October 16, 2015

പാണിയേലി പോര്

മറ്റൊരു യാത്രയുടെ വിശേഷങ്ങളിതാ.
ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ എന്റെ
സർവ്വ കൂട്ടുകാരുടെയും സംഘമായ മഴക്കൂട്ടത്തിനോടൊപ്പം
പാണിയേലി പോരിലേക്ക് ഒരു യാത്ര തീരുമാനിച്ചിരുന്നു.


പക്ഷേ ചിലരുടെ അസൗകര്യങ്ങൾ നിമിത്തം യാത്ര
മാറ്റി വയ്ക്കേണ്ടി വന്നെങ്കിലും ആ ദിവസമായപ്പോൾ
പാണിയേലിയിൽ പോകാതെ തരമില്ലെന്നായി.
കാരണം ഒന്നര വയസ്സായ എന്റെ മകളെയും
"വേളി"യേയും കൂട്ടി ആദ്യായി കാടു കയറാൻ കിട്ടിയ
അവസരമാണ്. മറ്റാരെല്ലാം ഇല്ലെങ്കിലും രണ്ടാളെയും
കൊണ്ട് പോകുവാൻ തന്നെ തീരുമാനിച്ചു.
ഈയാത്ര അവർക്ക് വേണ്ടിയുള്ളതാണ്...
തൃശ്ശൂരിൽ നിന്നാണ് യാത്ര തിരിച്ചത്.



എറണാകുളം ജില്ലയിലെ, പെരുമ്പാവൂരിനടുത്തുള്ള
പാണിയേലി പോര് വിനോദ സഞ്ചാര കേന്ദ്ര പട്ടികയിൽ
ഇടം പിടിക്കുന്നതിനു മുൻപേ;
7 വർഷങ്ങൾക്കു മുൻപൊരിക്കൽ പാണിയേലിയിൽ
പോയിട്ടുണ്ടെങ്കിലും, വഴി മറന്നിരുന്നത് കൊണ്ട്
ഒരു ചേട്ടനോട് കാലേ കൂട്ടി റൂട്ട് മാപ് ചോദിച്ചു വച്ചിരുന്നു.
(ബ്ലോഗിന്റെ അവസാനം എത്തിച്ചേരാനുള്ള വഴി കൊടുത്തിട്ടുണ്ട്‌ )



മലയാറ്റൂർ ഫോറെസ്റ്റ് ഡിവിഷന്റെ കീഴിലുള്ള
വന ഭൂമിയായ  പാണിയേലി പോരിൽ,
കമനീയമായ ഒരു കവാടമാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
അവധി ദിവസമായതിനാൽ സന്ദർശകരുടെ തിരക്കുണ്ട്.
വാഹന പാർക്കിങ്ങിനും, അകത്തേക്ക്കടക്കാനും
പാസ് എടുക്കണം. യൂണിഫോറം ധരിച്ച ഫോറെസ്റ്റ് ഗാർഡുകൾ
സഹായത്തിന് ഹാജരായി രിപ്പുണ്ട്.


രണ്ടടി നടന്നാൽ ചെയിഞ്ച്  റൂമും , ടോയിലെറ്റ് സൗകര്യവുമുണ്ട്.
കുടുംബത്തോടൊപ്പം വരുന്നവർക്ക് തെല്ലും പേടിക്കാനില്ല.



പാണിയേലി പോരിലേക്ക് നടന്നു പോകാൻ വഴി വെട്ടിയിരിക്കുന്നു.
ആദ്യം കുറച്ചിടം വരെ വരിയായി കരിങ്കൽ പാകിയിട്ടുമുണ്ട്.
മനുഷ്യന്റെ നിർമ്മിതികൾ ഒന്നും തന്നെ കാടിന്റെ സൌന്ദര്യത്തെ
മുറിവേൽപ്പിക്കാത്ത തരത്തിൽ ടൂറിസം കേന്ദ്രമാക്കി
നിലനിർത്തിയിരിക്കുന്നതിൽ സന്തോഷം തോന്നി.


നടവഴിയുടെ ഇരുവശങ്ങളിലും അനേകം
ഊഞ്ഞാലുകൾ കെട്ടി വച്ചിട്ടുണ്ട്. ഊഞ്ഞാലാടി
കുട്ടിക്കാലത്തിലേക്ക് നമ്മെ കൊണ്ടുപോകും വിധത്തിൽ,
നല്ല ഉറപ്പുള്ള വടം കൊണ്ട് തന്നെയാണ് ഊഞ്ഞാലുകൾ
കെട്ടിയിട്ടുള്ളത്. ചിലതിൽ രണ്ടാൾക്കും ഒരുമിച്ചിരുന്ന്
ആടാം. 
 
 

പുഴയിൽ വെള്ളം കൂടുതലാണെന്നും അപകടം ആയതിനാൽ
പുഴയിൽ ഇറങ്ങരുതെന്നും ഗാർഡുകൾ പറഞ്ഞപ്പോൾ
വിഷമം തോന്നാതിരുന്നില്ല. നല്ല മഴക്കാറും കൂടിയായപ്പോൾ
ആശങ്കപ്പെട്ടുവെങ്കിലും യാത്രയിലോരിക്കൽ പോലും
മഴമേഘങ്ങൾ രസം കൊല്ലിയായി ഇറങ്ങി വന്നില്ല.


 ഇവിടെ ഒഴുകുന്ന നദി പെരിയാർ ആണ്.
പാണിയേലിയിലൂടെ പാറക്കൂട്ടങ്ങളിൽ തട്ടി ശബ്ദമുണ്ടാക്കി
പോരടിച്ചു ഒഴുക്കുന്നു, അതിനാൽ പാണിയേലി പോര്
എന്നറിയപ്പെടുന്നു ഈ സ്ഥലം. അശ്രദ്ധയോടെ പുഴയിൽ 
ഇറങ്ങിയ ഒരുപാടുപേരുടെ ജീവനെടുത്ത സ്ഥലം.
അതുകൊണ്ടുതന്നെ പുഴയിൽ ഇറങ്ങുന്നതിനു അധികാരികളുടെ
കർശന നിയന്ത്രണങ്ങൾ ഉണ്ട്. മദ്യപിച്ചു വരുന്ന സന്ദർശകരുടെ
അശ്രദ്ധയാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.



നദിയുടെ ഓരത്തു കൂടെ, കാടിന്റെ അരികിലൂടെ
കുറെ ദൂരം നടക്കാം. വിശ്രമിക്കാൾ മുളകൊണ്ടുള്ള
ഇരിപ്പിടങ്ങൾ അനവധിയുണ്ട്. പണ്ടിവിടെ വന്നപ്പോൾ
ഒരു ഏറുമാടം ഉണ്ടായിരുന്നു, ഇപ്പോഴില്ല :(

 
 

പാറക്കെട്ടുകളും പൂപ്പല് പിടിച്ച ഉരുളൻ കല്ലുകളും
നിറഞ്ഞ ചിലയിടങ്ങളിൽ നടക്കാൻ അൽപം
ശ്രമകരമാണെങ്കിലും രസമായിരുന്നു.


കാടും കാട്ടാറും ആദ്യമായി കണ്ടു നടക്കുന്ന മകൾ ദയ
മറ്റൊരു ലോകത്തെത്തിയ പോലെ തോന്നി. കൃഷ്ണക്കും
ഒരുപാട് ഇഷ്ട്ടപ്പെട്ടു ആയിടം. പലയിടത്തും പുഴയുടെ
ഓരങ്ങളിൽ ഇറങ്ങാനുള്ള സൗകര്യം കണ്ടപ്പോൾ
സന്തോഷായി; കാക്കകുളി കുളിച്ചു.


ഒരിടത്ത് പണ്ടെങ്ങാണ്ട് ഉണ്ടായിരുന്ന ഒരു
കെട്ടിടത്തിന്റെ അവശേഷിപ്പുകൾ കാണാം. അത്
ഫ്രീക്കന്മാർ സെൽഫി സ്പോട്ട് ആയി കണ്ട്
അഭിനയിച്ചു "മരിക്കുന്നത്" കണ്ടു നിൽക്കുന്നവർക്കൊരു
രസികൻ കാഴ്ചയാണ്.


പാണിയേലിയുടെ അടുത്തൊന്നും നല്ല ഹോട്ടലുകൾ
ഇല്ലാത്തതിനാൽ ഭക്ഷണം കയ്യിൽ കരുതിയിരുന്നു.
അത് കഴിച്ച് പുഴയിലെ വെള്ളവും കുടിച്ചു.
പ്ലാസ്റ്റിക്‌ കവറുകളും കുപ്പികളും മറ്റും അവിടെ
ഉപേക്ഷിക്കാതെ തിരികെ കൊണ്ടുവന്നു. ഏതു കാട്ടിൽ
പോയാലും നാം നമ്മുടെ കാൽപാടുകൾ മാത്രമേ
അവിടെ ഉപേക്ഷിച്ചു പോരാവൂ. വനം കാത്തു
സൂക്ഷിക്കാനുള്ളതാണ്, എങ്കിലേ വരും തലമുറയ്ക്ക്
ഇതൊക്കെ കാണാൻ ഒരവസരം ഉണ്ടാവൂ.


വെള്ളം കൂടുതൽ ഉള്ളതുകൊണ്ട് ഒരുപാട് ദൂരം
കാടിന്റെ ഉള്ളിലേക്ക് നടക്കണ്ട എന്ന് തീരുമാനിച്ച്
പതുക്കെ തിരിച്ചു നടന്നു. ചെറിയ മഴത്തുള്ളികൾ
പെയ്യാൻ കൊതിച്ചു മടിച്ചു നിന്നു. നല്ലൊരു സമയം
കുടുംബസമേതം കാടിനുള്ളിൽ ചിലവഴിക്കാനായത്തിന്റെ
സന്തോഷപ്പെരുമഴ മനസ്സിൽ പെയ്യുന്നുണ്ടായിരുന്നു അപ്പോഴും.


സത്യത്തിൽ കൂടുതൽ വിശദീകരിക്കാൻ ഇനിയില്ല,
ബാക്കിയുള്ളത് ഇവിടെ വന്ന് കാണേണ്ടതും
അനുഭവികേണ്ടതും മാത്രമേ ഉള്ളു.
രണ്ടോ മൂന്നോ മണിക്കൂറുകൾ ചിലവഴിക്കാൻ പറ്റിയ
ഒരിടം.


പാണിയേലിയുടെ സമീപ പ്രദേശങ്ങളായ
കപ്രിക്കാടും കോടനാടും കല്ലിൽ ക്ഷേത്രവും
ഇരിങ്ങോൾ കാവുമെല്ലാം ഒരു ദിവസത്തെ ഈ യാത്രയിൽ
ഉൾപ്പെടുത്താവുന്നതാണ്.
ഇരിങ്ങോൾ കാവിനെക്കുറിച്ച് പണ്ട് എഴുതിയ ബ്ലോഗ്‌ 
വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

 എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

NH-47 വഴി അങ്കമായിൽ എത്തി ഇടത്തോട്ടു കാലടി
റൂട്ടി ലേക്ക് തിരിഞ്ഞ് പെരുമ്പാവൂർ വഴിയാണ് പോയത്.
പെരുമ്പാവൂരിൽ നിന്നും കോതമംഗലം/മൂന്നാർ റൂട്ടിലേക്ക് തിരിഞ്ഞ്
(ഇടതു വശത്തൊരു സ്കൂളും, വലതു വശത്ത് പള്ളിയും കാണാം)
കുറുപ്പംപടിയിലെത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ്
വേങ്ങൂർ(Take Straight Direction), കൊമ്പനാട് വഴി(Then Right)
ക്രാരിയേലി നിന്നും വലത്തേക്ക് 2 കിലോമീറ്റർ
യാത്ര ചെയ്‌താൽ പാണിയേലി പോരിൽ എത്താം.
തൃശ്ശൂരിൽ നിന്നും ഏകദേശം 71 കിലോമീറ്റർ ദൂരം.