August 20, 2012

അത്തപ്പൂത്തറ

വീണ്ടും ഒരോണം വരവായി, ഓണത്തിന് നാന്ദി കുറിച്ചുകൊണ്ട് നാളെ അത്തം.
പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം കോമ്പോസിഷന്‍ എഴുതിയത് ഓര്‍ക്കുന്നില്ലേ?
"ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്. അത്തം മുതല്‍ പത്തു ദിവസം
ഏവരും മുറ്റത്ത്‌ പൂക്കളമൊരുക്കി മാവേലി തമ്പുരാനെ വരവേല്‍ക്കും..." എന്നൊക്കെ
കുത്തിപ്പിടിച്ച്  എഴുതിയത് നമുക്കോര്‍മ്മ കാണും, അല്ലേ?

മലയാളം കൊല്ലവര്‍ഷം 1188 ലെ ചിങ്ങമാസത്തിലെ അത്തം നാളെയാണ്.
നമ്മളെല്ലാവരും മുറ്റത്ത്‌ പൂക്കളമിടാനും തയ്യാറായി ഇരിക്കയാവും, അല്ലാത്തവര്‍
വേഗം തയ്യാറായിക്കോളൂ.

എങ്ങനെയാണ് ഓണപ്പൂക്കളം ഇടേണ്ടത്?
നാമെല്ലാവരും ഇന്ന് ഇന്‍സ്റ്റന്റ് ആണ്, പെട്ടെന്ന് കാര്യങ്ങള്‍ ചെയ്തു
തീര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഇക്കാലത്ത് എന്റെയീ ബ്ലോഗിന് എത്ര പ്രസക്തിയുണ്ടെന്ന്
എനിക്കറിയില്ല. എങ്കിലും എന്റെ അറിവിലെ അത്തപ്പൂക്കള തറ ഒരുക്കുന്ന രീതി
പറയാന്‍ ശ്രമിക്കുകയാണ്.


മുറ്റത്ത്‌ പൂക്കളമിടുമ്പോള്‍ ഇടുന്ന ഇടം പ്രത്യേകം ഒരുക്കണം.
പൂവിടുന്നത്, ഐശ്വര്യത്തിന്റെയും നന്മയുടെയും  പ്രതീകമായ ഓണത്തപ്പനെ
വരവേല്‍ക്കാനാണ് ; അതിനാല്‍ അത്തപ്പൂക്കളം നാം സാധാരണ ചവിട്ടി
നടക്കാറുള്ള മണ്ണിലോ തറയിലോ ടയിലിലോ ഇടരുത്. പ്രത്യേകമായി
ഒരു തറ ഒരുക്കി വെള്ളം തളിച്ച് അതില്‍ ചാണകമെഴുതി പൂവിടണം.

സാധാരണയായി വീടുപണിക്ക് ഉപയോഗിക്കുന്ന, വേവിച്ചെടുത്ത മണ്ണിന്റെ
കട്ട ഉപയോഗിച്ച് ചതുരാകൃതിയില്‍ നിരത്തിവച്ച്  പൂത്തറ ഉണ്ടാക്കാം.
ശേഷം അതിന്റെ പ്രതലം മണ്ണും വെള്ളവും കൂട്ടിക്കുഴച്ചു തേച്ചു പിടിപ്പിച്ച്
നിരപ്പാക്കി എടുക്കണം. ഇതിനു പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മണ്ണിനു
ഒരു പ്രത്യേകതയുണ്ട്. കുനിയന്‍ ഉറുമ്പുകള്‍ കൂടുകൂട്ടുന്ന മണ്‍പുറ്റ്  കണ്ടിട്ടില്ലേ?

 
 
 

നല്ല പശയുള്ള, കല്‍-കരടുകളേതുമില്ലാത്ത ഈ നല്ലയിനം മണ്ണ് ആണ്
ഇതിനു ഏറ്റവും ഉചിതം. ചിങ്ങമാസമാവുമ്പോള്‍ മാവിന്റെയും
പ്ലാവിന്റെയുമൊക്കെ കടയ്ക്കല്‍ ചെന്ന് നോക്കിയാല്‍ സംഭവം കിട്ടും.
ആവശ്യത്തിനു എടുത്തു കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച്ചാല്‍ നല്ല
ഉറപ്പുള്ള നിലമുണ്ടാക്കാന്‍ കഴിയും ഈ മണ്ണിന്.

 


നേരത്തെ ചതുരാകൃതിയില്‍ ഉണ്ടാക്കിവച്ച മണ്‍ കട്ടയുടെ മുകളില്‍
ഈ മിശ്രിതം തേച്ചു നല്ല മിനുസമാക്കിയ ശേഷം ഉണങ്ങാന്‍ അനുവദിക്കുക.

 

നല്ലപോലെ ഉണങ്ങിയ ശേഷം പശുവിന്റെ ചാണകം തറയുടെ മുകളില്‍  
മെഴുകി എടുക്കുന്നതോടെ അത്തപ്പൂത്തറ തയ്യാറായി.
ഇനി പൂവിടുകയെ വേണ്ടൂ.

നാളെ അത്തമായി, ഇനിയും ഓണമാഘോഷിക്കാന്‍ ഒരുങ്ങിയിട്ടില്ലാത്തവര്‍
വേഗം പൂത്തറ ഒരുക്കിക്കോളൂ... നമുക്കാഘോഷിക്കാം നന്മയുടെ പൂത്തിരുവോണം !

എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍ !!!

4 comments:

Anonymous said...

thanks chetta

Anonymous said...

thanks chetta

NAVYA said...

THANK YOU.

JITHU (Sujith) said...

വിപിനും നവ്യക്കും; നന്ദി...