October 13, 2016

കാളിയമ്മാമ്മ

ഇക്കഴിഞ്ഞ ഓണക്കാലത്തു അമ്പലത്തിന്റെ മുൻവഴിയിൽ വച്ച്
കാളിയമ്മാമ്മയെ വീണ്ടും കണ്ടു. 
ഇപ്പൊ കുറെ വയസ്സായി, വയ്യാണ്ടായി. 
വിശേഷങ്ങൾ എന്നോടും, സുഖ വിവരങ്ങൾ 
ഞാൻ അങ്ങോട്ടും ചോദിച്ചു. 
പിന്നെ കാണാന്നും പറഞ്ഞു, മെല്ലെ  കൂനിക്കൂടി നടന്നകന്നു. 
വഴിയരികിൽ ഞാൻ നോക്കി നിൽക്കെ, 
കുറച്ചങ്ങു നടന്നു തളർന്ന് വായനശാലക്കു മുന്നിലെ 
അരമതിലിൽ പിടിച്ചു കിതച്ചു ശ്വാസം കിട്ടാതെ നിന്നു. 
അടുത്തു ചെന്നു ചോദിച്ചപ്പോൾ, അക്ഷരങ്ങൾ 
മുഴുമിപ്പിക്കാനാവാതെ പല നിശ്വാസങ്ങളായി
വിഷമങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. 
ഇപ്പോ ആരും ല്ല; വീട്ടിലുള്ളോർ ഒന്നും മിണ്ടാറും ല്ല !
ഇപ്പൊ നടക്കാൻ തീരെ ശ്വാസം കിട്ടണില്ല, 
അന്ന് പൈക്ടാവിനെ കൊണ്ടു പോവുമ്പോ കരിങ്കല്ലിൽ നെഞ്ചടിച്ചു 
വീണേനു ശേഷം, തീരെ പറ്റാണ്ടായി. തൃക്കൂരിലെ ഡോക്ടറാ 
ഈ വടി തന്നത്, കാശും മേടിച്ചില്ല, നല്ല ഡോക്ടറാ...
ന്നാലും വയ്യ.
അന്ന് പുതിയ ജോലി കിട്ടീപ്പോ നീ നിന്റെ 
പെണ്ണിനേം കൊണ്ട് വന്നില്ലേ.? മോൾക്ക് സുഖാണോ.
ഇനി വെയില് മൂക്കും മുന്നേ പോട്ടേ,...



ഒരോണക്കാലം ആയതുകൊണ്ടാണോ എന്നറിയില്ല;
കാളിയമ്മാമ്മ വേച്ചു വേച്ചു നടന്നകലുന്നതും നോക്കി നിന്നപ്പോൾ
എന്റെ കുഞ്ഞുനാളിലെ  ഇത്തിരിക്കാലം നടന്നടുത്തുവന്നു...

എന്റെ തറവാടിന്റെ അടുത്തുള്ള ഒരമ്മൂമ്മ; കാളി എന്നാണു പേര്.
കുട്ടിക്കാലം മുതലേ ഞാനവരെ കാളിയമ്മാമ്മ 
എന്നാ വിളിച്ചിരുന്നത്.
വീടിനോടു ചേർന്നുള്ളൊരു പറമ്പിലെ ആ കുഞ്ഞു ഓടിട്ട 
വീട്ടിലെ മിക്കവാറും എല്ലാവരും തറവാട്ടിൽ പല പല 
ജോലികൾ ചെയ്തു പോന്നിരുന്നു.
കാളി, കോരപ്പൻ, കുറുമ്പ, കാർത്തു എന്നീ പേരുകൾ 
എന്റെ അച്ഛമ്മ ദിനവും ഒരുപാടു തവണ വിളിച്ചു കേട്ടിട്ടുണ്ട്.
തറവാട്ടിലെ പുറം പണികൾ ചെയ്തിരുന്ന 
കാളിയമ്മാമ്മയും മറ്റും അന്നൊക്കെ കൂലിക്കു വേണ്ടിയാണോ 
പണിയെടുത്തിരുന്നത് എന്നറിയില്ല, എന്തായാലും മാസ 
ശമ്പളമൊന്നും കൊടുത്തല്ല എന്നുറപ്പാണ്.
അവര് പണ്ട് കാലംമുതലേ ഞങ്ങടെ വീട്ടിലെ പണിക്കാരാത്രേ.

വീട്ടിൽ  പറഞ്ഞു കേട്ടിട്ടുണ്ട്, പണ്ടൊക്കെ എന്റെ തറവാട്ടിലും
 സ്ഥിതി മോശമായിരുന്നുവത്രേ. അന്ന് എന്റെ അച്ചാച്ചൻ 
ആണെന്നു തോന്നുന്നു ആദ്യകാലത്തു രാജ്യം വിട്ടു പോയിട്ടുള്ളത്, സിലോണിലേക്ക്. ശ്രീലങ്ക ആണ് പണ്ട് സിലോൺ എന്നറിയപ്പെട്ടിരുന്നത്. 
അച്ചാച്ചൻ അവിടെ ചെന്നുപെട്ടെങ്കിലും തറവാട്ടിലെ ദാരിദ്ര്യത്തിന് 
കാര്യമായ കുറവൊന്നും വന്നിരുന്നില്ല. ഉള്ളതു പെറുക്കികൂട്ടി 
അച്ചമ്മയാണ് എന്റെ അച്ഛനടക്കമുള്ള അഞ്ചു മക്കളെയും വളർത്തിയത്.
അന്നും ഈ കാളിയമ്മാമ്മ തറവാട്ടിലെ പണിക്കാരിയായിരുന്നു;
അപ്പൊ അവരുടെ സ്ഥിതി എത്ര മോശമാണെന്ന് ഊഹിക്കാല്ലോ.
അച്ചമ്മേടെ കാളിക്കും എന്തെങ്കിലുമൊക്കെ കൊടുക്കണമല്ലോ.
മാസത്തിൽ സിലോണിൽ നിന്നും വരുന്ന തുക എത്ര പേർക്ക് 
അത്താണിയായിരുന്നു, അതിന്റെ പങ്കു വയ്ക്കലുകൾ, അച്ഛമ്മയുടെ 
ധനകാര്യ വകുപ്പ്, ബഡ്ജറ്റ്... ഇതൊക്കെ എന്റെ ഓർമ്മകളുടെ വിസ്മയങ്ങളായിരുന്നു. 
ഈ കുറവുകൾക്കിടയിലും അച്ഛമ്മയും കാളിക്കുട്ടിയും  ഒക്കെ 
ചേർന്ന് ഓണക്കളികൾക്ക് ചുക്കാൻ പിടിച്ചു പോന്നു എന്ന് കേട്ടിട്ടുണ്ട്.
അച്ഛമ്മയാണത്രെ  തറവാടിന്റെ മുറ്റത്ത് 
'അന്നത്തെ അയൽക്കൂട്ടത്തിനും കുടുംബശ്രീ യൂണിറ്റുകൾക്കും'  
നാന്ദി കുറിച്ചത് എന്ന് തോന്നുന്നു; കൂടെ എന്തിനും റെഡിയായി കാളിയമ്മാമ്മയും.
കാളിയും മറ്റുള്ള കൂട്ടരും അച്ഛമ്മയെ "ഇമ്പട്ട്യാര്" എന്നാണത്രെ 
വിളിച്ചിരുന്നത്. തമ്പ്രാട്ടി എന്നതിന്റെ ധ്വനിയാണ് അതിനും.
തട്ടാത്തി ആയിരുന്ന അച്ഛമ്മക്ക് കാളിയും കൂട്ടരും ചേർന്നങ്ങനെയൊരു 
പേരും ചാർത്തികൊടുത്തതു കൊണ്ട്, അന്നത്തെ ഇല്ലായ്മയിലും 
ഞങ്ങളുടെ തറവാടിന് പേരിലൊരു തിളക്കമുള്ളതായി പലപ്പോഴും 
എനിക്കു തോന്നിയിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം എന്റെ അച്ഛനും ചെറിയച്ഛനുമൊക്കെ 
തട്ടാന്മാരുടെ(GoldSmith) കൈതൊഴിലായ സ്വർണ്ണപണിയിൽ 
ഒതുങ്ങി നിൽക്കാതെ, ഉദ്യോഗം തേടി ഗൾഫിലെ 
മണലാരണ്യത്തിലേക്കു പോയപ്പോൾ മുതൽ തറവാടിന്റെ 
സ്ഥിതിയും മെല്ലെ മെച്ചപ്പെട്ടു. 
അപ്പോഴും വീട്ടിലെ ഒരു സഹായിയായി കാളിയമ്മാമ്മ ഉണ്ടായിരുന്നു
എന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്.

അച്ഛമ്മക്ക് വയസ്സായി, അച്ഛൻ ഗൾഫിലുമായിരുന്നതിനാൽ 
പിന്നീട് അധികം നാളുകളിലും ഈ കാളിയമ്മാമ്മ അമ്മയ്ക്ക് 
ഒരു സഹായമായിരുന്നു. 

ജനിച്ചത് മുതലേ കരപ്പന്റെ അസുഖമുള്ള എന്നെക്കൊണ്ട് അമ്മ 
വല്ലാതെ വിഷമിച്ചിരുന്നു. എന്തൊക്കെ മരുന്ന് കഴിച്ചിട്ടും 
കരപ്പൻ മാറാതിരുന്ന എന്നെ എന്ത് ചെയ്യണമെന്നറിയാതെ 
ഇരിക്കുമ്പോഴാണ്, രാപ്പാൾ വേലൻ എന്ന പാരമ്പര്യ വൈദ്യനെ 
കുറിച്ച് കേൾക്കുന്നത്. പക്ഷേ അമ്മയ്ക്കന്ന്‌ പുറത്തെവിടെയും 
പോകാനറിയില്ലായിരുന്നു. കാളിയമ്മാമ്മയ്ക്കും ശീലമില്ലയെങ്കിലും അമ്മേടെ വിഷമം കണ്ട് കാളിയമ്മാമ്മ പറഞ്ഞു, 
"അംബികേ എന്തിനാ വിഷമിക്കണേ, ഞാൻ കൊണ്ടു പോകാം 
സുജിമോനെ, എവിടെയാണെന്ന് വച്ചാൽ". 
അമ്മയ്ക്ക് അതൊക്കെ ഒരു ധൈര്യമായിരുന്നു. അമ്മയും 
കാളിയമ്മാമ്മയും കൂടി എന്നെ രാപ്പാൾ വേലനെ കൊണ്ടു കാണിച്ചു.
പിന്നീട് ഒരുപാട് നാളുകൾ കഷായവും മരുന്നുമായി കഴിഞ്ഞു,
അന്നൊക്കെ കഷായത്തിനുള്ള നാട്ടു മരുന്നുകളും ഇലകളും 
മറ്റും ചിട്ട പഥ്യങ്ങൾ തെറ്റാതെ കൊണ്ടുതന്നു കരപ്പന്റെ അസുഖം 
മാറ്റിയെടുത്തത്‌ ഈ കാളിയമ്മാമ്മയായിരുന്നു.

കാലമേറെ കഴിഞ്ഞു, പുതിയ വീടുവച്ചു തറവാട്ടിൽ നിന്നും 
കുറച്ചകലെയായി ഞങ്ങൾ താമസം മാറി. കാളിയമ്മാമ്മക്ക് വയസായെങ്കിലും അപ്പോഴും തറവാട്ടിലെ ജോലിക്കാരിയായ 
അവരവിടെ കുറച്ചു നാൾ മുൻപുവരെ ഉണ്ടായിരുന്നു. 
പിന്നെ തീരെ സുഖമില്ലാതായപ്പോൾ എല്ലാം നിർത്തി.

വല്ലപ്പോഴുമൊക്കെ ചെന്നു കാണാറുണ്ടെങ്കിലും അതിന്റെ 
ആവർത്തി തീരെ കുറവായിരുന്നു, എല്ലാരേയും പോലെ 
ഞാനും പല തിരക്കുകൾ നിരത്തി അത് ശരിവച്ചു.
എന്നാലും എന്റെ കല്ല്യാണ തലേന്ന് കാളിയമ്മാമ്മയുടെ കൈയ്യിൽ 
ഒരു സെറ്റ് മുണ്ട് കൊടുത്ത് അനുഗ്രഹം വാങ്ങിച്ചപ്പോ അവർക്കു 
ഏറെ സന്തോഷമായ പോലെ തോന്നി. 
പിന്നെ വല്ലപ്പോഴുമൊക്കെ വഴിയിൽ വച്ചു കാണും...
ഓരോ തവണ കാണുമ്പോഴും കാളിയമ്മാമ്മയുടെ കൂനിക്കൂടിയുള്ള 
നടത്തം കൂടിക്കൂടി വന്നു...

ഈ വയസ്സുകാലത്തും സ്വന്തം കാര്യങ്ങൾ ചെയ്തും, ആരുടേയും 
സഹായമില്ലാതെയും കാളിയമ്മാമ്മ നടന്നകലുന്നു. പണ്ട് പലർക്കും 
സഹായിയായി നിന്ന അവർക്ക് ഈ അവസാനകാലത്ത് 
ആരുമില്ലാത്ത പോലെയായി.

ഓർത്തെടുത്താൽ നമുക്കെല്ലാവർക്കും കാണും,
എപ്പോഴൊക്കെയോ നമ്മുടെ ജീവിതത്തിൽ തുണയായി നിന്ന കാളിയമ്മാമ്മമാർ.
ചിലരെ നമ്മൾ സൗകര്യപൂർവ്വം മറന്നു കളയും.
നമ്മൾ ഓർത്താലും ഇല്ലെങ്കിലും അവർ അവരുടെ ജീവിതങ്ങൾ 
ജീവിച്ചുതന്നെ തീർക്കുന്നു, ആരോടും പരിഭവമില്ലാതെ.

ഒരു നിയോഗം പോലെ കാളിയമ്മാമ്മയും...

4 comments:

സുരാജ് നെല്ലിപറമ്പിൽ said...

ഇനിയൊരു കാളിയമ്മൂമ്മമാരും ഈ നൂറ്റാണ്ടിൽ ഉണ്ടാകില്ലായിരിക്കാം... പക്ഷെ മ്മക്കൊക്കെ ഓർത്തു വക്കാൻ ഓരോരുത്തർക്കും ഒരു കാളിയമ്മൂമ്മയോ ഒരു ജാനികുട്ടിയമ്മൂമ്മയോ അല്ലെങ്കിൽ ഒരു ലക്ഷ്മിക്കുട്ടിയോ ഉണ്ടായിരിക്കും... പക്ഷെ കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയാത്ത നമുക്കൊക്കെ ഇനിയും നിരത്താനുണ്ടാകും ചേട്ടൻ പറഞ്ഞതു പോലെ ഓരോരോ തിരക്കുകളുടെ കാരണങ്ങൾ... ബ്ലോഗിനെക്കുറിച്ചു ഒന്നും പറയാനില്ല ചേട്ടാ... പറയാൻ പറ്റുന്നില്ല... പറഞ്ഞാൽ ചിലപ്പോൾ തീരുകയും ഇല്ല...

khader patteppadam said...

എഴുത്ത് നന്നായി. ഞാനൊരു പുസ്തകം മെയിൽ ചെയ്തു തരാം.അതിൽ എന്റെ ചില കാളിയമ്മമാരെ പരിചയപ്പെടാം.







Ramkumar said...

ഇത് പോലെ ഉള്ള കാളി അമൂമ്മമാരാൽ (നന്മ നിറഞ്ഞ , സ്നേഹം നിറഞ്ഞ, സ്വാർത്ഥത ഇല്ലാത്ത ) - സമൃദ്ധം ആണ് നമ്മുടെ നാട് , ഇപ്പോഴും നമുക്ക് ഇടയിൽ ഇവർ ഉണ്ട് , അത് കൊണ്ട് തന്നാണ് നമ്മൾ ഇന്നും നിലനിൽക്കുന്നതും .....

Sujith (Jithu) said...

ഇതുപോലെ പലരും ഉണ്ടായിരുന്നു.
ചിലർ വല്ലപ്പോഴുമൊക്കെ വീട്ടിൽ വന്നൊരോർമ്മയുണ്ട്.

ചക്കി അമ്മാമ്മ. ഇപ്പോഴില്ല; വർഷങ്ങൾക്കു മുൻപേ മരിച്ചു.

പിന്നെ വെറോണിക്ക വല്യമ്മ, കുഞ്ഞാറംഅമ്മാമ്മ...
അവരൊക്കെ പ്രായമേറെ ആയിട്ടും ഇപ്പോഴും ആരോഗ്യത്തോടെ
ഇരിക്കുന്നു.
കൊയ്ത്തിനു പോയി വരുമ്പോൾ അവര് കൊണ്ട് തരാറുള്ള
കുന്തയും, വീട്ടിൽ ടി വി കാണാൻ വരുമ്പോൾ കൊണ്ടുവരാറുള്ള
പുളിങ്കുരുവും, ചക്കക്കുരുവുമൊക്കെ ഓർമ്മകളുടെ രുചികളായി
നാവിൻ തുമ്പിലുണ്ട്.