കേരളത്തിലെ സ്വിറ്റ്സര്‍ലാന്റ് എന്നറിയപ്പെടുന്ന വാഗമണ്‍ മലനിരകളിലേക്ക്
ഒരു യാത്ര പോയാലോ?
ഇടുക്കി കോട്ടയം അതിര്‍ത്തിയില്‍, സമുദ്ര നിരപ്പില്‍ നിന്നും 1100 അടി ഉയരത്തില്‍
മലകള്‍ക്ക് മുകളിലായി മേഘങ്ങള്‍ക്കൊപ്പം എന്നപോലെ സ്ഥിതി ചെയ്യുന്ന ഇടമാണ്
വാഗമണ്‍; മലകയറ്റത്തിനും ട്രെക്കിങ്ങിനും പാര ഗ്ലയിടിങ്ങിനും പറ്റിയ ഇടം!
മുന്‍പ് രണ്ടു തവണ ഇവിടെ പോയപ്പോഴും, സാധാരണ എല്ലാ യാത്രികരും
കണ്ടുമടങ്ങാറുള്ള വാഗമണ്‍ മീടോസും(മൊട്ട കുന്നുകള്‍) പൈന്‍ ഫോറെസ്റും
സൂയിസൈഡ് പൊയന്റും കണ്ട് തിരിച്ചു പോന്നു. എന്നാല്‍ ഇത്തവണ പോയപ്പോള്‍
കുരിശുമല കയറാനുള്ള ഭാഗ്യമുണ്ടായി; അതെ വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം...
വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ എനിക്ക് പറയാനുള്ളൂ.
കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്
ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്.
വാഗമണ്‍ സിറ്റിയില്‍ നിന്നും 15 മിനിറ്റ് യാത്ര ചെയ്‌താല്‍ നമ്മെ സ്വാഗതം ചെയ്യുന്നത്
കുരിശുമലയിലേക്കുള്ള കവാടമാണ്. അവിടെ പാറ മുകളിലെല്ലാം യേശുദേവന്റെ
കോണ്‍ക്രീറ്റ് പ്രതിമകള്‍ കാണാം. വലത്തോട്ട് തിരിഞ്ഞാല്‍ കുരിശുമാലയിലെക്കുള്ള
യാത്ര തുടങ്ങാം. പോകുന്ന വഴിനീളെ യേശുദേവന്റെ "കുരിശിന്റെ വഴിയിലെ" പ്രസിദ്ധങ്ങളായ
"14 സ്ഥലങ്ങള്‍" സ്മരിക്കുന്ന നിര്‍മ്മിതികള്‍ കാണാം. ഓരോ "സ്ഥലത്തും" അദ്ദേഹം
നമ്മോടു പറഞ്ഞ വേദ വാക്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്, അതെല്ലാം വായിച്ച് പതിയെ
ഓരോ ചെറിയ പാറ കുന്നുകളും നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക്
കയറുകയാണോ എന്ന് തോന്നും.
നാല് ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം.
ചെറിയ ഇടെവേളകള്‍ എടുത്തു നടന്നു കയറിയാല്‍ നമുക്ക് എളുപ്പം കുരിശുമലയുടെ
ഏറ്റവും മുകളില്‍ എത്താം. അവിടെയെത്തുമ്പോള്‍ കാണുന്ന കാഴ്ച
വാക്കുകള്‍ക്കതീതമാണ്. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍
ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ നമ്മള്‍. കിതച്ചെത്തിയ നമ്മളെ
അവിടുത്തെ കാഴ്ചകള്‍ ശാന്തമാക്കും. ചിന്തകളും മനസ്സും ശാന്തം, ലാളിത്യത്തിന്റെ
പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ചുറ്റും ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും
മറ്റും പ്രതിമകള്‍... ആ മലമുകളില്‍ നില്‍ക്കുമ്പോള്‍;
ഈ അനന്തതയില്‍ മനുഷ്യന്‍ എത്രയോ നിസ്സാരനെന്നു
ദേവാലയത്തിന് മുന്‍പില്‍ ആരോ കത്തിച്ചുവച്ച മെഴുകു തിരികള്‍
വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു...
പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും,
സഹ്യന്റെ കവിളിണ തഴുകി വരുന്ന കുളിര്‍ കാറ്റും ഏറ്റുകൊണ്ട് എത്രനേരം വേണമെങ്കിലും
അവിടെ ഇരിക്കാം..
ക്രൈസ്തവ മത വിശ്വാസികളായ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്
ഈ മലമുകളില്‍, ഇവിടം പരിപാലിക്കുന്നതും ഇവരാണ്. സാധാരണയായി
വിനോദ സഞ്ചാരികള്‍ ആണ് കുരിശുമലയില്‍ കൂടുതലും വരുന്നത് എങ്കിലും
ഈസ്റര്‍ ദിനത്തില്‍ വലിയ മരക്കുരിശും തോളിലേന്തി അനേകം മതവിശ്വാസികള്‍
ഈ മല കയറുന്നത് ഒരു പുണ്യമായി കരുതുന്നു, പ്രത്യേകം പ്രാര്‍ത്ഥനയും
ഈ ദിനത്തില്‍ ഇവിടെ നടക്കാറുണ്ട്. എന്തായാലും ക്രിസ്മസ് സമാഗതമായ ഈ
മാസത്തില്‍ തന്നെ ഇവിടം സന്ദര്‍ശിക്കാനായതില്‍ അതീവ സന്തോഷമുണ്ട്..
ട്രെക്കിംഗ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് ഇനിയുമുണ്ട് ഇതുപോലുള്ള ഉയരങ്ങള്‍ ഈ വാഗമണില്‍.
ഡിസംബര്‍ ജനുവരി മാസമാണ് വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും
ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ് ഇവിടെ,
പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ താങ്ങണം.
മൊട്ടക്കുന്നുകളും പൈന്‍ മരങ്ങളും മതിവരുവോളം കണ്ട് കുരിശുമലയും കയറി,
തേയില തോട്ടങ്ങളുടെ വശ്യത നുകര്‍ന്ന്
കുളിര്‍കാറ്റില്‍ മഞ്ഞിന്റെ മേമ്പൊടിയില്‍ ഒരുപിടി ദിനങ്ങള്‍ അവിടെ ചിലവിടണം...
എങ്ങിനെ ഇവിടെ എത്തിച്ചേരാം ?
തൃശൂരില്‍ നിന്നും വരുന്നവര്‍ അങ്കമാലിയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ്
പെരുമ്പാവൂര്‍ വഴി മൂവാറ്റുപുഴയില്‍ എത്തുക.
(എറണാകുളത്ത് നിന്നും വരുന്നവര്‍ തൃപ്പൂണിതുറ-കോലഞ്ചേരി വഴി മൂവാറ്റുപുഴയില്‍ എത്തുക.)
മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലെത്തി ഈരാറ്റുപേട്ട വഴി വാഗമണില്‍ എത്തിച്ചേരാം.
ദൂരം : തൃശൂര്‍ -> വാഗമണ്‍ 140 കിലോമീറ്റര്‍
ദൂരം : എറണാകുളം -> വാഗമണ്‍ 102 കിലോമീറ്റര്‍
7 comments:
വാഗമണ്‍ മലകളില്‍ ഏറ്റവും രസകരമായി എനിക്ക് തോന്നിയ സ്ഥലം തങ്ങള്‍ പാറയാണ് . ജിത്തു അവിടെ പോയിട്ടില്ല എന്ന് തോന്നുന്നു . പൈന്‍ ഫോരെസ്റ്റില്‍ എത്തുന്നതിനു മുന്‍പാണ് തങ്ങള്‍ പാറ . പാറയുടെ ഏറ്റവും മുകളില്‍ ഒരു കബറിടം ഉണ്ട് . പലപ്പോഴും കോട ഇറങ്ങി മറഞ്ഞു കിടക്കുന്ന അവിടം അടുത്ത യാത്രയില്‍ പോകണം കേട്ടോ ...
പിന്നെ യാത്ര വിവരണം അല്പം കൂടി വിശദമായി എഴ്തുതുക . കുറച്ചു കൂടി ചിത്രങ്ങള്‍ ചേര്‍ക്കുക .
ക്രിസ്തുമസ് ആശംസകളോടെ ....
മധു
നന്ദി മധു ചേട്ടാ. ഇനി പോകുമ്പോള്‍ തീര്‍ച്ചയായും അവിടെ പോകാം.
എനിക്കറിയില്ലായിരുന്നു തങ്ങള്‍ പാറ. പിന്നെ ബ്ലോഗ് എഴുതുമ്പോള്‍ താങ്കള്‍
പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കാം. ഒത്തിരി നന്ദി "ചിന്തയില്‍" വന്നതിനും, കമന്റ് ഇട്ടതിനും.
നല്ലൊരു പുതുവര്‍ഷം നേരുന്നു...
nice..
വാഗമണ്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടി ആയിട്ടാണു ബ്ലൊഗില്‍ കയറിയത്. വാഗമണിനെക്കുറിചു ഒരു നല്ല ചിത്രം നല്‍കാന്‍ ജിത്തുവിനു കഴിഞു.... കുറച്ചുകൂടി വിവരിച്ച് എഴുതുക.....
സൂപ്പർ
ഉളുപ്പൂണിയിലെ പുൽമേടുകളിലേക്ക് ഒരു ട്രക്കിംഗ് നടത്താം
Post a Comment