June 27, 2012

വല്ലാര്‍പാടം


കൊച്ചിയിലെ വല്ലാര്‍പാടം എന്ന സ്ഥലം ഇന്ന് കൂടുതല്‍ അറിയപ്പെടുന്നത്
ഈയിടെ വന്ന കണ്ടയിനര്‍ ടെര്‍മിനലിന്റെ പേരിലാണെങ്കിലും,
ചരിത്ര പ്രസിദ്ധമായ ഒരു ദേവാലയം തേടിയാണ് കഴിഞ്ഞ ദിവസം
ഞാനവിടെ എത്തിയത്. 



 വല്ലാര്‍പാടം ബസിലിക്ക പള്ളി ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു
തീര്‍ത്ഥാടന കേന്ദ്രവും നല്ലൊരു ടൂറിസ്റ്റ് കേന്ദ്രവുമാണ്. കൊച്ചിയിലെ മറൈന്‍
ഡ്രൈവിന്റെ സമീപത്തുള്ള ഗോശ്രീ പാലങ്ങള്‍  കടന്നാല്‍ വല്ലാര്‍പാടം എന്ന
സ്ഥലമെത്തി. പണ്ട് ഈ തുരുത്തില്‍ പോകണമെങ്കില്‍ കായല്‍ മാര്‍ഗം മാത്രമായിരുന്നു
ആശ്രയം , പാലം വന്നിട്ട് വിരലില്‍ എന്നാവുന്നത്ര വര്‍ഷങ്ങളെ ആയിട്ടുള്ളൂ.
അന്നും ഇന്നും വല്ലാര്‍പാടത്തമ്മയുടെ കടാക്ഷത്തിനായി ഭക്തരുടെയും
സഞ്ചാരികളുടെയും  തരക്കാണ്.



ചരിത്രഫലകത്തില്‍ നിന്ന് :

വര്‍ഷം AD 1524 : പോര്‍ച്ചുഗീസ് മിഷനറിമാര്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ
ദേവാലയം സ്ഥാപിച്ച് കാരുണ്യ മാതാവിന്റെ ചിത്രം പ്രതിഷ്ട്ടിച്ചു.
പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ ദേവാലയമായിരുന്നു
അത്.
വര്‍ഷം 1676 : 1676 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നശിച്ചു പോയി.
മലവെള്ളത്തില്‍ ഒഴുകിപ്പോയ മാതാവിന്റെ ചിത്രം, അന്നത്തെ കൊച്ചി മഹാരാജാവിന്റെ
ദിവാനായിരുന്ന, പാലിയത്ത് രാമന്‍ മേനോന്‍ വീണ്ടെടുത്തു വിശ്വാസികള്‍ക്ക് കൈമാറി.
പുതിയ ദേവാലയം പണിയാനായി ദിവാന്‍ തന്നെ ഭൂമി ദാനം ചെയ്യുകയും ചെയ്തു.
മാതാവിന്റെ അത്ഭുത ചിത്രം വിശ്വാസികള്‍ക്ക് കൈമാറിയ സ്ഥാനത്ത് കൊടിമരം നിര്‍മ്മിച്ചു.
പാലിയത്ത് രാമന്‍ മേനോന്‍ അന്ന്, ദേവാലയത്തിലേക്കായി ഒരു കെടാവിളക്കും നല്‍കി.
[പള്ളിയുടെ അള്‍ത്താരയില്‍ ഇന്നും, ആ കെടാവിളക്ക് മതസൌഹാര്‍ദത്തിന്റെ
പ്രതീകം പോലെ കെടാതെ കത്തുന്നു ]

വര്‍ഷം 1752 : വല്ലാര്‍പാടത്തമ്മയുടെ ദിവ്യശക്തിയുടെ അനുഭവസാക്ഷ്യം പോലെ,
നായര്‍ യുവതിയായിരുന്ന മീനക്ഷിയമ്മയും കുഞ്ഞും ഒരു വഞ്ചിയപകടത്തില്‍ നിന്നും
അത്ഭുതകരമായി രക്ഷപ്പെടുന്നു. മൂന്നു രാപ്പകലുകള്‍ വെള്ളത്തിനടിയില്‍ കഴിഞ്ഞ
അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് മീനാക്ഷിയമ്മയുടെ വല്ലാര്‍പാടത്തമ്മയിലുള്ള
വിശ്വാസം കൊണ്ടാണെന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. എന്തായാലും സംഭവശേഷം
പള്ളിവീട്ടില്‍ നായര്‍ കുടുംബത്തിലെ എല്ലാവരും, ഈ ദേവാലയത്തിന്റെ
രക്ഷയ്ക്ക് വേണ്ടി, സ്വയം അടിമകളായി വര്‍ത്തിച്ചുപോന്നു എന്ന് ചരിത്രം പറയുന്നു.
വല്ലാര്‍പാടത്തമ്മയുടെ രക്ഷക്കുവേണ്ടി, സ്വയം അടിമകളായി സമര്‍പ്പിക്കുന്ന
ഒരു ചടങ്ങ് ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്.



വര്‍ഷം 1888 : ലിയോ പാതി മൂന്നാമന്‍ മാര്‍പാപ്പ, വല്ലാര്‍പ്പാടം പള്ളിയുടെ അള്‍ത്താരയെ 
ALTARE PRIVILEGIATUM IN PERPETUUM CONCESSUM എന്ന പ്രത്യേക
പദവിയിലേക്ക് ഉയര്‍ത്തി.

വര്‍ഷം 1951  :  ഭാരത സര്‍ക്കാര്‍ ഈ ദേവാലയത്തെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
വര്‍ഷം 2002 : കേരള സര്‍ക്കാര്‍ ഈ ദേവാലയത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചു.
വര്‍ഷം 2004 : ഡിസംബര്‍ ഒന്നിന് , ജോണ്‍ പോള്‍ രണ്ടാമന്‍ ഈ ദേവാലയത്തെ ബസലിക്കയായി ഉയര്‍ത്തി.

ഇതാണ് വല്ലാര്‍പാടം പള്ളിയുടെ ചരിത്രം.


ചരിത്രത്താളിലൂടെ വല്ലാര്‍പ്പാടം കടന്നുപോകുമ്പോള്‍ ഈ ദേവാലയത്തിനുള്ള സ്ഥാനം ചെറുതല്ല.
ഇന്നത്തെ കേരള ജനതയെ വിസ്മയിപ്പിക്കുന്ന കണ്ടയിനര്‍ ടെര്‍മിനലിന്റെ എതിര്‍ വശത്ത് തന്നെയാണ്
ഈ പള്ളി. പഴയ പള്ളിയുടെ വേര് തേടി ചെന്നപ്പോള്‍ എനിക്കീ ഫോട്ടോയും കിട്ടി !


(പഴയ പള്ളിയുടെ ചിത്രം; നെറ്റില്‍ നിന്നെടുത്തത്  )

 (പുതിയ പള്ളിയുടെ ചിത്രം)

പുതിയ പള്ളിമേടയില്‍ ഒത്തിരി രസകരമായ കാഴ്ചകള്‍ ഉണ്ട് പറയാന്‍. "മരിയന്‍ ടവര്‍" എന്ന്
നാമകരണം ചെയ്തിട്ടുള്ള പുതിയ പള്ളിയുടെ മണിമാളിക മുകളിലേക്ക്, സഞ്ചാരികളെ,
വല്ലാര്‍പാടത്തിന്റെ ദൃശ്യ മനോഹാരിതയിലേക്ക് സ്വാഗതം ചെയ്യുന്നു.


10  രൂപയുടെ പാസെടുത്താല്‍ ലിഫ്റ്റ്‌ വഴി മരിയന്‍ ടവറിന്റെ മുകളിലേക്ക് കയറാം.
5 രൂപ കൊടുത്താല്‍ ഗോവണി വഴി കയറാം. ടവറിന്റെ മുകളില്‍ എത്തിയാല്‍
വല്ലാര്‍പാടം ഭാഗം മുഴുവനും, ഗൂഗിള്‍ മാപ് എന്ന കണക്കെ കാണാം. പള്ളിയുടെ മുന്നിലുള്ള
വിശാലമായ ഓവല്‍ ആകൃതിയിലുള്ള മുറ്റം തന്നെയാണ് ഏറ്റവും മനോഹരം.


ആ മുറ്റത്തിന്  ഇരുവശമായി ബൈബിള്‍ പ്രസിദ്ധമായ രംഗങ്ങളുടെ പത്തു ശില്പങ്ങള്‍,
പുല്‍ത്തകിടിയില്‍ നിര്‍മ്മിച്ച ചില്ലു കൂട്ടില്‍ വിശ്രമിക്കുന്നു.


പള്ളിയുടെ അഭിമുഖമായി നിര്‍മ്മിച്ചിരിക്കുന്ന പടവുകള്‍ കയറിയാല്‍,
കുരിശില്‍ ഏറ്റിയ യേശുദേവന്റെ ശില്പവും കാണാം.


ടവറിന്റെ മുകളില്‍ നിന്ന് പിന്‍ വശത്തേക്ക്  നോക്കിയാന്‍ ഇന്ത്യയിലെ തന്നെ നീളമേറിയ
കടല്‍ പാലവും, കണ്ടല്‍ കാടുകളും, പുതുതായി നിര്‍മ്മിക്കുന്ന പള്ളിയും കാണാം.


കാഴ്ച്ചയുടെ വിരുന്നു കഴിഞ്ഞ് ടവറില്‍ നിന്നും ഇറങ്ങിയാല്‍ തിരുമുറ്റത്തും മറ്റുമായി
കുറച്ചു സമയം ചിലവിടാം. അവിടെയുമുണ്ട് ഒരു കൌതുക കാഴ്ച!


 മുറ്റത്ത്‌ അടുക്കി വച്ചിരിക്കുന്നു അസംഖ്യം ഈര്‍ക്കില്‍ ചൂലുകള്‍.
ആഗ്രഹ ഫലപ്രാപ്തിക്കായി ഇവിടെ അനുവര്‍ത്തിച്ചു വരുന്ന ഒരു നേര്‍ച്ചയാണ്‌
"പള്ളിമുറ്റം ചൂലുകൊണ്ട് വൃത്തിയാക്കല്‍" ! മുതിര്‍ന്നവര്‍ ഇത് ഒരു ആചാരമായി
ചെയ്യുമ്പോള്‍, കുട്ടികള്‍ ഇതൊരു കൌതുകമായി രസത്തോടെ,
മുറ്റം മുഴുവന്‍ അടിച്ചു വൃത്തിയാക്കുന്നു.


ദൈവത്തിനു മുന്‍പില്‍ അഹംബോധം വെടിഞ്ഞ്, സ്വയം സമര്‍പ്പിതമാകുന്ന ഒരു
ചടങ്ങായിട്ടായിരിക്കാം ഇത് തുടങ്ങിയത്. ആരാധനാലയങ്ങളില്‍ പോകുന്നത് തന്നെ
ഇതുപോലെയുള്ള നല്ലശീലങ്ങളുടെയും, മൂല്യങ്ങളുടെയും തിരിച്ചറിവ് നേടാനാണല്ലോ.



എങ്ങിനെ ഇവിടെ എത്തിച്ചേരാം?
എറണാകുളത്തെ ഹൈകോര്‍ട്ട്  ജങ്ക്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ്
ഏകദേശം ഒരു കിലോ മീറ്റര്‍ കഴിയുമ്പോള്‍ ഇടത്തോട്ടു തിരിഞ്ഞ്
രണ്ട് ഗോശ്രീ പാലങ്ങള്‍ കടന്നാല്‍, വലതു വശത്തായി
ആകാശം തൊട്ടുനില്‍ക്കുന്ന വെള്ള നിറത്തിലുള്ള പള്ളിയാണ്
വല്ലാര്‍പാടം ബസലിക്ക. 

June 21, 2012

സ്നേഹതീരം

കേരളത്തിലെ സഞ്ചാരികള്‍ക്ക് ബീച് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക
കോവളം, ശംഖുമുഖം, ചെറായി , ഫോര്‍ട്ട്‌ കൊച്ചി എന്നീ ബീച്ചുകളാണ്. എന്നാല്‍
മ്മടെ സ്വന്തം തൃശൂര്‍ക്കാര്‍ക്കുമുണ്ട് നല്ലൊരു സുന്ദരന്‍ ബീച്ച് എന്നറിഞ്ഞത്
ഇക്കഴിഞ്ഞ പൂരത്തിന്റെ ദിവസമായിരുന്നു. തളിക്കുളത്തെ "സ്നേഹതീരം" ബീച്ചാണ്
ഞാന്‍ പറഞ്ഞു വരുന്ന സംഭവം.


അടുത്തിടെ വിവാഹിതനായ സുഹൃത്തിന്റെ കല്യാണ ആല്‍ബത്തിലെ
"ലവ് സീന്‍" പിടിക്കാന്‍ തിരഞ്ഞെടുത്തത് , തൃശ്ശൂരില്‍ നിന്നും ഏകദേശം
30 കിലോമീറ്റര്‍ അകലെയുള്ള സ്നേഹതീരം ബീച്ചാണ്.
എന്നാല്‍ പിന്നെ അവരുടെ കൂടെ ഒരു കമ്പനിക്കു കൂടെ പോയാലോ;
എന്നായി എന്റെയും പ്രദീപിന്റെയും ചിന്ത, കൂടെ ഞങ്ങളുടെ സഹധാര്‍മ്മിണികളും.
 ലവ്  സീനും കാണാം കടലും കാണാം...
അത് കഴിഞ്ഞു പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരവും കാണാം.
ആഹാ, നല്ലൊരു പാക്കേജ് !


അങ്ങനെ രാവിലെ എട്ടു മണിയോടെ തളിക്കുളം വഴി സ്നേഹതീരം ബീച്ചിലെത്തി.
"സ്നേഹതീരം" എന്ന് വളരെ വലിയ അക്ഷരത്തില്‍ എഴുതിയ ഒരു കവാടമാണ്
നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നത്. കവാടം കടന്നു അകത്തെത്തിയാല്‍
ബീച്ചിലേക്കുള്ള വഴിയായി. വളരെ മനോഹരമായി കല്ലുകള്‍ പാവി
വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു അവിടമെല്ലാം.
കടല്‍ ക്ഷോഭം തടയുന്നതിനായി കെട്ടിയ കരിങ്കല്‍ ബെല്‍ട്ടിന് മുകളിലൂടെ
നടന്നു വേണം കടല്‍തീരമണയാന്‍. രാവിലെയുള്ള കടല്‍ കാറ്റും കൊണ്ട്
കാക്കകളുടെ സല്ലാപങ്ങളും കേട്ട് അവിടെ നടന്നു നീങ്ങുമ്പോള്‍ വേറെ
ഏതോ ലോകത്തെത്തിയ പോലെ.






ഞങ്ങള്‍ എത്തുന്നതിനു മുന്‍പേ തന്നെ വേറെയും നവദമ്പതികള്‍
കല്യാണ ആല്‍ബത്തിന് വേണ്ടി പോസ് ചെയ്തു നില്‍പ്പുണ്ടായിരുന്നു.



പോസുകള്‍ ആരിലും ചിരിയുണര്‍ത്തും, ചെരിഞ്ഞും മറിഞ്ഞും
തല കുത്തിനിന്നുമൊക്കെ ഫോട്ടോഗ്രാഫര്‍ ക്ലിക്കുന്നു.
എന്തിനും തയ്യാറായി നില്‍ക്കുന്ന ആല്‍ബത്തിലെ നായകനും നായികയും.
നടി ഷാള്‍ ഉയര്‍ത്തിപ്പിടിച്ചു  നടന്നു വരുമ്പോള്‍,
കയ്യില്‍ ഗിറ്റാറുമായി പ്രിയ തോഴന്‍ കടല്‍ക്കരയില്‍ കാത്തുനില്‍ക്കുന്നു...
അമ്മോ ഇവന്മാരെയൊക്കെ സമ്മതിക്കണം !



കല്യാണ ആല്‍ബം പിടിക്കാന്‍ വന്നവരെ അവരുടെ വഴിക്ക് വിട്ടിട്ടു
ഞങ്ങള്‍ കടലിലെ ഓളങ്ങളുടെ കൂടെ നടന്നു നീങ്ങി.
മനസ്സിന് ഇണങ്ങിയ ക്ലിക്കുകള്‍ തേടി ഞാന്‍ നടന്നപ്പോള്‍, പ്രദീപ്‌ ഒരു ചിന്തകനായി
കടലിന്റെ ഓളപ്പരപ്പില്‍ മോഹങ്ങളുടെ ചൂണ്ടയിട്ടു നടക്കുന്നുണ്ടായിരുന്നു.


 (ദൈവമേ അവന്‍ ഇതൂ വായിക്കുമോ എന്തോ :) )



ആദ്യമായി കടല്‍ കണ്ടപോലെയായിരുന്നു ഞങ്ങളുടെ സഹധര്‍മ്മിണികള്‍.
മണലില്‍ കടമ്മയെ ചൊടിപ്പിച്ചു അക്ഷരങ്ങള്‍ എഴുതിയും,
തിരമാലകള്‍ വന്നു മായ്ച്ചപ്പോള്‍ പരിഭവിച്ചും, 
കക്കകള്‍ പെറുക്കിയും അവര്‍ അവിടെ ഓടിനടക്കുന്നത് കാണാന്‍ തന്നെ
രസമായിരുന്നു. പലപ്പോഴും തോന്നിയിട്ടുണ്ട്;
നല്ല സുഹൃത്തുക്കളുടെ ഭാര്യമാര്‍ തമ്മിലും നല്ല സൌഹൃദം കാണും.
അവരെ കണ്ടപ്പോള്‍ എനിക്കും മനസ്സില്‍ തോന്നി,
തൃശ്ശൂരിലെ ഈ കടല്‍തീരം ശരിക്കും ഒരു സ്നേഹതീരം തന്നെ !



കടല്‍ എന്നും ഒരു വിസ്മയമാണ്. ഒരിക്കലും കണ്ടു മതിവരാത്ത കാഴ്ച.
കുട്ടികളെയും യുവാക്കളെയും പ്രായമേറിയവരെയും ഒരുപോലെ രസിപ്പിക്കും
ഈ കടല്‍ത്തിരകള്‍. കുളിച്ചും കളിച്ചും ഓടിനടന്നും ചിലര്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍
മറ്റു ചിലര്‍ക്ക് തീരത്തിന്റെ ഒരുഒഴിഞ്ഞ ഓരത്ത് വിദൂരതയിലേക്ക്
കണ്ണിമ ചിമ്മാതെ നോക്കിയിരിക്കാനാകും തോന്നുക.
പലപ്പോഴും; ഒരു ചരടില്ലാത്ത പട്ടം പോലെ പറന്നു പോകുന്ന ചിന്തകളുമായി
ഇരിക്കുന്ന ഇക്കൂട്ടരെ തീരത്തിന്റെ തിരക്കിലെക്കും ആരവങ്ങളിലേക്കും തിരികെ
കൊണ്ട് വരുന്നത് കപ്പലണ്ടി വില്‍ക്കുന്ന ചെറുക്കന്മാരായിരിക്കും...
അങ്ങനെ ഒത്തിരി കാര്യങ്ങള്‍ പറയാനുണ്ടാകും ഓരോ കടല്‍ തീരത്തിനും...
കണ്ടതും കാണാത്തതുമായ ജീവിത സത്യങ്ങളുടെ
ഒരിക്കലും അടങ്ങാത്ത തിരകള്‍ പോലെ...
--------------------------------------------------------------------------------------------
കേരള ടൂറിസം ടവലപ്മെന്റ് കോര്‍പ്പറെഷന്‍; KTDC യുടെ നടത്തിപ്പിലുള്ള
ഈ സ്ഥലംവളരെ മനോഹരമായാണ് കാത്തുരക്ഷിചിട്ടുള്ളത്. വളരെ വൃത്തിയുള്ളതും,
വരുന്ന സഞ്ചാരികള്‍ക്ക് യധേഷ്ട്ടം കടലിന്റെ സൌന്ദര്യം ആസ്വദിക്കാന്‍
ഉതകുന്ന രീതിയിലാണ് ഇവിടം പരിപാലിക്കുന്നത്.
വാക്ക് വേയും ബെഞ്ചുകളും കരിങ്കല്ലില്‍ എന്നപോലെ തോന്നിക്കുന്ന
കല്‍മണ്ഡപങ്ങളും വളരെ ഭംഗിയുള്ളതും പ്രകൃതിക്ക് ചേര്‍ന്ന
രീതിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.




അടുത്ത് തന്നെ "നാലുകെട്ട്' എന്ന പേരില്‍ ഒരു റെസ്ടോറന്‍ട്ടും ഉണ്ട്.
കൂടാതെ, ഭക്ഷണം വെള്ളം ജൂസ് എന്നിവ  ലഭിക്കുന്ന വേറെ കടകളും ഉണ്ട്.
ചേര്‍ന്നു തന്നെ ചെറിയൊരു പാര്‍ക്കും, പുല്‍ തകിടിയും
കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഉണ്ടവിടെ.
വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ക്കായി
ടോയിലെറ്റ്‌ സൌകര്യവും ഉണ്ട്.



അപ്പൊ ഇനി അധികം താമസിക്കണ്ട,
കടല്‍ കാണണം എന്ന് തോന്നുമ്പോള്‍ വേഗം വിട്ടോളൂ ഈ സ്നേഹതീരത്തേക്ക്.
മഴയുടെ കാന്‍വാസില്‍ കടല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവുണ്ടാകും.
കടലില്‍ മഴ പെയ്യുമ്പോള്‍ ആരുടെ മനസ്സിലാണ് കവിത നിറയാതിരിക്കുക?
നിങ്ങള്‍ക്കും കാണണ്ടേ ഈ സ്നേഹത്തിന്റെ അലകളെ?
നമുക്ക് പോകാം മഴത്തുള്ളികള്‍ പെയ്തിറങ്ങുന്ന ഈ സ്നേതീരത്തേക്ക്...

എങ്ങിനെ ഇവിടെ എത്തിചേരാം ?

തൃശ്ശൂരില്‍ നിന്നും തൃപ്രയാര്‍ റൂട്ടില്‍ 30  കിലോമീറ്റര്‍ അകലെയുള്ള
തളിക്കുളം സെന്റെറില്‍ എത്തി അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു
ഏകദേശം 3 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ സ്നേഹതീരം ബീചിലെത്താം.