January 28, 2011

ഡ്രൈവ്‌ ഇന്‍ ബീച്


സൌത്ത് ഇന്ത്യയിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചാണ് കണ്ണൂരിലെ
മുഴപ്പിലങ്ങാട് ബീച്.
ഇവിടെ നമുക്ക് വാഹനങ്ങള്‍ യഥേഷ്ടം കടല്‍ തീരത്തിലൂടെ ഓടിച്ചുപോകാം.
കടല്‍ വെള്ളം രണ്ടു വശത്തേക്കും തെറിപ്പിച്ച് കാര്‍ ഓടിച്ചു പോകുന്ന കാര്യം
ഒന്നോര്‍ത്തു നോക്കൂ ; എത്ര രസമായിരിക്കും, അല്ലേ !


മറ്റു ബീച്ചുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ തീരത്തെ മണല്‍ വളരെ ഉറച്ചതാണ്.
അതുകൊണ്ടുതന്നെ ടയര്‍ താണുപോകുമെന്ന ഭയം വേണ്ട.
പക്ഷെ ഉപ്പുരസമുള്ള കടല്‍ വെള്ളം വാഹനത്തിനു ദോഷം തന്നെയാണ്.
ഡ്രൈവിനു ശേഷം വേഗം തന്നെ സര്‍വീസ് സെന്റെറിലേക്ക് വച്ച് പിടിച്ചില്ലെങ്കില്‍
പ്രശ്നമായേക്കും.


എന്തായാലും കടല്‍ തീരത്തിലൂടെ വാഹനമോടിച്ച് പോകുന്നത് സിനിമയില്‍ മാത്രം
കണ്ടിട്ടുള്ള നമുക്കൊക്കെ ഇത് നല്ലൊരു അനുഭവം തന്നെയാണ്.
ഇവിടെ, നിയമപരമായി തീരദേശ മണലിലൂടെ ഏകദേശം 4 കിലോമീറ്റര്‍ ദൂരത്തോളം
വാഹനമോടിക്കാം. ഡ്രൈവിന് പകല്‍ സമയം പകല്‍ സമയം തിരഞ്ഞെടുക്കുന്നതാവും
നല്ലത് ; സന്ധ്യയാവുന്നതോടെ ബീച്ചില്‍ തിരക്ക് കൂടും.

ബീച്ചിന്റെ തെക്ക് വശത്ത് ഏകദേശം 200 മീറ്റര്‍ അകലെ "ധര്‍മടം" എന്നൊരു ദ്വീപും ഉണ്ട്.
(Dharmadam Island)
വേലിയിറക്ക സമയമാണെങ്കില്‍ ധര്‍മടം ദ്വീപിലേക്ക് വെള്ളത്തിലൂടെ നടന്നു പോകാം
എന്നുള്ളത് ഈ ബീച്ചിന്റെ മറ്റൊരു ആകര്‍ഷണമാണ്.


എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വഴിയില്‍ 8 കിലോമീറ്റര്‍ അകലെ
"മൊയിതു" പാലം കടന്ന ശേഷം ആദ്യത്തെ ഇടത്തോട്ടുള്ള വഴി നേരെ
ചെന്നെത്തുന്നത്
മുഴപ്പിലങ്ങാട് ബീച്ചിലാണ്.

Tag: Muzhappilangad Drive Beach, Kannur.

January 20, 2011

മംഗളവനം


മെട്രോ നഗരമദ്ധ്യത്തില്‍ നിങ്ങള്‍ക്കൊരു പക്ഷിസങ്കേതം കാണാനൊക്കുമോ?
വേണമെങ്കില്‍ കൊച്ചിയിലേക്ക് വരൂ.

"മംഗളവനം" ! നഗരത്തിന്റെ തിരക്കില്‍ നിന്നും വെറും പത്തു മിനിറ്റ്
കൊണ്ട് നടന്നെത്താവുന്ന ഇടം. കളി പറഞ്ഞതല്ല കേട്ടോ.
കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ നിന്നും വടക്ക് വശത്ത് ഹൈ കോര്‍ട്ടിന്റെ പുറകുവശത്തുള്ള;
പീച്ചി ഫോറെസ്റ്റ് റേഞ്ച് - ന്റെ കീഴില്‍ വരുന്ന 7 ഏക്കര്‍ വനഭൂമിയാണ് മംഗളവനം എന്നറിയപ്പെടുന്ന
പക്ഷി സങ്കേതം.



മംഗളവനത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. മുളകള്‍ കൊണ്ട് നിര്‍മിച്ച
ഒരു കുടിലാണ് നമ്മെ ഇവിടെ സ്വാഗതം ചെയ്യുന്നത്. റേഞ്ച് ഓഫീസര്‍
സമക്ഷം വച്ചിടുള്ള രജിസ്റ്റര്‍-ഇല്‍ പേരും വിവരങ്ങളും എഴുതിവച്ചു മംഗളവനം
നടന്നു കാണാവുന്നതാണ്. സന്ദര്‍ശകരുടെ ആവശ്യാനുസരണം ബൈനോക്കുലര്‍
റേഞ്ച് ഓഫീസ്-ഉടെ പക്കല്‍ നിന്നും ലഭിക്കും എന്ന വിവരം അധികമാര്‍ക്കും അറിയില്ല.


ഇനി നമുക്ക് വനത്തിലെക്കുള്ള യാത്ര തുടങ്ങാം. വനം എന്ന് പറയുമ്പോള്‍ ഘോരമായ
വനമെന്നു കരുതരുത്.
പ്രധാനമായും കണ്ടല്‍ കാടുകളാണ് ഇവിടം. ദേശാടന പക്ഷികള്‍ കാലത്തിന്റെ
സന്ദേശ വാഹകരായി ഇവിടെ എത്തിച്ചേരുന്നു. വിവിധയിനം പക്ഷികളെ
കാണാം എന്നുള്ള കാര്യം പക്ഷി നിരീക്ഷകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
സാധാരണക്കാര്‍ക്ക് ഒത്തിരി ക്ഷമ വേണ്ടൊരു കാര്യമാണ് പക്ഷി നിരീക്ഷണം;
പക്ഷികളെ കാണുന്നതിനുള്ള സൗകര്യത്തിന് ഇവിടെ ഉയരത്തില്‍ നിര്‍മ്മിച്ച
ഒരു വാച്-ടവര്‍ ഉണ്ട്.



കണ്ടല്‍ കാടുകളില്‍ എത്തണമെങ്കില്‍ കുറച്ചു ദൂരം മാത്രമേ നടക്കേണ്ടതുള്ളൂ. പോകുന്ന
വഴിയില്‍ ഒരു മരത്തില്‍ മുഴുവന്‍ ഇലകള്‍ എന്ന കണക്കെ തൂങ്ങിക്കിടക്കുന്ന
വവ്വാലുകള്‍ സന്ദര്‍ശകരുടെ കൌതുകമുണര്‍ത്തും. അധികം ദൂരം നടക്കുമ്പോഴേക്കും
ചതുപ്പ് നിലമായതിനാല്‍ യാത്ര അവസാനിപ്പിച്ചു തിരികെ നടക്കേണ്ടി വരുമെന്നുള്ളതു
അല്പം നിരാശയുണര്‍ത്തും.


അധികം ദൂരം യാത്ര ചെയ്യാതെ തന്നെ കാടിന്റെ അന്തരീക്ഷം
ലഭിക്കാന്‍ ഇതിലും എളുപ്പമായൊരു മാര്‍ഗം വേറെ ഇല്ലെന്നു വേണം കരുതാന്‍.
ദൂരയാത്ര സാധ്യമല്ലാത്തവര്‍ക്കും സ്വന്തമായി വാഹനമില്ലാതവര്‍ക്ക് പോലും ഇവിടെ
എളുപ്പത്തില്‍ എത്തിച്ചേരാം; കാഴ്ചകള്‍ കണ്ടു മടങ്ങാം...

ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം.
Contact No: 09497239501 [Range Officer Mr. Radhakrishnan]


എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

കൊച്ചിയിലെത്തി ബാനെര്‍ജി റോഡിനു ശേഷം ഹൈ കോര്‍ട്ട് ജങ്ഷനില്‍
വണ്ടിയിറങ്ങി, വലത്തോട്ടുള്ള വഴിയിലൂടെ കാല്‍നടയായോ ഓട്ടോറിക്ഷ പിടിച്ചോ
ഇവിടെ എത്തിച്ചേരാം. ഹൈ കോര്‍ട്ട് മന്ദിരത്തിന്റെ തൊട്ടരികിലുള്ള വഴി
മംഗളവനത്തിന്റെ മുന്‍പിലാണ് അവസാനിക്കുന്നത്.

Tag: Mangalavanam, Mangroove Forest, Bird Sanctuary, Kochi.

December 28, 2010

വിരഹം

പ്രിയപ്പെട്ട ഡിസംബര്‍,

പ്രണയത്തിന്റെ മഞ്ഞുപുതപ്പിനുള്ളില്‍ എന്നെ തനിച്ചാക്കി,
ഒടുവില്‍ നീയും യാത്രയാവുകയാണ്.
ഋതുക്കളിലെ ഓരോ ശിശിരവും കഴിയുമ്പോള്‍ നീയും യാത്രയാവുമെന്നറിഞ്ഞിട്ടും
നിന്നെ ഞാന്‍ പ്രണയിച്ചു.
നീയോര്‍ത്തിട്ടുണ്ടോ ? നിന്നോടൊപ്പം എനിക്ക് നഷ്ട്ടമാകുന്നത് ഒരു
വത്സരം കൂടിയാണ്; ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും എന്നിലേക്ക്‌
പകര്‍ന്നു തന്ന ഒരു വര്‍ഷം.
ഇതളുകള്‍ അടര്‍ന്നുവീഴും പോലെ കുറച്ചു ദിവസങ്ങള്‍ മാത്രം...

പ്രതീക്ഷകളുടെ കുഞ്ഞു നക്ഷത്രങ്ങളും, നിലാവിന്റെ നേര്‍ത്ത തണുപ്പും എന്നില്‍
നിറച്ചു നീ യാത്രയാകുമ്പോള്‍ ഞാന്‍ എന്താണ് നല്‍കേണ്ടത്, എന്താണ് പറയേണ്ടത്?


നിനക്ക് ശേഷം വരാനിരിക്കുന്നത് പുതിയൊരു വര്‍ഷമാണ്‌. പേടിയാകുന്നു എനിക്ക്;
ഒരു പക്ഷെ ഞാന്‍ നിന്നെ മറന്നു പോയാലോ; ഋതുഭേദങ്ങള്‍ക്കപ്പുറം നീ വീണ്ടും
വന്നണയുമ്പോള്‍ എനിക്ക് നിന്നെ തിരിച്ചറിയാന്‍ കഴിയുമോ?
എന്നും എന്റെ ചോദ്യങ്ങള്‍ക്ക് ഒരു കണ്ണുനീരായിരുന്നു നിന്റെ ഉത്തരം.
നിന്നിലെ എന്നോടുള്ള പ്രണയം പോലും മിഴിനീരില്‍ നീയൊളിപ്പിച്ചുവച്ചു.
ആ മിഴിനീര്‍ചാലില്‍ ഞാന്‍ തേടി നടന്ന ഉത്തരങ്ങളൊന്നും നീയെന്നിലേക്ക്
പകര്‍ന്നതെയില്ല !


ഒടുവില്‍ ഒരു പ്രണയകാലത്തിന്റെ അന്ത്യയാമത്തില്‍
ശിശിരവും യാത്രയാകുമ്പോള്‍;
ഒരു മെഴുകുതിരിപോലെ എന്നിലെരിഞ്ഞ നിന്റെ പ്രണയത്തെ ഓര്‍ക്കാന്‍
ഞാന്‍ എന്താണ് കരുതിവെക്കേണ്ടത് ?


November 26, 2010

നൃത്തം



പീലിക്കണ്ണുകളെഴുതി പട്ടാടയുടുത്ത്
മുടിയില്‍ പൂമേടഞ്ഞിട്ട്‌
കയ്യില്‍ കണകമുദ്രകളണിഞ്ഞ്
കാല്ചിലമ്പിന്റെ കളശ്രുതിയില്‍
മതിമറന്നു നൃത്തം ചെയ്യുന്ന പെണ്‍കുട്ടി...ഇവളാരായാലും അവളുടെ നൃത്തം കണ്ണിനു പുണ്യം തന്നെ...

November 12, 2010

പൂഞ്ചിറ

ഇലവീഴാ പൂഞ്ചിറ [തൊടുപുഴ, ഇടുക്കി ജില്ല]


ട്രെക്കിങ്ങും മലകയറ്റവും ഇഷ്ട്ടമാണോ നിങ്ങള്‍ക്ക്?
എങ്കില്‍ "ഇലവീഴാ-പൂഞ്ചിറ"യിലേക്ക് പോകാം.
ഇടുക്കി കോട്ടയം ജില്ലകളെ, പച്ച വെല്‍വെറ്റില്‍ വരച്ചൊരു സാറ്റലൈറ്റ്
ചിത്രം പോലെ കാണാം, മൂവായിരത്തി അഞ്ഞൂറ് അടി മുകളില്‍നിന്ന് .


രണ്ടു മലകള്‍, അതിന്റെ നടുവില്‍ പച്ച സമതലം.
ഒരു വശത്ത് മലങ്കര ഡാമും മഴക്കാടും.
മലകള്‍ക്കിടയില്‍ പുരാതന കാലത്ത് ഒരു തടാകമായിരുന്നത്രേ !
ദ്രൌപതിക്ക് നീരാടാന്‍ ഭീമസേനന്‍ ചവിട്ടിയുണ്ടാക്കിയ ഓലിയിലെ
വെള്ളത്തിന്‌ മധുരമാണ്. വേനല്‍ക്കാലത്തും വെള്ളം ലഭിച്ചിരുന്ന ഓലി
ഇപ്പോള്‍ മൂടിയ നിലയിലാണ്. മരങ്ങള്‍ ഒന്നും ഇല്ലാതിരുന്ന
ഈ ഓലിയെ അനുസ്മരിച്ചാണ് ഇലവീഴാ പൂഞ്ചിറ എന്ന
പേര് വന്നത് എന്നാണു ഐതീഹ്യം. മരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഓലിയില്‍
ഇലകളും വീഴാറില്ലത്രേ ! അങ്ങനെ ഇലവീഴാപൂഞ്ചിറയുണ്ടായി !


ഇടുക്കി ജില്ലയിലെ തൊടുപുഴ പ്രദേശത്തെ ഒരു പ്രധാന
വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാ പൂഞ്ചിറ. ഇടുക്കി കോട്ടയം
ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മൊട്ട കുന്നുകളും പുല്‍മേടുകളും
നിറഞ്ഞ ഈ കുന്നിന്‍ പ്രദേശത്തെ കുളിര്‍കാറ്റും കാഴ്ചകളും ഏതൊരു
സഞ്ചാരിയെയും ആകര്‍ഷിക്കും. ഈ കുന്നിന്‍ മുകളില്‍ നിന്ന് മഴ കാണാന്‍
വളരെ മനോഹരമാണെങ്കിലും ഇടി മിന്നലിനെ പേടിക്കണം. മുകളിലെത്തിയാല്‍
മറ്റു ഉയര്‍ന്ന മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇടിമിന്നല്‍ ഉള്ള സമയത്ത് ഇവിടെ
പോകാതിരിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ യാത്രയെയും; ഇടയും മിന്നലും
തെല്ലൊന്നു വലച്ചു. എങ്കിലും മഴമേഘങ്ങള്‍ക്കൊപ്പം നിന്ന് , മഴത്തുള്ളികള്‍
നുകര്‍ന്ന അനുഭവം വേറിട്ടൊരു കാഴ്ചയായി.

പൂഞ്ചിറയില്‍നിന്നും കോട്ടയത്തുള്ള വാഗമണ്‍ കുന്നുകളിലേക്ക്‌ ട്രെക്കിംഗ് പോകാനാവും.
ഏറെ സാഹസികമായ ഈ യാത്രക്ക് പക്ഷേ വനം വകുപ്പിന്റെ അനുമതിയും നല്ലൊരു
ഗൈഡും വേണം. മാതൃഭുമി പ്രസിദ്ധീകരണമായ "യാത്ര" എന്നൊരു മാഗസിനില്‍,
ഇംഗ്ലണ്ട്-ഇല്‍ നിന്നുള്ള ഒരു സംഘം പൂഞ്ചിറ-വാഗമണ്‍ ട്രെക്കിംഗ് നടത്തിയതിന്റെ
വിവരണം ഒരിക്കല്‍ വായിക്കുകയുണ്ടായി.

എങ്ങിനെ ഇവിടെ എത്തിച്ചേരാം?

തൊടുപുഴയില്‍ നിന്നും 15 കിലോമീറ്റര്‍ മൂലമറ്റം റൂട്ടില്‍ സഞ്ചരിച്ച് കാഞ്ഞാറില്‍ എത്തി
അവിടെ നിന്ന് 10 കിലോമീറ്റര്‍ ആണ് ഇലവീഴാ പൂഞ്ചിറയിലേക്കുള്ള ദൂരം.
കാഞ്ഞാറില്‍ നിന്ന് കൂവപ്പിള്ളി വഴി വീതി കുറഞ്ഞ കയറ്റം കയറി
ചക്കിക്കാവ് വരെയുള്ള 8 കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും
അവിടെനിന്നുള്ള മണ്‍ പാതയിലൂടെയുള്ള യാത്ര അല്പം ദുഷ്ക്കരമാണ്.
ജീപ്പ് പോകാന്‍ പോലും ബുദ്ധിമുട്ടുള്ള ഈ വഴിയിലൂടെ 2 കിലോമീറ്റര്‍
കാല്‍നടയായി സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം.




തൊടുപുഴയില്‍ നിന്നും പൂഞ്ചിറയിലേക്കുള്ള യാത്രാമദ്ധ്യേ മലങ്കര ഡാമും
സന്ദര്‍ശിക്കാവുന്നതാണ് . തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ
"തൊമ്മന്‍കുത്ത് " എന്നൊരു വിനോദ സഞ്ചാര കേന്ദ്രവുമുണ്ട്.
തൊമ്മന്‍കുത്തിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഞാനിവിടെ എഴുതാം.

Location Tag : Ilaveezha poonchira, Ila veezha poonchira, Thodupuzha, Idukki Tourism]

October 24, 2010

കവിയുടെ യാത്ര

കഴിഞ്ഞ ദിവസം അന്തരിച്ച എ. അയ്യപ്പന്‍ എന്ന കവിയുടെ ആകസ്മിക
മരണം മനസ്സില്‍ ഒരുപാട് നൊമ്പരമുനര്‍ത്തി. സത്യം പറഞ്ഞാല്‍,
എനിക്കദ്ധേഹത്തിന്റെ കവിതകളുമായി കൂടുതല്‍ അടുപ്പമില്ല.
എന്നിരുന്നാലും തെരുവിന്റെ നൊമ്പരങ്ങള്‍ കടലാസ് കഷണത്തിലേക്ക്
പകര്‍ത്തിയ ആ കവി ആരാരുമറിയാതെ തെരുവില്‍ കിടന്ന്
മരിച്ചെന്നറിഞ്ഞപ്പോള്‍, ഒരു ദുരൂഹത തോന്നി. മനസ്സില്‍ അല്പം നൊമ്പരവും.
ജോണ്‍ അബ്രഹാമിന്റെയൊക്കെ സ്നേഹിതനായിരുന ഈ കലാകാരനും
അത്തരത്തിലൊരു മരണം മനസാല്‍ ആഗ്രച്ചുകാണും ...
കേരളത്തിലങ്ങോലമിങ്ങോളം വെയില്‍ തിന്നുന്ന പക്ഷിയെപ്പോലെ
അലഞ്ഞു നടക്കുമ്പോഴും ഈയൊരു പകല്‍ സ്വപ്നം അയാള്‍
കണ്ടിരിക്കണം...


അയ്യപ്പനെന്ന കവിയുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാവാം
ഈ കവിയെ സൃഷ്ട്ടിച്ചത്. തട്ടാന്‍ കുടുംബത്തില്‍ ജനിച്ച അയ്യപ്പനെ
ബാല്യം മുതലേ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. പതിനഞ്ചു
വയസ്സായപ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ അനാഥനായ അദ്ദേഹം
മരണം അടുക്കും വരേയ്ക്കും കേരളത്തില്‍ അങ്ങോളമിങ്ങോളം അലഞ്ഞു
നടക്കുക തന്നെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു ബ്രുഹുത്തായ ചങ്ങലയുടെ
കണ്ണിയായിരുന്നു അദ്ദേഹം.

അധ്യാപനത്തില്‍ നിന്നും മഹാനായൊരു കവിയിലെക്കുള്ള യാത്രക്കിടയില്‍
ഒരു ബന്ധനങ്ങളും ഈ കവിയെ തലച്ചിട്ടില്ല. അടുക്കും ചിട്ടയുമായൊരു
ജീവിതവും അധെഹത്തിനുണ്ടായില്ല. ഒടുവില്‍ ഒരിടത്തുമെത്താതെ, തന്നെ
തേടിയെത്തിയ "ആശാന്‍ പുരസ്കാരം" പോലും സ്വീകരിക്കാന്‍ കാത്തു നില്‍കാതെ
ആരോടും ഒരു വാക്ക് പോലും പറയാതെ ആ കവി യാത്രയായി...

ജീവിതത്തിലെന്ന പോലെ അക്ഷരങ്ങളിലും "കറുപ്പിന്റെ" നിറം സൂക്ഷിച്ചിരുന്ന
ഈ കവി, "കല്‍ക്കരിയുടെ നിറമുള്ള ഗ്രീഷ്മത്തിലും" "കണ്ണീര്‍" പൊഴിക്കുമായിരുന്നു.
സമയത്തിന്റെ കണക്കു നോക്കുമ്പോഴും, എന്നും "തെറ്റിയോടുന്നൊരു സെക്കന്റ്‌ സൂചി"
ആയി കാലത്തിന്റെ ചുവരില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ പെണ്ടുലമായി
അദ്ദേഹം നിലകൊണ്ടു.

ഒടുവില്‍ എവിടെയോ മരിച്ചു കിടക്കുമ്പോഴും;
ലോകത്തോട്‌ വിളിച്ചു പറയാന്‍,
അവസാന നിമിഷവും തന്റെ കൈമടക്കില്‍ ഉള്ള
പഴയൊരു കടലാസ് കഷണത്തില്‍ അദ്ദേഹം സൂക്ഷിച്ചിരുന്നു;
ഹൃദയത്തില്‍ തൊട്ടെഴുതിയ കുറച്ചുവാക്കുകള്‍...
ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ യാഥാര്‍ത്യമാവുകയായിരുന്നു.
-----------------------------------------------------------------------------------
ഞാന്‍ കണ്ടിട്ടില്ലാത്ത, ഞാന്‍ വായിച്ചറിഞ്ഞിട്ടില്ലാത്ത
ആ കവിക്ക്‌ പ്രണാമങ്ങള്‍...

"എന്റെ കവിതയുടെ ഭയത്തിന്റെ തുറമുഖത്തില്‍
വന്നു നില്‍ക്കുന്നവര്‍ക്കും
...കണ്ണീരിന്റെ നനവില്‍ അലിയുന്നവര്‍ക്കും
വജ്രസാരമായ എന്റെ പ്രേമത്തിന്റെ
വര്‍ഗശത്രുക്കളോടുള്ള
വാത്സല്യക്കേട്‌ അനുഭവിച്ചിട്ടുള്ളവര്‍ക്കും
അഭയം തന്ന ഹൃദയങ്ങള്‍ക്കും
എന്റെ ജീവിത്തിന്‌ അടിവരയിട്ടുതന്നവര്‍ക്കുമാണ്‌
എന്റെ കവിതകള്‍."

October 22, 2010

സൈക്കിള്‍

പഴയ ഒരു സൈക്കിള്‍.
പണ്ടിവന്‍ രാജാവായിരുന്നു. ഇന്ന് ആക്രി കച്ചവടക്കാര്‍ക്ക് പോലും
വേണ്ട എന്ന് തോന്നുന്നു.

ഈ ബ്ലോഗ്‌ വായിക്കുന്ന എന്റെ സമപ്രായക്കാര്‍ക്ക് ഒരുപക്ഷെ,
ഗ്രീസിട്ട ചങ്ങലയിലൂടെ പണ്ടത്തെ അഭ്യാസങ്ങളുടെ ഓര്‍മ്മകള്‍
സൈക്കിളും ചവിട്ടി വരുന്നുണ്ടാവും...
സ്കൂള്‍ അവധിക്കാലത്ത്‌ ആദ്യമായി സൈക്കിള്‍
ചവിട്ടു പഠിച്ചതും, കൂട്ടുകാരൊത്തു സൈക്കിളില്‍ സെക്കന്റ്‌ ഷോ കാണാന്‍
പോയതും, നാട്ടില്‍ സൈക്കിള്‍ യജ്ഞം നടന്നതുമൊക്കെ..
അന്നൊക്കെ സൈക്കിള്‍ വാടകയ്ക്ക് പോലും കൊടുക്കുന്ന കടകള്‍
ഉണ്ടായിരുന്നു.
രാവിലെ പത്രമിടുന്ന ചാക്കുണ്ണി ഏട്ടനും , പാല് കൊണ്ടുവന്നിരുന്ന
ശങ്കരേട്ടനും, മീന്‍കാരന്‍ ജോസേട്ടനും സൈക്കിള്‍ ഉണ്ടായിരുന്നു.
ജോസേട്ടന്‍ ഇന്ന്, കാലം മാറിയപ്പോള്‍ M-80 (മീന്‍-80 എന്നും പറയും)
വാങ്ങി. എങ്കിലും നാട്ടിലൊക്കെ ചിലരുടെ കയ്യിലെങ്കിലും ഇതുപോലത്തെ
സൈക്കിള്‍ ഉണ്ട്. കുറച്ചു നാള് കൂടെ ഇതൊക്കെ ഇവിടെ കണ്ടേക്കും.
ത്രീ സ്പീഡും, ഗിയരുമൊക്കെ ഉള്ള പുത്തന്‍ സൈക്കിള്‍ വരുമ്പോള്‍ ഈ
മോഡല്‍ സൈക്കിളുകള്‍ ആന്റിക് വസ്തുവായി മാറും, തീര്‍ച്ച.
മോഡല്‍ ഏതുമാവട്ടെ, സൈക്കിള്‍ ചവിട്ട് ആരോഗ്യത്തിനും വ്യായാമത്തിനും
ഉഗ്രനാനെന്നു ഞാന്‍ പറയണ്ടല്ലോ ല്ലേ ?


ഈയിടെ എന്റെയൊരു സുഹൃത്ത്‌ അദ്ധേഹത്തിന്റെ ബ്ലോഗില്‍ സൈക്കിളിനെ കുറിച്ച്
വളരെ രസകരമായി എഴുതിയിരുന്നു. നര്‍മ്മം ഇഷ്ട്ടപെടുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്ത്
ആ അനുഭവ കഥ വായിക്കുമല്ലോ.

September 23, 2010

കാക്ക പുരാണം

നമ്മുടെ ചുറ്റുവട്ടത്തൊക്കെ ഏറ്റവുമധികം കാണുന്നതും,
എന്നാല്‍ ആരുമധികം ശ്രധിക്കാത്തതും,
നമുക്കൊക്കെ അപ്രസക്തവുമായ പക്ഷിക്കൂട്ടമാണ് കാക്കകള്‍.
കാണാന്‍ അഴകുള്ള വര്‍ണ്ണക്കൂട്ടുകളോ മധുരമേറിയ ശബ്ദമോ
ഇവയ്ക്കില്ലാത്തതാവാം കാരണം.



ഈ കാക്കകള്‍ക്കും ചില ലക്ഷണങ്ങളുടെ കഥ പറയാനുണ്ട്.
കാക്ക കരയുന്നതും, ദിശ തിരിഞ്ഞു ഇരിക്കുന്നതുമൊക്കെ ഓരോ
ലക്ഷണങ്ങളാണ്. കേട്ടിട്ടില്ലേ, കദളി വാഴക്കയ്യില്‍ ഇരുന്നു കരയുന്ന
കാക്കകള്‍ വിളിച്ചു വരുത്തുന്നത് വിരുന്നുകാരെയാണ്. കാക്ക
കരയുന്ന ശബ്ദത്തിന്റെ വ്യതിയാനങ്ങള്‍ ഓരോ ലക്ഷണങ്ങളെ കുറിക്കുന്നു.
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തെക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കുന്ന
കാക്കകള്‍, ഒരുപക്ഷെ യാത്രയുടെ ഗുണഫലം പറഞ്ഞു തന്നേക്കും.
ബലി കാക്കകള്‍ക്ക് പറയാനുള്ളത്, നമ്മെ വിട്ടുപോയ ആത്മാക്കളുടെ
സുഖ ദുഖങ്ങളാണ്.

കാക്കയെ കാണാന്‍ സുന്ദരിയല്ലെങ്കിലും, ഏറ്റവും സുന്ദരമായ മലയാളത്തില്‍
ഒട്ടേറെ കാക്ക പ്രയോഗങ്ങളുണ്ട് ! ഒരിക്കലും കണ്ടിട്ടില്ലാത്ത
"കാക്ക തമ്പുരാട്ടിയും" എണ്ണിയാലൊടുങ്ങാത്ത "കാക്കതൊള്ളായിരം"
വര്‍ഷങ്ങളുമൊക്കെ പ്രയോഗത്തിലുണ്ട്.
ഈ "കാക്കതൊള്ളായിരം" എന്ന് പറഞ്ഞാല്‍
എത്രയാണെന്ന് ആരെങ്കിലുമൊന്നു പറഞ്ഞു തരാമോ?
നിങ്ങള്‍ക്കറിയാവുന്ന കൂടുതല്‍ "കാക്ക" കഥകളും
ഇവിടെ പങ്കുവയ്ക്കുക.

August 20, 2010

ഓണാശംസകള്‍...



കര്‍ക്കിടക രാവുകള്‍ക്കപ്പുറം നന്മകളുടെ ചിങ്ങനിലാവുദിച്ചു;
ഇനി
ഓണപ്പൂക്കളുടെയും ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും നാളുകള്‍...

ഓണനാളുകളിലെ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും
എന്നും
മായാതെ നില്‍ക്കട്ടെ എന്ന പ്രാര്‍ഥനയോടെ...
എല്ലാ
ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ ഹൃദയംനിറഞ്ഞ
ഓണാശംസകള്‍ !!!

August 17, 2010

ഫോട്ടോഗ്രഫി ദിനം

ആഗസ്റ്റ്‌ 19
ലോക ഫോട്ടോഗ്രഫി ദിനമായി ആചരിക്കുന്നു.

നമ്മുടെ നാട്ടില്‍ മറ്റു കലകളെപ്പോലെ ഇതിനു ഏറെ പ്രചാരമില്ലെങ്കിലും
മനസ്സിനെ ദൃശ്യ വിസ്മയത്തിന്റെ കാല്‍പനിക ലോകത്തേക്ക്
കൂട്ടിക്കൊണ്ടുപോകാന്‍ ഈ സങ്കേതത്തിനു സാധിക്കും.
അതിനാല്‍ ഇതും ഒരു കലാരൂപമാണെന്നു വിശ്വസിക്കുന്നു.

ഫോട്ടോഗ്രാഫിയുടെ ചരിത്രമൊന്നു നോക്കാം?
ഗ്രീക്ക് വാക്കില്‍ നിന്നാണ് ഫോട്ടോഗ്രാഫി ജന്മമെടുത്തത്.
photos="light" : graphein="to draw"

ലൂയി ടെഗ്വരെ എന്ന ഫ്രഞ്ച്കാരനെയാണ് ഫോട്ടോഗ്രാഫിയുടെ
പിതാവായി കാണുന്നത്. പക്ഷെ അതിനും എത്രയോ വര്‍ഷം മുന്‍പേ തന്നെ
ഗ്രീക്ക് തത്ത്വചിന്തകനായിരുന്ന അരിസ്ടോട്ടില്‍ ഈ വിദ്യയെപ്പറ്റി
ലോകത്തിനു പറഞ്ഞു കൊടുത്തിരുന്നത്രേ !
ആദ്യത്തെ പിന്‍ഹോള്‍ ക്യാമറയായ
"ക്യാമറ ഒബ്സ്ക്യുര" [Camera Obscura] യുടെ പിറവിക്കു
പിന്നിലും ഈ തത്ത്വം ഉപയോഗപ്പെടുത്തി.
ഒരു ഇരുട്ട്മുറിയിലേക്ക് ചെറിയൊരു സുഷിരത്തിലൂടെ കടത്തിവിടുന്ന
സൂര്യകിരണങ്ങള്‍ മുറിയുടെ പ്രതലത്തില്‍ തലകീഴായ ചിത്രങ്ങള്‍
ഉണ്ടാക്കുന്നു എന്ന പ്രതിഭാസമാണ് അന്ന് അരിസ്ടോട്ടില്‍ ലോകത്തിനു
പറഞ്ഞു കൊടുത്തത്.


1838 ല്‍ ലൂയി ടെഗ്വരെ പാരിസില്‍ എടുത്ത ചിത്രമാണിത്.
അന്നൊക്കെ എക്സ് പോഷര്‍ ടൈം 10 മിനിറ്റ്-ഇല്‍ കൂടുതല്‍ ആയതുകൊണ്ട്
റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന വാഹനങ്ങള്‍ ഒന്നും ചിത്രത്തില്‍ പതിഞ്ഞില്ല :)
ഈ ചിത്രത്തിലാണത്രേ മനുഷ്യന്‍ ആദ്യമായി ഒരു ഫിലിമില്‍ പതിഞ്ഞത്.

ക്യാമറയുടെ സാങ്കേതിക വിദ്യ നാളുകളിലൂടെ പല നാഴികകള്‍ പിന്നിട്ടു.
ചുവരുകളും മെടാലിക് പ്രതലങ്ങളും ഫോട്ടോ പതിപ്പിക്കാനുള്ള മാധ്യമങ്ങള്‍
ആയിരുന്നു എന്ന അവസ്ഥയില്‍ നിന്നും ഫിലിം ഉള്ള ക്യാമറയിലേക്കും,
നെഗറ്റീവ് ടൂ പോസിറ്റീവ് പ്രോസെസ്സിലെക്കും പിന്നെ നാളുകള്‍ക്കിപ്പുറം
ഫിലിം ഇല്ലാത്ത ഡിജിറ്റല്‍ ക്യാമറയിലേക്കും ഈ വിദ്യ വികസിച്ചിരിക്കുന്നു.
മൊബൈല്‍ ഫോണില്‍ വരെ ഇന്ന് 8 മെഗാ പിക്സല്‍ ക്യാമറകള്‍ സാധാരണമായി.
ചെറിയ പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറ മുതല്‍ ഭീമന്‍ വൈഡ് ആംഗിള്‍
ലെന്‍സോട് കൂടിയ ഡിജിറ്റല്‍ SLR ക്യാമറ വരെ എത്തിനില്‍ക്കുന്നു.
--------------------------------------------------------------------------------------------------
ഫോട്ടോഗ്രാഫി എന്നത് ചിലര്‍ക്ക് വെറും നേരംപോക്ക് മാത്രമാണ്.
ചിലരിതു പ്രോഫെഷനായി സ്വീകരിച്ചിരിക്കുന്നു. ചിലര്‍ക്കിത് ഗൌരവമേറിയ
ഒരു മാധ്യമം തന്നെയാണ്, ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ ചില
ചിത്രങ്ങള്‍ക്കാവും എന്നവര്‍ വിശ്വസിക്കുന്നു. ചരിത്രം ഇക്കൂട്ടര്‍ക്ക്
സാക്ഷ്യം പറയുന്നു; താഴെ കൊടുത്തിരിക്കുന്ന ചിത്രവും.
മനുഷ്യ മനസ്സാക്ഷിയെ തന്നെ പിടിച്ചുലക്കുന്ന ഇത്തരം ചിത്രങ്ങള്‍
എടുത്തു ലോകം ചുറ്റുന്ന ഇക്കൂട്ടര്‍ ലോകത്തോട്‌ വിളിച്ചുപറയുന്ന
സത്യങ്ങള്‍ "സത്യങ്ങള്‍" തന്നെയാണ്.


ഇനി നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കാര്യം പറയാം.
നമ്മളിലും ഉണ്ട് ഫോട്ടോ എടുകാനും കാണാനും ഇഷ്ടമുള്ളവര്‍. ജീവിതത്തിലെ
ഇനിയൊരിക്കലും വരാനിടയില്ലാത്ത മുഹൂര്‍ത്തങ്ങള്‍ പകര്‍ത്താനും അവ
ഗ്രിഹാതുരതയോടെ ഒരു മയില്‍‌പീലി പോലെ സൂക്ഷിച്ചു വയ്ക്കാനും ഇഷ്ട്ടമുള്ളവര്‍.
അങ്ങനെ നോക്കുമ്പോള്‍ നമ്മളും ഫോടോഗ്രാഫെര്‍സ് തന്നെ, അല്ലേ?
ഈയൊരു ഇഷ്ട്ടമുണ്ടെങ്കില്‍ കൂടുതല്‍ സാങ്കേതിക തികവോന്നും
സ്വായത്തമാക്കണം എന്നില്ല, നല്ലൊരു സ്നാപ് എടുക്കാന്‍.

"ഉദ്ദേശിക്കുന്ന സബ്ജക്ടിനെ തെല്ലൊരിഷ്ടത്തോടെ ഫ്രൈമിലോതുക്കി
ക്ലിക്ക് ചെയ്യുമ്പോള്‍ പതിയുന്ന ചിത്രത്തില്‍ തെളിയുന്നത്, നമ്മുടെയൊക്കെ
ഹൃദയത്തിന്റെ കയ്യോപ്പല്ലാതെ മറ്റെന്താണ്... ?"

ആഗസ്റ്റ്‌ 19 നു ലോകം ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുമ്പോള്‍ ഈ കലയെ
സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാനീ ബ്ലോഗ്‌ സമര്‍പ്പിക്കുന്നു...
---------------------------------------------------------------------------------------
www.worldphotoday.org -- Some quotes

"Photography offers me the opportunity to freeze
a moment of time, to capture a moment that others
may miss, and to then share that moment for others
to ponder." — Alfie Goodrich

"What I love so much about photography is that
every single photo is unique, nobody can take exactly
the same." — Sarahh Hood

"I love being the creative director of the world around me.
I love being able to put a smile on someone’s face with the
images I capture. I love the freedom!" — Daniel Dunlap