December 30, 2014

കൈനകരി


മുൻപ് പലകുറി ആലപ്പുഴയും കുട്ടനാടും ഒക്കെ
പോയിട്ടുണ്ടെങ്കിലും കായലിൽ നിന്നിറങ്ങി
ഗ്രാമക്കാഴ്ചകൾ നുകർന്ന് നടക്കാൻ
ആദ്യമായാണ്‌ ഒരവസരം കിട്ടുന്നത്.



ബോട്ടിറങ്ങി കരയിലെത്തിയപ്പോൾ,
കുട്ടനാട്ടിലെ വേമ്പനാട്ടു കായലിനെ തൊട്ടുരുമ്മി നില്ക്കുന്ന
കൈനകരിയുടെ സുന്ദരക്കാഴ്ചകൾ.

 
 

ഗ്രാമവാസികൾ, വീഥികൾ, വീടുകൾ, കവലകൾ, തൊഴിൽ
അങ്ങനെ എല്ലാത്തിലും ഒരു കായലോരം ടച്ച് !


പായൽ നിറഞ്ഞ തോടിന്റെ അരികിലൂടെയുള്ള
ഇടുങ്ങിയ വഴിയിലൂടെ ചുമ്മാ നടന്നു. കായലിലെ കാഴ്ചകളും
ഗ്രാമത്തിലെ കാഴ്ചകളും ഒരേ സമയം കാണാം.

 

 

അവിടത്തുകാരുടെ ജീവിത രീതി തന്നെ
എത്രയോ വ്യത്യസ്തമാണ്. നമ്മുടെ നാട്ടിലെപ്പോലെ
ബസ് സ്റ്റോപ്പ് ഇല്ല പകരം ബോട്ട് കാത്തു നില്ക്കുന്ന
ഷെഡ്‌. ബോട്ട് എങ്ങാനും വിട്ടു പോയാൽ പിറകെ വരുന്ന
ഓട്ടോയിലോ ബൈക്കിലോ ലിഫ്റ്റ്‌ അടിക്കാനും പറ്റില്ല.
ജോലിക്ക് പോകുന്നവർ പലതവണ കയ്യിലെ വാച്ച് നോക്കി
കായൽപ്പരപ്പിലൂടെ കണ്ണോടിച്ച് ബോട്ട് കാത്തു നിൽക്കുന്ന
കാഴ്ച കാണാം. മിക്കവാറും ബോട്ട് അടുക്കുന്ന ഇടങ്ങളിൽ
ചെറിയ ഒറ്റമുറി പീടികകൾ ഉണ്ട്. കായലോരം തിങ്ങി നിറഞ്ഞ്
തെങ്ങുകൾ, നിറയെ പൊന്നാര്യൻ കൊയ്യുന്ന വയലുകൾ,
ചൂണ്ടയിട്ടും വല വീശിയും മീൻ പിടിക്കുന്നവർ,
കായലിൽ നിറയെ കെട്ടുവള്ളങ്ങൾ...

 

ചിലർ വഞ്ചികളിൽ കടത്തു കടന്നു പോകുന്നു.
സ്ത്രീകളും പുരുഷന്മാരും വഞ്ചി തുഴയുന്നുണ്ട്.
ന്യൂ ജനറേഷൻ കൈനകരി ബഡീസ്, മോട്ടോർ വച്ച
വഞ്ചികളിൽ ശരവേഗത്തിൽ പോകുന്നുണ്ട്.

 



കാഴ്ചകൾ കണ്ടങ്ങിനെ നടന്നപ്പോൾ "ചാവറ ഭവൻ"
എന്നൊരു ബോർഡ് കണ്ടു. ഈയിടെ റോമിൽ
വിശുദ്ധനായി പ്രഖ്യാപിച്ച, കേരളക്കരയുടെ
അഭിമാനമായ കുര്യാക്കോസ് ഏലിയാസ്‌ ചാവറ
എന്ന പുരോഹിതന്റെ ജന്മ സ്ഥലമാണ് കൈനകരി. 
 എന്നാൽ പിന്നെ ആ പുണ്യാത്മാവിന്റെ ജന്മ ഗൃഹം
ഒന്നു കണ്ടേക്കാം എന്ന് കരുതി. CMI സഭയുടെ സ്ഥാപകന്മാരിൽ
ഒരാളായ ചാവറയച്ഛന്റെ ജന്മഗൃഹം നല്ല രീതിയിൽ
ഇവിടെ പരിപാലിച്ചു പോരുന്നു. ഒരു കപ്പേളയുടെ
ഉൽവശത്ത്‌ വളരെ മനോഹരമായി മരത്തിൽ തീർത്ത
ഓല മേഞ്ഞ വീട് ഒരു കൗതുക കാഴ്ച തന്നെയാണ്.

 

വളരെ ഉയരം കുറഞ്ഞ ചെറിയ മുറികൾ.
സുന്ദരം ലളിതം...മനസ്സിൽ വിശ്വാസത്തിന്റെ
മെഴുകുതിരികൾ കത്തും വിധം തീക്ഷ്ണമായ
നിശബ്ദത ആയിടത്തെ ഭക്തി സാന്ദ്രമാക്കുന്നു.
കുറച്ചു നേരം ആ നിശ്ശബ്ദതയിൽ അലിഞ്ഞിരുന്നു.

ചാവറയച്ചനോടൊപ്പം വിശുദ്ധരുടെ നിരയിലേക്ക്
പ്രഖ്യാപിക്കപ്പെട്ട എവുപ്രാസ്യമ്മയുടെ നാടായ
ഒല്ലൂരിൽ (തൃശ്ശൂർ) നിന്നും വരുന്ന എനിക്ക്
കൈനകരിയിൽ എത്താനായത് ഈ ഡിസംബർ
മാസത്തിന്റെ പുണ്യമായിരിക്കാം.

ചാവറ ഭവൻ കണ്ട ശേഷം ബോട്ട് കയറാൻ തിരിച്ചു നടന്നു.
റോടരികിലുള്ള തോട്ടിൽ ആളുകൾ പാത്രം കഴുകുന്നു.
കുറേ ദൂരം നടന്നിട്ടും ഒരു ചായക്കട കണ്ടെത്താനായില്ല.
ഒരു ചേട്ടൻ തെങ്ങിൽ നിന്നുമിറങ്ങി മുന്നിലൂടെ
വേഗം നടന്നു പോകുന്നുണ്ട്. കള്ള് നിറച്ചകുടം കയ്യിലുണ്ട്.
ചെത്ത് കഴിഞ്ഞു പോകുന്ന വഴിയാണ്.

 

 ആ ചേട്ടന്റെ പുറകെ വിട്ടു. ചെന്നെത്തിയത് ഒരു കള്ള് ഷാപ്പിൽ.
കള്ളും കപ്പയും മീൻ കറിയും കഴിച്ചു. കറിയുടെ
എരിവും പുളിയും കള്ളിന്റെ മധുരവും ചേർന്ന്
നാവിൽ കൈനകരിയുടെ രുചിക്കൂട്ട് തീർത്തു. ഓർക്കുമ്പോൾ
ഇപ്പോഴും നാവിൽ വെള്ളമൂറുന്നു.
(ബ്ലോഗ്‌ നനയുമോ ആവോ !!!)


കരിമീൻ വറുത്ത ഒരൂണും കഴിഞ്ഞ് തിരികെ ബോട്ടിൽ
കയറി കൈനകരിക്ക് യാത്ര പറയുമ്പോഴേക്കും
വേമ്പനാട് കായൽ നിറയെ സഞ്ചാരികളുടെ
കെട്ടുവള്ളങ്ങളുടെ പർളിയായിട്ടുണ്ടായിരുന്നു.


കൈനകരിയുടെ ഓരത്ത് ചൂണ്ടയിട്ടിരുന്ന കൊച്ചു
കുട്ടികൾ കൈ വീശിക്കാണിച്ചപ്പോൾ മനസ്സിൽ
അറിയാതെ കുറിച്ചു വച്ചു,
ഇനിയുമൊരിക്കൽ വീണ്ടും ഇവിടെ വരണം...

October 23, 2014

ഇരുട്ട്


കഴിഞ്ഞ ദിവസം കണ്ട ഒരു "കാഴ്ചയുടെ" വിശേഷം
പങ്കു വയ്ക്കുകയാണിവിടെ.


മുൻപ് പല  കാഴ്ചകളും  ഞാനിവിടെ പോസ്റ്റിയിട്ടുണ്ട്;
ചിത്രങ്ങൾ സഹിതം. പക്ഷേ ഇത്തവണ അവതരിപ്പിക്കുന്ന
ഈ  "കാഴ്ച"യിൽ നിറങ്ങളില്ല രൂപങ്ങളില്ല;
എന്തിന്, വെളിച്ചം പോലുമില്ല.

ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി തൃശ്ശൂരിൽ
ഐ ഹോസ്പിറ്റലിന്റെയും , മലബാർ കോളേജ് ഓഫ്
ഹെൽത്ത്‌ സയൻസിന്റെയും ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ഒരു പരിപാടി  കാണാനിടയായി.

FEEL THE BLINDNESS
(Tunnel Of Darkness) 

യാത്രാ വേളകളിൽ, പൊതു സ്ഥലങ്ങളിൽ
ഒക്കെ അന്ധതയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവരെ
നാം കണ്ടിട്ടുണ്ടാകും. പലപ്പോഴും നാമവരെ പരിഗണിക്കുകയോ
സഹായിക്കുകയോ ചെയ്തിട്ടുമുണ്ടാകാം. പക്ഷേ
അവരുടെ ഇരുൾ നിറഞ്ഞ ലോകത്തെക്കുറിച്ച്
ചിന്തിച്ചിട്ടുണ്ടോ? അവരുടെ ചലനങ്ങളിൽ
ചുവടുകളിൽ ചിന്തകളിൽ എല്ലാം ഇരുളിന്റെ
നിറം മാത്രമായിരിക്കാം. ഒരുപക്ഷേ ഈ കറുപ്പിനെ
അല്ലെങ്കിൽ ഇരുളിനെ അവർ ഒരിക്കൽ പോലും
തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല, കാരണം നിറങ്ങളുടെ നിറം
അവർക്കന്യമാണല്ലോ !!! ജന്മനാ അന്ധരായവർക്കു
സമാനമായ അനുഭവമായിരിക്കാം. ഇടക്കാലത്ത്
കാഴ്ച നഷ്ട്ടപ്പെട്ടവർ കൂടുതൽ ബുധിമുട്ടുമായിരിക്കും.

FEEL THE BLINDNESS "കാണാൻ" പോകുമ്പോൾ ഈവക
ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി.
ഇനി അവിടെ എന്നെ കാത്തിരുന്നത് എന്താണെന്ന് പറയാം.
 


ഇരുട്ടിന്റെ ലോകത്തിലൂടെ ഒരു ഹ്രസ്വ സഞ്ചാരം.

അന്ധതാ നഗരിയിലേക്കുള്ള  യാത്രയ്ക്ക് സ്വാഗതമോതി
സംഘാടകർ പ്രവേശന വാതിലിലേക്ക് കൂട്ടിക്കൊണ്ടു പോയി.
വാതിൽ തുറന്ന് പാദരക്ഷകൾ അഴിച്ചുവച്ച്
 ഇരുട്ട് നിറഞ്ഞൊരു മുറിയുടെ അകത്താക്കി
അവർ വാതിലടച്ചു . ഒരു തരി പോലും പ്രകാശം
കടക്കാതെ, കറുപ്പിന്റെ തീക്ഷ്ണത മാത്രം; എവിടെയും.
ഒരാൾ എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു;
"പേടിക്കണ്ട ഞാൻ നിങ്ങളെ സഹായിക്കാം.
എന്റെ പേര് സുലൈമാൻ, പാലക്കാട് ജില്ലയിലെ
പത്തടിപ്പലം ഗവ. സ്കൂളിലെ അദ്ധ്യാപകനാണ്‌."
അയാൾ സ്വയം പരിചയപ്പെടുത്തി.
ഇരുട്ടിന്റെ ലോകത്ത് സഹായത്തിനെത്തിയ 
ആ മാലാഖയുടെ കൈ പിടിച്ച്, തന്ന നിർദേശങ്ങൾ
അനുസരിച്ച് ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ
നടന്നു.

ആദ്യമെന്നെ കൊണ്ടുപോയത് ഒരുത്സവ പറമ്പിലേക്കായിരുന്നു.
മേളം  കൊട്ടിക്കയറുന്ന ശബ്ദം തെല്ലകലെയായി കേൾക്കാം.
ഉത്സവ പറമ്പിലെ ബലൂണുകളും വളക്കച്ചവടവും മാലകളും
എല്ലാം കൈ കൊണ്ട് സ്പർശിച്ചറിഞ്ഞു. നിരത്തി വച്ച
സോഡാ കുപ്പികളിലൂടെ കൈ തൊട്ടു നടന്നു.
പൊരിച്ചാക്കും മുറുക്കും എല്ലാം അവിടെ
നിരത്തി  ഒരുക്കിവചിരിക്കുന്നത് ഞാൻ കാണാതെ കണ്ടു.
കച്ചവടക്കാരുടെ ശബ്ദവും ഉത്സവപ്പറമ്പിലെ ഒച്ചയും
എല്ലാം ശബ്ദ വിന്യാസത്തിലൂടെ കേൾപ്പിച്ച്
അന്ധതയുടെ കൌതുകകരമായ ഒരു ലോകത്തിലൂടെ
നമ്മളെ കൊണ്ട് പോകുന്നു. തപ്പി തടഞ്ഞ് നടക്കവേ
മേളം നടക്കുന്ന സ്ഥലമെത്തി എന്നു തോന്നി.
ആനയെ സങ്കൽപ്പിച്ചു ഞാൻ അലക്ഷ്യമായി കൈ വീശി
തൊടാൻ നോക്കി, പക്ഷേ അവിടെ ഒന്നുമുണ്ടായില്ല.
നടന്നു നീങ്ങും തോറും ഉത്സവ മേളത്തിന്റെ ശബ്ദം
കുറഞ്ഞ് വന്ന് പതിയെ ഇല്ലാതായി.
രണ്ടടി മുകളിലേക്ക് വച്ച് പടവുകൾ കയറാൻ
സുലൈമാൻ ചേട്ടൻ പറഞ്ഞു. എണ്ണം പിടിച്ച്
രണ്ടടി മുകളിലേക്ക് കയറി ചെന്നത് ഒരു
തൂക്കു പാലത്തിലേക്ക്. ഇളകുന്ന തൂക്കുപാലത്തിൽ
ഇരുവശവും കെട്ടിയിട്ടുള്ള കയറിലേക്ക് അയാൾ എന്റെ
കൈകൾ വച്ച് തന്നു. കയർ മുറുകുമ്പോഴും അഴയുമ്പോഴും 
ഉണ്ടാകുന്ന ശബ്ദം മനസ്സിലാക്കി പാലം കടന്നിറങ്ങി.


നേരെ ചെന്നെത്തിയത് ഒരു റെയിൽവേ പ്ലാറ്റ്ഫോമിലേക്ക്.
"യാത്രിയോം കോ ധ്യാൻ ദീജിയേ; ഘാടി നമ്പർ ......
ആനെ കീ സംഭാവനാ ഹേ..."

റെയിൽവേ അനൌണ്‍സ് മെന്റും, ട്രെയിൻ വരുന്ന ഒച്ചയും
 കേട്ട് പെട്ടെന്ന് ഞെട്ടിപ്പോയി. പ്ലാറ്റ് ഫോമിന്റെ വശങ്ങളിൽ
തൂക്കിയിട്ടിട്ടുള്ള കൂൾ ഡ്രിങ്ക്സ് കുപ്പികളിൽ വിരലോടിച്ചു.

ഇടയ്ക്കിടെ ഞാൻ ചുറ്റുപാടും നോക്കി എന്തെങ്കിലും
കാണാൻ ശ്രമിച്ചു. പക്ഷെ എവിടെയും ഇരുട്ട് മാത്രം.
കണ്ണടച്ചാലും തുറന്നാലും ഒരേ കറുപ്പ് നിറം.
കാഴ്ച പൂർണ്ണമായും നഷ്ട്ടപ്പെട്ട അനുഭവം. കൂടെ
സഹായത്തിനു ആ ചേട്ടൻ ഇല്ലെങ്കിൽ എനിക്കൊരടി
മുൻപോട്ടു പോകാൻ കഴിയില്ല.
ദിശ ഏതെന്ന് മനസ്സിലാക്കാനാവില്ല.
ഞാൻ തിരിച്ചറിഞ്ഞു വിലയേറിയ നമ്മുടെ
കണ്ണിന്റെ കാഴ്ച്ചയെ. എത്ര മൂല്യമേറിയതാണത് !!!

മനസ്സിൽ ചിന്തകൾക്ക് ഇടം കൊടുക്കാതെ രസകരമായ
ആ യാത്ര വീണ്ടുംതുടർന്നു. റെയിൽവേ പരിസരം കടന്നു
ചെന്നെത്തിയത് പച്ചക്കറി മാർക്കറ്റിൽ ആയിരുന്നു.
കച്ചവടക്കാരായ സ്ത്രീകളും പുരുഷന്മാരും കമ്പോള
വില ഉച്ചത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു. ആളുകളുടെ
തിക്കും തിരക്കും. പച്ചക്കറി നിറച്ചുവച്ച കൊട്ടകളെ
തൊട്ടുകൊണ്ട്‌ മുൻപോട്ടു വേച്ചു വേച്ചു നടക്കവേ
സുലൈമാൻ ചേട്ടൻ ഓരോ കുട്ടകളിലും നമ്മുടെ
കൈ വച്ച് തന്ന് അതിൽ ഏതു പച്ചക്കറിയാണെന്ന്
തൊട്ടറിയാൻ പറഞ്ഞു. ഉരുണ്ട തേങ്ങയും സവോളയും
നീളൻ വെണ്ടക്കായയും മുരിങ്ങയും പച്ചമുളകും
ക്യാരറ്റും ഒക്കെ തൊട്ടുരുമ്മി ഉത്തരങ്ങൾ കൊടുത്തപ്പോൾ
പലതും തെറ്റിപ്പോയി. ആ കളി വളരെ രസമായിത്തോന്നി.

മാർക്കറ്റിൽ നിന്നും നേരെ പോയത് ഒരു അരുവി കടന്ന്
കാട്ടിലേക്ക്. അരുവിയിലെ വെള്ളം കാലിൽ ഇക്കിളിപ്പെടുത്തി.
ഇഴതൂർന്ന തരുലതാതികൾ നിറഞ്ഞ ഒരിടം. കാട്ടു വള്ളികൾ
മുഖത്ത് വന്നടിക്കാതിരിക്കാൻ കൈ മുഖത്തിന്‌ മുൻപിൽ
തട വച്ചു നടക്കുമ്പോൾ കാടിന്റെ പശ്ചാത്തല ശബ്ദത്തിൽ
പല മൃഗങ്ങളുടെയും ഒച്ച കേൾക്കുന്നുണ്ടായിരുന്നു.
കാടിന്റെ ഗന്ധവും സ്പർശവും അറിഞ്ഞ് ആ യാത്ര
മെല്ലെ അവസാനിക്കുകയായിരുന്നു. സുലൈമാൻ ചേട്ടൻ
പതുക്കെ പുറത്തു കടക്കാനുള്ള വാതിൽ തുറന്നു,
കാഴ്ച്ചയുടെ ലോകത്തേക്ക് എന്നെ തിരികെയെത്തിച്ചു.
ഏകദേശം 15 മിനിറ്റുകൾ ആയിരിക്കുന്നു എന്റെ
കണ്ണിലേക്കു അല്പം വെളിച്ചം കടന്നു വന്നിട്ട്.
കണ്ണുകൾ പതുക്കെ ചിമ്മി തുറന്നു നോക്കിയപ്പോൾ
അന്ധനായ ഒരാൾ മുൻപിൽ നിൽക്കുന്നു. അദ്ദേഹം
പറഞ്ഞു; ഞാനാണ് ഇത്രയും നേരം നിങ്ങളെ ഇരുട്ടിൽ
"കാഴ്ചകൾ കാണിച്ചു തന്നത്". കൈകൾ ഗ്രഹിച്ച്
ഞാനദ്ദെഹത്തിനു നന്ദി പറഞ്ഞു. അവരുടെയൊക്കെ
അന്ധത നിറഞ്ഞ ലോകത്തെക്കുറിച്ച് അത്ഭുതം  തോന്നി.

ഇരുളിന്റെ ആകാശങ്ങളിൽ നിലാവും നക്ഷത്രങ്ങളുമില്ല,
അകക്കണ്ണിൽ കൊളുത്തിയ പ്രതീക്ഷയുടെ തിരിനാളങ്ങൾ
മാത്രം. ഈ ഉൾക്കാഴ്ചയാണ് വെളിച്ചത്തിന്റെ ചാലൊരുക്കി
അന്ധരെ മുന്നോട്ടു നയിക്കുന്നത്. അവർ പക്ഷേ ഇന്ന്
പരിമിതികളിൽ തളരാതെ എല്ലാ മേഘലകളിലും
അവരുടേതായ വിജയത്തിന്റെ കയ്യൊപ്പ് പതിപ്പിചിരിക്കുന്നു.
അഭിവാദ്യങ്ങൾ...


പുറത്ത് സംഘാടകരിൽ ഒരാൾ അവരുടെ ലോഗ് ബുക്കിൽ
എന്തെങ്കിലും കുറിയ്ക്കാൻ പറഞ്ഞപ്പോൾ ഞാനിങ്ങനെ
എഴുതി ;

അനിർവ്വചനീയമായൊരു അനുഭവം ജീവിതത്തിൽ
ആദ്യമായി "കാണിച്ചു" തന്നതിന് നന്ദി.
ഇരുട്ടിന്റെ തുരങ്കത്തിലൂടെ, അന്ധതയുടെ താഴ്വരയിലൂടെ
നടന്നു നീങ്ങിയപ്പോൾ എന്നെ നയിച്ചത് സ്നേഹത്തിന്റെ
ഒരു സ്പർശമായിരുന്നു. കാഴ്ച്ചയുടെ അഹങ്കാരം നിറഞ്ഞ
നമ്മുടെയൊക്കെ "അന്ധത" എന്നായിരിക്കും മാറുക ?
സ്നേഹവും നന്മയും നമുക്ക് വഴി കാണിക്കട്ടെ...
 നന്ദിയോടെ,
കാഴ്ചയുള്ള ഒരു അന്ധൻ.

July 31, 2014

ആനപ്പോര്

ഒടുവിൽ ചിന്തയിലെ നൂറ്റി അൻപതാമത്തെ
ബ്ലോഗും പോസ്റ്റുന്നു; ആനപ്പോര് ട്രെക്കിംഗ്



കൊളത്തനാം പാറയിലേക്കുള്ള യാത്ര കഴിഞ്ഞ്
നീണ്ട ഒരിടവേളക്ക് ശേഷം വനയാത്രയ്ക്ക്
ഒരുങ്ങിയപ്പോൾ അതിന് ഈ മഴക്കാലം തന്നെ
തിരഞ്ഞെടുത്തു. കാടിന്റെയും കാട്ടാറുകളുടേയും
സൗന്ദര്യം മഴക്കാലമാവുമ്പോൾ ഇരട്ടിക്കും എന്ന്
എവിടെയോ വായിച്ച ഒരോർമ്മ.
കാടിനെയും മഴയെയും  സ്നേഹിക്കുന്ന ഒരു കൂട്ടം
സുഹൃത്തുക്കൾ, തൃശ്ശൂരിലെ ആനപ്പോര് എന്ന
കാട്ടിലേക്ക് ഒരു യാത്ര പോയതിന്റെ കാഴ്ചകളാണ്
ഇക്കുറി ബ്ലോഗിൽ പോസ്റ്റുന്നത്.



തൃശ്ശൂരിലെ ചിമ്മിനി ഡാമിന്റെ പരിസര പ്രദേശമായ
ആനപ്പോര് എന്ന വനപ്രദേശത്ത് ഒരു രാത്രിയും പകലും
താമസിച്ചുള്ള  ട്രെക്കിംഗ്ആണ് "ആനപ്പോര് നൈറ്റ് സ്റ്റെ".

കൊച്ചിയിൽ നിന്നും യാത്ര തിരച്ച ഞങ്ങൾ 8 പേർ,
നേരത്തെ ബുക്ക്‌ ചെയ്തുറപ്പിച്ച പ്രകാരം, ഒരു
ശനിയാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചിമ്മിനി ഡാം
ചെക്ക് പോസ്റ്റിലെത്തി. 
 

ഫോറെസ്റ്റ് ആഫീസറിൽ നിന്നും അനുമധി വാങ്ങിയ
ശേഷം, ഗാർഡുകളുടെ കൂടെ യാത്ര തുടർന്നു.
വാഹനങ്ങൾ സുരക്ഷിതമായൊരിടത്തു പാർക്ക്
ചെയ്ത ശേഷം ഞങ്ങൾ ഡാം സൈറ്റിൽ എത്തി.


മഴത്തുള്ളികൾ ഞങ്ങളെ യാത്രയിൽ അനുഗമിച്ചു.
അവിടുത്തെ നിവാസിയും മലയ വിഭാഗത്തിൽ പെട്ട ഒരു
ആദിവാസി  പയ്യൻസും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
അർജെന്റിന ഫാനായ ആ കുട്ടി അന്നത്തെ അവന്റെ
ടീമിന്റെ ലോകക്കപ്പ് ക്വാർട്ടർ ഫൈനൽ പോലും
ഉപേക്ഷിച്ചാണ് ഞങ്ങളോടൊപ്പം ചേർന്നത്‌. ഡാമിലെ
കാഴ്ചകൾ കണ്ടും പകർത്തിയും നിൽക്കവേ അങ്ങകലെ
നിന്നും ഒരു സ്പീഡ് ബോട്ട് വരുന്നത് കണ്ടു.


ഞങ്ങളെ ചിമ്മിണി ഡാമിൽ നിന്നും ആനപ്പോരിലേക്ക്
കൊണ്ടുപോകാൻ വരുന്ന ആ ബോട്ട് ഓടിച്ചു വരുന്നത്
ഫോറെസ്റ്റ് ഓഫീസർ ആണെന്ന് പയ്യൻസ് പറഞ്ഞു തന്നു.
ഉടൻ തന്നെ, മഴ നൽകിയ ഇടവേളയിൽ,
ഞങ്ങൾക്ക് കാട്ടിലേക്ക് കൊണ്ടു പോകേണ്ട സാധനങ്ങളൊക്കെ
അവർ കൊണ്ട് വന്നു.

 


റാന്തൽ വിളക്കുകൾ, മോട്ടർ പമ്പ് സെറ്റ്,
പാത്രങ്ങൾ, അരിയും ഭക്ഷണ സാധനങ്ങളും, പായകൾ അങ്ങനെ
എല്ലാം അതിലുണ്ടായിരുന്നു. ഓപ്പണ്‍ എയറിൽ അവിടെ
കുളിച്ചു കൊണ്ടിരുന്ന ഒരു ചേട്ടൻ, സോപ്പ് തേക്കുന്നതിനിടെ
സ്ഥല വിശേഷങ്ങളും മറ്റും പറഞ്ഞു തന്നു. സോപ്പ് പതപ്പിച്ചു
ആ ഡാം മുഴുവൻ പത വരുത്തുമോ എന്ന് ശങ്കിച്ച്
നിൽക്കുമ്പോഴേക്കും സ്പീഡ് ബോട്ട് കരയിലെത്തി;
സാധനങ്ങളൊക്കെ അതിൽ കയറ്റി; ഞങ്ങളും ഇരുന്നു.


ഇനി മുക്കാൽ മനികൂറോളം ബോട്ടിൽ യാത്ര ചെയ്തു വേണം
ആനപ്പോരിൽ എത്താൻ... ബോട്ട് സ്റ്റാർട്ട്‌ ചെയ്തതും
ഞങ്ങളുടെയൊക്കെ മനസ്സിലെ ആകാംക്ഷയുടെ തുഴകളും
വെള്ളത്തിൽ താഴ്ന്നു പൊങ്ങിക്കൊണ്ടിരുന്നു.


ചിമ്മിണി ജല സംഭരണിയുടെ ഓളപ്പരപ്പിലൂടെ,
ആകാശത്തു കൂടു കൂട്ടിയ കാർമേഘങ്ങളുടെ കീഴിലായി
അടുത്ത മഴയ്ക്ക്‌ മുൻപേ കൂടണയാനെന്നോണം
ബോട്ട് വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു.


പച്ച പുൽതകിടി വിരിച്ച മൊട്ടക്കുന്നുകൾക്കിടയിലൂടെ
ആയിരുന്നു ആ ജലയാത്ര. ലക്ഷ്യ സ്ഥാനമായ
ആനപ്പോര് നോക്കിയാൽ കാണുന്നിടത്ത് എത്തിയപ്പോൾ
മഴത്തുള്ളികൾ സ്വാഗതമരുളും പോലെ ഞങ്ങളിക്ക്
പതിച്ചു തുടങ്ങി.

മഞ്ഞിൽ പുതച്ചു നിൽക്കുന്ന ആനപ്പോരിൽ
മഴ കൂടി കനത്തതോടെ കോട ഇറങ്ങിയ സമയം.
എല്ലാവരും ബോട്ടിൽ നിന്നും ധൃതിയിൽ സാധന
സാമഗ്രികളുമായി ഇറങ്ങാൻ തുടങ്ങവേ
കൂടെയുണ്ടായിരുന്നു ഗാർഡുകൾ പറഞ്ഞു.
"നിങ്ങൾ ഭാഗ്യവാന്മാർ തന്നെ, ഒരു കാട്ടാന കൂട്ടം
അരികിൽ തന്നെയുണ്ട്‌."

 
  
ബോട്ട് വേഗം തന്നെ കരയ്ക്കടുത്തു.
കുറച്ചകലെയായി കാട്ടാനക്കൂട്ടം വെള്ളം കുടിച്ചു
മടങ്ങുന്നു. അതിൽ കൊമ്പന്മാരും പിടിയും പിന്നെ
രണ്ടു കുട്ടികളും ഉണ്ട്. ഏകദേശം 9 ആനകൾ.
അത്രയും കാട്ടാനകളെ ഒറ്റ ഫ്രെയിമിൽ കാണുന്നത്
ആദ്യാനുഭവമായിരുന്നു.

 

ഞങ്ങൾക്ക് താമസിക്കാനുള്ള
ടെന്റ് തൊട്ടരികിൽ തന്നെയാണ്.

 

ചുറ്റും കുഴിച്ചിട്ടുള്ള കിടങ്ങിനു അടുത്തു കൂടെയാണത്രെ
ആനക്കൂട്ടത്തിന്റെ പതിവു സവാരി.
കുറച്ചു നേരം ആനകളെ കണ്ട ശേഷം ഞങ്ങൾ
ടെന്റിലേക്ക് നടന്നു. മഴയുടെ ഇരമ്പൽ  കൂടി കൂടി വന്നു.
കിടങ്ങിനു മുകളിലൂടെ നിർമ്മിച്ച ചെറിയ
പാലത്തിലൂടെയാണ് റെന്റിലെത്തുക.

 


അല്പം ഉയർത്തിക്കെട്ടിയ തറയുടെ മുകളിലാണ് ടെന്റ്
നിർമ്മിച്ചിരിക്കുന്നത്. ടാർപായ പോലെയുള്ള തുണി കൊണ്ട്
ഉണ്ടാക്കിയതിനാൽ വെള്ളം അകത്തു കടക്കില്ല,
പിന്നെ മുകളിലായി ട്രെസ്സും ചെയ്തിട്ടുണ്ട്.
ടെന്ടിനുള്ളിൽ നിലത്ത് പത്തു പേർക്ക് കിടക്കാനുള്ള
സ്ഥലമുണ്ട്. ചേർന്നൊരു ടോയിലെട്ടും ഉണ്ട്.

 

മഴയെ പേടിച്ചു ബാഗിൽ എടുത്തു വച്ച ക്യാമറകൾ
പുറത്തെടുത്തു, എല്ലാവരും ആനക്കൂട്ടത്തെ കാണാനിറങ്ങി.
ലെൻസിൽ മഴ കൊള്ളാതിരിക്കാൻ കുട പിടിച്ചു
ആനകളെ ക്ലിക്കി നിർവൃതിയടഞ്ഞു.


സന്ധ്യ കഴിഞ്ഞു ഇരുട്ടു പരന്നപ്പോൾ ഞങ്ങളും തിരികെ
ടെൻടിൽ എത്തി. ആനക്കൂട്ടം അപ്പോഴും അവിടെത്തന്നെ
നിലയുറപ്പിച്ചു. ടെൻടിനരികിൽ വലിച്ചു കെട്ടിയ ഷീറ്റിനു
കിഴിലായി കൂടെ വന്ന ഗാർഡുകൾ,
രാത്രി ഭക്ഷണം തയ്യാറാക്കുന്ന ഒരുക്കത്തിലായിരുന്നു.

 

മഴക്കാലത്തു  കാട്ടിൽ  നിന്നും ഉണക്ക വിറകു
കിട്ടാത്തതിനാൽ അരികിൽ നിന്നും മുറിച്ചൊരു മരത്തടി
വച്ചായിരുന്നു പാചകം. അതു കൊണ്ട് തന്നെ
സമയം ഏറെ എടുത്തു ഭക്ഷണം തയ്യാറാവാൻ.
ഭക്ഷണ ശേഷം, യാത്രാ സംഘത്തിലെ എല്ലാവരും
അവരുടെ പൂർവ്വ യാത്രകളുടെ "നിറം പിടിപ്പിച്ച"
 കഥകൾ കേട്ട്, ആ കാടിന്റെ നടുവിൽ,
മഴത്തുള്ളികളുടെ തണുപ്പിന്റെ പുതപ്പുമൂടി
കിടന്നുറങ്ങി.

പിറ്റേന്ന് എണീറ്റ്‌ ആദ്യം പോയി നോക്കിയത്
ഇന്നലെ കണ്ട ആനക്കൂട്ടം അവിടെ തന്നെയുണ്ടോ എന്നാണ്.
ഇല്ല, കൊച്ചിയിൽ നിന്നും എത്തിച്ചേർന്ന "8 പുലികൾ"
ആ കാട്ടിൽ എത്തിയ വാർത്തയറിഞ്ഞു അവർ
രാത്രി തന്നെ സ്കൂട്ടായി :)

 
 
 

ഞങ്ങൾ തടാകത്തിനു സമീപത്തു കൂടെ പല വഴി
നടന്നു. ചിലർക്ക് കാട്ടു പന്നികൾ ദർശനം നൽകി.
മഴക്കാലമായതിനാൽ വെള്ളം  കയറുന്നിടത്ത്
ചെറു മീനുകളുടെ ഒഴുക്കായിരുന്നു. പാറ്റാൻ
കയറുന്നതാണത്രെ. ഒരിടത്ത് കുന്നിൻ ചരുവിലായി
നിറയെ അസംഖ്യം കുഞ്ഞു ശലഭങ്ങൾ, എല്ലാം
തൂവെള്ള നിറമുള്ളവ. കാഴ്ചയുടെ സൌന്ദര്യം നുകർന്നും
സോഷ്യൽ മീഡിയയിൽ പോസ്റ്റാനുള്ളവ ക്ലിക്കിയും
ഒരുപാട് സമയം ചിലവഴിച്ചു.

 

അവിടെ നിന്നുമുള്ള വ്യൂ വാക്കുകൾക്ക് അതീതമാണ്.
നാലുപാടും അംബരം മുട്ടിനിൽക്കുന്ന മലനിരകൾ.
ഓരോ ദിക്കിലും അതിരു തീർക്കുന്നത് പ്രശസ്തമായ
ഇടങ്ങൾ തന്നെയാണ്.
ആനപ്പോരിന്റെ കിഴക്ക് ഭാഗത്തെ മല കടന്നാൽ പീച്ചി ഡാം.
പടിഞ്ഞാറ് ഭാഗം അതിരപ്പിള്ളി.
തെക്ക് ഭാഗത്തെ ഏലവും ഓറഞ്ചും നിറഞ്ഞ മല കടന്നാൽ
നെല്ലിയാമ്പതി. ഒടുവിലത്തെ അതിരിൽ ചിമ്മിനി ഡാം.



അങ്ങനെ എലാറ്റിനും നടുവിലായി കോട മഞ്ഞിൽ
കുളിച്ചു  നില്ക്കുന്ന സുന്ദരമായ ആനപ്പോര്.
പ്രഭാത കൃത്യങ്ങൾക്ക് ശേഷം അടുത്തുള്ള അരുവിയിൽ
സുഖായിട്ടൊരു കുളി.


പ്രതീക്ഷിച്ചതിലും അധികം
ഒഴുക്കുണ്ടായിരുന്നു വെള്ളത്തിന്‌. രാവിലത്തെ
ഭക്ഷണമായ ഉപ്പുമാവും ചായയും കഴിച്ച്
ആനപ്പൊരു ട്രെക്കിങ്ങിന് ഇറങ്ങി.

 


അധികം ദുഷ്ക്കരമല്ലാത്ത കാട്ടു വഴികൾ. പക്ഷേ
പലയിടങ്ങളിലും മറിഞ്ഞു വീണ മരങ്ങൾ തടസ്സം തീരത്തു.
മുട്ടോളം വെള്ളമുള്ള വീതിയേറിയ അരുവികൾ
മുറിച്ചു കടന്നുള്ള യാത്ര അതീവ ഹൃദ്യവും
സാഹസികവുമായി തോന്നി.

 

 ചിലയിടങ്ങളിൽ വഴുതി വീണാൽ
താഴ്ചയുള്ള പാറക്കെട്ടിൽ ചെന്നു വീണേക്കും.

 
പക്ഷേ യാതയ്ക്കിടെ കണ്ട ദൃശ്യങ്ങൾ ഞങ്ങളെ മുന്നോട്ടു
നയിച്ചു.

 
 

വഴി നീളെ, മരത്തിന്റെ  അടിയിലായി ഉണ്ടായി കിടക്കുന്ന
മൊട്ട തൂറിപ്പഴവും, കാട്ടിൽ കണ്ടു വരുന്ന ചുരുട്ടി പാമ്പും,
ആരണ്യക  ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന ആമയും,
കാട്ടുവാസികൾ ഉണ്ടാക്കി വച്ചിട്ടുള്ള ഗുഹയും,
പലയിടങ്ങളിലും കൂട്ടു കൂടി നിൽക്കുന്ന ശലഭങ്ങളും
എല്ലാം അപൂർവ്വ കാഴ്ചകളായി മനസ്സിൽ മായാതെ നിൽക്കും.

 

ട്രെക്കിംഗ് കഴിഞ്ഞ് തിരികെ ടെൻടിൽ എത്തിയപ്പോഴേക്കും
ഉച്ചയൂണ് തയ്യാറാക്കിയിരുന്നു. നല്ല ഉഗ്രൻ ഊണ് തന്നെയാണ്
അവർ ഒരിക്കിയത്.


ഊണിനു ശേഷം അല്പം വിശ്രമിക്കാമെന്നു
കരുതി ചാഞ്ഞപ്പോഴേക്കും ഗാർഡുകൾ വന്നു പറഞ്ഞു,
രണ്ടു കൊമ്പന്മാർ തടാകത്തിനരികിൽ വരുന്നുണ്ടെന്ന്.
എല്ലാവരും അവന്മാരെയും കാത്ത് നദിക്കരയിലെ
പാറക്കെട്ടുകളിൽ ഇരുപ്പുറപ്പിച്ചു.

 

തടാകത്തിന്റെ അങ്ങേ കരയിൽ കാട്ടിലെ
മരങ്ങൾക്കിടയിൽ നിന്നും രണ്ട്
കൊമ്പന്മാർ ഞങ്ങൾക്ക് കാനാനെന്നവണ്ണം
വന്നു നിന്നു. മതിയാവോളം കണ്ട ശേഷം അവ
മരത്തിന്റെ മറവിലേക്ക് ഒളിച്ചു.

 


അപ്പോഴേക്കും സമയം 3 മണിയാവാറായി.
ഞങ്ങളെ തിരികെ കൊണ്ട് പോകാനുള്ള ബോട്ടിന്റെ
ശബ്ദവും കാതോർത്തു കുറച്ചു നേരം ഇരുന്നു.
ഗാർഡുകൾ കാട്ടിലേക്ക് കൊണ്ട് വന്ന സാമഗ്രികൾ
തിരികെ പാക്ക് ചെയ്തു റെഡിയായി.

 

തടാകത്തെ മുഴുവൻ ഓളത്തിൽ കുളിപ്പിച്ച് കൊണ്ട്
ഒരു ബോട്ടും അതിൽ വലിച്ച് കൊണ്ട് വരുന്ന,
മുളകൾ ചേർത്ത് കെട്ടിയ ഒരു ചങ്ങാടവുമെത്തി.
ബോട്ടിൽ ഞങ്ങൾ കയറി. സാധനസാമഗ്രികൾ
ചങ്ങാടത്തിൽ കയറ്റി രണ്ടു പേർ തുഴഞ്ഞു.


യാത്ര കഴിഞ്ഞു പോരുമ്പോൾ തിരികെ നോക്കി നിന്നു,
കാടിന്റെയും മഴയുടെയും സൗന്ദര്യം ഞങ്ങൾക്ക്
പകർന്നു തന്ന ആനപ്പോരിന്റെ വിദൂര ദൃശ്യത്തിനായി...


ചിമ്മിനിയിൽ ആനപ്പോര് ട്രെക്കിംഗ് മാത്രമല്ല ഉള്ളത്.
കുടുംബമായി പോകാവുന്നതും താമസിക്കാവുന്നതുമായ
മറ്റു ട്രെക്കിംഗ് ഓപ്ഷനുകൾ ഇവയാണ്;

1) മുലപ്പാറ (രണ്ടു പേർക്ക് )
2) ചൂരത്തള വെള്ളച്ചാട്ടം(നടന്നു പോയി വരാവുന്നത്)
3) ട്രീ ടോപ്‌ (4 പേർക്ക്, ബോട്ടിൽ പോയി ഏറുമാടത്തിൽ താമസം)
4) വാവള (4 പേർക്ക്)
5) ആനപ്പോര് നൈറ്റ് സ്റ്റെ (10 പേർക്ക്)

എങ്ങിനെ ചിമ്മിണി ഡാമിൽ എത്തി ചേരാം?
തൃശ്ശൂരിൽ NH-47 ലെ ആമ്പല്ലൂർ സിഗ്നൽ ജംക്ഷനിൽ നിന്നും
വരന്തരപ്പിള്ളി റൂട്ടിൽ
മണ്ണംപേട്ട-വരന്തരപ്പിള്ളി-പാലപ്പിള്ളി വഴി 27 കിലോമീറ്റർ
സഞ്ചരിച്ചാൽ ഇവിടെ എത്തിചേരാം.
യധേഷ്ട്ടം ബസ് സൌകര്യവും ചിമ്മിണി ഡാമിലേക്ക് ഉണ്ട്.

കൂടുതൽ വിവരങ്ങൾ അറിഞ്ഞ് ഇവിടെക്കൊരു യാത്ര പോകാൻ
ഈ നമ്പറിൽവിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്.

0480-3209234 (ചെക്ക്‌ പോസ്റ്റ്‌)
0480-2766794 (ചെക്ക്‌ പോസ്റ്റ്‌)
കറന്റ്‌ പോയാൽ ഇവിടുത്തെ ഫോണ്‍ തകരാറിലാവും.
അതുകൊണ്ട് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ  ഈ നമ്പറിൽ കിട്ടൂ.

 ഈ മഴക്കാലത്ത് തന്നെയാവട്ടെ ഇവിടേക്കുള്ള യാത്ര.
 യാത്രാമംഗളങ്ങൾ !!!