July 26, 2010

പിറവി

ഈ കര്‍ക്കിടകത്തില്‍ വീട്ടു വളപ്പില്‍ വിതച്ച പയറിന്റെ
വിത്തുകള്‍ മുളച്ച് പുറംലോകത്തെ കാഴ്ചകള്‍ കാണാനെത്തിയപ്പോള്‍...



പ്രകൃതിയുടെ
സൃഷ്ട്ടികള്‍ എത്ര വിചിത്രമാണ്, അല്ലെ?
മണ്ണിലൊരു തടമെടുത്ത് കൈവിരല്‍ പാകത്തിന് കുഴികുത്തി
ചെറിയൊരു വിത്തിടുകയെ വേണ്ടൂ.
രണ്ടു ദിവസത്തിനുള്ളില്‍ അവന്‍ മുളപൊട്ടി പുറത്തേക്ക് വരും...
പിന്നീടത്‌ വലുതായി അവയില്‍ പൂവരും കായ് വരും.

മണ്ണിന്റെ മണം നുകരാനും മണ്ണിലിറങ്ങി പണിയെടുക്കാനും നമ്മളൊക്കെ
എന്നേ മറന്നിരിക്കുന്നു... തമിഴ് നാട്ടില്‍ നിന്നും പച്ചക്കറികള്‍
കൊണ്ടുവരുന്നതിനെ പറ്റി പരിതപിച്ചതുകൊണ്ട് മാത്രമായില്ലല്ലോ.
നമ്മള്‍ വിചാരിച്ചാലും സാധിക്കും എന്തെങ്കിലുമൊക്കെ മുളപ്പിചെടുക്കാന്‍.
ഇത്തിരി ചീര, ഇത്തിരി പയര്‍, ഇത്തിരി വെണ്ട... അങ്ങനെ എന്തെങ്കിലും...
നാം പാകിയ വിത്ത്‌ മുളക്കുന്നതിന്റെ സുഖം അറിയണമെങ്കില്‍
നിങ്ങളും ഒരു വിത്ത് പാകുക, കര്‍ക്കിടകത്തില്‍ തന്നെ.
അതുവഴി പുതു തലമുറയിലെ ഹരിത-സംസ്ക്കാരത്തില്‍ നമുക്കും അണിചേരാം...
------------------------------------------------------------------------------------
കര്‍ക്കിടക രാവുകള്‍ക്കപ്പുറം ചിങ്ങ-നിലാവുദിക്കുമ്പോള്‍
തൊടിയില്‍ വെണ്ടയും പയറും എല്ലാം നിറഞ്ഞു നില്‍ക്കും;
വിളവെടുപ്പിന് നിങ്ങളും വരില്ലേ?
വരുന്നവര്‍ക്കൊക്കെ കഞ്ഞിയും പയറും തീര്‍ച്ച !
[വിളിച്ചിട്ട് വരണേ :) ]

July 16, 2010

Portrait


ഇക്കുറി ചില ഫോട്ടോഗ്രാഫി ചിന്തകളാവാം അല്ലെ?
ഫോട്ടോഗ്രാഫിയെക്കുറിച്ച് പറയാനൊന്നും ഞാന്‍ ആളല്ല.
അതിനെപറ്റി പഠിക്കാന്‍ സമയം കളയാതെ,
ക്യാമറ എടുത്തു പരീക്ഷിച്ചു തുടങ്ങണം എന്നാണ് എന്റെ പക്ഷം.
ഓരോ സ്നാപും എടുത്തു നാം തനിയെ പഠിക്കുന്നതായിരിക്കും നല്ലത്.
എങ്കിലും, ചില വസ്തുതകള്‍ മനസ്സില്‍ വച്ചാല്‍ രസകരമായ ഫ്രെയിം കിട്ടിയേക്കാം.

ഫോട്ടോഗ്രാഫിയില്‍ തന്നെ ശ്രദ്ധേയമായ ഒരു സങ്കേതമാണ് "പോര്‍ട്രയിറ്റ് ".
ഒരു വ്യക്തിയുടെ ചായാചിത്രം വരയ്ക്കുന്നപോലെ തന്നെ ഫോട്ടോയിലൂടെ വ്യക്തിത്വം
ഒപ്പിയെടുക്കുന്ന ഈ സങ്കേതത്തിനു വളരെ പ്രസക്തിയുണ്ട്.

"പോര്‍ട്രയിറ്റ് " എന്ന വിഷയം മനസ്സില്‍ വച്ചിരിക്കുംബോഴാണ് ഈ മിടുക്കന്‍
വന്ന് മുന്നില്‍ ചാടിയത്. പിന്നെ തുടങ്ങിയില്ലേ പരീക്ഷണങ്ങള്‍...
ക്ലിക്കോട് ക്ലിക്ക്...

എന്നെ സംബന്ധിച്ചിടത്തോളം ഓരോ ഫ്രെയിമും ആസ്വതിചെടുക്കണം എന്നാണ്.
പരമ്പരാഗത ശൈലിയില്‍ തന്നെ "പെര്‍ഫെക്റ്റ്‌" സ്നാപ്പുകള്‍ക്ക് മാത്രം മുതിരാതെ
നമ്മുടെതായ പരീക്ഷണങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്രയും ക്രിയെടീവ് ആയ മറ്റൊരു
കാര്യമില്ല.

താഴെ കൊടുത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ ശ്രദ്ധിക്കൂ.


ആദ്യത്തേത് ഒരു സാധാരണ ചിത്രമാണ്. പക്ഷെ രണ്ടാമത്തെ ചിത്രത്തില്‍
നാം ഉദ്ദേശിക്കുന്ന സബ്ജക്ടിനെ കുറച്ചു വലത്തേക്ക് മാറ്റിയപ്പോള്‍ അതൊരു പുതുമയായി.
കുറച്ചുകൂടെ സൂം ആയി, ചില വശങ്ങള്‍ പോയ്മറഞ്ഞപ്പോള്‍ വേറൊരു ലുക്ക്‌ കിട്ടി.
മറ്റൊരു കാര്യം ശ്രദ്ധിച്ചോ? ഇതൊരു "പോര്‍ട്രയിറ്റ് " സൈസ് ചിത്രമല്ല,
മറിച്ച് ഇതൊരു "ലാന്റ്സ്കേപ്" ആണ്, പക്ഷെ ഈ ആങ്കിളിലും "പോര്‍ട്രയിറ്റ് "
രസകരമാണ്; അല്ലെ?
അടുത്ത ചിത്രം സൈസിനാല്‍ ഒരു പക്കാ "പോര്‍ട്രയിറ്റ് " ആണ്.


"പോര്‍ട്രയിറ്റ് " ചെയ്യുമ്പോള്‍, കുട്ടികളെയൊക്കെ ആണെങ്കില്‍ എപ്പോഴും
ക്ലിക്ക് ചെയ്യാന്‍ റെഡി ആയിരിക്കുക, രസകരമായ ഭാവങ്ങള്‍ എപ്പോഴാ കിട്ടുക
എന്നറിയില്ലല്ലോ. പിന്നെ ഇതുപോലൊരു വികൃതി-കുട്ടനാണെങ്കില്‍ മുഴുവന്‍
സമയവും ഇവനെ ഫ്രെയിമിന്റെ ഉള്ളില്‍ നിര്‍ത്തുന്ന കാര്യവും ശ്രമകരമാണ്...


മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ലൈറ്റിംഗ് ആണ്. കഴിയുന്നതും പകല്‍ വെളിച്ചത്തില്‍ മാത്രം
ചിത്രങ്ങള്‍ എടുക്കുക. രാവിലെയും സന്ധ്യക്ക്‌ മുന്‍പുമാണ്‌ നല്ല സമയം. ഉച്ച സൂര്യന്റെ
വെളിച്ചത്തില്‍ ചിത്രമെടുത്താല്‍ മിക്കവാറും, കണ്ണിന്റെ വശങ്ങള്‍ ഇരുണ്ടിരിക്കും. പിന്നെ
കഴിവതും ഫ്ലാഷ് ഒഴിവാക്കുക, ചിത്രത്തിന്റെ സ്വാഭാവികത പ്രകൃതിയുടെ വെളിച്ചത്തില്‍ മാത്രമേ
കിട്ടൂ. ഒരു "പോര്‍ട്രയിറ്റ് " ഒരുക്കുമ്പോള്‍ മുഖം മുഴുവന്‍ വെളിച്ചം വീണാലേ നന്നാവൂ
എന്നൊന്നുമില്ല. ഒരു വശത്തുനിന്നും "ഗ്രേഡിയെന്റ് " പോലെ നിഴല്‍ വീഴുന്നത്
ചിത്രത്തിന് മിഴിവേകും. പലപ്പോഴും, ഫ്ലാഷ് ചില രംഗങ്ങളില്‍ രസം കൊല്ലികള്‍ ആകാറുണ്ട്.
ഫ്ലാഷ് വീഴുമ്പോള്‍ ആളുകള്‍ പോസ് ചെയ്യാന്‍ മടിക്കുകയും, നമുക്ക് രസകരമായ
രംഗങ്ങള്‍ നഷ്ട്ടമാവുകയും ചെയ്യുന്നു. അങ്ങനെ ആഘോഷ വേളകളില്‍ അവരറിയാതെ
എടുക്കുന്ന രീതിയെ "കാണ്ടിട് ഫോട്ടോഗ്രഫി" [Candid Photography]
എന്ന് പറയുന്നു.

ഒടുവിലായി ഒരു കാര്യം കൂടി പറഞ്ഞോട്ടെ; ചിത്രം എടുക്കുന്ന വ്യക്തിയോട്, അതായത്
നമ്മുടെയൊക്കെ "സൂപ്പര്‍ മോടെല്‍സിനോട്" എപ്പോഴും ക്യാമറയിലേക്ക് തന്നെ
നോക്കണമെന്ന് ശടിക്കരുത്. ലെന്‍സിലേക്ക് തന്നെ നോക്കാതെ;
വശങ്ങളിലേക്കോ അല്ലെങ്കില്‍ വിദൂരതയിലെക്കോ നോക്കിനില്‍ക്കുന്ന കണ്ണുകള്‍ക്ക്,
ഒരുപക്ഷെ നമ്മോടുപറയാന്‍ കൂടുതല്‍ കഥകളുണ്ടായെക്കും...



ഇതാ ചില ഫോട്ടോഗ്രഫി ടിപ്സ് , താഴെ ക്ലിക്കുക.

http://digital-photography-school.com/how-to-take-portraits-19-portrait-photography-tutorials

http://digital-photography-school.com/11-tips-for-better-candid-photography

http://digital-photography-school.com/the-human-side-of-photography-4-tips-for-natural-looking-portraits

July 05, 2010

കരിവള...

"അവളുടെ കൈകള്‍ നിറയെ കരിവളകളായിരുന്നു,
കാവിലെ ഉത്സവത്തിനു പോയപ്പോള്‍ അവന്‍ നല്‍കിയ
ഓരോ കുപ്പിവളകളും
അവള്‍ക്കുവേണ്ടി അവന്റെ പേര്ചൊല്ലി വിളിച്ചുകൊണ്ടിരുന്നു.
ഒടുവില്‍; കാവിനരികിലെ ഇടവഴിയില്‍ വീണുകിടന്നിരുന്ന
വളപ്പൊട്ടുകളില്‍ കരിവളകളുടെ കള്ളച്ചിരി ഉണ്ടായിരുന്നു..."


സ്ത്രീയുടെ സൌന്ദര്യ സങ്കല്പങ്ങള്‍ പാശ്ചാത്യവും കടന്ന്
കടല്‍ കയറിപ്പോയപ്പോള്‍, ഇന്നീ കരിവളകള്‍ക്ക് എന്ത് സ്ഥാനമാണുള്ളത് ?
ഇന്ന് ആരെങ്കിലും കുപ്പിവളകള്‍ അണിയുന്നുണ്ടാകുമോ ?
സ്കിന്‍ ടോണിനും ലുക്കിനും അനുസരിച്ച് ബ്യുട്ടി ആസസറിസ് ട്രൈ ചെയ്യുന്ന
ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്ക് കുപ്പിവളകള്‍ അണിയുക എന്നത്
കുറച്ചിലുതന്നെ ആയിരിക്കാം...


കരിവളയും ചാന്തും കണ്മഷിയുമെല്ലാം ഒരുകാലത്ത്
പെണ്ണഴകിന്റെ പ്രതീകങ്ങളായിരുന്നത്രേ !
ഇഷ്ടപ്രണയിനിക്ക് കാമുകന്റെ സമ്മാനമായും ഇവ മാറിയിരുന്നു...
ഇന്നിപ്പോള്‍ കരിവളയും കൊണ്ട് ചെന്നാല്‍
ചിലപ്പോള്‍ അന്നത്തോടെ തീരും എല്ലാം.
മൊബൈല്‍ ഫോണും ഐ പോടുമെല്ലാം ആയി മാറി
പ്രണയ സമ്മാനത്തിന്റെ പുതിയ ബിംബങ്ങള്‍...

ഇന്നിപ്പോള്‍ ഞാനീ കരിവളകള്‍ ആര്‍ക്കുവേണ്ടി വാങ്ങിയതാണെന്ന്
ചോദിക്കരുത്... "നിക്ക് നാണാവും ട്ടോ ..."