April 16, 2017

രണ്ടാമൂഴം

തെറ്റി ധരിക്കേണ്ട, ഇത് എം ടി യുടെ രണ്ടാമൂഴത്തിന്റെ
വായനാനുഭവമല്ല. സ്ഥിരം ഇവിടെ വന്നു ബ്ലോഗാറുള്ള ലവനുമല്ല.
ഈ ചിന്ത ബ്ലോഗ് ഉടമയുടെ മക്കളിൽ രണ്ടാമൂഴക്കാരനാണ് ഞാൻ.



ഞാൻ ജനിച്ചിട്ട് കഷ്ടി ഒരു മാസം ആവുന്നേ ഉള്ളൂ.
എങ്കിലും ഈ രണ്ടാമൂഴക്കാരന്റെ കുഞ്ഞു ചിന്തകൾ എന്റെ
അച്ഛന്റെ ബ്ലോഗിൽ എഴുതിപ്പോവുകയാണ്.

ഈ വേനലിലെ ചുട്ടു പൊള്ളുന്നൊരു പകലിൽ;
എന്നെ കാത്തിരുന്നവർക്ക് ഉദ്വെഗ പൂർണ്ണമായ
നിമിഷങ്ങളൊന്നും നൽകാതെ,
വളരെ സിംപിളായിട്ടാണ് ഞാൻ ജനിച്ചത്.
എന്റെ ചേച്ചിയെ അമ്മ പ്രസവിക്കുന്ന ദിവസമൊക്കെ
അച്ഛൻ വല്യ പ്രതീക്ഷയിലും ആകാംക്ഷയിലും ആയിരുന്നു.
കാത്തിരിപ്പ് എന്നപേരിൽ ഒരു സ്പെഷ്യൽ ബ്ലോഗും അന്ന്
പോസ്റ്റിയിരുന്നു അച്ഛൻ. ആദ്യത്തെ കുട്ടിയല്ലേ !

പക്ഷേ എന്റെ വരവിൽ വലിയൊരു ആകാംക്ഷയൊന്നും അച്ഛന്റെ
മുഖത്ത് കണ്ടില്ല, ബ്ലോഗ്ഗിയതുമില്ല.
എന്റേത് രണ്ടാമൂഴം ആയതുകൊണ്ടാവാം.
ആണായാലും പെണ്ണായാലും കുഴപ്പമില്ല എന്നൊരു പ്ലെയിൻ
ആറ്റിറ്റ്യൂഡ്, എന്റെ അച്ഛൻ ഗടിക്ക് .

പക്ഷേ ഞാൻ അറിയുന്നുണ്ടായിരുന്നു; രണ്ടാമൂഴത്തിൽ ഒരു
ആൺ തരിയായി പിറന്നാൽ അച്ഛനുമമ്മക്കും സന്തോഷാവും ന്ന്.
ഒന്നാമൂഴത്തിൽ അവർ ആഗ്രഹിച്ചപോലെ പെൺ കുട്ടിയായിരുന്നല്ലോ,
എന്റെ ചേച്ചിപ്പെണ്ണ്.

ഞാൻ പുറത്തു വരും വരെ ആർക്കും ഒരു ഹിൻറ്റും കൊടുക്കാതെ
സസ്പെൻസ് നിലനിർത്തി. അച്ഛനാണെങ്കിലും ഒരു വികാരുമില്ലാതെ
കൂൾ മാസ്ക് മുഖത്തു വച്ച് ലേബർ റൂമിന്റെ പുറത്തു കാത്തു നിൽക്കുന്നു.
ക്ലൈമാക്സ് ആവാറായപ്പോൾ അച്ഛനും ഒരു ആകാംക്ഷ,
ആണാണാവോ, പെണ്ണാണാവോ....
എന്തായാലും അച്ഛനെക്കൊണ്ട്   ഞാൻ വാവാവോ പാടിക്കും...

ഒടുവിൽ സസ്പെൻസിനു വിരാമം ഇട്ടു, മീര ഡോക്ടർ ലേബർ
റൂമിന്റെ വാതിൽ തുറന്നു ഡിക്ലയർ ചെയ്തു;
"അനുകൃഷ്ണയുടെ ഹസ്ബൻഡ് ആരാ?
പ്രസവിച്ചു ട്ടോ, ആൺകുട്ടിയാണ്, സന്തോഷായില്ലേ ! "

എന്റേത് രണ്ടാമൂഴം ആയതിനാലാവാം;
"ഹിതൊക്കെയെന്ത്" എന്ന ലെവലിൽ അച്ഛൻ ഗഡി വീണ്ടും
സൂപ്പർ കൂൾ ആക്ടിങ്.
മിഥുനം സിനിമയിൽ നെടുമുടി നാളികേരം ഉടയ്ക്കുമ്പോൾ
ഇന്നസെന്റ് നിൽക്കണ പോലെ. എനിക്ക് ചിരി വന്നു.

എന്റെ കൂടെ അന്നവിടെ ഏഴോ എട്ടോ നവജാതന്മാരും
നവജാതികളും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവരോടൊക്കെ റ്റാ റ്റാ ബൈ ബൈ പറഞ്ഞു
ഞാൻ ആദ്യമായി പുറം ലോകത്തേക്കുള്ള വാതിൽ കടന്നു.



ആ ലേബർ റൂമിന്റെ വാതിൽ, പ്രതീക്ഷയുടെ കവാടമാണ്.
ഓരോ തവണ വാതിൽ തുറക്കുമ്പോഴും പുറത്തു കാത്തു
നിൽക്കുന്ന ഒരുപാട് പേരുടെ പ്രതീക്ഷകൾ ആ വാതിലിലേക്ക്
വന്നണയും. പുറത്തേക്കു നീണ്ടു വരുന്ന നഴ്സിന്റെ ചുണ്ടുകൾ
അകത്തു കിടക്കുന്ന അവരുടെ ഉറ്റവരുടെ പേര് വിളിക്കുന്നപോലെ
തോന്നും. നഴ്സ് അറിയിക്കുന്ന കാര്യങ്ങൾ ചിലർക്ക് വേദനയുണ്ടാക്കും
ചിലർക്ക് കാത്തിരിപ്പിന്റെ നീളം കൊടുക്കും, ചിലർക്ക്
അവർ കേൾക്കാനാഗ്രഹിക്കുന്ന കാര്യങ്ങളും നൽകും. എല്ലാം
ഒരു വിധിയാണ്. പ്രകൃതി നമുക്ക് നൽകുന്ന സമ്മാനങ്ങൾ...
ആ വാതിലുകൾ, എല്ലാം എത്രയോ വർഷങ്ങളായി കേൾക്കുന്നു.
ഇത്രയേറെ നെഞ്ചുരുകിയുള്ള പ്രാർത്ഥനകൾ മറ്റൊരു
ആരാധനാലയങ്ങളിലെ വാതിലികൾക്കും കേൾക്കാനുള്ള
ഭാഗ്യം ഉണ്ടായിട്ടുണ്ടാവില്ല. നാനാ ജാതി മതസ്ഥരും ഒരു മനസ്സോടെ
പ്രാർത്ഥിക്കുന്ന മറ്റൊരിടം എവിടെയാണ് ഉള്ളത് !!!

അങ്ങനെ ഞാനാ വാതിൽ കടന്നു, അച്ഛന്റെ കൈകളിലെത്തി.
അച്ഛന് എത്ര മാത്രം സന്തോഷായെന്ന് ആ കൈകളിലെ ചൂട്
എന്നോട് പറയാതെ പറഞ്ഞു. മണ്ണിനെയും മരങ്ങളെയും
ഏറെ സ്നേഹിക്കുന്ന എന്റെ അച്ഛന്റെ മനസ്സിന്റെ
മരച്ചില്ലകളിൽ ഒരായിരം പൂക്കൾ ഒന്നിച്ചു വിടരുന്നത് അന്ന്
ഞാനറിഞ്ഞു. എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പതിയെ
ഒരുമ്മ തന്നിട്ട് നെറുകയിൽ കൈ വച്ചു. കുഞ്ഞിക്കാലുകളും
കൈ വിരലുകളും ആ പുതപ്പിനുള്ളിൽ നിന്നും വിടർത്തി നോക്കി
എന്റെ ചേച്ചിയുടെ മടിയിൽ വച്ചു കൊടുത്തു. ചേച്ചിക്ക് ഏറെ
കാത്തിരുന്ന ഒരു കളിപ്പാട്ടം കിട്ടിയ വിസ്മയമായിരുന്നു.
വയറ്റിൽ കിടക്കുമ്പോൾ ഈ ചേച്ചി അമ്മേടെ വയറിൽ
തരാറുള്ള ഉമ്മകൾ എല്ലാം ഞാൻ കൊതിയോടെ കാത്തിരിക്കാറുണ്ടായിരുന്നു.
ഇപ്പോൾ ദാ ആ ചേച്ചിടെ മടിയിൽ ഞാൻ ആദ്യമായി കിടക്കുന്നു.
ഒരു രണ്ടാമൂഴക്കാരന് മാത്രം കിട്ടുന്ന ഭാഗ്യം.



ഈ ഭൂമിയിലെ ഓരോരോ കാര്യങ്ങൾ
ഞാൻ കണ്ടു വരുന്നതേയുള്ളൂ ഇപ്പോൾ.
ഈ വേനലിലെ രാപ്പകലുകൾ, ഉദയാസ്തമയങ്ങൾ, ആദ്യമായി
കാണുന്ന കുറെ മുഖങ്ങൾ, അമ്മേടെ മുലപ്പാല്, ഇടയ്ക്കൊക്കെ
ആശുപത്രിയിലേക്ക് തൃശൂരിലേക്കുള്ള യാത്ര....
ഇത്രയൊക്കെയേ എനിക്കിപ്പോ അറിയൂ.
ഇനി വരാനിരിക്കുന്ന ഋതുക്കൾ എന്നെ കാത്തിരിക്കുകയാണ്.
അച്ഛനുമമ്മയും എനിക്കെല്ലാം കാട്ടിത്തരും.
മഴയത്തും മണ്ണിലും വെള്ളത്തിലുമൊക്കെ കളിക്കണം,
ചേച്ചിയെപ്പോലെ.
അച്ഛന്റെ കൂടെ സൈക്കിളിൽ മുന്നിലിരുന്നു പോകണം.
അച്ഛന്റെ കൂടെ ചിലവിടുന്ന സമയത്തിൽ ,
ഒന്നാമൂഴക്കാരിയായ ചേച്ചിയെ വെട്ടിക്കണം എനിക്ക്.

അച്ഛൻ അമ്മയോട് ഇടയ്ക്കിടെ പറയുന്നതു കേൾക്കാം;
മക്കൾ നന്മയുള്ള മനുഷ്യരായി വളർന്നാൽ മതിയെന്ന്.
വേറെ ആഗ്രഹങ്ങൾ ഒന്നും ഉള്ളതായി ഇപ്പൊ തോന്നുന്നില്ല.
ജാതിയുടെയും മതത്തിന്റെയും കക്ഷി രാഷ്ട്രീയത്തിന്റെയും
തണലിൽ വളർത്താതെ, വെറും മനുഷ്യരായി
സ്നേഹത്തിന്റെയും പ്രകൃതിയുടെയും മതങ്ങൾ ഞങ്ങൾക്ക്
സ്വീകരിക്കാമെന്ന്.
അതുകൊണ്ടു തന്നെ എനിക്ക്  പേരിട്ടപ്പോഴും അതിലൊരു
ലേബൽ ഒട്ടിക്കാതെ നോക്കി അച്ഛൻ.
ചേച്ചിയെ ദയ എന്ന് പേര് ചൊല്ലി വിളിച്ചപ്പോൾ,
എന്നെ വിളിച്ചതു മനു എന്നാണ്. കൂടുതൽ ഡെക്കറേഷൻ
ഒന്നുമില്ല. എനിക്കും അതിഷ്ട്ടായി (ന്നാ തോന്നണേ)

അച്ഛന്റെ കൂട്ടുകാരെപോലെ നല്ല മനുഷ്യനായി
എനിക്ക് വളരാമെന്ന് ! നല്ല മനസ്സുള്ളവനായി കാണാനാണ്
ഏതൊരു അച്ഛനുമമ്മയും പോലെ അവരാഗ്രഹിക്കുന്നത്.
ഞാൻ വലുതാവുമ്പോഴും ഇതൊക്കെ തന്നെ പറഞ്ഞാൽ
മതിയായിരുന്നു, അച്ഛൻ. അപ്പൊ പിന്നെ പഠിച്ചു എനിക്ക്
ബുദ്ധിമുട്ടണ്ടല്ലോ; ഹി ഹീ.
നോക്കട്ടെ; പിന്നീണ്ടല്ലോ എല്ലാ കാര്യത്തിലും അച്ഛനിങ്ങനെ
ഓരോ എക്സ് പറ്റേഷൻ വച്ചാൽ എനിക്കിഷ്ടാവില്ലാ ട്ടോ,
എനിക്കും എന്റേതായ സ്വാതന്ത്ര്യം വേണം.
അല്ലെങ്കിൽ ഈ രണ്ടാമൂഴക്കാരന്റെ കയ്യിൽ നിന്നും
മേടിക്കും (അച്ഛൻ പേടിച്ചു ന്നാ തോന്നണേ)
പാവം അച്ഛൻ.
കട്ടപ്പനയിലെ ഋത്വിക് റോഷന്റെ മൂന്നാമത്തെ ആഗ്രഹം പോലെ;
വലുതായിട്ടു വേണം അച്ഛനെ പണിക്കൊന്നും വിടാതെ
വീട്ടിലിരുത്താൻ.
അതിപ്പോ കൈയും കാലും തല്ലി ഓടിച്ചിട്ടായാലും വേണ്ടില്ല.

സസ്നേഹം,
മനു

20 comments:

Anoop said...

Sujithe , its really touched me a lot..... meaningful !

Unknown said...

Really great yaar

Unknown said...

Awesome!!

kunthampattani said...

അധികം ഡക്കറേഷന്‍ ഒന്നും വേണ്ട... മനു... ;)

Unknown said...

Sujithettaa...awesome!!

സുരാജ് നെല്ലിപറമ്പിൽ said...

ഒരുപാട് ഇഷ്ടപ്പെട്ട ഒരു ബ്ലോഗ്... ഒരിക്കൽ കൂടി അമ്മയുടെ വയറ്റിൽ കിടന്ന് അച്ഛന്റെയും ചേട്ടന്റെയും ചേച്ചിയുടെയും സ്നേഹവും ലാളനയും ഏറ്റു വാങ്ങാൻ കൊതിച്ചു പോയി ചേട്ടാ... "അവരോടൊക്കെ റ്റാ റ്റാ ബൈ ബൈ പറഞ്ഞു ഞാൻ ആദ്യമായി പുറം ലോകത്തേക്കുള്ള വാതിൽ കടന്നു" ഇത് വീണ്ടും വീണ്ടും വായിക്കുമ്പോൾ എന്തോ അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ട്... ഒരുപക്ഷെ ഇത്രയില്ലെങ്കിലും അല്ലെങ്കിൽ ഇതിനേക്കാളേറെ ആകാംഷയോടും നെഞ്ചിടിപ്പോടും കൂടിയായിരിക്കണം എന്റെ അച്ഛനും എന്നെ കാത്തു പുറത്തു നിന്നിരിക്കുക എന്നോർക്കുമ്പോൾ, ഈ ബ്ലോഗ് വായിച്ചു തുടങ്ങിയപ്പോഴുള്ള തെളിഞ്ഞ അക്ഷരങ്ങളല്ല ഇപ്പോൾ എനിക്ക് മുന്നിൽ... അവ്യക്തങ്ങളായിപ്പോയിരിക്കുന്നു എല്ലാം... ഒരു നല്ല അച്ഛനായി ലോകം അറിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ആശംസകൾ...

Unknown said...

Touching thoughts.......

Unknown said...
This comment has been removed by the author.
jithu.....(prajith) said...

ചേച്ചിയെ ദയ എന്ന് പേര് ചൊല്ലി വിളിച്ചപ്പോൾ...എന്നെ വിളിച്ചതു മനു എന്നാണ്...

കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല... എനിക്കും അതിഷ്ട്ടായി (ന്നാ തോന്നണേ)...

Shalu Midhu said...

Hahaha.... Ee blog polichuto sujithetta��....so touching without losing the fun element... Manu kuttan valuthayi ee blog vayikunna samayamakumpp ... He will feel so proud ☺

Jes Bastian said...

Lucky Manu

Dr. E. Sandhya said...

valare valare ishtamaayi.
hrdayasparshi
narmam ishtamaayi.

aksharathettukal onnu correct cheithekku.

ingane oru post aayamaayitta tto.

Chithra Philip said...

Adipoli ����
Last dialogue kidukki ��

Dr. Sonia Sunny said...

Just read randamoozham. So sweet. Enthu bhangiyila ezhuthiyathu? Just loved it

Anju VR said...

Veronnum parayaanilla.
Manuchekkanum dayapenninnum orupaad sneham

Aby said...

Excellent

Shankar Nimmy said...

Adipoli manukkutta... ni puliyanu kettoo

Deepthi M Pisharody said...

Awesome

Unknown said...

ജിത്തു,
മനോഹരമായിരിക്കുന്നു,മനുവിന്റെ കാഴ്ചപ്പാടിലെ രണ്ടാമൂഴം. ഇതു വരെയുള്ളതിൽ ഏറ്റവും മികച്ചത്. മൊഴിയാറിയാത്ത കുഞ്ഞുങ്ങളുടെ ചിന്തകൾ ഇതിലും നന്നായി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ലളിതമായ ഭാഷയിൽ ഹൃദയ സ്പർശിയായ ബ്ലോഗ്.

-ദാസൻ

Sainta said...

Ee varikal oru kunjintethu maathramalla oru achante pratheekshakalum koodi aanennu njaan manasilaakkunnu! Ee laalithiyam innathe ellaa kunjungalilum maathaapithaakkalilum undaayirunnengil..........