നമുക്കെല്ലാർക്കും കാലാകാലങ്ങളിൽ ഓരോ
സ്വപ്നമുണ്ടാകും, അല്ലെങ്കിൽ പ്രതീക്ഷകൾ.
ഈ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായി ദിനവും
നാം പ്രയത്നിക്കുന്നു. ചിലരുടെ പ്രയത്നങ്ങൾ
സ്വപ്നങ്ങളെ യാധാർധ്യമാക്കുന്നു, ചിലർ
പരാജയപ്പെടുന്നു, കുറച്ചു പേർ വഴിമദ്ധ്യേ
കാലിടറി വീഴുന്നു...
എപ്പോഴും നമ്മൾ നമ്മുടെ സ്വപ്ങ്ങളുടെ
ചിറകിലേറിയാണ് യാത്ര. എന്നാൽ മറ്റൊരാളുടെ
സ്വപ്നം സഫലമാക്കാൻ അവർക്ക് കൂട്ടായി
ഇരിക്കുമ്പോഴുള്ള സന്തോഷം അറിഞ്ഞിട്ടുണ്ടോ ?
ഭാഗ്യവശാൽ എനിക്ക് ചില കാലങ്ങളിൽ
അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ
സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്.
വലിയ വലിയ കാര്യങ്ങൾ
ചെയ്തു കൊടുത്തു എന്നൊന്നും ഇതിനർത്ഥമില്ല.
പക്ഷേ, ഒരു സുഹൃത്തിന്റെ പ്രതീക്ഷകളെ
കേട്ടിരിക്കാനും ആവുന്ന സഹായങ്ങൾ സന്തോഷത്തോടെ
ചെയ്തു കൊടുക്കുമ്പോൾ നമുക്കുണ്ടാകുന്ന,
പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദമുണ്ട്.
ഇന്നിവിടെ "സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുമ്പോൾ"
എന്ന ബ്ലോഗ് എഴുതാൻ കാരണം, അത്തരത്തിൽ ഒരു
കൂട്ടിരിക്കുന്ന സമയമാണിപ്പോൾ എന്നതാണ്.
പക്ഷേ അതൊരു അടുത്ത സുഹൃത്തോ
വേണ്ടപ്പെട്ടവരോ ഒന്നുമല്ല; നാട്ടിലെ ഒരു
സാധാരണ വീട്ടമ്മ, ഒരന്തർജനം. പതിവായി
അമ്പലത്തിൽ കാണാറുള്ളതാണ്, ശാന്തിയുടെ
വേളി. ഒരു ദിവസം വീട്ടിൽ വന്നു അമ്മയോട്
എന്നെ തിരക്കി, അന്നേരം ഞാനുണ്ടായിരുന്നില്ല.
അമ്മയോട് വന്ന കാര്യം പറഞ്ഞു, അവരുടെ കയ്യിൽ
വർഷങ്ങൾ പഴക്കമുള്ള ഒരു ഡയറി ഉണ്ട്.
നിറം മങ്ങിയ താളുകളിൽ നിറയെ
ഭക്തിരസപ്രദമായ കവിതകളാണ്;
ഈശ്വര സ്തുതികൾ !
അനേകം വർഷങ്ങളിലെ അവരുടെ കാവ്യ സപര്യയുടെ
ഫലമായി പിറവിയെടുത്ത സ്തുതി ഗീതങ്ങൾ.
കഴിഞ്ഞ കാലത്തിലെ ഇന്നലെകളിലെ കഷ്ട്ടത നിറഞ്ഞ
ജീവിത യാത്രയിൽ വെന്തുരുകുമ്പോഴും,
മനസ്സിലെ ഭക്തിയിൽ നിന്നും വിശ്വാസത്തിൽ നിന്നും
കണ്ണുനീരായിപ്പൊടിഞ്ഞ അക്ഷരമാല്യങ്ങൾ
കലാസിൽ പകർത്തി, ഭഗവാന്റെ
തൃപ്പാദങ്ങളിൽ അർപ്പിക്കാനുള്ള പുഷ്പങ്ങളായി
അവരത് കാത്തു സൂക്ഷിച്ചു. ഇന്നത് ഒരു
അച്ചടിച്ച പുസ്തകമായി കാണണം എന്നതാണ്
അവരുടെ സ്വപ്നമെന്നും അതിനായി
മകനോട് വേണ്ട കാര്യങ്ങൾ ചെയ്തു തരാൻ
പറയണമെന്നും അമ്മയോട് പറഞ്ഞ്
ഡയറി വീട്ടിൽ ഏൽപ്പിച്ച് ആ അന്തർജ്ജനം
യാത്രയായി.
എഴുതിയ ഭക്തിഗീതങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴും
ഞാൻ ചിന്തിക്കുകയായിരുന്നു, ആ അന്തർജ്ജനം
എന്തിനാണ് അവരുടെ ഒരു സ്വപ്നത്തിനു,
കുറച്ചു കാലത്തേക്ക് കൂട്ടിരിക്കാൻ എന്നെ
നിയോഗിച്ചത്? എനിക്കും ഒരുപാട് സന്തോഷം
തോന്നി. പ്രസ്സിൽ പോയി പുസ്തകമാക്കാനുള്ള
ചിലവോക്കെ തിരക്കി. അവർക്ക് താങ്ങാനാവുമോ
എന്ന് ശങ്കിച്ച് ഞാൻ വിവരം അന്തർജനത്തിനെ
അറിയിച്ചു. ആദ്യമൊന്നു ചിന്തിച്ചെങ്കിലും
എങ്ങനെയെങ്കിലും നമുക്കിത് ചെയ്യണം എന്ന
ആഗ്രഹം പറഞ്ഞു. പണം തരപ്പെടുത്താൻ അവരും
വഴി കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നു.
എന്ത് തന്നെയായാലും ഈ മേടം തീരും മുൻപായി
ആത്തൊലിന്റെ പുസ്തകം അവരുടെ കയ്യിൽ
വച്ച് കൊടുക്കണമെന്നത് ഇന്നെന്റെയും ഒരു
സ്വപ്നമായി മാറിയിരിക്കുകയാണ്. അതിനു
വേണ്ട സഹായങ്ങൾ ചെയ്തു ഈയൊരു
സ്വപ്നത്തിന് കൂട്ടിരിക്കുകയാണിപ്പോൾ.
ഒരുപക്ഷേ ഈ സ്വപ്നം പൂവണിയുമ്പോൾ
ഞാനായിരിക്കും കൂടുതൽ സന്തോഷിക്കുക.
വരുന്ന മേടമാസത്തിൽ വിഷുപ്പക്ഷി പാടുന്ന ഒരു
പകൽ വരെ നമുക്ക് കാത്തിരിക്കാം...
അറിഞ്ഞും അറിയാതെയും നമ്മൾ ഇതുപോലെ
മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്നവരാണ്.
കാലങ്ങൾ പോയ്മറയും, സ്വപ്‌നങ്ങൾ മാറി വരും
പക്ഷേ ഒരിക്കൽ കൂട്ടിരുന്ന സ്വപ്നത്തിന്റെ
സുഖമുള്ള ഓർമ്മകൾ മാത്രം നമ്മുടെ മനസ്സിൽ നിന്നും
ഒരിക്കലും മാഞ്ഞുപോവില്ല...
2014 MAY 18
സ്വപ്നം പൂവണിഞ്ഞു :
ആ അന്തർജ്ജനം കണ്ട സ്വപ്നം ഒടുവിൽ പൂവണിഞ്ഞു.
സ്വപ്നത്തിനു കൂട്ടിരുന്ന ഒരു സുഖം എനിക്കുമുണ്ട്.
അവരെഴുതിയ സ്തോത്ര ഗീതങ്ങൾ
"അക്ഷരപുഷ്പങ്ങൾ" എന്ന പേരിൽ
ഒരു പുസ്തകമാക്കി അതിന്റെ കോപ്പികൾ
അടങ്ങിയ ഒരു കെട്ട് അവരുടെ വീട്ടിൽ
കൊണ്ട് കൊടുത്തു. സന്തോഷം അവരുടെ
മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു.
പുസ്തകം എടുത്തു കയ്യിൽ കൊടുത്തപ്പോൾ
അന്തർജനവും തിരുമേനിയും എന്റെ
തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.
ഇതിൽ കൂടുതൽ എനിക്കെന്തു വേണം...