June 27, 2015

ഞാറ്റുവേല

ഞാറ്റുവേല എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ,
കഴിഞ്ഞ ആഴ്ച വരെ എനിക്ക് കൂടുതലായൊന്നും
അറിയില്ലായിരുന്നു. ഞാറ്റുവേലയെപ്പറ്റി
അറിയാൻ ശ്രമിച്ചപ്പോൾ പലരിൽ നിന്നുമായി കിട്ടിയ
കാര്യങ്ങൾ ഇവിടെ പോസ്റ്റുന്നു.


 സമയവും ദിവസവും കാലാവസ്ഥയും അറിയാൻ
പണ്ട് പഴമക്കാർ തയ്യാറാക്കിയ കാർഷിക കലണ്ടറാണ്
"ഞാറ്റുവേലകൾ".

"ഞായറിന്റെ വേള"യാണ് ഞാറ്റുവേല ആയത് !
ഞായറെന്നാൽ സൂര്യനേയും, വേള സമയത്തെയും
സൂചിപ്പിക്കുന്നു. അതായത് സൂര്യന്റെ സമയമാണ്
ഞാറ്റുവേല എന്നർത്ഥം.


പണ്ട് എല്ലാ കാര്യങ്ങളും
കൃഷിയുമായിട്ടായിരുന്നുവല്ലോ ബന്ധപ്പെട്ടിരുന്നത്.
വിത്തിറക്കാനും നനയ്ക്കാനും വളം വയ്ക്കാനും
വിളവെടുപ്പിനും എല്ലാം കാലാവസ്ഥയും സൂര്യൻറെ
സ്ഥിതിയുമെല്ലാം അറിയണം. അക്കാലത്ത് കർഷകരെ
സഹായിക്കാൻ കൃഷി ഭവനും, TV യും, മൊബൈൽ ഫോണ്‍
ആപ്പുകളും ഒന്നും തന്നെയില്ല. അന്ന് ആളുകൾക്ക്
കാലങ്ങളെ അറിഞ്ഞ്,ജീവിതവും  കൃഷിയും ചിട്ടപ്പെടുത്താൻ
ഉപയോഗിച്ചിരുന്നത് ഈ ഞാറ്റുവേലകളാണ്.


ഭൂമി സൂര്യനെ വലയം വയ്ക്കുന്ന പ്രദക്ഷിണ വഴിയെ
27 സമ ഭാഗങ്ങളാക്കി തിരിച്ചാണ് ഞാറ്റുവേല
രൂപപ്പെടുത്തിയിരിക്കുന്നത്.
മേട മാസത്തിൽ തുടങ്ങി മീന മാസത്തിലവസാനിക്കുന്ന
കാർഷിക വർഷത്തെ 13.5 ദിവസം (പതിമൂന്നര)
ദിവസം വീതമുള്ള 27 ഭാഗങ്ങളാക്കി വിഭജിച്ചിരിക്കുന്നു.


അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളുടെ
പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
മേടം ഒന്നിന്(വിഷു ദിനത്തിൽ) ആരംഭിക്കുന്ന
അശ്വതി ഞാറ്റുവേലയിൽ തുടങ്ങുന്ന ഞാറ്റുവേല കലണ്ടർ
രേവതി ഞാറ്റുവേലയിൽ അവസാനിക്കുന്നു.

ഇതിൽ പ്രധാനം
മിഥുന മാസത്തിലെ തിരുവാതിര ഞാറ്റുവേലയാണ്.
പുതു നാമ്പുകൾ പിറവിയെടുക്കുന്ന, പതിമൂന്നര
ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ തിരുവാതിര
ഞാറ്റുവേലയിൽ, മഴ, വെയിൽ, മഞ്ഞ് എന്നീ മൂന്ന്
പ്രതിഭാസങ്ങൾ ഉണ്ടാകും എന്നതാണിതിന്റെ
പ്രത്യേകത. തിരി മുറിയാതെ പെയ്യുന്ന ഈ മഴയിൽ,
വിരൽ ഒടിച്ചു കുത്തിയാൽ പോലും മുളയ്ക്കും
എന്നാണ് പഴമക്കാർ പറയുക. അതുകൊണ്ട് തന്നെ
ഈ ഞാറ്റുവേലയെ "പുതിയതിന്റെ ആരംഭ"മായി
കർഷകർ കാണുന്നു. ഒട്ടുമിക്ക കാർഷിക വിളകളുടെയും
വിത്തിറക്കുന്നത് ഈ ഞാറ്റുവേലയെ ആശ്രയിച്ചാണ്.

ഇങ്ങനെ പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കുന്ന
ഞാറ്റുവേലകൾക്ക്, മനുഷ്യ സംസ്ക്കാരവുമായി
ഇഴപിരിയ്ക്കാനാവാത്ത ബന്ധമാണുള്ളത്.

5 comments:

സുരാജ് നെല്ലിപറമ്പിൽ said...

അവിടെയും ഇവിടെയും ഞാറ്റുവേല തിരുവാതിര ഞാറ്റുവേല എന്നൊക്കെ ഫ്ലക്സ് ബോർഡുകൾ കാണാറുണ്ടെങ്കിലും എന്താണിതിന്റെ സംഭവം എന്ന് വിശദമായി അറിയില്ലായിരുന്നു. അറിയാൻ ഗൂഗിൾ പോലുള്ള ഒരുപാട് സൌകര്യങ്ങൾ ഉണ്ടായിട്ടും അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നിരുന്നാലും അറിയാത്തവർക്ക് വേണ്ടി ഞാറ്റുവേലയെ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... അപ്പൊ എല്ലാം പറഞ്ഞ പോലെ പോയി എന്തെങ്കിലും നട്ടിട്ടു വരാം,,,

ajith said...

അപ്പോ ഇതാണല്ലേ ഞാറ്റുവേലയുടെ അര്‍ത്ഥം. താങ്ക്സ്

Sreekumar C.D said...

Great !! A big thank u!
I a m a regular reader of ur blog. Keep going....

khader patteppadam said...

നല്ല അറിവുകള്‍.നന്ദി സുജിത്ത്.

ഇരുപത്തി ഏഴും പതിമൂന്നരയും ഗുണിക്കുമ്പോള്‍ മുന്നൂറ്റി അറുപത്തിനാലരയല്ലേ വരൂ.തിരുവാതിര ഞാറ്റുവേല അല്പം കൂടുതല്‍ ഉണ്ടെന്നും പറയുന്നു .

Debaters വാദം സംവാദം said...

good info..tks..