April 24, 2012

ഒരു മരം

എല്ലാ വര്‍ഷവും ഒരു വഴിപാടു പോലെ നമ്മള്‍ പറഞ്ഞു തീര്‍ക്കാറുണ്ട്‌;
"ശ്ശൊ, ഇക്കൊല്ലം എന്താ ഒരു ചൂട്.. ! കഴിഞ്ഞ കൊല്ലത്തെക്കാള്‍ കൂടുതലാണ് ഇത്തവണ..."
 എന്നൊക്കെ... അല്ലെ?

പക്ഷെ നമ്മള്‍ ഒരിക്കലും ചൂട് കൂടുന്നതിന്റെ കാരണം തിരക്കാറില്ല. അഥവാ കാരണം 
അറിഞ്ഞാല്‍ തന്നെയും ഒന്നും ചെയ്യാന്‍ നമുക്ക് സമയമില്ല. 
നമ്മള്‍ മലയാളികള്‍ തിരക്കിലാണ്... 

ഒന്നോര്‍ത്തു നോക്കൂ, ഓരോ വര്‍ഷവും എത്ര മരങ്ങളാണ് മണ്ണില്‍ നിന്നും 
പിഴുതെറിയുന്നത്, പുതിയ കെട്ടിടങ്ങള്‍ കെട്ടാന്‍ വേണ്ടി, പുത്തന്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ 
തീര്‍ക്കാനായി... അങ്ങനെ ആവശ്യങ്ങള്‍ പലതാണ്...
നമുക്ക് മരങ്ങള്‍ മാത്രം വേണ്ട. 
സ്വാര്‍ത്ഥനായ മനുഷ്യന്റെ കഴിഞ്ഞ കാലത്തുള്ള ചെയ്തികളുടെ ഫലമായിരിക്കാം 
നാമിന്നനുഭാവിക്കുന്ന കഠിനമായ ചൂട്. എന്ന് വച്ച് നമ്മെ തന്നെ പഴിചാരി ഇരുന്നാല്‍ മതിയോ.
നമ്മുടെ പൂര്‍വികര്‍ നമുക്കായി കരുതി വച്ച പോലെ നമുക്കും ഈ പ്രകൃതിക്ക് വേണ്ടി 
ചിലതെല്ലാം ചെയ്യാനില്ലേ? ചുരുങ്ങിയ പക്ഷം നമ്മുടെയൊക്കെ നിലനില്‍പ്പിനായെങ്കിലും 
മരങ്ങള്‍ നാട്ടു പിടിപ്പിച്ചേ മതിയാകൂ.


ഈ ബ്ലോഗ്‌ വായിക്കുന്ന ഓരോരുത്തരോടും ഉള്ള എന്റെ വിനീതമായ അഭ്യര്‍ത്ഥനയാണ് ;
എല്ലാവരും ഒരു മരം എങ്കിലും വച്ച് പിടിപ്പിക്കുക. 
നമ്മുടെ ഭൂമിക്കു വേണ്ടി; നമുക്ക് വേണ്ടി; നല്ലൊരു നാളേയ്ക്കു വേണ്ടി...

 
 

ചിന്തിച്ചു നോക്കൂ; നമുക്ക് ചുറ്റും, അല്ലെങ്കില്‍ നമ്മുടെ വീട്ടു വളപ്പില്‍ എത്രയെത്ര 
മരങ്ങള്‍ ഉണ്ട്, അവയില്‍ ഒരെണ്ണമെങ്കിലും നമ്മള്‍ നട്ടു പിടിപ്പിച്ചതാണോ?
"അതെ" എന്നാണ് ഉത്തരമെങ്കില്‍ നല്ല കാര്യം. 
അല്ലെങ്കില്‍ ഇനിയും സമയം വൈകിയിട്ടില്ല, വരുന്ന ഓരോ വര്‍ഷവും
നമുക്കൊരു മരം നടാം. ഇതിന്റെ ഗുണം അനുഭവിക്കുക നമ്മളായിരിക്കില്ല,
 പകരം, വരും തലമുറയായിരിക്കും...  അവര്‍ നന്ദിയോടെ സ്മരിക്കും !

നമുക്കൊന്നിച്ച്‌ ശ്രമിക്കാം ചെറിയൊരു യത്നത്തിലൂടെ, ഈ ഭൂമിയെ പച്ച പുതപ്പിക്കാന്‍...
"ഒരു വര്‍ഷം, ഒരു മരം" അതാകട്ടെ നമ്മുടെ ലക്ഷ്യം.


(Photography : Krishna Jithu )