February 03, 2012

മറയൂര്‍ ശര്‍ക്കര

ശര്‍ക്കരയില്‍ വളരെ പ്രസിദ്ധമായ ഒരിനമാണ്‌ മറയൂര്‍ ശര്‍ക്കര.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു മൂന്നാര്‍ യാത്ര ഒത്തുവന്നു. 
മൂന്നാറിലെ തണുപ്പോ, മലനിരകളിലെ തേയില തൊട്ടങ്ങളോ മറ്റു സ്ഥിരം കാഴ്ചകളോ
അല്ല ഞാന്‍ തേടി നടന്നത്. ഒരിക്കല്‍ ആരോ പറഞ്ഞു തന്നിരുന്നു, മൂന്നാറില്‍ നിന്നും 
60 കിലോമീറ്റര്‍ അകലെ മരയൂരിനടുത്തു കാന്തല്ലൂര്‍ എന്ന ഗ്രാമത്തില്‍ ചെന്നാല്‍ 
മറയൂര്‍-ശര്‍ക്കര ഉണ്ടാക്കുന്നത്‌ കാണാം എന്ന്. 

ചെന്ന ദിവസം മൂന്നാറില്‍ കൊടും തണുപ്പായിരുന്നു, രാത്രില്‍ 7 ഡിഗ്രിയില്‍ 
താഴെയായിരുന്നു താപം. തണുപ്പിന്റെ കമ്പിളിയില്‍ നിന്നും, അലസതയുടെ പുതപ്പില്‍ നിന്നും 
എണീറ്റ് മൂന്നാര്‍ ടൌണില്‍ നിന്നും കാന്തല്ലൂരിലേക്ക് യാത്ര തിരിച്ചപ്പോഴേ സമയം 
പത്തു മണിയായി. രാജമല കഴിഞ്ഞു മറയൂര്‍ വരെയുള്ള വഴിയിലാണ്
ഏറ്റവും ഭംഗിയുള്ള തേയില തോട്ടങ്ങള്‍ ഉള്ളത്. 

 

മലകളെ പുണര്‍ന്നു നില്‍ക്കുന്ന പച്ചപ്പിന്റെ കമ്പിളി പുതപ്പുകള്‍ കണ്ട്, മറയൂരിലെ 
ചന്ദന തോട്ടങ്ങള്‍ കണ്ട്, ഉച്ചയോടെ കാന്തല്ലൂരില്‍ എത്തി. കറുപ്പന്‍ എന്ന് പേരുള്ളൊരു
ചേട്ടനെയും മറയൂരില്‍ നിന്ന് കൂടെ കൂട്ടിയിരുന്നു. ആദിവാസിയായ ആ ചേട്ടന് 
കാന്തല്ലൂര്‍, മുനിയറ, പെരുമല തുടങ്ങിയ സ്ഥലങ്ങള്‍ നല്ല വശമായത് കൊണ്ട് എല്ലാം 
എളുപ്പം കാണാന്‍ സാധിച്ചു.

 
മറയൂരില്‍ നിന്നും കന്തല്ലൂരിലെക്കുള്ള വഴി കുത്തനെയുള്ള കയറ്റമാണ്. ആദ്യമായാണ്‌ 
ഹൈ റെഞ്ചില്‍ കാര്‍ ഓടിക്കുന്നതെങ്കിലും ആ യാത്ര ഞാന്‍ ശരിക്കും ആസ്വതിച്ചു;
ചിലയിടങ്ങളില്‍; ഹെയര്‍ പിന്‍ വളവുകളില്‍ വച്ച് മനസ്സില്‍ നിന്നും
കിളി പറക്കാതിരുന്നില്ല :)


പെരുമലയിലെ, തട്ട് തട്ടായി തിരിച്ച കൃഷിയിടങ്ങളിലെ പച്ചക്കറി തോട്ടങ്ങളും, പൂന്തോട്ടങ്ങളും,
കരിമ്പില്‍ തോട്ടങ്ങളും കണ്ട് മടങ്ങവേ ആണ് ശര്‍ക്കര നിര്‍മ്മിക്കുന്ന,
ഓല മേഞ്ഞ ഒരു കുടിലില്‍ എത്തിയത്.





ഇനി മറയൂര്‍ ശര്‍ക്കര ഉണ്ടാക്കുന്ന രീതിലേക്ക് കടക്കാം.
കരിമ്പിന്റെ നീരില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം.
ആദ്യം കരിമ്പിന്റെ തണ്ടെടുത്തു യന്ത്രത്തിന്റെ സഹായത്താല്‍ പിഴിഞ്ഞ് നീരെടുക്കുന്നു.
പിന്നീടത്‌ വലിയൊരു വീപ്പയിലേക്ക് പകര്‍ത്തി വയ്ക്കും. 



ഈ വീപ്പയില്‍ നിന്നും ആവശ്യാനുസരണം ഭീമാകാരമായ ഒരു 
വാര്‍പ്പിലേക്ക്‌(ഉരുളി) കരിമ്പിന്‍ നീര് പൈപ്പ് ഉപയോഗിച്ച് പകര്‍ത്തും. 

 


വലിയൊരു തീയടുപ്പിന്റെ മുകളിലാണ് വാര്‍പ്പ് വച്ചിരിക്കുക.
ഇനി വളരെ നേരം കരിമ്പിന്റെ നീര് വാര്‍പ്പില്‍ തിളപ്പിക്കും. തിളച്ച് കുറുകിത്തുടങ്ങുമ്പോള്‍
ചേരുവയായി സോഡാ കാരവും ചുണ്ണാമ്പ് പൊടിയും ചേര്‍ക്കും. 
വീണ്ടും ഇളക്കികൊണ്ടേ ഇരിക്കണം.

 
 

 ഈ പ്രക്രിയ തീരുവാന്‍ ഏകദേശം മൂന്നര മണിക്കൂര്‍ എടുക്കും. 
ഈ സമയം മുഴുവനും ഒരാള്‍ വാര്‍പ്പില്‍ ഇടവേളയില്ലാതെ ഇളക്കി കൊണ്ടിരിക്കണം, 
അടുപ്പില്‍ തീയും കത്തണം. 
കരിമ്പിന്‍ നീരെടുത്ത ശേഷം അവശേഷിക്കുന്ന ചണ്ടി അഥവാ കൊറ്റന്‍ എടുത്തു
ഉണക്കിയതാണ് കത്തിക്കാന്‍ ഉപയോഗിക്കുന്നത്.
ശര്‍ക്കര ഉണ്ടാകുന്നതും കാത്ത് നോക്കിയിരുന്ന ഞങ്ങള്‍ക്ക് നേരം പോയതെ അറിഞ്ഞില്ല.
ഇപ്പൊ ശര്‍ക്കര ഏകദേശം പാകമായി തുടങ്ങി. വെട്ടി തിളച്ച് കൊണ്ടിരിക്കുന്ന ശര്‍ക്കര ഇനി 
വാര്‍പ്പില്‍ നിന്നും, കുടിലില്‍ തന്നെ തോട്ടരികിലായി ഒരിക്കിയിട്ടുള്ള ഇരുമ്പില്‍ തീര്‍ത്ത 
ചാലിലേക്ക് പകര്‍ത്തി വയ്ക്കുന്നു. 

 
 
 

 
ഇത് ശ്രമകരമായ ഒരു ജോലിയാണ്, നാലോ അഞ്ചോ 
പേര്‍ ചേര്‍ന്നാലേ വാര്‍പ്പുയര്‍ത്തി ശര്‍ക്കര താഴേക്ക് ഒഴിക്കാനാവൂ. ഇത് എളുപ്പതിലാക്കാന്‍ 
വേണ്ടി വാര്‍പ്പിന്റെ ഒരറ്റത്ത് കയര്‍ കെട്ടി, മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന കപ്പിയിലൂടെ 
കോര്‍ത്തെടുത്തു എതിര്‍ വശത്ത് നിന്നും ഒരാള്‍ കയര്‍ വലിക്കും. ഇരുമ്പിന്റെ 
ചാലില്‍ പകര്‍ത്തിയെടുത്ത, ഉരുകിയ ശര്‍ക്കര ഇനിയും ഇളക്കണം, ചൂടാറും വരെ.

 
 
ഒരു പാകമാകുമ്പോള്‍ ശര്‍ക്കര കൈ കൊണ്ട് തന്നെ ഉരുട്ടി എടുക്കുമ്പോള്‍,
"മറയൂര്‍ ശര്‍ക്കര" വില്‍പ്പനക്ക് തയ്യാറായി. 


ഇനി മൂന്നാര്‍ യാത്ര പോകുമ്പോള്‍ ഇവിടം സന്ദര്‍ശിക്കാന്‍ മറക്കരുതേ. 
ആലുവയില്‍ നിന്നും മൂന്നാര്‍-മറയൂര്‍ വഴി കാന്തല്ലൂരിലേക്ക് നേരിട്ട് പ്രൈവറ്റ് ബസ്‌ ഓടുന്നുണ്ട്.
"മൂന്നാറും കാണാം, മറയൂര്‍ ശര്‍ക്കരയും വാങ്ങാം..."


4 comments:

സങ്കൽ‌പ്പങ്ങൾ said...

ഞങ്ങളുടെ നാടിനെ അറിഞ്ഞല്ലോ....ആശംസകൾ.

marayoorholidays said...

Thanks for your comment with detail.

Happy Jose said...
This comment has been removed by the author.
Happy Jose said...

'Sweet" article.