September 23, 2010

കാക്ക പുരാണം

നമ്മുടെ ചുറ്റുവട്ടത്തൊക്കെ ഏറ്റവുമധികം കാണുന്നതും,
എന്നാല്‍ ആരുമധികം ശ്രധിക്കാത്തതും,
നമുക്കൊക്കെ അപ്രസക്തവുമായ പക്ഷിക്കൂട്ടമാണ് കാക്കകള്‍.
കാണാന്‍ അഴകുള്ള വര്‍ണ്ണക്കൂട്ടുകളോ മധുരമേറിയ ശബ്ദമോ
ഇവയ്ക്കില്ലാത്തതാവാം കാരണം.



ഈ കാക്കകള്‍ക്കും ചില ലക്ഷണങ്ങളുടെ കഥ പറയാനുണ്ട്.
കാക്ക കരയുന്നതും, ദിശ തിരിഞ്ഞു ഇരിക്കുന്നതുമൊക്കെ ഓരോ
ലക്ഷണങ്ങളാണ്. കേട്ടിട്ടില്ലേ, കദളി വാഴക്കയ്യില്‍ ഇരുന്നു കരയുന്ന
കാക്കകള്‍ വിളിച്ചു വരുത്തുന്നത് വിരുന്നുകാരെയാണ്. കാക്ക
കരയുന്ന ശബ്ദത്തിന്റെ വ്യതിയാനങ്ങള്‍ ഓരോ ലക്ഷണങ്ങളെ കുറിക്കുന്നു.
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തെക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കുന്ന
കാക്കകള്‍, ഒരുപക്ഷെ യാത്രയുടെ ഗുണഫലം പറഞ്ഞു തന്നേക്കും.
ബലി കാക്കകള്‍ക്ക് പറയാനുള്ളത്, നമ്മെ വിട്ടുപോയ ആത്മാക്കളുടെ
സുഖ ദുഖങ്ങളാണ്.

കാക്കയെ കാണാന്‍ സുന്ദരിയല്ലെങ്കിലും, ഏറ്റവും സുന്ദരമായ മലയാളത്തില്‍
ഒട്ടേറെ കാക്ക പ്രയോഗങ്ങളുണ്ട് ! ഒരിക്കലും കണ്ടിട്ടില്ലാത്ത
"കാക്ക തമ്പുരാട്ടിയും" എണ്ണിയാലൊടുങ്ങാത്ത "കാക്കതൊള്ളായിരം"
വര്‍ഷങ്ങളുമൊക്കെ പ്രയോഗത്തിലുണ്ട്.
ഈ "കാക്കതൊള്ളായിരം" എന്ന് പറഞ്ഞാല്‍
എത്രയാണെന്ന് ആരെങ്കിലുമൊന്നു പറഞ്ഞു തരാമോ?
നിങ്ങള്‍ക്കറിയാവുന്ന കൂടുതല്‍ "കാക്ക" കഥകളും
ഇവിടെ പങ്കുവയ്ക്കുക.