May 26, 2013

തുഞ്ചൻ പറമ്പ്

ചിന്തയിലെ കഴിഞ്ഞ ബ്ലോഗായ തൊമ്മൻ കുത്തിന്റെ
വന്യതയിൽ നിന്നും നമുക്ക് മലയാള ഭാഷയുടെ
തിരുമുറ്റത്തേക്ക് ഒരു യാത്ര പോകാം;
വടക്കൻ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരിൽ
സ്ഥിതി ചെയ്യുന്ന തുഞ്ചൻ പറമ്പിലേക്ക്...



മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന
ശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പിറന്ന
മണ്ണിലെക്കൊരു യാത്ര ചിരകാലാഭിലാഷമായിരുന്നു,
പക്ഷെ അതിനൊരു അവസരം കൈവന്നത്
ഈയിടെ മാത്രം.
ഞാൻ ഗ്രാജുവേഷൻ ചെയ്ത കോളേജിലെ,
എഴുത്തുകാരുടെ സംഘം സന്ധ്യ ടീച്ചറുടെ നേതൃത്വത്തിൽ
തുഞ്ചൻ പറമ്പിലെക്കൊരു യാത്ര സംഘടിപ്പിച്ചു.
(ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളും കവിതകളും
എഴുതുന്ന എഴുത്തുകാരിൽ ശ്രദ്ധേയയാണ് ഡോ. ഇ സന്ധ്യ)

പൂർവ്വ വിദ്യാർത്ഥിയായിരുന്ന എന്നെയും ഭാര്യയെയും
ആ യാത്രയിലേക്ക് ക്ഷണിച്ചപ്പോൾ ഒത്തിരി സന്തോഷം
തോന്നി.  12 വിദ്യാർത്ഥികളും 3 അദ്ധ്യാപകരും ഉള്ള 
ആ കൂട്ടത്തിൽ ഞാനും കൃഷ്ണയും ചേർന്നു യാത്രയായി.



തുഞ്ചൻ പറമ്പിലെക്കുള്ള വഴി :
തൃശ്ശൂരിൽ നിന്നും കുന്ദംകുളം വഴി കുറ്റിപ്പുറം എത്തി
അവിടെ നിന്നും തിരൂർ റൂട്ടിൽ പൂങ്ങോട്ട്കുളങ്ങരയിൽ
നിന്നും ഇടത്തേക്ക് തിരിഞ്ഞു 2 Km പോയാൽ തുഞ്ചൻ
പറമ്പിൽ എത്താം.

തുഞ്ചൻ സ്മാരകം :
1964 ൽ ആണ് എഴുത്തച്ഛന്റെ ഓർമ്മയ്ക്കായ് ഈ
സ്മാരകം പണി കഴിപ്പിച്ചത്.
വളരെ കമനീയമായ ഈ സ്മാരകം നല്ല രീതിയിൽ
ഇന്നും പരിപാലിച്ചു പോരുന്നുണ്ട്.
മലയാള ഭാഷയുടെ പിതാവിന്റെ ജന്മഗൃഹം
ഇന്നിവിടെ ഒരു മനോഹര കൽമണ്‍ഡപമായി
നിലകൊള്ളുന്നു.


വിജയദശമി നാളിൽ ഈ കൽമണ്‍ഡപത്തിൽ
വച്ചാണ് ആചാര്യന്മാർ വിദ്യാരംഭം കുറിക്കുന്ന
കുരുന്നുകളുടെ നാവിൻ തുമ്പിൽ ഹരിശ്രീ കുറിക്കുന്നത്.


തുഞ്ചൻ പറമ്പിൽ മനോഹരമായൊരു ശില്പമുണ്ട്.
പിച്ചളയിൽ തീർത്ത തുഞ്ചന്റെ തത്തയും വലിയൊരു
എഴുത്തോലയും. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ
ഓർമ്മയുടെ പ്രതീകമായി ഈ തത്തയും
എഴുത്തോലയും ആണിയും കാണികളിൽ
വിസ്മയംതീർക്കുന്നു.



ശില്പത്തിന് തൊട്ടു  പിറകിലായി ഒരു മണ്ഡപം
കൂടിയുണ്ട്. ശേഷം നടന്നു നീങ്ങിയാൽ നമ്മെ
സ്വാഗതം ചെയ്യുന്നത് ഒരു കുളമാണ്. ഇതിലേക്ക്
ഇന്നാർക്കും പ്രവേശനമില്ല.


ഏക്കറുകളോളം വിഹരിച്ചു കിടക്കുന്ന ഇവിടം,
വിരുന്നുകാർക്ക് ഗൃഹാതുരമായൊരു ഓർമ്മയുടെ
നാട്ടുവഴികളിലൂടെയുള്ളൊരു യാത്രയാണ്.
 
 

 പഞ്ചാര മണലിൽ വൃക്ഷങ്ങൾക്കിടയിലൂടെ
തണലിന്റെ മാറിലൂടെ നമ്മൾ ചെന്നെത്തുന്നത്
ഒരു വായനശാലയിലേക്കാണ്. അക്ഷരങ്ങളുടെ
കൂട്ടുകാർ ഇവിടെ നമ്മളെ കാത്തിരിക്കുന്നു...


വായനശാലയുടെ അടുത്തായി നിലകൊള്ളുന്നത്
ഒരു വിസ്മയമാണ്, "മലയാള ഭാഷാ മ്യൂസിയം" !!!

 

മറ്റൊരിടത്തും കാണാനാവാത്ത, അമൂല്യ ശേഖരമാണ്
ഇവിടെ നമ്മളെ  മലയാള ഭാഷയുടെ
ചരിത്രത്താളുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്...

 


ശീതീകരിച്ച ആ മുറികൾക്കുള്ളിൽ നിറഞ്ഞു
നിൽക്കുന്നത് മലയാളത്തിന്റെ ആർദ്രതയും
സുഗന്ധവുമാണ്. എണ്ണമറ്റ എഴുത്തുകാരുടെ
ചായാ ചിത്രങ്ങളും വിവരണങ്ങളും വളരെ
കമനീയമായി ഒരിക്കിയിട്ടുണ്ട്.

 
 

എഴുത്തച്ഛനും, ഉള്ളൂരും, വള്ളത്തോളും,
ബഷീറും, കുഞ്ഞിരാമൻ നായരും, പൊറ്റെക്കാടും,
ശങ്കപ്പിള്ളയും, തകഴിയും, കമലയും, എം ടി യും
അരുന്ധതിയും, ചുള്ളിക്കാടും, കക്കാടും,
മുകുന്ദനുമെല്ലാം നിറ സാന്നിധ്യമായി
ഇവിടെയുണ്ട്.

 
 
നിരണം കവികളും കൃഷ്ണഗാഥയുടെ ചരിത്രവുമെല്ലാം
ഏതൊരു ഭാഷാ സ്നേഹിയുടെയും മനം കവരും വിധം
ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.


മലയാള അക്ഷരങ്ങളുടെയും അക്കങ്ങളുടെയും
ചരിത്രം പോലും ഇവിടെ നമുക്ക് വായിച്ചെടുക്കാം.




ഓരോന്നിനെ കുറിച്ചും ആവശ്യമെങ്കിൽ വിവരിച്ചു
തരാൻ ഇവിടെയുള്ളവർ സദാ സന്നദ്ധരാണ്.
നിളാ നദിയുടെ ചരിത്ര സംസ്കൃതിയുറങ്ങുന്ന
തീരങ്ങളുടെ ഒരു ദൃശ്യ ചിത്രവും ഇവിടെയുള്ള
തിയ്യറ്ററിൽ പ്രദർശനം ചെയ്യുന്നു.


മ്യൂസിയം കണ്ട് ഇറങ്ങിയാൽ തോട്ടരികിലായി
മലയാള ഭാഷ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നു.
മലയാള ഭാഷയിൽ ഗവേഷണം ചെയ്യുന്നവർക്കും
വിദ്യാർതികൾക്കും ഇവിടം  പ്രയോജനകരമാണ്.


ഒരു വലിയ ഓഡിറ്റോറിയം കൂടി ആ മതിൽ കെട്ടിനകത്തുണ്ട്.
എഴുത്തുകാർക്കുള്ള കോട്ടേജുകൾ ആണ് ഇവിടുത്തെ
മറ്റൊരാകർഷണം. മുൻ‌കൂർ ബുക്ക്‌ ചെയ്‌താൽ
എഴുത്തുകാർക്ക് ഇവിടെ കോട്ടേജുകൾ ലഭ്യമാണ്.
ഞങ്ങളുടെ സംഘം അവിടെ എത്തുന്നു എന്നറിഞ്ഞു,
സന്ധ്യ ടീച്ചറുടെ സുഹൃത്തും എഴുത്തുകാരിയുമായ
ഗിരിജ, ആ കോട്ടേജുകളിലോന്നിൽ ഞങ്ങൾക്ക്
ആതിഥൃമരുളിയത് മറക്കാനാവാത്ത നിമിഷങ്ങള
സമ്മാനിച്ചു.


കഥകളെയും കഥാനുഭവങ്ങളെയും
കുറിച്ച് അവർ സംസാരിച്ചു. യാത്രയിൽ  ഉണ്ടായിരുന്ന
കുട്ടികളും ഇതിൽ പങ്കെടുത്തപ്പോൾ ശരിക്കും
അതൊരു സംവാദ സദസ്സായി മാറി. കുട്ടികൾ
അവരെഴുതിയ കവിതകളും കുറിപ്പുകളും
വായിച്ചു.
കേട്ടിരുന്ന ഞങ്ങൾ മനസ്സിൽ പറഞ്ഞു;
നാളെയുടെ അക്ഷരങ്ങളുടെ ആകാശങ്ങളിൽ
ഇവരൊക്കെ താരകങ്ങളായി മാറുമെന്ന്. അങ്ങനെ
ആവട്ടെയെന്നു ആശംസിക്കുന്നു.

തുഞ്ചൻ പറമ്പിലെ കാഴ്ചകളും കഥകളും കേട്ട്
നടന്നപ്പോൾ സമയം പോയതറിഞ്ഞേയില്ല.
എന്നുമുള്ള കാഴ്ച്ചയുടെ ഉത്സവം കൂടാതെ
എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവിടെ

"തുഞ്ചൻ ഉത്സവം " ആഘോഷിക്കാറുണ്ട്.

 മലയാള ഭാഷയുടെ ഉയർച്ചക്ക് വേണ്ടിയും
നിലനിൽപ്പിനു വേണ്ടിയും ഇത്രയെങ്കിലും
ഉണ്ടെന്നറിയണമെങ്കിൽ ഒരു വേള നിങ്ങളും ഇവിടെ
പോകണം. വരും തലമുറയ്ക്ക് മലയാളത്തിന്റെ
ചരിത്രം അറിയണമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും
ഇവിടെ വരേണ്ടി വന്നേക്കും.


ഭക്ഷണ ശേഷം ഞങ്ങൾ തുഞ്ചൻപറമ്പിൽ  നിന്നും
തിരികെ യാത്രയായി.

യാത്രാ മദ്ധ്യേ ഭാരതപ്പുഴയുടെ തീരങ്ങളിൽ
കുഞ്ഞോളങ്ങളുടെ താളത്തിന് കാതോർത്ത്
നിളാ നദിക്കരയിൽ തോണിയിൽ അൽപനേരം...
അവിടെ ആർക്കും കാഴ്ച്ചയുടെ കണക്കെടുക്കാനുണ്ടായില്ല;
പ്രകൃതിയൊരുക്കിയ മഹാ നദിക്കരയുടെ  തീരത്ത്
ആരോ അടുപ്പിച്ച ആ തോണികളിൽ അലസമായി
ഇരുന്നപ്പോൾ എല്ലാവരുടെ മനസ്സുകളും കാലത്തിനു
സാക്ഷിയാവുകയായിരുന്നു.



ഒടുവിലാ കുഞ്ഞോളങ്ങളോട് യാത്ര പറഞ്ഞു
പോരുമ്പോഴും മനസ്സിൽ നിറയെ
തുഞ്ചനും നിളാനദിയും മാത്രം...

May 22, 2013

തൊമ്മൻകുത്ത്

 

ഇടുക്കി ജില്ലയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടമാണ്
തൊമ്മൻകുത്ത്. തൊടുപുഴയ്ക്കടുത്ത്, സഞ്ചാരികൾക്ക്
വളരെ എളുപ്പം എത്തിചേരാവുന്ന ഈ വിനോദ സഞ്ചാര
കേന്ദ്രം ഞങ്ങൾ ആദ്യം അറിയുന്നത് അഞ്ചു വർഷങ്ങൾക്കു
മുൻപാണ്.

ഇന്നലെ വീണ്ടും, ഞാൻ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും
തൊമ്മൻ കുത്തിലേക്ക്‌ ചെറിയൊരു യാത്ര പോയി.
മുൻ യാത്രയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിരുന്നു
ഇത്തവണത്തേത്. ഓഫീസിലെ ജോലിത്തിരക്കിൽ നിന്നും
അല്പമൊരു മാറ്റത്തിനായി  "തല തണുപ്പിക്കാൻ" വേണ്ടിയാണ്
തൊമ്മൻകുത്തിൽ  എത്തിയതെങ്കിലും ഞങ്ങളെ
നിരാശപ്പെടുത്തും വിധമായിരുന്നു അവിടുത്തെ കാഴ്ച.
വെള്ളം വളരെ കുറവായിരുന്നു.

 
 

നീരൊഴുക്ക്  വേനലിന്റെ കാഠിന്യം വിളിച്ചു
പറയും പോലെ തോന്നി. എങ്കിലും മനസ്സിലെ പ്രതീക്ഷയുടെ
വെള്ളപ്പാച്ചിലിൽ ഞങ്ങൾ തൊമ്മൻ കുത്ത് വനമേഘലയുടെ
ഉള്ളിലേക്ക് പ്രവേശിച്ചു. (10 രൂപയാണ് പ്രവേശന ഫീസ്‌.)



കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ പ്രതീക്ഷിക്കാതെ
കിട്ടിയ അട്ട കടിയുടെ ഓര്മ്മയുള്ളതുകൊണ്ട്
അട്ട നിവാരിണികൾ (പുകയില/ മഞ്ഞൾ ...) കയ്യിൽ
കരുതിയിരുന്നു. ഈറ്റയുളള കാടുകളിൽ അട്ടകൾ
സാധാരണയായി കാണാറുണ്ട്‌.


വെള്ളചാട്ടത്തിനു പുറമേ തൊമ്മൻ കുത്തിൽ ഒട്ടനവധി
കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. ഇന്നിവിടെ വനപാലകർ
നല്ലവണ്ണം പരിപാലിച്ചു പോരുന്നു. കുടുംബമായി
വരുന്നവര്ക്കും സുരക്ഷിതമായി ഇവിടം കണ്ടു മടങ്ങാം.


കാട് കയറുന്ന സഞ്ചാരികൾക്ക് യധേഷ്ട്ടം നടന്നു പോകാവുന്ന
കാട്ടു പാതകൾ ഉണ്ട്. പാതയോരങ്ങളിൽ വിശ്രമത്തിനായി
വള്ളിക്കുടിലും അത്താണികളും ഉണ്ടാക്കി വച്ചിട്ടുണ്ട്.





മരമുകളിൽ വള്ളികെട്ടി ഒരുക്കിയിട്ടുള്ള ഏറുമാടങ്ങളാണ്
മറ്റൊരു ആകർഷണം. നാലഞ്ചു പേർക്ക് ഒരേ സമയം
കയറിയിരിക്കാവുന്ന ഈ ഏറുമാടം വളരെ
ഭംഗിയുള്ളതും ഉറപ്പുള്ളതുമാണ്. മുകളിൽ മുറികളായും
തിരിചിട്ടുള്ളിടത് ഇരിക്കാനും കിടക്കാനും ഉള്ള
സൗകര്യമുണ്ട്.

 
 

വള്ളിക്കുടിലും ഏറുമാടവും കണ്ടു യാത്ര മുന്നോട്ട്
പോകുമ്പോൾ വലതു വശത്ത് തെളിനീരുള്ള പുഴയാണ്.
പുഴയിൽ ഇറങ്ങുന്നത് അപകടമായതിനാൽ സൂക്ഷിക്കണം.
എങ്കിലും അല്പം സൂക്ഷിച്ചാൽ ഇറങ്ങി കുളിക്കാവുന്ന
ഇടങ്ങൾ ഉണ്ട്.

കാട്ടിലൂടെ 12 കിലോമീറ്റർ ദൂരമുള്ള ട്രക്കിംഗ് സാധ്യമാണ്.
ഗൈഡുകളുടെ സഹായവും ഇവിടെ ലഭ്യമാണ്.
 തൊമ്മൻ കുത്തിൽ ഒന്നിലേറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട്.
ഏഴുനില കുത്ത്(1/2Km) , തേൻകുഴി കുത്ത്(2Km),
ചെകുത്താൻ കുത്ത് (5Km), പളുങ്കൻ കുത്ത്(6Km),
മുത്തി കുത്ത്(7.5Km), നായകം കുത്ത്(9Km),
കൂവമല  കുത്ത്(13Km) എന്നീ വെള്ളച്ചാട്ടങ്ങൾ
തൊമ്മൻ കുത്തിനെ കൂടുതൽ മനോഹരമാക്കുന്നു.


രസകരമായ ഗുഹകളും ഉണ്ട് ഈ തൊമ്മൻ കുത്തിൽ.
പ്ലാപൊത്ത് ഗുഹ, പളുങ്കൻ അള്ള്‌, അടപ്പൻ ഗുഹ,
ഭീമൻ കട്ടിലും കസേരയും, മന്തിക്കാനം അള്ള്‌,
നരകൻ അള്ള്‌ എന്നിവയാണീ ഗുഹകൾ.

കുരിശുമല(2Km) , ചാഞ്ഞ പാറ (2Km), തൊപ്പി മുടി(5Km) ,
നെല്ലി മുടി (5Km) എന്നിങ്ങനെ മനോഹരമായ
വ്യൂ പോയിന്റുകളും ഉണ്ടിവിടെ.


ഞങ്ങൾ അവിടെ പോയ ദിവസം ആനകൾ ഇറങ്ങിയ
കാരണം ഉൾക്കാടിലേക്ക് അധികം പോകാൻ
ഫോറെസ്റ്റ്‌ ഗാർഡുകൾ സമ്മതിച്ചില്ല.


ഇവിടെയെല്ലാം നടന്നു കാണണമെങ്കിൽ നല്ലൊരു
ഗൈഡിന്റെ  സഹായം വേണ്ടി വന്നേക്കും.
കൂടുതൽ  ട്രക്കിംഗ് വിവരങ്ങൾ അറിയാൻ ഈ
നമ്പറിൽ ബന്ധപ്പെടുക : 9544343575


ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ,
പ്രമുഖനായ കർഷകനും വേട്ടക്കാരനുമായ
തൊമ്മാച്ചൻ കുരുവിനകുന്നേൽ  ആണത്രേ ഈ
വെള്ളച്ചാട്ടം  ആദ്യമായി പുറംലോകത്തിനു
കാണിച്ചു കൊടുത്തത്. അങ്ങനെ ഈ സ്ഥലം
തൊമ്മൻ കുത്ത് എന്നറിയപ്പെടുന്നു എന്നൊരു
കഥയും പറഞ്ഞു കേൾക്കുന്നു.

എന്തു തന്നെയായാലും ഇനിയൊരു യാത്ര പ്ലാൻ
ചെയ്യുമ്പോൾ തൊമ്മൻ കുത്തിനെ കൂടെ ലിസ്റ്റിൽ
ചേർക്കാൻ മറക്കണ്ട.

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 ലെ അങ്കമാലിയിൽ നിന്നും പെരുമ്പാവൂർ വഴി
മൂവാറ്റുപുഴയിൽ എത്തി; അവിടെ നിന്നും മൂന്നാർ
റൂട്ടിലേക്ക് തിരിഞ്ഞു പോത്താനിക്കോട്-പൈങ്ങോട്ടുർ
വഴി വണ്ണപ്പുറം ജംക്ഷനിൽ എത്തി അവിടെ നിന്നും
വലത്തോട്ട് തിരിഞ്ഞ് പിന്നീട് കാണുന്ന ഗുരുദേവ
മന്ദിരത്തിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു 6 km പോയാൽ
തൊമ്മൻ കുത്തിൽ എത്തിച്ചേരാം.

തൊടുപുഴ വഴിയും ഇവിടെ എത്തി ചേരാം, പക്ഷേ
കുറച്ചു ദൂരം കൂടുതാലാണീ റൂട്ട്.

ദൂരം: തൃശൂർ - തൊമ്മൻ കുത്ത് 93Km
ദൂരം: എറണാകുളം - തൊമ്മൻ കുത്ത് 70Km


തൊമ്മൻ കുത്തിൽ നല്ല ഭക്ഷണ ശാലകൾ ഇല്ലാത്തതിനാൽ
ഭക്ഷണം വാങ്ങിച്ചു കൊണ്ടു  പോകുന്നത് നല്ലതായിരിക്കും.
സെപ്റ്റംബർ മുതൽ മാർച്ച്‌ വരെയുള്ള മാസങ്ങളാണ്
ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം.

തൊമ്മൻ കുത്ത് ടൂറിസം വിവരങ്ങൾക്ക് ഈ നമ്പറിൽ
ബന്ധപ്പെടാം :  9544343575