February 07, 2013

ബാവുല്‍


ബാവുല്‍ എന്നത് ബംഗാളിലെ ഒരു സംസ്കൃതിയും ഒരു സംഗീതശാഖയുമാണ്‌.
ഇന്ത്യയില്‍ നിന്നും ലോക പ്രശസ്തമായ ബാവുല്‍ സംഗീതത്തെ കുറിച്ചും,
അതെനിക്ക് പരിചയപ്പെടുത്തിയ ഒരു പുസ്തകത്തെപ്പറ്റിയുമാണ് ഈ ബ്ലോഗ്‌.

ഗ്രാമീണ ഇന്ത്യയിലെ നാടോടി ഗായകരായ
ബാവുലുകളോടൊപ്പം ഒരു ദേശാടനം...


വിശാലമായൊരു വായനാ ശീലമൊന്നും എനിക്കില്ലെങ്കിലും
ഞാന്‍ അത്യാവശ്യം വല്ലപ്പോഴും വായിച്ചിരുന്നു; കുറച്ചുകാലം മുന്‍പ് വരെ.
മടി പിടിച്ച് ആ നല്ല ശീലം ഞാനായിട്ട് നഷ്ട്ടപ്പെടുത്തിക്കൊണ്ടിരുന്ന കാലത്താണ്
കോട്ടയത്ത്‌ നിന്നും എന്നെ കാണാന്‍ വന്നൊരു സുഹൃത്ത്‌ (അനൂപ്‌ എബ്രഹാം)
ഈ പുസ്തകം സമ്മാനിച്ചത്‌.


"ബാവുല്‍ - ജീവിതവും സംഗീതവും "
(BAUL: THE HONEY GATHERERS)
പ്രസിദ്ധീകരണം : മാതൃഭൂമി ബുക്ക്സ് (2012 October)



എഴുത്തുകാരിയെപ്പറ്റി  : 


ഷില്ലോങ്ങില്‍ ജനിച്ച മിലു സെന്‍ എന്ന വിവര്‍ത്തകയും സംഗീതജ്ഞയുമാണ്
ഈ പുസ്തകം എഴുതിയിരിക്കുന്നത്. പബന്‍ ദാസ് ബാവുലിനൊപ്പം പരിപാടികള്‍
അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ സംഘത്തെ ലോകമെങ്ങും
നയിക്കുകയും ചെയ്യുന്നു. 1969 മുതല്‍ ഇന്ത്യയിലും ഫ്രാന്‍സിലുമായി ജീവിതം.


ബാവുലുകള്‍ :
ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാല്‍നടയായി അലഞ്ഞു നടക്കുന്ന
നാടോടി ഗായകരാണ് ബാവുലുകള്‍. മേളകളിലേക്കും ഉത്സവങ്ങളിലേക്കും
അവര്‍ ചേക്കേറുന്നു. "വാതുല" എന്ന വാക്കില്‍ നിന്നാണ് "ബാവുല്‍"
എന്ന വാക്ക് രൂപം കൊണ്ടത്‌. കാറ്റിന് അധീനപ്പെട്ടവര്‍ എന്നാണിതിനര്‍ത്ഥം.
കാറ്റിനൊപ്പം അലയുന്നവര്‍; ബാവുലുകളുടെ സഞ്ചാരഗതികളുടെ
സ്വഭാവത്തെ അത് സൂചിപ്പിക്കുന്നു. വൈഷ്ണവരും സൂഫികളും
ഇടകലര്‍ന്നുള്ള ഈ നാടോടി ഗണത്തിന്റെ ഗാനങ്ങള്‍ ആഴത്തില്‍
സ്പര്‍ശിക്കുന്നവയാണ്, വരികള്‍ ഹൃദയത്തെ നീറ്റുന്നവയുമാണ്;

നിഗൂഡ വശ്യതയുള്ള പാട്ടുകള്‍.

നീണ്ട് അയഞ്ഞ പല വര്‍ണ്ണങ്ങളിലുള്ള നീളന്‍ കുപ്പായങ്ങളാണ്
ബാവുലുകള്‍ ധരിക്കുന്നത്. "അല്‍ഖല്ല" എന്നാണതിന്റെ പേര്.


 
കൈ കൊണ്ട് തടിയിലും കളിമണ്ണിലും നിര്‍മ്മിച്ച, ലളിതമായ സംഗീത
ഉപകരണങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. തങ്ങളുടെ
വിഭ്രാന്തമായ താളങ്ങള്‍ അവരതില്‍ രൂപപ്പെടുത്തുന്നു.
പ്രകൃതിയുടെയും കാമനകളുടെയും വിരുദ്ധാവസ്ഥകള്‍
ആ പാട്ടുകളില്‍ നിറയുന്നു.

THE HONEY GATHERERS
ബാവുല്‍ സംഗീതമഴ തേടിയലഞ്ഞ്...
ബാവുലുകളുടെ കഥ പറയുന്നതോടൊപ്പം ഗ്രന്ഥകര്‍ത്താവായ മിലു സെന്നിന്റെ
ജീവിതവും ഈ താളുകളില്‍ നിറയുന്നു.
കോല്‍ക്കത്ത ജയിലില്‍ ഒരു രാത്രിയില്‍ ബാവുല്‍ സംഗീതത്തിന്റെ
നേര്‍ത്ത ഭാവമാധുരി മിലുവിനെ തേടിയെത്തി. ജയില്‍ രാത്രികളില്‍ അവര്‍
ആ സംഗീതത്തിനായി പിന്നെയും പിന്നെയും കാതോര്‍ത്തു.
പിന്നീട് പാരീസില്‍ വച്ച് അസാധാരണമായൊരു  കുടുംബ ജീവിതത്തിനിടയില്‍
ബാവുലുകള്‍ അവരുടെ ജീവിതത്തിലേക്ക് അലഞ്ഞെത്തി.
ബാവുല്‍ ജീവിത്തത്തിന്റെയും സംഗീതത്തിന്റെയും അന്വേഷണ വഴികളിലൂടെ
അവര്‍ അലഞ്ഞു തുടങ്ങി. ഈ അലച്ചില്‍ ബാവുല്‍ സംഗീതമധു
തേടിയുള്ളതായിരുന്നു.



ബാവുല്‍ സംഗീതത്തിന്റെയും ജീവിതത്തിന്റെയും ഇതുവരെ എഴുതപ്പെടാത്ത
ഒരദ്ധ്യായമാണ് എനിക്ക് മുന്‍പില്‍ ഈ പുസ്തകം തുറന്നു തന്നത്. ഒരു
സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായ ഈ സംഗീതത്തെക്കുറിച്ച് കൂടുതല്‍
അന്വേഷിച്ചപ്പോഴാണ് അതിന്റെ പ്രചാരത്തെക്കുറിച്ച് അറിയാനായത്.
അലഞ്ഞ് നടക്കുന്ന ബാവുലുകള്‍ ഒരേ സമയം നാടോടി ഗായകരും
അര്‍ദ്ധ സന്ന്യാസികളുമാണ്, സെന്‍ ബുദ്ധിസത്തിന്റെ അലയടികളും
ഇവരില്‍ പ്രകടമത്രേ! ഈ അന്വേഷണത്തിന്റെ കണ്ടെത്തലായിരുന്നു
രവീന്ദ്രനാഥ ടാഗോറും ബാവുല്‍ സംഗീതവും തമ്മിലുള്ള ഗാഡമായ
ബന്ധം. ബാവുല്‍ സംഗീതത്തിന്റെ ഒരു വക്താവായിരുന്നു ടാഗോര്‍.
വെറുമൊരു നാടോടി സംഗീതത്തില്‍ നിന്നും രവീന്ദ്ര സംഗീതമായി
അത് പരിണമിച്ചപ്പോള്‍ ബാവുല്‍ സംഗീതത്തിന് പുതിയൊരു
തലം കൈവന്നു; അവ കൂടുതല്‍ സ്വീകാര്യമായി. കല്‍ക്കത്തയിലെ
പ്രസിദ്ധമായ ശാന്തിനികേതന്‍ അതിന് വേദിയൊരുക്കുകയും
ചെയ്തു. ബാവുല്‍ മേളകള്‍ രാജ്യത്തിനകത്തും പുറത്തും നടന്നു വരുന്നു.
ഇതുവരേയും ബാവുല്‍ പാട്ടുകള്‍ കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും കേട്ടു നോക്കൂ,
നെറ്റില്‍ നിന്നും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടും.


വിസ്മയാവഹമായ ഗദ്യത്തില്‍ രചിക്കപ്പെട്ട ഈ പുസ്തകം ബാവുലുകളുടെ
പ്രാചീന ജീവിതത്തിന്റെ നിഗൂഡലോകത്തേക്ക്  നോക്കാനുള്ള ഒരു
താക്കോല്‍ പഴുതാണ്. THE HONEY GATHERERS ന്
മലയാള പരിഭാഷ നല്‍കിയ മാതൃഭൂമി ബുക്സിന് ഒത്തിരി നന്ദിയുണ്ട്.
ഒപ്പം, ചെറിയൊരു ഇടവേളക്ക് ശേഷം അക്ഷരമധു തേടിയുള്ള എന്റെ
യാത്രകള്‍ക്ക് ആക്കം കൂട്ടിയ ഈ പുസ്തകം എനിക്ക് സമ്മാനിച്ച അനൂപിനും.
അതെ, പുസ്തകത്താളുകളിലൂടെ അക്ഷരങ്ങള്‍ക്കൊപ്പം അലഞ്ഞ്
നടക്കുമ്പോള്‍ നമ്മുടെ മനസ്സും അറിയാതെ ഒരു നാടോടിയെപ്പോലെയാകുന്നു...

4 comments:

Khader Pattepadam said...

നന്ദി,മി.സുജിത്ത്. ഈ പുസ്തകം കഴിഞ്ഞ ദിവസം എന്റെ കൈകളിലൂടെ കടന്നുപോയി. വായിക്കാൻ കഴിഞ്ഞില്ല. തീർച്ചയായും ഉടനെ വായിക്കും.

Unknown said...

Sujith chetta superbbb.....

നീലക്കുറിഞ്ഞി said...

ബാവുലുകളെ കുറിച്ചും ബാവുല്‍ സംഗീതശാഖയെ കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും അവരുടെ ആത്മ സത്തയെ അറിയാനായത് സുജിത്തിന്റെ ഈ മനോഹര വിവരണത്തിലൂടെ...നന്ദി.ജിത്തു...

JITHU (Sujith) said...

ഖാദര്‍ സാര്‍, ഈ പുസ്തകം ഇപ്പോള്‍ കയ്യിലുണ്ട്. ആവശ്യമെങ്കില്‍
ഞാന്‍ എത്തിക്കാം. വിളിച്ചാല്‍ മതി.

ബിനുവിനും നീലക്കുറിഞ്ഞിക്കും നന്ദി...