May 04, 2012

ശലഭ വിശേഷം



കഴിഞ്ഞ ദിവസം, നിനച്ചിരിക്കാതെ വീട്ടു മുറ്റത്തേക്ക് പാറി വന്ന ഒരു ചിത്രശലഭം. 
ചെമ്പരത്തിയിലും ചെത്തിയിലും പാറി പാറി നടന്നു തേന്‍ കുടിക്കുന്ന കണ്ടപ്പോ അന്തിക്കാടിന്റെ പുതിയ സിനിമയില്‍  ലാലേട്ടന്‍
പറഞ്ഞു ഹിറ്റാക്കിയ ഡയലോഗ് ആണ് ഓര്‍മ്മ വന്നത്;
"തേന്‍ കുടിക്കുന്നു... പറക്കുന്നു... പരാഗണം..."






ഈ ചിത്രശലഭങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണത്രേ !
മുട്ടയില്‍ നിന്നും ലാര്‍വ യിലേക്കും പ്യുപ്പയിലേക്കും ഉള്ള പരിണാമം കഴിഞ്ഞ് 
ഒരു സുന്ദരന്‍ ചിത്രശലഭമായി കഴിഞ്ഞാല്‍ പിന്നെ 
ആയുസ്സ് പേരിനു മാത്രേ ഉള്ളൂ എന്ന് സാരം.
മിക്കവാറും ശലഭങ്ങള്‍ ഒരു മാസം മാത്രേ ജീവിച്ചിരികുകയുള്ളൂ.
ശലഭത്തിന്റെ ഇനവും വലിപ്പവും ജീവിക്കുന്ന സാഹചര്യവും ഒക്കെ അനുസരിച്ച് 
അപൂര്‍വ്വം ചിലയിനം മാത്രം ആറു മാസം വരെ ജീവിക്കുമത്രേ.


(Photo from Net)
 
 (Photo from Net)

 


വളരെ മനോഹരമായചിറകുകള്‍ വീശി പാറിപ്പാറി നടക്കുന്ന ഇവയെ 
നമ്മള്‍ പിന്നെ ഓര്‍ക്കാറുണ്ടോ? പലവിധ വര്‍ണ്ണത്തില്‍, തരത്തില്‍ ഉള്ള ശലഭങ്ങള്‍ 
നമ്മുടെയൊക്കെ കണ്ണുകള്‍ക്ക്‌ കാഴ്ച്ചയുടെ ശീവേലിയൊരുക്കി 
എവിടെയോ പോയ്‌ മറയുന്നു...

ശലഭങ്ങളെക്കുറിച്ച് ഈയിടെ ഒരു കൌതുകം വായിക്കാനിടയായി. 
"ബട്ടര്‍ഫ്ലൈ എഫെക്റ്റ് " പോലെയുള്ള സിദ്ധാന്തങ്ങളെക്കുറിച്ച് പറയുമ്പോള്‍ 
പറയുന്ന ഒരുദാഹരണം കേട്ടിട്ടുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നത് ഇങ്ങനെയാണ്...

"ആമസോണ്‍ കാടുകളില്‍ ചിറകടിക്കുന്ന ഒരു ചിത്രശലഭത്തിന്, 
ലോകത്തിന്റെ അങ്ങേയറ്റത്തെ ഒരിടത്ത്
കൊടുംകാറ്റ് പോലെ ശക്തമായ കാറ്റുണ്ടാക്കാന്‍ തക്ക ശക്തിയുണ്ടാത്രേ !"

April 24, 2012

ഒരു മരം

എല്ലാ വര്‍ഷവും ഒരു വഴിപാടു പോലെ നമ്മള്‍ പറഞ്ഞു തീര്‍ക്കാറുണ്ട്‌;
"ശ്ശൊ, ഇക്കൊല്ലം എന്താ ഒരു ചൂട്.. ! കഴിഞ്ഞ കൊല്ലത്തെക്കാള്‍ കൂടുതലാണ് ഇത്തവണ..."
 എന്നൊക്കെ... അല്ലെ?

പക്ഷെ നമ്മള്‍ ഒരിക്കലും ചൂട് കൂടുന്നതിന്റെ കാരണം തിരക്കാറില്ല. അഥവാ കാരണം 
അറിഞ്ഞാല്‍ തന്നെയും ഒന്നും ചെയ്യാന്‍ നമുക്ക് സമയമില്ല. 
നമ്മള്‍ മലയാളികള്‍ തിരക്കിലാണ്... 

ഒന്നോര്‍ത്തു നോക്കൂ, ഓരോ വര്‍ഷവും എത്ര മരങ്ങളാണ് മണ്ണില്‍ നിന്നും 
പിഴുതെറിയുന്നത്, പുതിയ കെട്ടിടങ്ങള്‍ കെട്ടാന്‍ വേണ്ടി, പുത്തന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ 
തീര്‍ക്കാനായി... അങ്ങനെ ആവശ്യങ്ങള്‍ പലതാണ്...
നമുക്ക് മരങ്ങള്‍ മാത്രം വേണ്ട. 
സ്വാര്‍ത്ഥനായ മനുഷ്യന്റെ കഴിഞ്ഞ കാലത്തുള്ള ചെയ്തികളുടെ ഫലമായിരിക്കാം 
നാമിന്നനുഭാവിക്കുന്ന കഠിനമായ ചൂട്. എന്ന് വച്ച് നമ്മെ തന്നെ പഴിചാരി ഇരുന്നാല്‍ മതിയോ.
നമ്മുടെ പൂര്‍വികര്‍ നമുക്കായി കരുതി വച്ച പോലെ നമുക്കും ഈ പ്രകൃതിക്ക് വേണ്ടി 
ചിലതെല്ലാം ചെയ്യാനില്ലേ? ചുരുങ്ങിയ പക്ഷം നമ്മുടെയൊക്കെ നിലനില്‍പ്പിനായെങ്കിലും 
മരങ്ങള്‍ നാട്ടു പിടിപ്പിച്ചേ മതിയാകൂ.


ഈ ബ്ലോഗ്‌ വായിക്കുന്ന ഓരോരുത്തരോടും ഉള്ള എന്റെ വിനീതമായ അഭ്യര്‍ത്ഥനയാണ് ;
എല്ലാവരും ഒരു മരം എങ്കിലും വച്ച് പിടിപ്പിക്കുക. 
നമ്മുടെ ഭൂമിക്കു വേണ്ടി; നമുക്ക് വേണ്ടി; നല്ലൊരു നാളേയ്ക്കു വേണ്ടി...

 
 

ചിന്തിച്ചു നോക്കൂ; നമുക്ക് ചുറ്റും, അല്ലെങ്കില്‍ നമ്മുടെ വീട്ടു വളപ്പില്‍ എത്രയെത്ര 
മരങ്ങള്‍ ഉണ്ട്, അവയില്‍ ഒരെണ്ണമെങ്കിലും നമ്മള്‍ നട്ടു പിടിപ്പിച്ചതാണോ?
"അതെ" എന്നാണ് ഉത്തരമെങ്കില്‍ നല്ല കാര്യം. 
അല്ലെങ്കില്‍ ഇനിയും സമയം വൈകിയിട്ടില്ല, വരുന്ന ഓരോ വര്‍ഷവും
നമുക്കൊരു മരം നടാം. ഇതിന്റെ ഗുണം അനുഭവിക്കുക നമ്മളായിരിക്കില്ല,
 പകരം, വരും തലമുറയായിരിക്കും...  അവര്‍ നന്ദിയോടെ സ്മരിക്കും !

നമുക്കൊന്നിച്ച്‌ ശ്രമിക്കാം ചെറിയൊരു യത്നത്തിലൂടെ, ഈ ഭൂമിയെ പച്ച പുതപ്പിക്കാന്‍...
"ഒരു വര്‍ഷം, ഒരു മരം" അതാകട്ടെ നമ്മുടെ ലക്ഷ്യം.


(Photography : Krishna Jithu )


March 25, 2012

ഇരിങ്ങോള്‍ കാവ്

വൃക്ഷ ലതാദികള്‍ തിങ്ങി നിറഞ്ഞ കാടിന് സമാനമായൊരു കാവ്;
അതിനു നടുവിലായി ഒരു ക്ഷേത്രം. ചുറ്റും നിശ്ശബ്ദമായ പ്രകൃതിയുടെ പച്ച പുതച്ച കവചം.
അതെ, ഇതാണ് ഇരിങ്ങോള്‍ കാവ്.



പെരുമ്പാവൂരില്‍ നിന്നും വെറും രണ്ടര കിലോമീറ്റര്‍ അകലെ പട്ടാല്‍ എന്ന ഗ്രാമത്തിലാണ്
ഇരിങ്ങോള്‍ കാവ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കാവിനെ പറ്റി കേട്ടപ്പോള്‍
ഒത്തിരി ദൂരത്തുള്ള ഒരിടമാണ് ഇത് എന്നായിരുന്നു ധാരണ. പക്ഷെ പെരുമ്പാവൂരില്‍ നിന്നും
ഇത്രയേറെ അടുത്താണ് എന്നറിഞ്ഞത് ഈയിടെ അവിടെ ചെന്നപ്പോഴാണ്.
 
പെരുമ്പാവൂര്‍ നഗരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ്
ഇരിങ്ങോള്‍ കാവില്‍. നാഗരികതയുടെ തിരക്കേതുമില്ലാതെ, മനുഷ്യമനസ്സിനെ
ശാന്തമാക്കുന്ന, ശരീരത്തെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് പ്രകൃതി ഇവിടെ
ഒരുക്കിയിട്ടുള്ളത്.


"എന്താ ഇപ്പൊ അവിടെ കാണാനുള്ളത് ?" എന്ന് ചോദിച്ചാല്‍ ഒരുപക്ഷെ
ഒട്ടനവധി കാര്യങ്ങളൊന്നും എനിക്ക് നിരത്തി വയ്ക്കാനില്ല. പക്ഷെ നിങ്ങള്‍ ഒരു
പ്രകൃതി സ്നേഹിയാണെങ്കില്‍; മണ്ണിനെയും മരങ്ങളെയും ഇഷ്ട്ടമാണെങ്കില്‍
ഒരിക്കലെങ്കിലും അവിടെ പോകണം; വെറുതെ അവിടെ ഒന്നിരിക്കണം.
കാണേണ്ട കാഴ്ചകളും കേള്‍ക്കേണ്ട ശബ്ദങ്ങളും അവിടെ അന്തര്‍ലീനമാണ്.



ഒരു കനാലിന്റെ ഓരത്ത് കൂടെയുള്ള വഴിയിലൂടെയാണ് ഇരിങ്ങോള്‍ കാവിലേക്കു
കടക്കാനുള്ള കവാടം.



ഇരുവശവും കരിങ്കല്‍ കെട്ടിയുള്ള നടപ്പാത വളരെ വൃത്തിയായി
സൂക്ഷിച്ചിരിക്കുന്നു; തൊട്ടരികിലായി ഒരു കുളവും ഉണ്ട്.  ഈ വഴി നമ്മെ
കൊണ്ടുപോകുന്നത് കാവിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രത്തിലേക്കാണ്.
തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.


ഈ ഭഗവതി ക്ഷേത്രത്തിന്റെയും കാവിന്റെയും ഉല്‍പ്പത്തിയുമായി ബന്ധപെട്ടൊരു
കഥയുണ്ട് മഹാഭാരതത്തില്‍:

ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായി ജനിക്കുന്ന ശ്രീ കൃഷ്ണന്‍
തന്നെ വധിക്കുമെന്ന ഭയത്താല്‍ കംസന്‍ അവരെ തുറങ്കില്‍ അടച്ചിരിക്കുന്ന സമയം.
ദേവകി-വാസുദേവ ദമ്പദികള്‍ തങ്ങളുടെ ഏഴു പുത്രന്മാരെയും കംസന്‍ കൊന്നൊടുക്കി
എന്നതിനാല്‍, എട്ടാമനായി ജനിക്കുന്ന കുട്ടിയെ ഏതു വിധേനയും രക്ഷിക്കാന്‍
തീരുമാനിച്ചു. ജനിച്ചയുടന്‍ ചോര കുഞ്ഞായ ശ്രീ കൃഷ്ണനെ ദ്വാരകയിലേക്ക് മാറ്റി.
പകരം മായാ ദേവിയുടെ അവതാരമായ  ഒരു പെണ്‍കുഞ്ഞിനെ തല്‍സ്ഥാനത്ത്
വയ്ക്കുകയും, കംസന്‍ എട്ടാമത്തെ പുത്രനെ വധിക്കാന്‍ എത്തിയപ്പോള്‍, തൊട്ടിലില്‍
കിടക്കുന്നത് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞിട്ടും ആ കുട്ടിയെ വാരിയെടുത്ത്
കല്ലില്‍ അടിച്ചു  വധിക്കാനായി തലയ്ക്കു മുകളിലേക്ക് ആഞ്ഞു. പക്ഷെ
അത്ഭുതമെന്നോണം  ആ കുഞ്ഞൊരു അതിന്ദ്രീയ ശക്തിയായി മാറുകയും ഒടുവില്‍
"ഇരുന്നോള്‍" എന്ന പ്രപഞ്ച സത്യമായി അവിടെ നിലകൊള്ളുകയും ചെയ്തു
എന്നാണ് വിശ്വാസം. 


പില്‍ക്കാലത്ത്‌ "ഇരുന്നോള്‍" എന്ന ദേശം "ഇരിങ്ങോള്‍"
എന്ന പേരില്‍ അറിയപ്പെട്ടു. ദേവീ ദേവന്മാരുടെ ശക്തി സ്വരൂപത്തിന്റെ
പ്രതീകങ്ങള്‍ ആണത്രേ കാവില്‍ കാണുന്ന ഓരോ വൃക്ഷങ്ങളും. അത് കൊണ്ട് തന്നെ
ഇരിങ്ങോള്‍ കാവില്‍ നിന്നും ആരും തന്നെ മരം മുറിക്കാനോ, വീണു കിടക്കുന്ന
മരകൊമ്പുകള്‍  എടുക്കാനോ ആരും മുതിരാറില്ല.



ക്ഷേത്രത്തിനകത്ത് ക്ഷേത്ര ആചാരങ്ങളും ശുദ്ധിയും നിര്‍ബന്ധമായി നോക്കുമെങ്കിലും
പുറത്തുള്ള കാവിലേക്കു കടക്കുവാനോ അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനോ
ആര്‍ക്കും തടസ്സമില്ല. പക്ഷെ ക്ഷേത്ര പരിസരമായതിനാല്‍  കാവിലെത്തുന്ന
സന്ദര്‍ശകര്‍ എല്ലാവരും തന്നെ അതിന്റേതായ മാന്യത പുലര്‍ത്തി പോരാറുണ്ട്;
ആരും നിര്‍ബന്ധിക്കാതെ തന്നെ.... !

മീന മാസത്തിലെ പൂരം നാളിലാണ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
ഈ വര്‍ഷം അത് ഇങ്ങെത്താറായി , 2012  ഏപ്രില്‍ 4 ന്.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?
NH  47 ലെ  അങ്കമാലിയില്‍ നിന്നും പെരുമ്പാവൂര്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും
ഇടത്തോട്ട് മൂന്നാര്‍  റോഡിലേക്ക് തിരിഞ്ഞ് (2 Km ) പട്ടാലില്‍ എത്തുക. അവിടെ
നിന്നും വലത്തേക്കുള്ള ചെറിയ കൈ വഴിയിലൂടെ അര കിലോമീറ്റര്‍ പോയാല്‍
ഇരിങ്ങോള്‍ കാവില്‍ എത്തിചേരാം. 

February 03, 2012

മറയൂര്‍ ശര്‍ക്കര

ശര്‍ക്കരയില്‍ വളരെ പ്രസിദ്ധമായ ഒരിനമാണ്‌ മറയൂര്‍ ശര്‍ക്കര.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു മൂന്നാര്‍ യാത്ര ഒത്തുവന്നു. 
മൂന്നാറിലെ തണുപ്പോ, മലനിരകളിലെ തേയില തൊട്ടങ്ങളോ മറ്റു സ്ഥിരം കാഴ്ചകളോ
അല്ല ഞാന്‍ തേടി നടന്നത്. ഒരിക്കല്‍ ആരോ പറഞ്ഞു തന്നിരുന്നു, മൂന്നാറില്‍ നിന്നും 
60 കിലോമീറ്റര്‍ അകലെ മരയൂരിനടുത്തു കാന്തല്ലൂര്‍ എന്ന ഗ്രാമത്തില്‍ ചെന്നാല്‍ 
മറയൂര്‍-ശര്‍ക്കര ഉണ്ടാക്കുന്നത്‌ കാണാം എന്ന്. 

ചെന്ന ദിവസം മൂന്നാറില്‍ കൊടും തണുപ്പായിരുന്നു, രാത്രില്‍ 7 ഡിഗ്രിയില്‍ 
താഴെയായിരുന്നു താപം. തണുപ്പിന്റെ കമ്പിളിയില്‍ നിന്നും, അലസതയുടെ പുതപ്പില്‍ നിന്നും 
എണീറ്റ് മൂന്നാര്‍ ടൌണില്‍ നിന്നും കാന്തല്ലൂരിലേക്ക് യാത്ര തിരിച്ചപ്പോഴേ സമയം 
പത്തു മണിയായി. രാജമല കഴിഞ്ഞു മറയൂര്‍ വരെയുള്ള വഴിയിലാണ്
ഏറ്റവും ഭംഗിയുള്ള തേയില തോട്ടങ്ങള്‍ ഉള്ളത്. 

 

മലകളെ പുണര്‍ന്നു നില്‍ക്കുന്ന പച്ചപ്പിന്റെ കമ്പിളി പുതപ്പുകള്‍ കണ്ട്, മറയൂരിലെ 
ചന്ദന തോട്ടങ്ങള്‍ കണ്ട്, ഉച്ചയോടെ കാന്തല്ലൂരില്‍ എത്തി. കറുപ്പന്‍ എന്ന് പേരുള്ളൊരു
ചേട്ടനെയും മറയൂരില്‍ നിന്ന് കൂടെ കൂട്ടിയിരുന്നു. ആദിവാസിയായ ആ ചേട്ടന് 
കാന്തല്ലൂര്‍, മുനിയറ, പെരുമല തുടങ്ങിയ സ്ഥലങ്ങള്‍ നല്ല വശമായത് കൊണ്ട് എല്ലാം 
എളുപ്പം കാണാന്‍ സാധിച്ചു.

 
മറയൂരില്‍ നിന്നും കന്തല്ലൂരിലെക്കുള്ള വഴി കുത്തനെയുള്ള കയറ്റമാണ്. ആദ്യമായാണ്‌ 
ഹൈ റെഞ്ചില്‍ കാര്‍ ഓടിക്കുന്നതെങ്കിലും ആ യാത്ര ഞാന്‍ ശരിക്കും ആസ്വതിച്ചു;
ചിലയിടങ്ങളില്‍; ഹെയര്‍ പിന്‍ വളവുകളില്‍ വച്ച് മനസ്സില്‍ നിന്നും
കിളി പറക്കാതിരുന്നില്ല :)


പെരുമലയിലെ, തട്ട് തട്ടായി തിരിച്ച കൃഷിയിടങ്ങളിലെ പച്ചക്കറി തോട്ടങ്ങളും, പൂന്തോട്ടങ്ങളും,
കരിമ്പില്‍ തോട്ടങ്ങളും കണ്ട് മടങ്ങവേ ആണ് ശര്‍ക്കര നിര്‍മ്മിക്കുന്ന,
ഓല മേഞ്ഞ ഒരു കുടിലില്‍ എത്തിയത്.





ഇനി മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്ന രീതിലേക്ക് കടക്കാം.
കരിമ്പിന്റെ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം.
ആദ്യം കരിമ്പിന്റെ തണ്ടെടുത്തു യന്ത്രത്തിന്റെ സഹായത്താല്‍ പിഴിഞ്ഞ് നീരെടുക്കുന്നു.
പിന്നീടത്‌ വലിയൊരു വീപ്പയിലേക്ക് പകര്‍ത്തി വയ്ക്കും. 



ഈ വീപ്പയില്‍ നിന്നും ആവശ്യാനുസരണം ഭീമാകാരമായ ഒരു 
വാര്‍പ്പിലേക്ക്‌(ഉരുളി) കരിമ്പിന്‍ നീര് പൈപ്പ് ഉപയോഗിച്ച് പകര്‍ത്തും. 

 


വലിയൊരു തീയടുപ്പിന്റെ മുകളിലാണ് വാര്‍പ്പ് വച്ചിരിക്കുക.
ഇനി വളരെ നേരം കരിമ്പിന്റെ നീര് വാര്‍പ്പില്‍ തിളപ്പിക്കും. തിളച്ച് കുറുകിത്തുടങ്ങുമ്പോള്‍
ചേരുവയായി സോഡാ കാരവും ചുണ്ണാമ്പ് പൊടിയും ചേര്‍ക്കും. 
വീണ്ടും ഇളക്കികൊണ്ടേ ഇരിക്കണം.

 
 

 ഈ പ്രക്രിയ തീരുവാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ എടുക്കും. 
ഈ സമയം മുഴുവനും ഒരാള്‍ വാര്‍പ്പില്‍ ഇടവേളയില്ലാതെ ഇളക്കി കൊണ്ടിരിക്കണം, 
അടുപ്പില്‍ തീയും കത്തണം. 
കരിമ്പിന്‍ നീരെടുത്ത ശേഷം അവശേഷിക്കുന്ന ചണ്ടി അഥവാ കൊറ്റന്‍ എടുത്തു
ഉണക്കിയതാണ് കത്തിക്കാന്‍ ഉപയോഗിക്കുന്നത്.
ശര്‍ക്കര ഉണ്ടാകുന്നതും കാത്ത് നോക്കിയിരുന്ന ഞങ്ങള്‍ക്ക് നേരം പോയതെ അറിഞ്ഞില്ല.
ഇപ്പൊ ശര്‍ക്കര ഏകദേശം പാകമായി തുടങ്ങി. വെട്ടി തിളച്ച് കൊണ്ടിരിക്കുന്ന ശര്‍ക്കര ഇനി 
വാര്‍പ്പില്‍ നിന്നും, കുടിലില്‍ തന്നെ തോട്ടരികിലായി ഒരിക്കിയിട്ടുള്ള ഇരുമ്പില്‍ തീര്‍ത്ത 
ചാലിലേക്ക് പകര്‍ത്തി വയ്ക്കുന്നു. 

 
 
 

 
ഇത് ശ്രമകരമായ ഒരു ജോലിയാണ്, നാലോ അഞ്ചോ 
പേര്‍ ചേര്‍ന്നാലേ വാര്‍പ്പുയര്‍ത്തി ശര്‍ക്കര താഴേക്ക് ഒഴിക്കാനാവൂ. ഇത് എളുപ്പതിലാക്കാന്‍ 
വേണ്ടി വാര്‍പ്പിന്റെ ഒരറ്റത്ത് കയര്‍ കെട്ടി, മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പിയിലൂടെ 
കോര്‍ത്തെടുത്തു എതിര്‍ വശത്ത് നിന്നും ഒരാള്‍ കയര്‍ വലിക്കും. ഇരുമ്പിന്റെ 
ചാലില്‍ പകര്‍ത്തിയെടുത്ത, ഉരുകിയ ശര്‍ക്കര ഇനിയും ഇളക്കണം, ചൂടാറും വരെ.

 
 
ഒരു പാകമാകുമ്പോള്‍ ശര്‍ക്കര കൈ കൊണ്ട് തന്നെ ഉരുട്ടി എടുക്കുമ്പോള്‍,
"മറയൂര്‍ ശര്‍ക്കര" വില്‍പ്പനക്ക് തയ്യാറായി. 


ഇനി മൂന്നാര്‍ യാത്ര പോകുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാന്‍ മറക്കരുതേ. 
ആലുവയില്‍ നിന്നും മൂന്നാര്‍-മറയൂര്‍ വഴി കാന്തല്ലൂരിലേക്ക് നേരിട്ട് പ്രൈവറ്റ് ബസ്‌ ഓടുന്നുണ്ട്.
"മൂന്നാറും കാണാം, മറയൂര്‍ ശര്‍ക്കരയും വാങ്ങാം..."


January 24, 2012

പട്ടം


"കടലിലെ തിരമാലകള്‍ എവിടെ നിന്നോ 
കാറ്റിനെ കൊണ്ടുവന്ന് തീരത്തിന് നല്‍കി;
ആ സായന്തന കാറ്റിന്റെ സാക്ഷ്യത്തില്‍, 
പ്രിയസഖിയുടെ കരം ഗ്രഹിച്ചിരുന്ന എന്റെ മനസ്സൊരു പട്ടമായി മാറി;
ഞാനറിയാതെ വിരല്‍തുമ്പില്‍ നിന്നും ആ പട്ടം
ഉയരങ്ങളിലേക്ക് പറന്നു പൊങ്ങി..."

 
പട്ടത്തിനെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ വെറുമൊരു പഴയ കിനാവ്‌ പോലെ 
മാത്രമേ എനിക്ക് തോന്നാറുള്ളൂ; കാരണം ഒരു പട്ടം ഉണ്ടാക്കുവാനോ അതിനെ 
ശരിയാംവണ്ണം നൂലില്‍ കോര്‍ത്ത്‌ ഉയരങ്ങളില്‍ പറത്തി  നിയന്ത്രിക്കാനോ 
എനിക്കറിയുമായിരുന്നില്ല. 

കൊച്ചിയിലെ വൈപ്പിനടുത്ത് കൊഴുപ്പിള്ളി ബീച്ചില്‍ കഴിഞ്ഞ ദിവസം വരെ 
കൈറ്റ്  ലൈഫ് ഫൌണ്ടേഷന്‍ ന്റെ ആഭിമുഖ്യത്തില്‍ പട്ടം പറത്തല്‍ മേള 
അഥവാ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുകയുണ്ടായി. 


പട്ടം പറത്തല്‍ ഹോബിയാക്കിയവരും, എന്നെപ്പോലെ "പട്ടം പറത്തല്‍" ഒരു സ്വപ്നം 
മാത്രമായി കൊണ്ട് നടക്കുന്നവരും, ഈയൊരു കലയെ സ്നേഹിക്കുന്നവരും 
വളരെ ഉത്സാഹത്തോടു കൂടി ഈ മേളയുടെ ഭാഗമായി. കേരളത്തില്‍ അത്രകണ്ട്
പ്രചാരമില്ലാത്ത ഈ വിദ്യ സാധാരണ ജനങ്ങളില്‍ എത്തിക്കുക എന്നാ ലക്ഷ്യത്തോടെ 
അവിടെ എത്തിയവരില്‍ വിദേശികളും, തെക്കേ ഇന്ത്യ ക്കാരും, പിന്നെ നമ്മുടെ സ്വന്തം 
നാടുകാരും ഉണ്ടായിരുന്നു. പരത്താന്‍ സജ്ജമായ പട്ടവും, അതിനുള്ള ചരടും 
നമുക്കവിടെ കിട്ടും. പട്ടം യഥാവിധി കെട്ടുവാനും ഉയരത്തില്‍ പരത്തുവാനുമൊക്കെ 
സഹായിക്കാന്‍ അവിടെ എനേകം പേരുണ്ട്. 

 
 
 

ആദ്യമൊക്കെ ഈ സംഭവം പറത്തിയപ്പോള്‍; ക്ഷമയുടെ നെല്ലിപ്പടി കടന്നു പോയി;
പക്ഷെ താമസിയാതെ "സംഗതിയുടെ ഗുട്ടന്‍സ് " മനസ്സിലാക്കി. 
കൂടാതെ "പട്ടം പറത്തല്‍" "പുലികള്‍" വിദൂരങ്ങളില്‍ "വിക്ഷേപിച്ച" 
കൂറ്റന്‍ പട്ടങ്ങള്‍ പിടിക്കുവാനും അവസരമുണ്ടായി. അത്രയും ഉയരത്തില്‍ പട്ടം 
പറത്തണമെങ്കില്‍ വളരെ നാളത്തെ പരിശ്രമം വേണം. അയാള്‍ മണിക്കൂറുകളോളം 
ഉയരത്തില്‍ പറക്കുന്ന പട്ടത്തിന്റെ ഇങ്ങേ അറ്റത്തുള്ള ചരടില്‍ വിശ്രമിക്കുന്നത് 
തെല്ലൊരു കൌതുകത്തോടു കൂടി മാത്രമേ എനിക്ക് നോക്കിക്കാണാന്‍ ആയുള്ളൂ.


പട്ടം പറത്തലിന്റെ രസത്തിനു പുറമേ, മേളയുടെ ഭാഗമായി 'പട്ടം നിര്‍മ്മാണ മത്സരം',
'പട്ടം പറത്തല്‍ മത്സരം' എന്നിവയും നടന്നു. 
പറത്തല്‍ മത്സരത്തില്‍ "ഡ്രോപ്പിംഗ് ", "ആംഗ്ലിംഗ് ", "ഫ്ലയിംഗ് " എന്നിങ്ങനെ മൂന്ന്
തരത്തിലായിരുന്നു. 


പട്ടങ്ങളുടെ ലോകത്തെത്തിയ പ്രതീതിയായിരുന്നു, കടപ്പുറത്ത് എത്തിയവര്‍ക്കെല്ലാം.
വാലുള്‍പ്പെടെ 50 അടി നീളമുള്ള ഹനുമാന്‍ പട്ടവും, വ്യാളി, നീരാളി, പരുന്ത്‌, നെറ്റിപ്പട്ടം 
എന്നിവയുടെ ആകൃതിയിലുള്ള പട്ടങ്ങളും കാഴ്ചക്കാരുടെ മനം കവര്‍ന്നു. 

 
 
 
 

 
കാറ്റിന്റെ കൈ പിടിച്ച് ആകാശം തൊട്ടു നില്‍ക്കുന്ന നൂറോളം പട്ടങ്ങളും, 
സാന്ധ്യ മേഘത്തിന്റെ പശ്ചാത്തലവും അതീവ ഹൃദ്യമായൊരു ദൃശ്യവിരുന്നൊരുക്കി.
കുട്ടികളും മുതിര്‍ന്നവരും പ്രായമേറിയവരും ഈ പട്ടം പറത്തിലിന്റെ രസം.


കടല്‍ തീരത്ത് പറന്നു കളിക്കുന്ന പട്ടങ്ങളെ നോക്കി പുഞ്ചിരിക്കുന്ന 
അസ്തമയ സൂര്യനും ഒരു പട്ടം പോലെ കുഞ്ഞു തിരകള്‍ക്കു മേലെ ഒഴുകി നടന്നു. 
ഒടുവില്‍ അദൃശ്യമാമൊരു ചരട് ആരോ താഴേക്കു വലിച്ചപ്പോള്‍ ചക്രവാളത്തിന്റെ 
സീമയില്‍ നിന്നും സൂര്യനും പട്ടങ്ങളും എവിടെയോ പോയൊളിച്ചു.


 നമ്മുടെയൊക്കെ മനസ്സും ഒരു പട്ടം പോലെയല്ലേ? 
സ്വപ്നങ്ങളുടെ ആകാശത്ത് അനിയന്ത്രിതമായ ഒരു പട്ടം പോലെ 
മനസ്സങ്ങിനെ പാറി നടക്കും; ലക്ഷ്യമേതുമില്ലാതെ...
ജീവിതത്തില്‍ ചിലപ്പോഴെങ്കിലും മനസ്സിനെ നാം ഒരു ചരടില്ലാ പട്ടം പോലെ 
അഴിച്ചു വിടണം. പോകാന്‍ കൊതിക്കുന്നിടങ്ങളില്‍ യധേഷ്ട്ടം വിഹരിച്ച്
താനേ അത് തിരിച്ചു വരട്ടെ; 
അതുവരെ നമുക്ക് കാത്തിരിക്കാം, വെറുമൊരു സാക്ഷിയായി...