ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ്
തൊമ്മൻകുത്ത്. തൊടുപുഴയ്ക്കടുത്ത്, സഞ്ചാരികൾക്ക്
വളരെ എളുപ്പം എത്തിചേരാവുന്ന ഈ വിനോദ സഞ്ചാര
കേന്ദ്രം ഞങ്ങൾ ആദ്യം അറിയുന്നത് അഞ്ചു വർഷങ്ങൾക്കു
മുൻപാണ്.
തൊമ്മൻ കുത്തിലേക്ക് ചെറിയൊരു യാത്ര പോയി.
മുൻ യാത്രയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിരുന്നു
ഇത്തവണത്തേത്. ഓഫീസിലെ ജോലിത്തിരക്കിൽ നിന്നും
അല്പമൊരു മാറ്റത്തിനായി "തല തണുപ്പിക്കാൻ" വേണ്ടിയാണ്
തൊമ്മൻകുത്തിൽ എത്തിയതെങ്കിലും ഞങ്ങളെ
നിരാശപ്പെടുത്തും വിധമായിരുന്നു അവിടുത്തെ കാഴ്ച.
വെള്ളം വളരെ കുറവായിരുന്നു.
നീരൊഴുക്ക് വേനലിന്റെ കാഠിന്യം വിളിച്ചു
പറയും പോലെ തോന്നി. എങ്കിലും മനസ്സിലെ പ്രതീക്ഷയുടെ
വെള്ളപ്പാച്ചിലിൽ ഞങ്ങൾ തൊമ്മൻ കുത്ത് വനമേഘലയുടെ
ഉള്ളിലേക്ക് പ്രവേശിച്ചു. (10 രൂപയാണ് പ്രവേശന ഫീസ്.)
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ പ്രതീക്ഷിക്കാതെ
കിട്ടിയ അട്ട കടിയുടെ ഓര്മ്മയുള്ളതുകൊണ്ട്
അട്ട നിവാരിണികൾ (പുകയില/ മഞ്ഞൾ ...) കയ്യിൽ
കരുതിയിരുന്നു. ഈറ്റയുളള കാടുകളിൽ അട്ടകൾ
സാധാരണയായി കാണാറുണ്ട്.
വെള്ളചാട്ടത്തിനു പുറമേ തൊമ്മൻ കുത്തിൽ ഒട്ടനവധി
കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ഇന്നിവിടെ വനപാലകർ
നല്ലവണ്ണം പരിപാലിച്ചു പോരുന്നു. കുടുംബമായി
വരുന്നവര്ക്കും സുരക്ഷിതമായി ഇവിടം കണ്ടു മടങ്ങാം.
കാട് കയറുന്ന സഞ്ചാരികൾക്ക് യധേഷ്ട്ടം നടന്നു പോകാവുന്ന
കാട്ടു പാതകൾ ഉണ്ട്. പാതയോരങ്ങളിൽ വിശ്രമത്തിനായി
വള്ളിക്കുടിലും അത്താണികളും ഉണ്ടാക്കി വച്ചിട്ടുണ്ട്.
മരമുകളിൽ വള്ളികെട്ടി ഒരുക്കിയിട്ടുള്ള ഏറുമാടങ്ങളാണ്
മറ്റൊരു ആകർഷണം. നാലഞ്ചു പേർക്ക് ഒരേ സമയം
കയറിയിരിക്കാവുന്ന ഈ ഏറുമാടം വളരെ
ഭംഗിയുള്ളതും ഉറപ്പുള്ളതുമാണ്. മുകളിൽ മുറികളായും
തിരിചിട്ടുള്ളിടത് ഇരിക്കാനും കിടക്കാനും ഉള്ള
സൗകര്യമുണ്ട്.
വള്ളിക്കുടിലും ഏറുമാടവും കണ്ടു യാത്ര മുന്നോട്ട്
പോകുമ്പോൾ വലതു വശത്ത് തെളിനീരുള്ള പുഴയാണ്.
പുഴയിൽ ഇറങ്ങുന്നത് അപകടമായതിനാൽ സൂക്ഷിക്കണം.
എങ്കിലും അല്പം സൂക്ഷിച്ചാൽ ഇറങ്ങി കുളിക്കാവുന്ന
ഇടങ്ങൾ ഉണ്ട്.
കാട്ടിലൂടെ 12 കിലോമീറ്റർ ദൂരമുള്ള ട്രക്കിംഗ് സാധ്യമാണ്.
ഗൈഡുകളുടെ സഹായവും ഇവിടെ ലഭ്യമാണ്.
തൊമ്മൻ കുത്തിൽ ഒന്നിലേറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട്.
ഏഴുനില കുത്ത്(1/2Km) , തേൻകുഴി കുത്ത്(2Km),
ചെകുത്താൻ കുത്ത് (5Km), പളുങ്കൻ കുത്ത്(6Km),
മുത്തി കുത്ത്(7.5Km), നായകം കുത്ത്(9Km),
കൂവമല കുത്ത്(13Km) എന്നീ വെള്ളച്ചാട്ടങ്ങൾ
തൊമ്മൻ കുത്തിനെ കൂടുതൽ മനോഹരമാക്കുന്നു.
രസകരമായ ഗുഹകളും ഉണ്ട് ഈ തൊമ്മൻ കുത്തിൽ.
പ്ലാപൊത്ത് ഗുഹ, പളുങ്കൻ അള്ള്, അടപ്പൻ ഗുഹ,
ഭീമൻ കട്ടിലും കസേരയും, മന്തിക്കാനം അള്ള്,
നരകൻ അള്ള് എന്നിവയാണീ ഗുഹകൾ.
കുരിശുമല(2Km) , ചാഞ്ഞ പാറ (2Km), തൊപ്പി മുടി(5Km) ,
നെല്ലി മുടി (5Km) എന്നിങ്ങനെ മനോഹരമായ
വ്യൂ പോയിന്റുകളും ഉണ്ടിവിടെ.
ഞങ്ങൾ അവിടെ പോയ ദിവസം ആനകൾ ഇറങ്ങിയ
കാരണം ഉൾക്കാടിലേക്ക് അധികം പോകാൻ
ഫോറെസ്റ്റ് ഗാർഡുകൾ സമ്മതിച്ചില്ല.
ഇവിടെയെല്ലാം നടന്നു കാണണമെങ്കിൽ നല്ലൊരു
ഗൈഡിന്റെ സഹായം വേണ്ടി വന്നേക്കും.
കൂടുതൽ ട്രക്കിംഗ് വിവരങ്ങൾ അറിയാൻ ഈ
നമ്പറിൽ ബന്ധപ്പെടുക : 9544343575
ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ,
പ്രമുഖനായ കർഷകനും വേട്ടക്കാരനുമായ
തൊമ്മാച്ചൻ കുരുവിനകുന്നേൽ ആണത്രേ ഈ
വെള്ളച്ചാട്ടം ആദ്യമായി പുറംലോകത്തിനു
കാണിച്ചു കൊടുത്തത്. അങ്ങനെ ഈ സ്ഥലം
തൊമ്മൻ കുത്ത് എന്നറിയപ്പെടുന്നു എന്നൊരു
കഥയും പറഞ്ഞു കേൾക്കുന്നു.
എന്തു തന്നെയായാലും ഇനിയൊരു യാത്ര പ്ലാൻ
ചെയ്യുമ്പോൾ തൊമ്മൻ കുത്തിനെ കൂടെ ലിസ്റ്റിൽ
ചേർക്കാൻ മറക്കണ്ട.
എങ്ങിനെ ഇവിടെ എത്തിച്ചേരാം ?
NH-47 ലെ അങ്കമാലിയിൽ നിന്നും പെരുമ്പാവൂർ വഴി
മൂവാറ്റുപുഴയിൽ എത്തി; അവിടെ നിന്നും മൂന്നാർ
റൂട്ടിലേക്ക് തിരിഞ്ഞു പോത്താനിക്കോട്-പൈങ്ങോട്ടുർ
വഴി വണ്ണപ്പുറം ജംക്ഷനിൽ എത്തി അവിടെ നിന്നും
വലത്തോട്ട് തിരിഞ്ഞ് പിന്നീട് കാണുന്ന ഗുരുദേവ
മന്ദിരത്തിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു 6 km പോയാൽ
തൊമ്മൻ കുത്തിൽ എത്തിച്ചേരാം.
തൊടുപുഴ വഴിയും ഇവിടെ എത്തി ചേരാം, പക്ഷേ
കുറച്ചു ദൂരം കൂടുതാലാണീ റൂട്ട്.
ദൂരം: തൃശൂർ - തൊമ്മൻ കുത്ത് 93Km
ദൂരം: എറണാകുളം - തൊമ്മൻ കുത്ത് 70Km
തൊമ്മൻ കുത്തിൽ നല്ല ഭക്ഷണ ശാലകൾ ഇല്ലാത്തതിനാൽ
ഭക്ഷണം വാങ്ങിച്ചു കൊണ്ടു പോകുന്നത് നല്ലതായിരിക്കും.
സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്
ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം.
തൊമ്മൻ കുത്ത് ടൂറിസം വിവരങ്ങൾക്ക് ഈ നമ്പറിൽ
ബന്ധപ്പെടാം : 9544343575
6 comments:
nice description
താങ്ക്സ്, പോകാം കേട്ടോ
നല്ല ചിത്രങ്ങളും വിവരണവും
കൊള്ളാം തകര്‍ത്തു :-)
വളരെ നന്ദി ചേട്ടായീ...കേരളത്തിലെ മുക്കും മൂലയും നമുക്ക് കീഴടക്കണം...എല്ലാവരും അംഗീകരിക്കുകയും വേണം ആത്മാർഥതയോടെ, ഇതാണ്, ഇത് മാത്രമാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന്...
(കാര്യമൊക്കെ ശരി...എന്നാലും നല്ല നാടാൻ വേനൽ വെയിൽ ഇവിടെ കിട്ടുമ്പോൾ അങ്ങ് ദൂരെ ദൂരെ തൊമ്മൻ കുത്തിലെ വെയിൽ കൊള്ളാൻ പോയത് എന്തായാലും തകർത്തു.)
Very inviting post Sujith :) Its in my list of to-visists!
Post a Comment