April 24, 2016

അത്താണി

കേരളത്തിന്റെ ഒട്ടു മിക്ക ഇടങ്ങളിലും അത്താണി
എന്ന പേരിൽ ഒരു സ്ഥലം ഉണ്ടെന്നു തോന്നുന്നു.
ഇല്ലേ, നിങ്ങളുടെ വീടിന്റെ അടുത്തും അത്താണി
എന്നൊരിടം ഒരുപക്ഷേ ഉണ്ടായേക്കും.


പണ്ടുകാലത്ത്, തലയിൽ ചുമട് താങ്ങി നടന്നിരുന്ന
ആളുകൾക്ക് പരസഹായമില്ലാതെ ചുമട്;
ഉയർത്തിക്കെട്ടിയ ഒരിടത്ത് താങ്ങിയിറക്കി
അൽപം വിശ്രമിച്ച ശേഷം വീണ്ടും തലയിലേറ്റി
യാത്ര തുടരാവുന്ന ഒരു സംവിധാനമായിരുന്നു
അത്താണികൾ. അതുകൊണ്ട് ഇത്തരം അത്താണികൾ
ഉണ്ടായിരുന്ന സ്ഥലങ്ങളെല്ലാം "അത്താണി" എന്ന പേരിൽ
അറിയപ്പെടുന്നു എന്നാണ് എന്റെ ഊഹം.

എന്തു തന്നെയായാലും, അത്താണി എന്നപേരിൽ
ഇന്ന്എല്ലാ ജില്ലകളിലും ഒട്ടനവധി സ്ഥലങ്ങൾ ഉണ്ട്.
പലയിടത്തും യാത്രയ്ക്കിടെ പോയിട്ടുണ്ടെങ്കിലും
ഒരിടത്ത് മാത്രമേ അത്താണിയുമായി  ബന്ധപ്പെട്ട് ഒരു
ശിൽപം കണ്ടിട്ടുള്ളൂ.
പലതവണ ആ വഴിയിലൂടെയുള്ള യാത്രകളിൽ
കണ്ണുടക്കിയ ഒരു ശില്പമാണീ ബ്ലോഗിനാധാരം.
എറണാകുളം ജില്ലയിൽ, NH-47 ൽ അങ്കമാലിക്കടുത്ത്
(നെടുമ്പാശ്ശേരി സ്റ്റോപ്പ്‌) ഹൈ വേയിൽ നിന്നും
കണ്ണൊന്ന് ആഞ്ഞു നോക്കിയാൽ കാണാം ഈ കാഴ്ച.
അതും പേരിനെ വിളിച്ചോതുന്ന മനോഹരമായൊരു ശിൽപം.




ശിൽപം : അത്താണി
തലച്ചുമട് ഒരു അത്താണിയിൽ ചാരി വച്ച് വിശ്രമിക്കുന്ന
വഴിപോക്കൻ.
--------------------------------------------------------------------------

ഈ അത്താണി എന്ന വാക്കിന് നമ്മുടെ ജീവിതവുമായി
വളരെ ബന്ധമില്ലേ?
വഴിയോരത്ത് എന്നപോലെ തന്നെ ജീവിതയാത്രയിലും
എത്രയെത്ര അത്താണികൾ !!!

സ്നേഹത്തിന്റെ അത്താണികൾ,
കരുതലിന്റെ, പ്രണയത്തിന്റെ, നന്മയുടെ,സുരക്ഷയുടെ...

പല അത്താണികൾ അറിഞ്ഞും അറിയാതെയും ജീവിതത്തിൽ
കടന്നു പോകുന്നു.




പണത്തിനു ബുദ്ധിമുട്ട് വരുമ്പോൾ എളുപ്പം ചോദിക്കാവുന്ന
നല്ല സുഹൃത്തുക്കളും ബന്ധുക്കളും എന്നും ചിലർക്ക്
അത്താണികളാണ്. നിവൃത്തിയില്ലാതെ അവസാന നിമിഷത്തിൽ
പണം തരുന്ന ബ്ലേഡ്കാരനനും "അന്നത്തെ" അത്താണിയാവുന്നു.

ഇടയ്ക്കെപ്പോഴോ അച്ഛനെയോ അമ്മയെയോ പാതിവഴിൽ
നഷ്ട്ടപ്പെടുന്നവർ അറിഞ്ഞിട്ടുണ്ടാവും; കുടുംബത്തിന്റെ
അത്താണികൾ ആരായിരുന്നു എന്ന്.

കൊതിച്ച സമയങ്ങളിൽ സ്നേഹം പകുത്തു നൽകിയവർ
അന്നാളുകളിലെ സ്നേഹത്തിന്റെ അത്താണികളാവുന്നു.

അമ്പലങ്ങളും പള്ളികളും ആരാധനാ മൂർത്തികലും
അത്താണികളാണ്.വിശ്വാസത്തിന്റെ അത്താണികൾ.

ചിലർക്ക് മദ്യവും മദ്യ ശാലകളും അത്താണികളാവുന്നു.

നേരം പോക്കാനില്ലാത്തവർക്ക് സിനിമകൾ അത്താണികൾ.

മക്കൾ അകലെയാകുമ്പോൾ, ഫ്ലാറ്റിൽ തനിച്ചിരിക്കുന്ന വയസ്സായ
അച്ഛനമ്മമാരുടെ അത്താണി എന്നത് വല്ലപ്പോഴും കിട്ടുന്നൊരു
ഫോൺ കോൾ മാത്രമാവാം...

എഴുത്തുകാർക്ക് അക്ഷരങ്ങളും ചിന്തകളും അത്താണികൾ.

യാത്രകൾ, കവിതകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ, ഇന്റർനെറ്റ്‌,
സോഷ്യൽ മാധ്യമങ്ങൾ...

അങ്ങനെയങ്ങനെ എത്രയെത്ര അത്താണികൾ...

നമുക്ക് ജീവിതത്തിൽ അത്താണികളായി നിൽക്കുന്നവരെ
നാം ആദ്യം തിരിച്ചറിഞ്ഞേക്കില്ല.ഒരുപക്ഷേ അവരുടെ
വിയോഗത്തിന് ശേഷം അല്ലെങ്കിൽ അസാന്നിധ്യത്തിൽ
ആവും ഒരു തിരിച്ചറിവ് ഉണ്ടാകുന്നത്;
അവർ നമ്മുടെ അത്താണികൾ ആയിരുന്നു എന്ന്.




നമുക്കെത്ര അത്താണികൾ എളുപ്പം കണ്ടെത്താനാവും,
ലിസ്റ്റ് നിരത്തി വയ്ക്കാം.
പക്ഷേ നമ്മൾ ആർക്കൊക്കെ അത്താണികൾ ആവുന്നു എന്ന്
ചിന്തിച്ചിട്ടുണ്ടോ? അവിടെയും ഒരു ലിസ്റ്റ് ഉണ്ടാക്കാനായാൽ
നമ്മുടെയൊക്കെ ജീവിതത്തിന് ഒരു മൂല്യമുണ്ട്.

മറക്കാതിരിക്കാം; ഇന്നലെകളിൽ നമുക്ക് അത്താണികളായി
നിന്നവരെ.
ആവാൻ ശ്രമിക്കാം; സ്വ ജീവിതം കൊണ്ട് മറ്റുള്ളവർക്ക്
അത്താണികളാവാൻ.

തുടക്കത്തിൽ പറഞ്ഞ പോലുള്ള ശിൽപങ്ങൾ
മനസ്സിലുണ്ടാവട്ടെ, മറ്റുള്ളവരുടെ മനസ്സിലും;
അവയ്ക്ക് നിങ്ങളുടെ ഛായയും ആയിരിക്കട്ടെ.

[വല്ലപ്പോഴും എന്തെങ്കിലും കുത്തിക്കുറിക്കാൻ
എനിക്കുള്ളോരു അത്താണിയാണ്, ഈ ബ്ലോഗ്‌.]
:)

February 26, 2016

മച്ചാട് മാമാങ്കം

പൊയ്ക്കുതിരകളുടെയും പറപ്പുറപ്പാടിന്റെയും
നാട്ടുത്സവമായ കുതിരവേലയുടെ
വിശേഷമാണ് ഈ ബ്ലോഗ്‌.


മച്ചാട് മാമാങ്കം - കുതിര വേല

പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലെ
വടക്കാഞ്ചേരിക്കടുത്ത് തെക്കുംകര പഞ്ചായത്തിൽ
മച്ചാട് എന്ന ദേശത്ത് വർഷം തോറും കുംഭ മാസത്തിൽ
നടത്തിവരുന്ന കുതിര വേലയാണ് മച്ചാട് മാമാങ്കം
എന്നറിയപ്പെടുന്നത്.

സാധാരണ ഉത്സവങ്ങൾ ഒരു ദേശത്ത് മാത്രം ഒതുങ്ങി
നിൽക്കുമ്പോൾ, ഈ കുതിര വേല, മച്ചാട് എന്ന പ്രദേശത്തെ
ആറ് ഗ്രാമങ്ങൾ ജാതി മത ഭേദമന്യെ ഒന്നിച്ചാണ് ആഘോഷിക്കുന്നത്.

കുതിരകൾ;  ഓരോ ദേശങ്ങളായ
വിരുപ്പാക്ക, പർളിക്കാട്, മംഗലം, മണലിത്തറ, കരുമത്ര
എന്നീ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു.
പൂരത്തിന് സാരഥ്യം വഹിക്കുന്ന ദേശക്കാർക്ക്
രണ്ടു ദേശക്കുതിരകളും ഒരു കുട്ടിക്കുതിരയുമുണ്ട്.


കൊടുങ്ങല്ലൂർ ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വസിക്കുന്ന
തിരുവാണികാവ് അമ്പലത്തിലും ചേർന്ന് കിടക്കുന്ന
വിശാലമായ പാടത്തുമാണ് വേല ആഘോഷിക്കുന്നത്.
കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ച തുടങ്ങി പിന്നീട്
വരുന്ന ബുധനാഴ്ച വരെയാണ് വേല.


വേലയ്ക്കു ഏഴു ദിവസം മുൻപേ ക്ഷേത്രത്തിന്റെ ഇരുവശത്തും
മുളകൊണ്ട് പ്രത്യേക രീതിയിൽ മെടഞ്ഞുണ്ടാക്കിയ
കവാടങ്ങൾ സ്ഥാപിക്കും. കാവ് കൂറയിടൽ എന്ന ഈ
ചടങ്ങ് കഴിഞ്ഞാൽ പിന്നെ പറയ്ക്ക് പോവുന്ന
എടുപ്പന്മാർക്ക് വൃതമാണ്.

കുതിരയെഴുന്നള്ളിപ്പും, കുതിരച്ചാട്ടവും, പറയെടുപ്പും ആണ്
ഈ വേലയുടെ പ്രധാന ചടങ്ങുകൾ എന്ന് പറയാം.
പണം കൊടുത്ത്
വാദ്യ മേള ഗജ വീരന്മാരെയും,
ഗാനമേള മറ്റു മെഗാ ഷോകളും നടത്തി,
നാട്ടുകാർ വെറുതെ കാഴ്ചക്കാരായി നിന്നുള്ള ഉത്സവ
ആഘോഷങ്ങളാണ് പലയിടത്തും കാണാറുള്ളത്‌.
എന്നാലിവിടെ വേലയുടെ ഓരോ ചടങ്ങുകൾക്കും
വിവിധ ദേശക്കാരുടെ നിറഞ്ഞ പ്രാതിനിധ്യമാണ്.
പോയ്ക്കുതിരകൾക്ക് ചേതനയേറ്റുന്ന മനുഷ്യാദ്ധ്വാനത്തിന്റെയും
നിശ്ചയദാർഡ്യത്തിന്റെയും ആർപ്പുവിലികളാണ്
മച്ചാട്കാർക്കെല്ലാം. അക്ഷീണമായ പറയോട്ടത്തിലും
ഗ്രാമത്തിന്റെ യുവതയുടെ ത്യാഗ -വൃത യത്നതിന്റെ
അടയാളപ്പെടുത്തലുകൾ കാണാം.

 കുതിര എന്ന് കേട്ടപ്പോൾ ജീവനുള്ള കുതിരകളാണ്‌ എന്ന്
ധരിച്ചവർക്കു തെറ്റി.
തേക്ക്, പ്ലാവ്, മുള എന്നിവയുപയോഗിച്ച് ദേശവാസികൾ
തന്നെ ഉണ്ടാക്കിയ പൊയ്ക്കുതിരകളാണ് ഈ വേലയുടെ താരങ്ങൾ.

 
തേക്കിന്റെയോ പ്ലാവിന്റെയോ ഫ്രെയിമിനു മുകളിൽ
മുള കൊണ്ടാണ് കുതിരയുടെ കാലുകളും ഉടലും
നിർമ്മിക്കുന്നത്. മുളയൊരുക്കിയ പഞ്ജരത്തിനു മുകളിൽ
വൈക്കോൽ പൊതിഞ്ഞ്, അതിനു മുകളിലായി  വെള്ളത്തുണി
ചുറ്റും.
 

പിന്നെ ആകർഷകമായ വർണ്ണപ്പട്ടും മറ്റ് അലങ്കാരങ്ങളും
ചാർത്തി ഒടുവിലായി തലയും വച്ചാൽ ആരും കൊതിച്ചു
പോകുന്ന വേലക്കുതിരകളായി.

 
 
മച്ചാട് മാമാങ്കത്തിലെ ചൊവ്വാഴ്ചയാണ് കാഴ്ച്ചയുടെ
യാഗാശ്വം തുടങ്ങുന്നത്.

 
 

ഈ ഉത്സവത്തിന്റെ ആഥിധേയരായ പുന്നംപറമ്പ്
വിഭാഗക്കാരുടെ കുതിരകൾ, ഉച്ചയ്ക്ക് മുൻപേ
അമ്പലത്തിൽ നിന്നും പുറപ്പെട്ടു സമീപത്തെ മറ്റൊരു
ക്ഷേത്രമായ കുമരം കിണറ്റുകരയുടെ  പുറകിലെ
കൊയ്ത്തൊഴിഞ്ഞ പാടത്ത് പോയി നിലയുറപ്പിക്കും.
കുട്ടികൾക്ക് എടുക്കാവുന്ന കുഞ്ഞിക്കുതിരകളും ഇക്കൂട്ടത്തിൽ
ഉണ്ടാവും. 


 കുംഭത്തിലെ ആ പൊരിവെയിലിൽ 
മാമാങ്കത്തിലെ അതിഥികൾ ആയ മറ്റ് ആറ്
ദേശക്കുതിരകളെ കാത്ത് നിൽക്കും.
 

ഉച്ചയ്ക്ക് സൂര്യൻ പതിയെ പടിഞ്ഞാറോട്ട് ചായാൻ
ആയുമ്പോൾ, കൊയ്ത്തുപാടതിന്റെ അങ്ങകലെ നിന്നും
വെയിലിൽ ഒരു മിന്നായം പോലെ ഓരോ ദേശക്കുതിരകൾ
വരുന്നത് കാണാം. പതിയെ പതിയെ അത് അടുത്ത് വരും...

 

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ
വിവിധ തരത്തിലുള്ള കുതിരകളും
കഠിന വൃത ഭക്തി വിശ്വാസത്തോടു കൂടിയുള്ള
കുംഭക്കുടങ്ങളും ഹരിജൻ വേലയും അക്കൂട്ടത്തിൽ ഉണ്ട്.




ഏവരും എത്തികഴിഞ്ഞാൽ പിന്നെ ദേശക്കാരെല്ലാം
കുതിരകളെ തോളിലേറ്റി ഓട്ടമാണ്.
കൊയ്ത്തു കഴിഞ്ഞ ആ പാടത്തിലൂടെ വളരെ ദൂരം
ഓടണം, കൂടെ കാഴ്ചക്കാരും.

 
 
ആ ഓട്ടം തിരികെ തിരുവാണിക്കാവിലെ ക്ഷേത്രത്തിൽ
അവസാനിക്കും. എല്ലാ ദേശക്കുതിരകളെയും ആനയിച്ചു നിരത്തി നിർത്തിയാൽ പിന്നെ പഞ്ചവാദ്യം തുടങ്ങുകയായി.


ഏകദേശം 5 മണിയോടെ വാദ്യം കൊട്ടിയിറങ്ങിയാൽ
പിന്നെ കുതിര ചാട്ടമാണ്. അതിനായി ഇമ്മിണി ഉയരത്തിൽ
പ്രത്യേകം കെട്ടിയൊരുക്കിയ പന്തലുണ്ട്.



 കുതിരകൾ ഓരോരുത്തരായി ഭഗവതിയെ പ്രദക്ഷിണം വച്ച്
ദേശക്കാരുടെ ചുമലിൽ ആർപ്പു വിളിയോടെ പന്തലിന്റെ
അടിയിയിൽ തലയുയർത്തി നിൽക്കുംബൊഴെക്കും
ജനങ്ങൾ ആർത്തു വിളിക്കും. അന്നവരുടെ ഹീറോ ഈ
കുതിരകളാണ്‌. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള മംഗലം
എന്ന വെള്ളകുതിരയാണ് പലരുടെയും മനം കവർന്നത്.

 

ചെറുതായി നാവ് പുറത്തേക്കു നീട്ടിയുള്ള മംഗലം
മാത്രമാണത്രേ കൂട്ടത്തിലെ ഏക ആൺ കുതിര.
 


പക്ഷേ മറ്റു പെൺക്കുതിരകളും കുതിരച്ചാട്ടത്തിൽ ഇവന്റെ
മുന്നിൽ കട്ടക്ക് നില്ക്കുന്നുണ്ട്.
പക്ഷേ; തോളിലേറ്റിയ കുതിരകളെ ഉയർത്തിയെറിഞ്ഞ്
പന്തലിന്റെ മുകളിലെ തുണിയിൽ മുട്ടിക്കാനുള്ള
ആരുടേയും ശ്രമം ഫലം കണ്ടില്ല എങ്കിലും, ആ ഏറു
കണ്ടാൽ പൊയ്ക്കുതിരകൾ പറന്നു വരും പോലെ തോന്നും.
അഞ്ചാം ദിവസം ദാരികനെ വധിചെത്തിയ
യുദ്ധ സന്നാഹത്തിന്റെ ആർപ്പുവിളികൾ ആയാണ്
കുതിര വേല ഘോഷിക്കുന്നത് എന്ന് വിശസിക്കുന്നു.


 

ഏതാനും ആവർത്തികളുടെ വിഫല ശ്രമത്തിനു ശേഷം
കുതിരകൾ ചാട്ടം മതിയാക്കി നിരന്നു നിന്നു.


താമസിയാതെ ഇരുട്ട് പരക്കാൻ തുടങ്ങി,
കാതടപ്പിക്കുന്ന വെടിക്കെട്ടും.
ഞാൻ പതുക്കെ കാഴ്ചകളുടെ കുതിരകളിക്ക്
ഇടവേള നൽകി തിരികെ വീട്ടിലേക്കു കൂടണഞ്ഞു.
--------------------------------------------------------------------------

മച്ചാട് മാമാങ്കത്തിന്റെ പറപ്പുറപാടിനെ പറ്റി ചിലതെങ്കിലും
ഇവിടെ കുറിച്ച് വച്ചില്ലെങ്കിൽ വേല വിശേഷം പൂർണ്ണമാവില്ല.

മിത്ത്:
പണ്ട് കൊടുങ്ങല്ലൂർ ഭഗവതിയുടെ തീവ്ര ഭക്തനായ
കൊങ്ങോട്ടു നായർ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ
ഭഗവതിയുടെ ചൈതന്യം അദ്ധേഹത്തിന്റെ ഓലക്കുടപ്പുറത്ത്
യാത്രയാവുകയും, വഴി മദ്ധ്യേ ദിക്ക്ഭ്രമം ബാധിച്ച
നായർ, വഴി തെറ്റി മച്ചാട് എത്തി. അവിടെ വച്ച് ഒരു ഹരിജനം
അദ്ധേഹത്തെ കൈ പിടിച്ചു പാലിശ്ശേരി തറവാട്ടിൽ എത്തിച്ചു.
ഓലക്കുട തറവാടിന്റെ മച്ചിൽ വച്ചു അദ്ധേഹം യാത്രയായി.
പിന്നീട് അരീക്കര ഇല്ലത്തെ ഇളയത് ഈ ഭഗവതിയെ
തൊട്ടടുത്തുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു
എന്ന് വിശ്വസിക്കപ്പെടുന്നു.


കേരളത്തിലെ മറ്റൊരിടത്തും കാണാനിടയില്ലാത്ത പറയെടുപ്പ്
സമ്പ്രദായമാണ് ഈ ദേശത്ത് ഉള്ളത്.

ദേവിയുടെ പ്രതിപുരുഷനായ
അരീക്കര ഇല്ലത്തെ "ഇളയതുകൾ" ആണ് എടുപ്പൻമാരുടെ
തോളിലേറി പറയെടുക്കാനായി വീടു വീടാന്തരം
ഊരു ചുറ്റുന്നത്‌. വേല കൂറയിട്ട നാൾ മുതൽ
വൃതമെടുത്ത ദേശക്കാർ ഈ കൂട്ടത്തിൽ ഉണ്ടാവും.
അതിലധികവും ചെറുപ്പക്കാർ ആണ്. പലരും
ഇതിനു വേണ്ടി ബാംഗ്ലൂർ, ചെന്നൈ എന്നുവേണ്ട പ്രവാസ
ലോകത്ത് നിന്നു പോലും ലീവെടുത്ത് വന്ന് അനുഷ്ട്ടിച്ചു പോരുന്നു.

രാവുകളും പകലുകളും നീണ്ടു നില്ക്കുന്ന അക്ഷീണമായ
പറയെടുപ്പ് ആണ് ഈ നാളുകളിൽ.

വർഷത്തിലൊരിക്കൽ ദേവി ഭവനം സന്ദർശിക്കാനെത്തുന്നു
എന്ന വിശ്വാസത്തിൽ ദേശം മുഴുവനും,
 "ഇളയതിന്റെ" വരവും കാത്ത്
രാവേറെയായാലും നിലവിളക്കിൽ തിരിയിട്ട്
പറയോരുക്കി ഉറങ്ങാതെ കാത്തു നിൽക്കും.


വെളുപ്പ്‌ ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളിലുള്ള
പട്ടു ചേലയാണ് ഇളയത് ധരിക്കുക,
കഴുത്തിൽ ഉണ്ടത്തെച്ചി മാലയിടും.
കാലിൽ ചിലമ്പും കയ്യിൽ വാളുമായി
കുത്തുവിളക്കിന്റെ അകമ്പടിയോടെ; 
എടുപന്മാരുടെ തോളിലേറി;
കൊമ്പ്-കുഴൽ വാദ്യങ്ങളുടെ
നാദവീചിയിൽ ലയിച്ചു നടന്നു നീങ്ങുന്ന
പറയെടുപ്പ് കൂട്ടത്തിന്റെ;
അകലെയൊരു പാടത്ത് നിന്നുള്ള
രാത്രി കാഴ്ച എങ്ങിനെ ഞാനിവിടെ വർണ്ണിക്കും
എന്നെനിക്കറിയില്ല !!!

February 13, 2016

കുന്നോളം ഓർമ്മകൾ


പോയ മാസം വായിച്ച, ഒത്തിരി ഇഷ്ട്ടായ ഒരു പുസ്തകം
ഇവിടെ പരിചയപ്പെടുത്തുകയാണ്.

ഓർമ്മയുടെ മേച്ചിൽ പുറങ്ങൾ തേടിയലയുന്ന,
ദീപാ നിശാന്തിന്റെ പുസ്തകം
"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ"
കൈരളി ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
 


 "ഓർമ്മകൾക്കില്ല ചാവും ചിതകളും,
ഊന്നുകോലും ജരാനരാ ദു:ഖവും !"
                                                                  - വിജയലക്ഷ്മി 


ഒരിക്കൽ  വാട്സ് ആപ്പിൽ "ഇരുപതു രൂപയുടെ" കഥ പറയുന്ന
ഒരദ്ധ്യായം ആരോ അയച്ചു തന്നിരുന്നു. തൃശൂരിലെ
കേരളവർമ്മ കോളേജിലെ ഒരു ടീച്ചറാണ് ഇതെഴുതിയത്
എന്നറിഞ്ഞു; പേര് ദീപാനിശാന്ത്.
കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയകളിലും
ആനുകാലികങ്ങളിലും വളരെ സജീവമായ ഒരു എഴുത്തുകാരി,
ആ നിലയ്ക്കാണ് ഈ പുസ്തകം മറിച്ചു നോക്കിത്തുടങ്ങിയത്.

അന്നീ പുസ്തകം അധികം വായനക്കാരെ തേടിയെത്തിയിട്ടില്ല.
പക്ഷേ ഇന്നലെ; ഒരു കൂട്ടുകാരനു വേണ്ടി ഈ പുസ്തകം വാങ്ങാൻ
ബുക്ക്‌ സ്റ്റാളിൽ പോയപ്പോൾ അറിഞ്ഞു, ഇതിന്റെ
അഞ്ച് പതിപ്പുകൾ രണ്ടര  മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങിയത്രേ.



നല്ല പുസ്തകങ്ങളെ വായനക്കാർ എന്നും സ്വീകരിക്കും.
അതിന് കുറെ ബുദ്ധിജീവികൾ പുകഴ്ത്തി പറയണമെന്നൊന്നുമില്ല;
അക്കാദമി അവാർഡുകളുടെ അകമ്പടിയും ആവശ്യമില്ല.

എന്തുകൊണ്ട് ഈ ചെറിയ(വലിയ) എഴുത്തുകാരിയുടെ
കുഞ്ഞു(വലിയ) പുസ്തകം എനിക്കിത്രമേൽ ഇഷ്ട്ടമായി എന്ന്
പറയാം.

 ഇതൊരു കഥാ പുസ്തകമോ, കവിതയോ, നോവലോ അല്ല.
ടീച്ചറുടെ ഓർമ്മകൾ വളരെ ലാളിത്യത്തോടെ
അക്ഷരക്കൂട്ടുകൾ ചാലിച്ച് കടലാസിൽ വരച്ചു വച്ചിരിക്കുന്നു.
പക്ഷെ അതിൽ സാധാരണക്കാരുടെ മനസ്സിനെ തൊടുന്ന
കഥയുണ്ട്, കവിതയുണ്ട്, നർമ്മ ബോധവുമുണ്ട്.
ബാല്യം മുതൽ കഥാകാരിയുടെ ഇന്നലെകളിൽ കടന്നുപോയ
ഓർമ്മകളുടെ ഭൂതകാലക്കുളിർ ഒരു കുന്നോളമുണ്ട്.
ചിലപ്പോൾ തോന്നും, എങ്ങിനെയാണ് പണ്ടത്തെ
കാര്യങ്ങളൊക്കെ ഇത്ര ഡീറ്റെയിൽ ആയി ഓർത്തെടുക്കാൻ
കഴിയുന്നതെന്ന് !

ഇതിലെ പല സംഭവങ്ങളും എന്റെ കൂടി നാടായ
തൃശൂരിലും പരിസരത്തുമാണ് പ്രതിപാദിക്കുന്നത്.
ബാല്യ കൌമാര വിഹാര രംഗങ്ങളായ ഈ നാടിന്റെ
ഓർമ്മകളിൽ ചേക്കേറി കഥകളുടെ കൂടു കൂട്ടുന്ന
ഏതൊരു നല്ല എഴുത്തുകാരുടെയും അക്ഷരങ്ങൾ
പ്രിയതരമാകാതെ വയ്യ.


ഓരോ കുഞ്ഞു കുഞ്ഞു കഥകളായി, വായനക്കാരന്റെ
ഇഷ്ട്ടാനുസരണം വായിച്ചു തീർക്കാവുന്ന തരത്തിൽ
ഓർമ്മകളെ പുസ്ത ചട്ടകൾക്കുള്ളിൽ അടുക്കി വച്ചിരിക്കുന്നു.
ചിലത് കണ്ണിനെ ഈറനാക്കും; ചിലത് നർമ്മത്തിന്റെ
മേമ്പൊടിയിൽ രസിപ്പിക്കും; സാമൂഹിക ചിന്തകളുണർത്തും,
ചിലപ്പോൾ മനസ്സിലൊരു വിങ്ങൽ ബാക്കി വയ്ക്കും;
അതിബാവുകത്വമില്ലാത്ത ഭാഷ.


പെണ്ണെഴുത്ത്‌ എന്നൊക്കെ പറഞ്ഞു നടക്കുന്ന പേന ഉന്തുകാർ
ഈ ടീച്ചറെ കണ്ടു പഠിക്കണം. അവരുടെ ജീവിതത്തെ സ്പർശിച്ച
എല്ലാരെയും നല്ല ഭാഷയിൽ അവതരിപ്പിച്ചു. ചിലപ്പോൾ
ഒരു ബസ് കണ്ടക്ടർ, വിദ്യാർഥി, സഹപാഠി, സുഹൃത്തുക്കൾ,
ബന്ധുക്കൾ... ഏവരേയും ആദരവോടെ കാണാനും നല്ലൊരു
മനസ്സുവേണം എന്നാണ് എന്റെ ഒരു ഇത്.

ഇവരൊക്കെ ടീച്ചറുടെ ഓർമ്മയുടെ കുന്നുകളിൽ
ഭൂതകാലക്കുളിർ കോരിയിട്ടു കടന്നു കളഞ്ഞവരാണ്.
എന്തിന് പദ്മരാജനും ലാലേട്ടനും വരെ അതിലുണ്ട്.
 ടാങ്കർ ലോറിക്ക് ഇത്ര ഭംഗിയുണ്ടെന്നു മനസ്സിലായത്‌
"മുന്തിരിതോപ്പുകൾ" കണ്ടപ്പോഴാണത്രെ !!!!!


സാമൂഹിക വിഷയങ്ങളിലേക്കും കടന്നു ചെന്നിട്ടുണ്ട്
ചില ഓർമ്മകളിൽ.
കുടയില്ലാതെ പോയ പെൺകുട്ടി,
ജാതി എന്ന ഭീകര സത്വം, ചില വഴി മാറി നടത്തങ്ങൾ,
ടീച്ചറുടെ ഡ്രൈവിംഗ് പഠനം, കുമ്മി നൃത്ത പഠന നാളുകൾ...
അങ്ങനെയങ്ങനെ...
ഓർമ്മകളുടെ മച്ചകത്ത് പട്ടിൽ പൊതിഞ്ഞൊരു പ്രണയവും,
വിരഹവും എല്ലാം ഇതിലുണ്ട്.



എന്നോ മറന്ന കാര്യങ്ങളെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന
ആ നരേഷൻ എടുത്തു പറയാതെ വയ്യ.
അമ്മയോട് ചിലങ്ക വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ
അമ്മയുടെ മറു ചോദ്യം,
" മുറ്റടിച്ചാ ?"
നോവും ചിരിയും വന്നു ഇത് വായിച്ചപ്പോൾ.
ജലം കൊണ്ട് മുറിവേൽക്കുന്ന ഈ ഓർമ്മകളുടെ
 കഥാംശങ്ങൾ കൂടുതൽ ഇവിടെ വിവരിച്ചു ഞാൻ
വായനയുടെ രസം കൊല്ലുന്നില്ല. ഈ ഓർമ്മ പുസ്തകം
എല്ലാ പുസ്തകശാലകളിലും ലഭിക്കും, വായിക്കുക.
(വില 140 രൂപ)

അവസാന താളും മറിച്ച്, പുസ്തകം അടച്ചപ്പോൾ;
എനിക്ക് തികച്ചും അപരിചിതയായ ഒരെഴുത്തുകാരിയുടെ
ഓർമ്മക്കഥകൾ കേട്ട പോലെയല്ല തോന്നിയത്.
എനിക്കൊരു ചേച്ചിയുണ്ടായിരുന്നെങ്കിൽ എന്നടുക്കൽ
വന്നിരുന്നു കഥകൾ പറഞ്ഞു തന്നപോലെ തോന്നി.
(എനിക്കു സ്നേഹിക്കാനൊരു മുത്തശ്ശിയും
എന്നെ സ്നേഹിക്കാനൊരു ചേച്ചിയും
ഇന്നും എനിക്ക് കിട്ടാക്കനികളാണ്)
എന്നെങ്കിലും എവിടെ വച്ചെങ്കിലും ഈ ചേച്ചിയെയും
കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.



കുന്നോളം ഓർമ്മകൾ എവിടെയോ വച്ചു
മറന്നവർക്ക് ഈ അക്ഷരങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണ്.
കാരണം ഇത് നിങ്ങളുടെ തന്നെ കഥകളാവാം.

അവതാരിക എഴുതിയ കെ. രേഖ കുറിച്ച പോലെ,
ഇത് എന്റെ അനുഭവമാണല്ലോ,
ഇതെങ്ങിനെ ദീപയുടെ കൈവശം വന്നു ...?
എഴുതാൻ ഒഴിവും, കേട്ടുപാടുകളുടെ വേലിക്കെട്ടുകളുമില്ലാത്ത
ഒരു കാലത്തേക്ക് ഞാൻ നീട്ടിവച്ച എന്റെ സമ്പാദ്യക്കുടുക്ക
ദീപയ്ക്ക് കൈമാറിയതാരാണ് ?

ഉത്തരം കിട്ടാത്തൊരീ ചോദ്യം തന്നെയാവും,
നിങ്ങളെ കാത്തിരിക്കുന്നതും.

ഓർമ്മകളേ... സമയമളന്ന് 
ജീവിക്കുന്നതിനിടയിൽ 
നിങ്ങളെന്നിൽനിന്നും 
ഓടി മറയരുതേ...

January 31, 2016

ദൂരം

 ഈ പുതുവർഷത്തിലെ ആദ്യത്തെ ബ്ലോഗാണ്,
മിന്നിച്ചേക്കണേ എന്റെ ബ്ലോഗിലമ്മേ...

ചിന്ത : ദൂരം
 സമയ കാലങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും
ആകുലപ്പെടാറുണ്ട്; സമയം പോയതറിഞ്ഞില്ല,
കാലം എത്ര പെട്ടെന്നാണ് കടന്നു പോയത് എന്നൊക്കെ.
2016 പിറന്നപ്പോഴും നമ്മളിൽ പലരും ചിന്തിച്ചില്ലേ;
എത്ര പെട്ടെന്നാണ് കഴിഞ്ഞ വർഷം ഓടിപ്പോയത് എന്ന്.
സമയവും കാലവുമൊക്കെ നമ്മെ അത്രമേൽ സ്വാധീനിച്ചു
പോരുന്നു, അനുനിമിഷം.



സമയത്തെ പറ്റിയും കാലത്തെ പറ്റിയും ചിന്തിച്ചപ്പോൾ
അതുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് "ദൂരം".
ശരിക്കും ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ദൂരത്തിനെയല്ലേ
നാം സമയവും കാലവുമായും ഒക്കെ അളന്നെടുക്കുന്നത്‌?

ദൂരമാണ് ഇന്നെല്ലാം;
ദൂരത്തെക്കുറിച്ചാണ് നമ്മുടെ പല ചിന്തകളും.
വർത്തമാനത്തിൽ നിന്നും ഭാവിയിലേക്കുള്ള ദൂരം,
ഇന്നലെകളിൽ നിന്നും ഇന്നിലേക്കുള്ള ദൂരം,
ഈ നിമിഷത്തിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന ഒരു
സമയത്തിലേക്കുള്ള ദൂരം.
നടന്നെത്താൻ, ഓടിയെത്താൻ, പറന്നെത്താനുള്ള ദൂരം.



ദൂരം ഒരു പ്രതീക്ഷയെ അടയാളപ്പെടുത്തും പോലെ തോന്നാറുണ്ട്.
വന്നെത്താൻ സാദ്ധ്യതയുള്ള ഒരു നിമിഷത്തിലെക്കുള്ള ദൂരം.

ദൂരത്തിനെ സാധാരണ ഭാഷയിൽ നിന്നും കാവ്യാത്മകമായും
നാട്ടു ഭാഷയുമായൊക്കെ നാം സാധാരണ ഉപയോഗിച്ചിട്ടുള്ളത്
കേട്ടിട്ടുണ്ടാകും, അവയിൽ ചിലത് ഇങ്ങനെ...

  • ഒരു ബീഡി ദൂരം :
അങ്ങനെ പറഞ്ഞു കേട്ടിട്ടില്ലേ? ബസ് സ്ടോപ്പിലിറങ്ങി
ഒരു ബീഡി ദൂരം നടന്നാൽ എൻറെ വീട്ടിലെത്താം.

  • ഒരു വിളിപ്പാടകലെ :
ഒന്നുറക്കെ വിളിച്ചാൽ കേൾക്കാവുന്നത്ര ദൂരം.

  • 4 പാട്ട് ദൂരം :
ഇത് റേഡിയോ മാങ്കോയുടെ(91.9) പരസ്യ ബോർഡുകളിൽ കണ്ടിരിക്കാം.
പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് 4 പാട്ട് ദൂരം
:)

  • തലമുറകൾ തമ്മിലുള്ള ദൂരം.



കാവ്യാത്മകമായും ദൂരത്തിന്റെ പ്രയോഗങ്ങളുണ്ട്, ചിലത് ഇങ്ങനെ...

  • സ്വപ്നത്തിലേക്ക് ഒരു പകൽ ദൂരം മാത്രം.
  • എൻ ഹൃദയത്തിൽ നിന്നും നിന്നിലേക്കുള്ള ദൂരം.
  • പ്രണയത്തിലെക്കുള്ള ദൂരം.
  • മരണത്തിലേക്കുള്ള ദൂരം.
  • കണ്ണെത്താ ദൂരം / നോക്കെത്താ ദൂരം
  • കയ്യെത്തും ദൂരം.
  • ഒരിടത്തുമെത്താത്ത സഞ്ചാരിയുടെ യാത്രയുടെ ദൂരം...
  • ഒരു ചിന്തയുടെ ദൂരം.
  • ശരീരത്തിൽ നിന്നും ആത്മാവിലേക്കുള്ള ദൂരം...

അങ്ങനെ പോവുന്നു ദൂരത്തിന്റെ കണക്കുകൾ,
അളന്നെടുത്തും എടുക്കാനാവാതെയും.

ദൂരം ഒരു മനുഷ്യനോടൊപ്പം എന്നുമുണ്ട്;
ദൂരത്തുള്ളതിനെക്കുറിച്ചാണ് നമ്മുടെ ചിന്തകളത്രയും.
പ്രതീക്ഷയർപ്പിച്ചിട്ടുള്ള എന്തോ ഒന്നിനെ കാത്തിരിക്കുകയാണ്
നമ്മൾ. കിട്ടിയേക്കാവുന്നൊരു ജോലിയെക്കുറിച്ച്,
സ്നേഹത്തെക്കുറിച്ച്, സൌഭാഗ്യങ്ങളെക്കുറിച്ച്...
അങ്ങനെ ആ നിരയും ഒത്തിരി ദൂരം പോകും.

കാലമെത്ര സാങ്കേതികമായി പുരോഗമിച്ചാലും അതിനു
മാറ്റമില്ല. ഇത് സത്യമല്ലേ, അതുകൊണ്ടല്ലേ നമ്മൾ
ഫോണിൽ ആരുടെയോ കോൾ കാത്തിരികുന്നത്,
ഇടയ്ക്കിടെ മെയിൽ നോക്കുന്നത്, അടുപ്പത്ത് വച്ച
പാല്പോലെ ഇടയ്ക്കിടെ WhatsApp എടുത്തു നോക്കുന്നത്.
ദൂരത്ത്‌ നിന്നെന്തോ വരാനിരിക്കുന്നുണ്ട്....



ഒട്ടും ദൂരത്തല്ലാത്തതിനെ, അതായത് അരികിലുള്ളതിനെ
 മറക്കുകയും, വിലമതിക്കാതെയും
പോവാറുണ്ട്. അരികത്തെ സ്നേഹം, സന്തോഷം,
കൂട്ടുകാർ, സമാധാനം അങ്ങനെ പലതും.


 വിദൂരതയിലേക്ക് സ്വപ്നങ്ങളുടെ ചിറകിൽ പറക്കുമ്പോൾ
തോട്ടരികിലുള്ളതിനെ കാണാതെ പോവരുത്.

പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും നാളുകൾ
ദൂരത്തുള്ളതിനെ അരികിലേക്ക് കൊണ്ടുവരികയും ചെയ്യട്ടെ.


December 09, 2015

ഇല്ലിക്കൽ കല്ല്‌


കഴിഞ്ഞയാഴ്ച പോയ,
കോട്ടയം ജില്ലയിലെ ഒരു ട്രെക്കിംഗ് സ്പോട്ട്
പരിചയപ്പെടുത്താം; "ഇല്ലിക്കൽ കല്ല്‌".
എറണാകുളത്ത് നിന്നും ഞങ്ങൾ 7 പേർ ആണ് യാത്ര പോയത്. 

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിലുള്ള ഈ
കുന്ന്, ടൂറിസം മാപ്പുകളിൽ ഇടം പിടിച്ചു വരുന്നേയുള്ളൂ.
3 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി ചെല്ലുന്ന ഈ
കുന്നുകൾ, കാഴ്ച്ചയുടെയും സാഹസികതയുടെയും
പുത്തൻ കിതപ്പുകളാണ് ട്രെക്കേർസിനു നൽകുന്നത്.


ഏതാനും മാസങ്ങൾക്ക് മുൻപേ പണി തീർന്ന,
അനേകം ഹെയർ പിൻ വളവുകളോട് കൂടിയ
കിടിലൻ റോഡിലൂടെയുള്ള യാത്രയും
സഞ്ചാരികൾക്ക് നല്ലൊരു അനുഭവമാണ്.
ബൈക്കിൽ ആണ് പോകുന്നതെങ്കിൽ അതിന്റെ
രസം കൂടും.

 

പുതിയതായി വെട്ടിയ റോഡ്‌ ഉള്ളതുകൊണ്ട്
ഇല്ലിക്കൽ കല്ലിലേക്ക് വളരെ കുറച്ചു ദൂരം
നടന്നാൽ തന്നെ ചെന്നെത്താം. പാർക്കിങ്ങിനും
മറ്റും റോഡരികിൽ പരിമിതമായ സ്ഥലം
മാത്രമേയുള്ളൂ. ഭക്ഷണത്തിന്, ഒന്നോ രണ്ടോ
വഴിയോര കച്ചവടക്കാർ മാത്രം. ഭക്ഷണ പ്രിയർ
കയ്യിൽ ഭക്ഷണം വാങ്ങി കൊണ്ട് പോകുന്നതായിരിക്കും
നല്ലത്.



കുന്നുകളിലേക്ക്‌ കടക്കാൻ എൻട്രി ഫീ ഒന്നും ഇല്ല.
വഴിയോടു ചേർന്ന് കാണുന്ന, നിറയെ പുല്ല് വിരിച്ച
കുത്തനെയുള്ള കുന്നിലേക്ക് ഒരാൾക്ക്‌ പോകാവുന്ന
വഴിചാലിലൂടെ കയറാം. ഞങ്ങൾ അതിന്റെ ഉച്ചിയിൽ എത്തി,
മറു വശത്തേക്ക് അത്രയും തന്നെ ഇറങ്ങി.
അപ്പോൾ  ദൂരെ നിന്നും ഇല്ലിക്കൽ കല്ല്‌ കാണാവതായി.


മൂന്നു കുന്നുകൾ കൂടിയതാണ് ഈ ഇല്ലിക്കൽ കല്ല്‌.
ആദ്യം ഒരു കൂണ്‍ ആകൃതിയിൽ കാണുന്നത് "കുട കല്ല്‌".
ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നാണ് വിശ്വാസം.
(നീലക്കൊടുവേലി ഒരു സംഭവാ,   :)
ജയസൂര്യയുടെ "ആട്"എന്ന സിനിമ കണ്ടാൽ മനസ്സിലാവും)

രണ്ടാമതായി ഒരു കൂനു  പോലെ കാണുന്നത് "കൂന് കല്ല്‌".
അതിനു വശത്തു കൂടെ നേർത്തു കാണാം ഒരു പാത,
അതിനെ "നരകപ്പാലം" എന്നാണത്രേ പറയുക.
അപ്പുറം ഇല്ലിക്കൽ കല്ല്‌, അതിലൊരു ഗുഹയുമുണ്ട്.


ദൂരെ നിന്നുള്ള ഇല്ലിക്കൽ കല്ലിന്റെ വിഷ്വലും,
താഴെ അങ്ങകലെയുള്ള ആകാശക്കാഴ്ചയും രസിച്ച
ശേഷം ഇല്ലിക്കൽ കല്ലിലെക്കുള്ള യാത്ര ആരംഭിച്ചു.
ഈ മലനിരകളിൽ നിന്നും മീനച്ചിൽ ആറിലേക്കുള്ള
ജല ശ്രോതസ്സുകൾ അങ്ങകലെയായി കാണാം.
സത്യത്തിൽ ഇപ്പോൾ ഉയരത്തിലുള്ള ആ
പുൽമേടുകളിലൂടെ, വളരെ നേർത്ത ഒരു വഴിയിലൂടെയാണ്
നടക്കുന്നത്.


ഇരു വശവും ഒത്തിരി താഴ്ചയിലുള്ള ഇടങ്ങളാണ്.
മുട്ടിനൊപ്പം പുല്ല് വളർന്നു നിൽക്കുന്നത് കൊണ്ട് പക്ഷേ
വശങ്ങളിൽ ഉള്ള താഴ്ച മനസ്സിലാവില്ല എന്ന് മാത്രമല്ല
അല്പം പേടിയും മാറിക്കിട്ടും. പക്ഷേ ഇല്ലിക്കൽ കല്ലിലേക്ക്
അടുക്കും തോറും വഴി കൂടുതൽ നേരത്തു വരികയും
മിക്കവാറും അതില്ലാതാവുകയും ചെയ്യും.


പിന്നെ പാറക്കെട്ടിന്റെ വശങ്ങളിലൂടെ, ഒരു കാൽപാദം
മാത്രം വയ്ക്കാവുന്ന ഇടുക്കുകൾ കണ്ടെത്തി പിടിച്ചു
പിടിച്ചു പാറയോട് ചാഞ്ഞു കിടന്നു പോകണം.
ആരും അതിനപ്പുറം പോകുന്നത് കണ്ടില്ല.
ഈ അവസാന ലാപ് ആയപ്പോഴേക്കും കൂടെയുള്ള
പലരും സുല്ലിട്ടു. ഞാനും രാമനും യാത്ര തുടർന്ന്
നരകപ്പാലം വഴി ഗുഹയിൽ എത്താൻ തന്നെ തീരുമാനിച്ചു.



സത്യത്തിൽ അധികം ദൂരമില്ല ഇനി, പക്ഷേ അപകടം
നിറഞ്ഞ ഇടമാണെന്നു മാത്രം. പാറക്കെട്ടിലൂടെ
സൂക്ഷിച്ചു നടന്നു കുട കല്ലിൽ എത്തി.
അതുവരെ വളരെ കുറെ വിശേഷങ്ങളൊക്കെ
പറഞ്ഞു നടന്ന ഞങ്ങൾ പെട്ടെന്ന്  നിശബ്ദരായി നടന്നു,
പേടിച്ചിട്ടാണെന്ന് തോന്നുന്നു :)



സത്യം പറയാല്ലോ, നാളിതുവരെ നടത്തിയ
ട്രെക്കിങ്ങിൽ ഒന്നുപോലും ഞാനിത്ര പേടിച്ചു
നടന്നിട്ടില്ല. പാറകളിൽ അരികിലുള്ള അടരുകൾ
മാത്രമാണ് ഒരു പിടിയുള്ളത്.  ആ അടരുകളെ
പ്രണയിച്ച്, അതിൽ പതിയെ വിരൽ തുമ്പുരുമ്മി
സാവകാശം നടന്നു കൂനു കല്ലിൽ എത്തി,
കുറച്ചു നേരം അവിടെയിരുന്നു.



ആ അനന്ത വിഹായിസ്സിൽ
കണ്ണെത്താ ദൂരം താഴെ പടർന്നു നിൽക്കുന്ന
മഞ്ഞിൽ പൊതിഞ്ഞ പച്ചപ്പുതപ്പും നോക്കി
നേർത്ത തണുത്ത കാറ്റേറ്റ് ഇരുന്നപ്പോൾ സമയം
പോയതേ അറിഞ്ഞില്ല. ഇനി യാത്ര തുടരണമെങ്കിൽ
പാറയിൽ പിടിച്ചു കയറണം, കൽ പടവുകൾ പോലെ
ഒന്നുമില്ല. പാറയുടെ ഇടുക്കിൽ ഒരു ഷൂ തിരുകി വച്ച്
ലോക്ക് ചെയ്തു, മറുകാൽ മുകളിലെ അടരിൽ നീട്ടി
വച്ച് ആഞ്ഞു കയറി. സഹായത്തിന് രാമൻ കൈ തന്നു.
ആ കയറ്റം കഴിഞ്ഞ്  പിന്നെ, ഒറ്റയടി വയ്ക്കാവുന്ന
ഇടുങ്ങിയ പാറയരികിലൂടെ മുകളിലേക്ക് നടന്നു കയറി
ഇല്ലിക്കൽ കല്ലിലെ ഗുഹയിലെത്തി.

 

അമ്പോ, എന്താ രസം.
ഗുഹയിൽ രണ്ടോ മൂന്നോ ആൾക്ക് ഇരിക്കാനിടമുണ്ട്.
ഏറ്റവും ഉയരെ നിന്നുള്ള കാഴ്ച ആസ്വതിക്കുമ്പോഴും
തിരികെ എങ്ങനെ ഇറങ്ങുമെന്ന ചിന്തയായിരുന്നു
മനസ്സ് നിറയെ. കുറെ നേരം എന്തൊക്കെയോ ആലോചിച്ച്
അവിടെയിരുന്നു.



ഗുഹയുടെ മുകളിൽ പാറക്കല്ലുകൾ അടുക്കി വച്ച
പോലെയാണ്. അതിലൂടെ മുകളിൽ കയറാമെന്ന് തോന്നുന്നു.
ശ്രമം പാഴായപ്പോൾ അതുപേക്ഷിച്ചു തിരികെ ഇറങ്ങാൻ
ഞാൻ രാമനെ നിർബന്ധിച്ചു.

 

കൂടെ വന്നവർ അവസാന ലാപ്
തുടങ്ങിയ സ്ഥലത്ത് തന്നെ നിൽപ്പുണ്ടോ ആവോ?
ശ്രദ്ധാപൂർവ്വം ഇല്ലിക്കൽ കല്ലിൽ നിന്നും തിരികെ നടന്നു.
അപ്പോഴേക്കും മഴ തുടങ്ങാറായി. താഴെ വന്നു
എല്ലാവരോടുമൊപ്പം ഒരു കട്ടൻ ചായയും കഴിച്ച്
എറണാകുളത്തേക്കു തിരികെ യാത്രയായപ്പോഴും
മനസ്സിലെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.

ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ അവസാന ലാപ് വളരെ ശ്രദ്ധിച്ചു മാത്രം
കയറുക. തമാശ കളിച്ച് അപകടം വരുത്തല്ലേ എന്നപേക്ഷ.
അതുപോലെ മഴയും ഇടിമിന്നലും ഉള്ള സമയത്ത്
ഇല്ലിക്കൽ യാത്ര ഒഴിവാക്കുക; തെന്നി വീഴുക മാത്രമല്ല
മിന്നൽ ഏൽക്കാനുള്ള സാധ്യതയും കൂടുതലാണിവിടെ.

വാഗമണ്‍ പോകുന്നവർക്ക് ഇനി മുതൽ ഈ പുതിയ
സ്ഥലവും കണ്ടു മടങ്ങാം.



എങ്ങിനെ ഇല്ലിക്കൽ കല്ലിൽ എത്തിച്ചേരാം?
വാഗമണ്‍ പോകുന്ന വഴി തന്നെയാണ് എടുക്കേണ്ടത്.
ഈരാറ്റു പേട്ടയിൽ നിന്നും ഏകദേശം 18 കിലോമീറ്റർ.

ഈരാറ്റു പേട്ടയിൽ എത്തി ഇടത്തേക്ക് തിരിഞ്ഞു
വാഗമണ്‍ റൂട്ടിൽ തീക്കോയി എന്ന സ്ഥലത്ത് നിന്നും
ഇടത്തേക്ക് തിരിഞ്ഞ് അടുക്കം വഴി ഇല്ലിക്കൽ കല്ലിൽ
എത്താം.

ചില സമയങ്ങളിൽ വാഹനങ്ങൾ
ഇവിടേക്കുള്ള വഴിയുടെ  പാതി ദൂരം മാത്രമേ കടത്തി വിടുകയുള്ളൂ,
ബാക്കി നടന്നു തന്നെ പോവേണ്ടി വരും.