June 27, 2015

ഞാറ്റുവേല

ഞാറ്റുവേല എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ,
കഴിഞ്ഞ ആഴ്ച വരെ എനിക്ക് കൂടുതലായൊന്നും
അറിയില്ലായിരുന്നു. ഞാറ്റുവേലയെപ്പറ്റി
അറിയാൻ ശ്രമിച്ചപ്പോൾ പലരിൽ നിന്നുമായി കിട്ടിയ
കാര്യങ്ങൾ ഇവിടെ പോസ്റ്റുന്നു.


 സമയവും ദിവസവും കാലാവസ്ഥയും അറിയാൻ
പണ്ട് പഴമക്കാർ തയ്യാറാക്കിയ കാർഷിക കലണ്ടറാണ്
"ഞാറ്റുവേലകൾ".

"ഞായറിന്റെ വേള"യാണ് ഞാറ്റുവേല ആയത് !
ഞായറെന്നാൽ സൂര്യനേയും, വേള സമയത്തെയും
സൂചിപ്പിക്കുന്നു. അതായത് സൂര്യന്റെ സമയമാണ്
ഞാറ്റുവേല എന്നർത്ഥം.


പണ്ട് എല്ലാ കാര്യങ്ങളും
കൃഷിയുമായിട്ടായിരുന്നുവല്ലോ ബന്ധപ്പെട്ടിരുന്നത്.
വിത്തിറക്കാനും നനയ്ക്കാനും വളം വയ്ക്കാനും
വിളവെടുപ്പിനും എല്ലാം കാലാവസ്ഥയും സൂര്യൻറെ
സ്ഥിതിയുമെല്ലാം അറിയണം. അക്കാലത്ത് കർഷകരെ
സഹായിക്കാൻ കൃഷി ഭവനും, TV യും, മൊബൈൽ ഫോണ്‍
ആപ്പുകളും ഒന്നും തന്നെയില്ല. അന്ന് ആളുകൾക്ക്
കാലങ്ങളെ അറിഞ്ഞ്,ജീവിതവും  കൃഷിയും ചിട്ടപ്പെടുത്താൻ
ഉപയോഗിച്ചിരുന്നത് ഈ ഞാറ്റുവേലകളാണ്.


ഭൂമി സൂര്യനെ വലയം വയ്ക്കുന്ന പ്രദക്ഷിണ വഴിയെ
27 സമ ഭാഗങ്ങളാക്കി തിരിച്ചാണ് ഞാറ്റുവേല
രൂപപ്പെടുത്തിയിരിക്കുന്നത്.
മേട മാസത്തിൽ തുടങ്ങി മീന മാസത്തിലവസാനിക്കുന്ന
കാർഷിക വർഷത്തെ 13.5 ദിവസം (പതിമൂന്നര)
ദിവസം വീതമുള്ള 27 ഭാഗങ്ങളാക്കി വിഭജിച്ചിരിക്കുന്നു.


അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകളുടെ
പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
മേടം ഒന്നിന്(വിഷു ദിനത്തിൽ) ആരംഭിക്കുന്ന
അശ്വതി ഞാറ്റുവേലയിൽ തുടങ്ങുന്ന ഞാറ്റുവേല കലണ്ടർ
രേവതി ഞാറ്റുവേലയിൽ അവസാനിക്കുന്നു.

ഇതിൽ പ്രധാനം
മിഥുന മാസത്തിലെ തിരുവാതിര ഞാറ്റുവേലയാണ്.
പുതു നാമ്പുകൾ പിറവിയെടുക്കുന്ന, പതിമൂന്നര
ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ തിരുവാതിര
ഞാറ്റുവേലയിൽ, മഴ, വെയിൽ, മഞ്ഞ് എന്നീ മൂന്ന്
പ്രതിഭാസങ്ങൾ ഉണ്ടാകും എന്നതാണിതിന്റെ
പ്രത്യേകത. തിരി മുറിയാതെ പെയ്യുന്ന ഈ മഴയിൽ,
വിരൽ ഒടിച്ചു കുത്തിയാൽ പോലും മുളയ്ക്കും
എന്നാണ് പഴമക്കാർ പറയുക. അതുകൊണ്ട് തന്നെ
ഈ ഞാറ്റുവേലയെ "പുതിയതിന്റെ ആരംഭ"മായി
കർഷകർ കാണുന്നു. ഒട്ടുമിക്ക കാർഷിക വിളകളുടെയും
വിത്തിറക്കുന്നത് ഈ ഞാറ്റുവേലയെ ആശ്രയിച്ചാണ്.

ഇങ്ങനെ പ്രകൃതിയെയും മനുഷ്യനെയും കൂട്ടിയിണക്കുന്ന
ഞാറ്റുവേലകൾക്ക്, മനുഷ്യ സംസ്ക്കാരവുമായി
ഇഴപിരിയ്ക്കാനാവാത്ത ബന്ധമാണുള്ളത്.

June 23, 2015

ഇന്നലെകളിലൂടെ


ഈ ബ്ലോഗ്‌ ഒരു ശ്രമം മാത്രമാണ്, പറയാൻ പോകുന്ന
വിഷയം നിങ്ങളുമായി സംവദിക്കാൻ
എനിക്കാവുമോയെന്ന്ഒരു നിശ്ചയവുമില്ല.
ആധികാരികമായി പറയാൻ അറിയില്ലെങ്കിലും,
സൈക്കോളജിയിൽ ഗപ്പൊന്നും കിട്ടിയിട്ടില്ലെങ്കിലും
ചിലത് ഇവിടെ പറയാൻ ശ്രമിക്കുകയാണ്.


" ഇന്നലെകളിലൂടെ" എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഒരു
മാനസ സഞ്ചാരമാണ്. ഇന്നലെകളിൽ അല്ലെങ്കിൽ
കഴിഞ്ഞ കാലത്ത് സംഭവിച്ച കാര്യങ്ങളിലും,
സാഹചര്യങ്ങളിലും, അനുഭവങ്ങളിലും മനസ്സ്
ചിലപ്പോഴൊക്കെ തങ്ങി നില്ക്കുന്നൊരവസ്ഥ.
ഇന്നിൽ ജീവിക്കുമ്പോഴും ഇന്നലെകളിൽ മനസ്സിനെ
"തൊട്ട" കാര്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ
ചെന്നെത്തി നിൽക്കാറില്ലേ? അപ്പൂപ്പൻ താടികൾ
പാറിപ്പറന്നു ഒരിടത്ത് പറ്റിപ്പിടിച്ചിരി ക്കും പോലെ...
വർത്തമാനത്തിലേക്ക്‌ മനസ്സ് പറന്നെത്താൻ
മടിയ്ക്കും പോലെ...

എന്റെയൊരു കൂട്ടുകാരാൻ ചേട്ടനാണ് സത്യത്തിൽ
ഈയൊരു ബ്ലോഗ്‌ ത്രെഡ് എഴുതാൻ കാരണം.
12 വർഷമായി US ൽ മെഡിക്കൽ രംഗത്ത്‌ പ്രവർത്തിക്കുന്ന
റെജിച്ചായൻ കഴിഞ്ഞ വർഷം ഒരവധിക്കാലം
ചിലവിടാനായി നാട്ടിൽ വന്നപ്പോൾ ഏതാനും
ദിവസങ്ങൾ എന്നോടൊപ്പം എന്റെ ഗ്രാമത്തിൽ തങ്ങി.
ഒരു മേജർ സർജറിക്ക് മുൻപുള്ള; നാട്ടിലേക്കുള്ള യാത്ര
അദ്ദേഹം ആവോളം ആഘോഷിക്കുകയായിരുന്നു.
ഇഷ്ട്ടപ്പെട്ട സ്ഥലങ്ങളും കാഴ്ചകളും കാണിക്കാൻ
ഞാൻ കൂട്ടിക്കൊണ്ടുപോയി. ഒരു കൊച്ചു കുട്ടിയുടെ
കൌതുകത്തോടെ പുഴകളും നാട്ടുവഴികളും ചായക്കടയും
വായനശാലയും തൃശൂരിലെ വടക്കുംനാഥനും
പുത്തൻപള്ളിയും തേക്കിൻകാടും എല്ലാം കണ്ടു.
പണ്ടത്തെ സിനിമകളിലെ ലാലേട്ടന്റെ നാടൻ ദിനങ്ങൾ
പോലെ ആസ്വദിച്ച് അദ്ദേഹം തിരികെ US ലേക്ക് പറന്നു.


പക്ഷേ, ഇപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോഴും ആ
പഴയ ദിനങ്ങളിൽ അദ്ദേഹം ജീവിക്കുന്ന പോലെ
പറയാറുണ്ട്‌. മനസ്സ് പൂർണ്ണമായും കടൽ കടന്നെത്താൻ
തെല്ലു വിഷമിച്ച പോലെ.

സമാനമല്ലെങ്കിലും നമുക്കുമുണ്ടായിട്ടില്ലേ ഇത്തരം
അനുഭവങ്ങൾ ; ഒന്നോർത്തു നോക്കൂ !
തീർച്ചയായും എനിയ്ക്കനവധി സന്ദർഭങ്ങൾ
മനസ്സിലേക്ക് വരുന്നുണ്ട്.
മനസ്സിന്നും വിഹരിക്കുന്ന ആ ഇന്നലെകളിൽ ചിലത്,
മനസ്സിലേക്ക്   പെട്ടെന്ന് ഓടി വരുന്നവ ഇതാ..

കലാലയ ജീവിതത്തിൽ ക്യാമ്പസ്സിൽ നിന്നും വിനോദയാത്ര
പോയി തിരികെ വന്ന ദിവസങ്ങൾ, കുട്ടിക്കാലത്ത്
അമ്മാവന്റെ വീട്ടിലെ വേനൽ അവധിക്കാലം കഴിഞ്ഞു
സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം സന്ധ്യയായപ്പോൾ
മനസ്സ് തിരികെ പോയത്, അങ്ങനെ പലതും,
കാലങ്ങൾക്കിപ്പുറം നടത്തിയ യാത്രകളും  കാട് കയറ്റവും
അലച്ചിലുമെല്ലാം...
നിങ്ങൾക്കുമുണ്ടാവും ഇതിലേറെ കാര്യങ്ങൾ
ഓർത്തെടുക്കാൻ, അല്ലേ? ഇത്തരം ഓർമ്മകളും;
പ്രവാസികൾക്ക്  നാട്ടിലെ അവധി ദിവസങ്ങളുമൊക്കെ
മനസ്സിനെ അറിയാതെ റിവേർസ് ഗിയറിൽ ഇട്ട്
ഇന്നലകെളിലേക്ക് കൊണ്ടുപോകും...



ചുമ്മാ ഒരു രസത്തോടെ ഇതൊക്കെ ഒരു സാക്ഷി
ഭാവത്തോടെ നോക്കി നില്ക്കാൻ രസമാണല്ലേ?
കാലത്തിന്റെ ഇന്നലെകളിലേക്കുള്ള മനസ്സിന്റെ ഈ
മടക്ക യാത്രകൾ, നോവുണർത്തിയ ഓർമ്മകളിലേക്കും
നമ്മെ കൂട്ടിക്കൊണ്ടു പോവും.

 ആർദ്രമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും
പ്രണയത്തിന്റെയും വിരഹത്തിന്റെയുംഎല്ലാം
ഇന്നലെകളിലേക്ക്,
വെറുതെയെങ്കിലും മനസ്സിന്റെ ഒരു തിരിച്ചുപോക്ക്
ചില നേരങ്ങളിൽ  അനിവാര്യതയാണ്.


നാം ഓർക്കുക;
ഇന്ന്, ഇപ്പോൾ നമ്മളിലൂടെ കടന്നു പോകുന്ന
ഓരോ നിമിഷങ്ങളും നാളെയുടെ ഇന്നലെകളാണ്.
അതിനാൽ, നാളത്തെ ഇന്നലെകൾ സുന്ദരമാക്കാൻ
ഇന്നിന്റെ ഓരോ ദിനരാത്രങ്ങളും, അനുനിമിഷം
നമുക്ക് സന്തോഷത്തോടെ ആസ്വദിക്കാം.
ഇന്നലെകളിലൂടെയുള്ള യാത്രകൾ സുന്ദരങ്ങളായിരിക്കട്ടെ...

June 18, 2015

വായന

നാളെ ജൂണ്‍-19
നാടെങ്ങും വായനദിനമായി ആചരിക്കുന്ന ദിവസം.
എന്നാൽ പിന്നെ ഞാനേറെ സ്നേഹിക്കുന്നവർക്കായി
ഞാനേറെ ഇഷ്ട്ടപ്പെടുന്ന ഒരു കാര്യത്തെപ്പറ്റി ഇവിടെ
എഴുതാമെന്ന് കരുതി.


വായനയുടെ ലോകം...
വായന മരിക്കുന്നു എന്നൊക്കെ കുറച്ചു നാൾ മുൻപ് വരെ
കേട്ടിരുന്നു. അങ്ങനെ ഉണ്ടോ? എനിക്ക് തോന്നുന്നില്ല.
പണ്ടത്തെ പോലെ വായിക്കുന്നവരുടെ എണ്ണം ഒരുപക്ഷേ
കുറഞ്ഞിട്ടുണ്ടാവാം. പക്ഷെ ഇന്നും കാര്യമായി
വായിക്കുന്നവർ ഒത്തിരി ഉണ്ട്.
പുസ്തകത്തിൽ നിന്നും തെല്ലു മാറി വായന
ഇൻറർനെറ്റിലെക്കും, ബ്ലോഗിലേക്കും, ടാബിലെക്കും
എന്തിന് മൊബൈൽ ഫോണിലേക്ക് വരെ വ്യാപിച്ചിരിക്കുന്നു.

അറിഞ്ഞും അറിയാതെയും നാം വായനക്കാരാകുന്നുണ്ട്,
സോഷ്യൽ മീഡിയകളിൽ, വാട്സ് ആപ് ഗ്രൂപ്പുകളിൽ
പലപ്പോഴും നാം കാര്യമായ ചർച്ചകളിൽ പങ്കാളികളാവുന്നു.
വെറുതെ തമാശ മാത്രം പോസ്റ്റ്‌ ചെയ്യപ്പെടുന്ന
ഇടങ്ങളെക്കുറിചല്ല ഞാൻ ഉദ്ദേശിച്ചത്.
മറിച്ച്, ഗൌരവമേറിയകലാ സാംസ്ക്കാരിക
സാമൂഹിക വിഷയങ്ങൾ മുതൽ
സാഹിത്യവും യാത്രകളും അനുഭവ കുറിപ്പുകളും
പാട്ടുകളും കഥകളും കവിതകളും നാട്ടറിവുകളും
മറ്റും പരിചയപ്പെടുത്തുന്ന വിശാലമായ
വായനയുടെ ലോകം, വായനയുടെ ഒരു പൂക്കാലം
ഇന്ന് തൊട്ടരികത്ത്‌ നമ്മെ കാത്തിരിപ്പുണ്ട്‌.
ചളു മാത്രം വായിച്ചു നിർവൃതിയടയാതെ
നല്ലൊരു വായനയുടെ ലോകത്തേക്ക്,
പുതിയ കാലത്തിന്റെ വായനശാലകളിലേക്ക് നമുക്ക്
ചെന്നെത്താം...
അതിനുള്ള ഒരു ഓർമ്മപ്പെടുത്തലാവട്ടെ ഈ വായനദിനം.

 
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ
പുതുവായിൽ നാരായണ പണിക്കർ എന്ന ശ്രീ P.N. പണിക്കരുടെ
ഓർമ്മ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.
ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ച,
കേരള സാക്ഷരതാ യജ്ഞത്തിനു നേതൃത്വം നൽകിയ ആ
മഹാത്മാവിനു മുൻപിൽ ഒരു നിമിഷം ശിരസ്സ്‌ നമിക്കാം.

എനിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഒരു എളിയ
പ്രവർത്തകനാവാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

"വായിക്കുക വളരുക"

വായനയുടെ പൂക്കാലം...
മേൽ പറഞ്ഞ പോലെ വായനയുടെ ലോകം
എത്രയൊക്കെ മാറിയാലും,
ഒരു പുസ്തകമെടുത്ത്‌ വിരലിനാൽ  താളുകൾ  മറിച്ചു
വായിക്കുന്നതിന്റെ ഒരു സുഖം മറ്റൊന്നിനും നൽകാനാവില്ല.
പുസ്തകത്തിന്റെ മണവും ചട്ടയുടെ നിറവും എല്ലാം
അക്ഷരങ്ങളോടൊപ്പം മനസ്സിൽ മായാതെ നിൽക്കും.
വായനശാലയിലെ റാക്കിൽ അടുക്കി വച്ച പുസ്തകങ്ങൾ
കാണാൻ തന്നെ വല്ലാത്തൊരു കൊതിയാണെനിക്ക്. അവ
പരസ്പരം സംസാരിക്കുന്ന പോലെ തോന്നും. എത്ര
രസമായിരിക്കും അല്ലെ, ആ എഴുത്തുകാർ തമ്മിൽ
അവിടെയിരുന്ന് സംസാരിച്ചിരുന്നെങ്കിൽ !!!
ഇ.വി യും, കുമാരനാശാനും, വള്ളത്തോളും, വിജയനും,
എം ടി യും, മുകുന്ദനും, പദ്മനാഭനും, മാധവിക്കുട്ടിയും,
ആനന്ദും, സക്കറിയയും, പെരുമ്പടവും, ചുള്ളിക്കാടും,
മീരയും, ബെന്യാമിനും, പൌലോ കൊയിലോയും
മാർക്കസ്സും...  അങ്ങനെ എല്ലാവരും കൂടി ഒരു
സാഹിത്യ സംവാദം നടത്തിയിരുന്നെങ്കിൽ എത്ര
വിചിത്രമായിരിക്കും അത് !


ഓരോ പുസ്തകവും ഓരോ അനുഭവങ്ങളാണ് നമുക്ക്
തരുന്നത്. ചിലപ്പോൾ അത് നമ്മളെ തന്നെ കാട്ടിത്തരുന്നു,
മറ്റു ചിലപ്പോൾ അത് വഴികാട്ടികളാവുന്നു. 
അറിവും വിജ്ഞാനവും രസങ്ങളും പ്രണയവും നർമ്മവും
എല്ലാം ഈ താളുകളിൽ, കറുത്ത  മഷി പുരട്ടി ഒട്ടിച്ചു
വച്ചിരിക്കാണെന്ന്തോന്നും, വായനയുടെ ലോകത്തെത്തിയാൽ.

അത്ര രസമാണീ വായനയുടെ യാത്ര. അക്ഷരങ്ങൾ നമ്മെ
കാലത്തിന്റെ അങ്ങേ തലക്കലേക്കും ഇങ്ങോട്ടും കൊണ്ട്
പോകും, അറിയില്ലാത്ത ആകാശങ്ങളിൽ വിഹരിക്കാൻ
നമ്മെ പഠിപ്പിക്കും, കെട്ടുകഥകളും പഴംപാട്ടുകളും
ചൊല്ലി നമ്മെ കളിപ്പിക്കും...
ജീവിതത്തെ അറിയുന്നത്, കാട്ടി തരുന്നത് ഈ പുസ്തകങ്ങൾ
അല്ലാതെ മറ്റെന്താണ്?
നാം തന്നെ തിരഞ്ഞെടുക്കുന്ന നമ്മുടെ ഗുരുനാഥന്മാർ !

ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ശക്തമായ എഴുത്തിന്റെ
അക്ഷരക്കടലാസുകൾ തുന്നിക്കെട്ടിയ ഈ പുസ്തകങ്ങൾ
വെറും പുസ്തകങ്ങൾ മാത്രമല്ല;
ഒരു മനുഷ്യായുസ്സിലെ നല്ല വഴിത്തിരുവുകളുടെ
അടയാളപ്പെടുത്തലുകൾ കൂടിയാണ്.
വായനയുടെ കാലം അതിന് സാക്ഷ്യം നിൽക്കട്ടെ.