ട്ടങ്ങളും, പ്രശ്നങ്ങളും ഒക്കെയാണ് ഓരോ
ചതുരത്തിലെയും നിറങ്ങൾ. ജീവിതമാകുന്ന റുബിക്സ് ക്യുബിനെ നമ്മൾ
തിരിക്കുകയും മറിക്കുകയും ചെയ്യുകയാണ് ഓരോ ദിവസവും.
ചിലർ ക്യുബിന്റെ ചില വശങ്ങൾ മാത്രം ശരിയാക്കാൻ ശ്രമിക്കുന്നു.
അപ്പോൾ മറ്റു വശങ്ങൾ അലങ്കോല മായിട്ടുണ്ടാവും, ഒരിക്കലും
ശരിയാക്കാൻ കഴിയാത്തവണ്ണം. പക്ഷേ അവർ ശരിയായ
വശം മാത്രം മുന്നിൽ പിടിച്ചു ക്യൂബിനെ നോക്കിക്കാണുന്നു.



മറ്റു ചിലരാകട്ടെ എവിടെയോ ആരോ ചിലർ കുറിച്ചിട്ട Algorithm
മനസ്സിൽ വച്ച് ക്യൂബിന്റെ എല്ലാ വശങ്ങളിലെയും നിറങ്ങളെ
ഒത്തിണക്കി ജീവിതം തള്ളി നീക്കുന്നു. അവർക്ക് ഈ
നിറങ്ങളെല്ലാം സന്തുലിതമായി പോകണം എന്നാഗ്രഹിക്കുന്നവരായിരിക്കും.
ഒടുവിൽ എപ്പോഴോ തിരിക്കലുകൾക്കും മറിക്ക ലുകൽക്കുമപ്പുറം
എല്ലാ വശങ്ങളും ശരിയായ നിറം ചാർത്തി വിജയത്തിലെത്തുന്നു.
പക്ഷേ അവരെപ്പോലെയാകാൻ ജീവിതത്തിനൊരു Algorithm
ആരും എവിടെയും എഴുതി വച്ചിട്ടില്ല എന്ന് മാത്രം.

 

ഇനി മറ്റൊരു കൂട്ടർ കൂടിയുണ്ട്. ആദ്യമായി റുബിക്സ് ക്യൂബ് കയ്യിൽ കിട്ടിയ
കുട്ടിയെപ്പോലെ, ഏതു നിറമാണ് എവിടേയ്ക്കാണ് നീക്കേണ്ടത് എന്നറിയാതെ
ജീവിതത്തിന്റെ പ്രതീക്ഷകൾ ഇല്ലാതെ ചിന്തിച്ചിരിക്കുന്നവർ.
ഒടുവിലവർ തിരിച്ചറിയുന്നു;
ഒരിക്കലും ഒത്തുചേരാത്ത നിറങ്ങൾ ചാർത്തിയ
54 ചതുരങ്ങൾ പോലെയാണീ ജീവിതവുമെന്ന് ...


 

4 comments:

ajith said...

റൂബിക് ക്യൂബും ജീവിതവും ചേര്‍ത്ത് വച്ച് എഴുതിയ ലേഖനം ഇഷ്ടപ്പെട്ടു.

JITHU (Sujith) said...

നന്ദി അജിത്ത് ചേട്ടാ

Sathyavrathan PK said...

ഇത് കലക്കീട്ടാ :-)

സുരാജ് നെല്ലിപറമ്പിൽ said...

നന്നായിട്ടുണ്ട് ഇ.എസ്സേ... പിന്നെ ചേട്ടായീ... ചെറിയൊരു തെറ്റ് പറ്റിയിട്ടുണ്ട്... 56 നിറമല്ല... 54 അല്ലേ ??? അതോ സാഹിത്യ ഭാഷയിൽ ഇതിൽ വല്ല വേറെ അർത്ഥവും മനസ്സിൽ വച്ച് കൊണ്ട് പറഞ്ഞതാണോ ...