April 13, 2011

തുളസിത്തറ


ഈ തുളസിത്തറയില്‍ എന്നും തിരി തെളിയിക്കുന്ന ഒരമ്മക്കിളിയുണ്ട്...
എന്നോ എവിടെയോ ജോലിതെടിപ്പോയ ഒരു മകന്റെ തിരിച്ചുവരവും കാത്ത്
ഉരുകുന്ന നെഞ്ചിലെ ചിരാതില്‍,
കാത്തിരിപ്പിന്റെ തിരി തെറുത്തിട്ട് എന്നും ദീപം തെളിയിക്കുന്ന ഒരമ്മ.


ഈ മേടം പിറക്കുമ്പോള്‍, ഒരേയൊരുണ്ണി പോയിട്ട് എത്ര വര്‍ഷമായെന്ന്
ഈയമ്മക്ക് നിശ്ചയമില്ല. ആ കുടിലില്‍ അമ്മയെ തനിച്ചാക്കി
തീവണ്ടി കയറി പോകുമ്പോള്‍ വേഗം പോയി വരാമെന്നൊരു വാക്ക് കൊടുത്തിരുന്നു...

ഓരോ വിഷുക്കാലം വന്നെത്തുമ്പോഴും സ്നേഹത്തിന്റെ കണിയൊരുക്കി,
അമ്മയ്ക്കുള്ള വിഷുക്കൈ നീട്ടവുമായി വന്നെത്തുന്ന മകന്റെ വരവും കാത്തിരുന്നു.
പക്ഷേ അമ്മയും ഈ തുളസിത്തറയും തനിച്ചായി...
വീടിനു മുന്നിലൂടെ കടന്നു പോകുന്ന ഓരോ തീവണ്ടിയിലും;
ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ചു തിരിച്ചുവരുന്ന
മകന്റെ മുഖം തിരഞ്ഞു കൊണ്ടിരുന്നു ഈ അമ്മ...


വീണ്ടുമൊരു മേടം വന്നെത്തുമ്പോള്‍; കാത്തിരിപ്പിന്റെ വേനലറുതിക്കൊടുവില്‍
ഈയമ്മയുടെ മനസ്സിന്റെ നനുത്ത ചില്ലകളും പൂക്കുകയാണ് ,
പ്രതീക്ഷകളുടെ ഒരായിരം കണിക്കൊന്നപൂക്കള്‍...

എല്ലാ ബ്ലോഗ്‌ വായനക്കാര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
വിഷു ആശംസകള്‍...

April 01, 2011

തെല്ലിക്കല്‍ നൈറ്റ്സ്




പറമ്പിക്കുളത്തെക്കുള്ള ഒരു വനയാത്രയാണ് ഈ ബ്ലോഗ്‌.

കാട്ടില്‍ പോകാനും ട്രെക്കിങ്ങിനും നമുക്കെല്ലാം ഇഷ്ട്ടമല്ലേ, അപ്പോള്‍ ഒരു രാത്രി
വനത്തിനകത്ത്‌ താമസിക്കാന്‍ കൂടി ഒരവസരം കിട്ടിയാലോ !
ഇങ്ങനെയൊരു യാത്ര നിങ്ങളുടെ സ്വപ്നത്തിലുണ്ടോ?
എങ്കില്‍ കേരള വനം വകുപ്പിന്റെ "തെല്ലിക്കല്‍ നൈറ്റ്സ് " എന്ന പാക്കേജ് എടുത്ത്
പറമ്പിക്കുളത്തെക്ക് വിട്ടോളൂ.

വനത്തിനകത്തെക്ക് കയറാന്‍ തന്നെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
ഇക്കാലത്ത്, താമസമൊരുക്കി സന്ദര്‍ശകരെ ക്ഷണിക്കുന്ന
ഒരു പാക്കേജാണ് "തെല്ലിക്കല്‍ നൈറ്റ്സ്". പാലക്കാട് ജില്ലയിലെ, തമിഴ്നാട്
ബോര്‍ടറിനടുത്തുള്ള പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് വനമേഘലയിലാണ് ഈ
സൌകര്യമുള്ളത്. ഒരു ഗ്രൂപ്പില്‍ പരമാവധി അഞ്ചു പേര്‍ക്കാണ് ഒരു രാത്രി ഇവിടെ
ചിലവഴിക്കാവുന്നത്. 4000 രൂപയാണ് ഈ താമസത്തിന്റെ ചെലവ് (5 പേര്‍ക്ക് ).
മുന്‍കൂട്ടി ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും അനുമതി നേടുകയും അഡ്വാന്‍സ് ആയി
2000 രൂപയുടെ DD എടുത്ത് അയക്കുകയും വേണം.
(കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ ബ്ലോഗിന്റെ അവസാനം നോക്കുക)


ഇനി യാത്രയെ കുറിച്ച് പറയാം.
ഞാന്‍ ജോലി ചെയ്യുന്ന ഇന്‍ഫോ പാര്‍ക്കില്‍ നിന്നും നാല് സുഹൃത്തുക്കളോടൊപ്പം
കൊച്ചിയില്‍ നിന്നും, തൃശൂര്‍ വഴി പാലക്കാട് എത്തി അവിടെ നിന്നും കൊല്ലങ്കോട് വഴി
പൊള്ളാച്ചി റൂട്ടിലൂടെ കടന്ന് ആനമല വഴി ടോപ്‌ സ്ലിപ്പിലെത്തി.

അവിടെ നിന്നും പറമ്പിക്കുലത്തെകുള്ള വഴി കാര്‍ യാത്ര കുറച്ചു പ്രയാസമാണ്.
പറമ്പിക്കുളം കേരളത്തില്‍ ആണെങ്കിലും അവിടെ എത്താന്‍ റോഡ്‌ മാര്‍ഗം
ഇല്ലാത്തതിനാല്‍ നമുക്ക് കുറച്ചു ദൂരം തമിഴ് നാടിനെ ആശ്രയിക്കണം.
രണ്ടു ചെക്ക്പോസ്റ്റുകള്‍ കടന്ന് പറമ്പിക്കുളത്ത് എത്തിച്ചേരാം. ദിവസം 30
വാഹങ്ങള്‍ മാത്രമേ അവിടേക്ക് കടത്തി വിടൂ.

11 മണിയോടെ ഞങ്ങള്‍ പറമ്പിക്കുളത് എത്തി.
ചെക്ക്‌ പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്ത് പാക്കജിന്റെ മുഴുവന്‍ തുകയും അടച്ചു.
യാത്രയെ കുറിച്ചും താമസത്തെ പറ്റിയും ഒക്കെ അവിടെയുള്ള ഫോറെസ്റ്റ്
ഓഫീസര്‍മാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. കൂടെ സഹായത്തിനായി രണ്ടു
ഗൈഡ് മാരെയും ഏര്‍പാടാക്കി. അവിടെയുള്ള "മലസര്‍" എന്ന
ആദിവാസി സമുദായത്തില്‍ പെട്ടവരായിരുന്നു അവര്‍, ആദനും ശിവകുമാറും.

കുറച്ചു ദൂരം കൂടി മാത്രമേ വാഹനത്തിന് അനുമതിയുള്ളൂ. പോകും വഴിയെ ഞങ്ങള്‍
"കന്നിമാര " എന്ന തേക്കുമരം കാണാന്‍ പോയി; ലോകത്തിലെ ഏറ്റവും വലിയ
തേക്ക് മരം ! അവിടെയുള്ളവര്‍ ദൈവിക പരിവേഷം നല്‍കിയിട്ടുള്ള ആ മരത്തിനു
പിന്നില്‍ പല കഥകളുമുണ്ട്. എന്തായാലും, മരം മുറിച്ചു വിറ്റുതുലക്കാന്‍ വേണ്ടി പണ്ട്
ഇവിടെയെത്തിയ സായിപ്പിന് ഈ മരം മുറിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചരിത്രം
സാക്ഷ്യപ്പെടുത്തുന്നു.


കന്നിമാര വിശേഷങ്ങള്‍ കേട്ട ശേഷം യാത്ര തുടര്‍ന്നു. മൃഗങ്ങളെ കാണാന്‍
സാധ്യതയുള്ള സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ആദന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.
ആദ്യമായി ഞങ്ങളെ വരവേറ്റത് ചെറിയൊരു ആനകൂട്ടമായിരുന്നു. അതിലൊരു കുറുമ്പന്‍
ഞങ്ങളുടെ പച്ച കാറിനെ ലക്‌ഷ്യം വച്ച് നീങ്ങിയപ്പോള്‍ "തോമാസുട്ടി, വിട്ടോടാ"
എന്നും പറഞ്ഞു വേഗം "സ്കൂട്ടായി".


കാട്ടാനകളുടെയും കാട്ടു പോത്തിന്റെ കൂട്ടത്തിന്റെയും ദര്‍ശന പുണ്യം
കഴിഞ്ഞ് ഞങ്ങള്‍ പറമ്പിക്കുളം കവലയിലെത്തി. സത്യന്‍ അന്തിക്കാടിന്റെ
പഴയകാല സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു കവല. അടുത്തു ഒരു
കിലോമീറ്റര്‍ അകലെയായി പറമ്പിക്കുളം ഡാം സന്ദര്‍ശിച്ചു. പിന്നീട്
ഭക്ഷണ ശേഷം, അന്ന് വൈകിട്ട് പാചകം ചെയ്ത് കഴിക്കാനുള്ള സാധനങ്ങള്‍
വാങ്ങി. കുറച്ചു കൂടി യാത്ര ചെയ്ത് ഞങ്ങള്‍ കാര്‍ ഒരിടത്ത് പാര്‍ക്ക്‌ ചെയ്തു.
വനാതിര്‍ത്തിയില്‍ നിന്നും ഇനിയുള്ള ദൂരം കാല്‍നടയായി പോകണം.


ഭക്ഷണപ്പൊതികളുമായി ഞങ്ങള്‍ "ആദന്‍" തെളിച്ച
വഴി-വരമ്പിലൂടെ കാടിനകത്തേക്ക് യാത്രയായി. കയ്യില്‍ വെട്ടുകത്തിയുമായി
മുമ്പേ നടക്കുന്ന ശിവകുമാര്‍ കാടിന്റെ രസങ്ങള്‍ പകര്‍ന്നു തന്നു. കാട്ടു പന്നികള്‍
നാണം കുണുങ്ങി ഞങ്ങളെ കാണുന്നതിനു മുന്‍പേ എവിടെയോ പോയോളിച്ചു.
കാട്ടുകോഴികളും മലയണ്ണാനുകളും മരമുകളില്‍ ഒച്ചവക്കുന്നുണ്ടായിരുന്നു.


ഏകദേശം 8 കിലോമീറ്റര്‍ നടന്നപ്പോള്‍ ഞങ്ങള്‍ കാടിന്റെ ഉള്ളിലെത്തി.
അവിടെയാണ് തെല്ലിക്കല്‍ ബംഗ്ലാവ് അഥവാ "പന്തെര ഡെന്‍" എന്ന വീട്.
ആന വരാതിരിക്കാന്‍ കുഴിച്ച കിടങ്ങിനു മുകളിലെ ചെറു പാലത്തിലൂടെ ആ
വീടിന്റെ മുന്‍പിലെത്തി.



പണ്ട് സായിപ്പിന്റെ കാലത്ത് കാടിനുള്ളില്‍ അവര്‍ നിര്‍മ്മിച്ച
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് (IB) ആണ് തെല്ലിക്കല്‍ പാക്കേജില്‍ നമുക്ക് താമസിക്കാന്‍
തരുന്നത്. രണ്ടു മുറികളും അടുക്കളയുമുള്ള ഈ ബംഗ്ലാവില്‍ വൈദ്യുതിയോ മറ്റു
സൌകര്യങ്ങളോ ഇല്ല. IB യുടെ മുന്‍വശത്ത്‌ കുറച്ചകലെയായി ഒരു വയലും തടാകവും ഉണ്ട്.
കുളിക്കാനായി അടുത്ത് തന്നെ ഒരു ആറുണ്ട് . കിടക്കാനുള്ള ബെഡ് ഷീറ്റും മറ്റും IB യില്‍ ലഭിക്കും.
ടോയിലറ്റ് സൗകര്യം ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ഈ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍
ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും


ബാഗും മറ്റും മുറിയില്‍ വച്ച ശേഷം കാട്ടാറില്‍ കുളിച്ചു "ഫ്രഷ്‌" ആയി.കുറച്ചു ദൂരത്തുള്ള
തടാകത്തില്‍ മ്ലാവുകളും വേട്ട പട്ടികളും വന്നുപോയി കൊണ്ടിരുന്നു. പട്ടികള്‍
കൂട്ടത്തോടെയാണ് വരുന്നത് കണ്ടത്, അവ വന്നതും പാവം മ്ലാവുകള്‍ ഓടി രക്ഷപ്പെട്ടു.
രാത്രി ആയതോടെ മൃഗങ്ങളുടെ കണ്ണുകള്‍ മാത്രം ഇരുട്ടിന്റെ തിരശീലയില്‍
മിന്നി മറഞ്ഞുകൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന ബൈനോകുലറുകള്‍ ഇരുട്ടില്‍
ഉപയോഗ ശൂന്യമായപ്പോള്‍ ഇന്‍ഫ്ര റെഡ് ബൈനോകുലര്‍ ഉണ്ടായിരുന്നെങ്കില്‍
എന്നാശിച്ചു പോയി.

ഇന്ത്യന്‍ കാടുകളില്‍ കടുവകളെ കാണുക എന്നത് വളരെ വിരളമാണ്. കണക്കു പ്രകാരം
അവിടെ മുപ്പതോളം കടുവകള്‍ ഉണ്ടെങ്കിലും അവയെ നേരില്‍
കാണണമെങ്കില്‍ മഹാ ഭാഗ്യം തന്നെ വേണം. എങ്കിലും രാത്രിയുടെ
മറവില്‍ ഞങ്ങള്‍ കാത്തിരുന്നു; പക്ഷെ നിരാശയായിരുന്നു ഫലം.

ഒടുവില്‍ "നിരീക്ഷണ" മേഘലയില്‍ നിന്നും പിന്‍വാങ്ങി തെല്ലിക്കലെത്തി.
ആദനും ശിവകുമാറും അപ്പോഴേക്കും ഞങ്ങള്‍ക്കുള്ള ഭക്ഷണം റെഡി ആക്കിയിരുന്നു.
ചുട്ടെടുത്ത ചപ്പാത്തിയും ഇറച്ചിക്കറിയും കഴിച്ച്,
കാടിനെ വിറപ്പിക്കുന്ന തണുപ്പിനുമേല്‍ പകല്‍ കണ്ട കാഴ്ചകളുടെ രസത്തിന്റെ
ഓര്‍മ്മയുടെ പുതപ്പും വലിച്ചു നീട്ടി ഞങ്ങള്‍ നിദ്രയിലാണ്ടു.
കാതുകള്‍ അപ്പോഴും രാത്രിയില്‍ വന്നെത്താന്‍ കൊതിച്ച ജീവികളുടെ
ശബ്ദവും കാതോര്‍ത്ത് ഉറങ്ങാതെയിരുന്നു...

പിറ്റേ ദിവസം രാവിലെ ആറിനെഴുന്നേറ്റു വീണ്ടും കാട്ടിലൂടെ നടന്നു.
കാഴ്ചകള്‍ അവസാനിച്ചപ്പോള്‍ ഉച്ചയാകുമ്പോഴേക്കും കറക്കം മതിയാക്കി കാടിറങ്ങി.


യാത്ര എങ്ങനെ ബുക്ക്‌ ചെയ്യാം ?

ഫോറെസ്റ്റ് ഓഫീസുമായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.
+91 9442201690, +91 4253 245025

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വെബ് സൈറ്റ് നോക്കാം.
www.parambikulam.കോം

എങ്ങിനെ ഇവിടെ എത്തി ചേരാം ?

കൊച്ചിയില്‍ നിന്നും ഏകദേശം 220 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.

കൊച്ചിയില്‍ നിന്നും അങ്കമാലി വഴി (NH-47) തൃശൂരിലെ മണ്ണുത്തി ബൈ പാസ്സില്‍ എത്തുക.
അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പാലക്കാടിനടുത്തെ വടക്കഞ്ചേരിയിലെത്തി
വലത്തോട്ട് തിരിഞ്ഞ് കൊല്ലങ്കോട്‌ എത്തി അവിടെ നിന്നും
പൊള്ളാച്ചി വഴിയിലേക്ക് തിരിയുക. പൊള്ളാച്ചി എത്തുന്നതിനു മുന്‍പായി
ആനമല യിലേക്ക് തിരിഞ്ഞ് ടോപ്‌ സ്ലിപ്പില്‍ എത്തുക. അവിടെ നിന്നും വലത്തോട്ട്
തിരിഞ്ഞ് നേരെ പറമ്പികുളത്തേക്കു എത്തിച്ചേരാം.

കയ്യില്‍ കരുതേണ്ടവ.

സാധാരണ ഒരു യാത്ര പോകുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കാട്ടിലേക്കുള്ള യാത്ര.
അതിനാല്‍ ഇത്തരം യാത്രകളില്‍ കുറച്ചു കാര്യങ്ങള്‍ കയ്യില്‍ കരുതിയാല്‍ നന്നായിരിക്കും.
1. മാപ് , ഒരു കോമ്പസ് (ദിശ അറിയാനായി).
2. ഗ്രൂപ്പിലെ എല്ലാവരും വെള്ളം കരുതുക.
3. ടോര്‍ച്, മെഴുകുതിരി, ലൈറ്റര്‍.
4. സ്വിസ് നൈഫ് (കത്തി) , കയര്‍.
5. ഫസ്റ്റ് എയിഡ് ബോക്സ്‌.
6. അട്ട ഉള്ള ഇടമാണെങ്കില്‍ മഞ്ഞള്‍പ്പൊടിയും, പുകയിലയും കരുതുക.