April 18, 2013

കെയർ വോയ്സ്

കെയർ വോയ്സ്
Care Voice : For the deserved...


"കെയർ വോയ്സ്" എന്നതൊരു കാൻസർ ബോധവത്കരണ
പ്രൊജക്റ്റ്‌ ആണ്.
ലാഭേഛയില്ലാതെ, ഒരു മനസ്സോടെ സമൂഹത്തിനു വേണ്ടി
ഉപകരിക്കും വിധം എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്ന
കുറച്ചു പേർ ഒത്തു ചേർന്നപ്പോൾ അത് രോഗ പീഡിതർക്ക് 
സാന്ത്വനത്തിന്റെ ശബ്ദമായി മാറുകയാണ്...

നമുക്കറിയാം, കാൻസർ ഇന്നൊരു സാധാരണ കണ്ടു വരുന്ന
രോഗമായി മാറി. ചിലർ രോഗത്തെ നേരത്തെ തിരിച്ചറിയുന്നു,
ചികിത്സകൾ ചെയ്യുന്നു.  മറ്റു ചിലരാകട്ടെ രോഗം ബാധിച്ച്
അവസാന ഘട്ടത്തിലാണ് ഇത് അറിയുന്നത്. ഒരു കാൻസർ
രോഗിയുടെ ആയുസ്സിന്റെ നല്ലൊരു ശതമാനം
നിർണ്ണയിക്കപ്പെടുന്നത് അവരുടെ മനസ്സാന്നിദ്ധ്യം കൊണ്ടും
ജീവിതത്തോടുള്ള പോസിറ്റീവ് ചിന്തകൾ കൊണ്ടുമാണ്.
ചിലരാകട്ടെ രോഗം വന്ന ശേഷം മാനസികമായി തകരുന്നു.
ഈ തകർച്ച മാത്രം മതി മനുഷ്യ കോശങ്ങളുടെ
സമീപ ഭാവിയിലുള്ള നാശത്തിനു ആക്കം കൂടാൻ.

ഇത്തരം രോഗികളെ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ
കൊണ്ട് വരാനും, രോഗത്തെ മനസ്സിനുള്ളിൽ കയറാതെ
ശക്തിയോടെ നേരിടാനുള്ള കരുത്തു പകരുന്ന വിധം
അവരോടു സംസാരിച്ച്, നാളെയുടെ ജീവിതത്തിലേക്ക്
ആത്മ വിശ്വാസത്തിന്റെ  വാതായനങ്ങൾ  തുറന്നു
കൊടുക്കുന്ന ഒരു പ്രൊജക്റ്റ്‌ ആണ് "കെയർ വോയ്സ്"...
ഫോണ്‍ വഴിയാണ്  "കെയർ വോയ്സ്" രോഗികളുമായി
സംസാരിക്കുന്നത്.
ഇത് തികച്ചും സൗജന്യമായൊരു സേവനമാണ്.


"കെയർ വോയ്സ്" ആർക്കു വേണ്ടി ?
കാൻസർ രോഗം ഉള്ളവർക്ക് അവരുടെ സംശയങ്ങൾ
ഒരു സുഹൃത്തിനോടെന്നപോലെ "കെയർ വോയ്സ്" നോട്
ചോദിക്കാം.  മാനസികമായ ശക്തി നേടാൻ "കെയർ വോയ്സ്"
സഹായിച്ചേക്കും.  രോഗികളെ ശുശ്രൂഷിക്കുന്നവർക്കും
ഈ സേവനം ഉപകരിക്കും.

ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഒരിക്കലും ഒരു
ഡോക്ടർ നെ കാണുന്നതിനു പകരമല്ല.
"കെയർ വോയ്സ്" മരുന്ന് കുറിച്ച് കൊടുത്തു
ചികിത്സയും നടത്തുന്നുമില്ല.
രോഗാവസ്ഥയും മറ്റ് വേണ്ട കാര്യങ്ങളും പറഞ്ഞ് തന്ന്
രോഗികൾക്ക് സാന്ത്വനവും ശക്തിയും പ്രദാനം ചെയ്യുക
എന്നത് മാത്രമാണ് "കെയർ വോയ്സ്" ൻറെ ലക്ഷ്യം.

ആരാണീ "കെയർ വോയ്സ്"?
ആരോഗ്യ രംഗത്ത് ഒരുപാട് നാളത്തെ വൈദഗ്ധ്യമുള്ള,
ഇപ്പോൾ അമേരിക്കയിൽ ഹെൽത്ത് കെയർ പ്രൊഫഷണലായ
ശ്രീ. റെജി ആണ് ഈ പ്രോജെക്ടിന്റെ നായകത്വം
വഹിക്കുന്നത്. അദ്ദെഹത്തിന്റെ മനസ്സിൽ രൂപമെടുത്ത
ആശയമാണ് "കെയർ വോയ്സ്".  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന ആരോടും സംസാരിക്കാൻ
അദ്ദേഹം സദാ സന്നദ്ധമാണ്, ഒരു സുഹൃത്തിനെപ്പോലെ.
ആവശ്യമെങ്കിൽ രോഗിയുടെ വീട്ടുകാരോടും സംസാരിച്ചു
ആദ്ധ്യാത്മികമായ കരുത്തു പകരാനും റെജിക്ക് 
കഴിയുന്നുണ്ട്.
ശ്രീ. റെജി അമേരിക്കയിലാണ് ജോലി ചെയ്യുന്നതെങ്കിലും
കേരളത്തിലെ കാൻസർ രോഗികളെ ഉദ്ദേശിച്ചാണ് ഈ
പ്രൊജക്റ്റ്‌ നടക്കുന്നത്.

Flyer of Care-Voice



എങ്ങിനെ "കെയർ വോയ്സ്" നെ ബന്ധപ്പെടാം ?
"കെയർ വോയ്സ്" സേവനം ലഭ്യമാകാൻ ഈ
പ്രോജെക്ടിന്റെ ടീം അംഗങ്ങളുമായി ബന്ധപ്പെടാം.
അല്ലെങ്കിൽ  carevoicehelp@gmail.com എന്ന
വിലാസത്തിലെക്കൊരു ഇ-മെയിൽ അയക്കുക.
നിങ്ങളെ തിരിച്ചു വിളിക്കാനുള്ള ഫോണ്‍നമ്പർ,
വിലാസം എന്നിവ ഇ മെയിലിൽ കൊടുക്കാൻ
മറക്കരുത്. ഇത്രയും ചെയ്‌താൽ "കെയർ വോയ്സ്"
സേവനം നിങ്ങളുടെ ഫോണിൽ എത്തും.

ഈ ടീമിലെ അംഗങ്ങളെല്ലാം അവരുടെ
ജോലികൾക്കിടയിലാണ് ഈ സേവനത്തിന് വേണ്ടി
പ്രവർത്തിക്കുന്നത് എന്നതിനാൽ മുഴുവൻ സമയവും
സജ്ജമായൊരു ഫോണ്‍ നമ്പർ  കെയർ വോയ്സിനില്ല.

പക്ഷേ "കെയർ വോയ്സ്" സേവനം ആവശ്യപ്പെടുന്ന
ഏതൊരാൾക്കും എത്രയും പെട്ടെന്ന് അതെത്തിച്ചു
കൊടുക്കാൻ എല്ലാ വളണ്ടിയമാരും ശ്രമിക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് നോക്കുക
http://carevoiceforthedeserved.com
ഇമെയിൽ : carevoicehelp@gmail.com

"കെയർ വോയ്സ്" ടീം !!!

        • Reji [Team Leader of the project]       
        • Wilson Mathew [USA]
        • Anoop Abraham [USA]
        • Sujith Subramanyan (09847956600)
        • Binu P Joy (09895084945)
        • Paul Mathew [USA]
        • Rev. Fr. Shinoj Joseph
        • Sumi Mani [USA]

ശ്രീ റെജിയുടെ ഈ സംരംഭത്തിനു, അദ്ദേഹത്തെ
സഹായിക്കാൻ അമേരിക്കയിലും കേരളത്തിലുമായി
പ്രവർത്തിക്കുന്ന നല്ലൊരു ടീം ഉണ്ട്.  "കെയർ വോയ്സ്"
സേവനം ആഗ്രഹിക്കുന്ന രോഗികൾക്ക് റെജിയുടെ
ഫോണ്‍കാൾ എത്തിച്ചു കൊടുക്കുന്നതിനു വേണ്ടി
ടീം സദാ ഒരുക്കമാണ്. എന്നെയും ഈ ടീമിൽ
ഉൾപ്പെടുത്തിയതിന് "കെയർ വോയ്സ്" നോടുള്ള
നന്ദി ബ്ലോഗ്ഗെഴുതി തീർക്കാവുന്നതല്ല.

നിങ്ങളുടെ അറിവിൽ ആരെങ്കിലും കാൻസർ
രോഗവുമായി വിഷമിക്കുന്നുവെങ്കിൽ ഞങ്ങളെ
അറിയിക്കൂ. സാന്ത്വനം ഒരു ശബ്ദമായി, അവരെ
പ്രതീക്ഷയോടെ  മുന്നോട്ടു നയിക്കാൻ കഴിഞ്ഞാൽ
"കെയർ വോയ്സ്" തൃപ്തരാണ്.

" ലോകാ സമസ്ത സുഖിനോ ഭവന്തു "

April 13, 2013

വിഷുപ്പക്ഷി പാടുമ്പോൾ !

"പാടുന്നു വിഷു പക്ഷികൾ മെല്ലെ 
മേട സംക്രമ സന്ധ്യയിൽ 
ഒന്ന് പൂക്കാൻ മറന്നേ പോയൊരു 
കൊന്നതൻ കുളിർ ചില്ലമേൽ ...."

 


വീണ്ടും ഒരു മേട മാസം.
കാർഷിക ആരംഭം കുറിച്ചുകൊണ്ട് വിഷു ആഘോഷിക്കുന്നു വീണ്ടും,
ഒരു ചടങ്ങ് പോലെ...
കാരണം നമ്മുടെ നാട്ടിൽ കൃഷിയെവിടെ, മരങ്ങളെവിടെ, വിഷുപ്പക്ഷിയെവിടെ ?
ഞാനും ഉൾപ്പെടുന്ന കേരളീയർ സമൂഹം, ആഘോഷങ്ങൾക്ക് ഒരു
കുറവും വരുത്താറില്ല. എന്തിനെ കുറിക്കുന്ന ആഘോഷമാണെന്ന് ചിന്തിചില്ലെങ്കിലും,
"ആഘോഷങ്ങൾ" വര്ഷം തോറും പൊടി പൊടിക്കും, കാരണം നമ്മുടെ
കയ്യിൽ പണമുണ്ട്.  പണം കൊണ്ട് നേടാനാവാത്ത പലതും നമ്മൾ
കാത്തുസൂക്ഷിക്കാൻ മറക്കുന്നു എന്ന് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു
പ്രകൃതി. അത് കൊണ്ടാകാം ഈ മേടത്തിലും നമ്മളിങ്ങനെ
വിയർത്തോഴുകുന്നത്.

ഈ വിഷു നാളിൽ ഇത്തരം ഭയപ്പെടുത്തുന്ന ചിന്തകൾഞാനധികം
പങ്കു വയ്ക്കുന്നില്ല. മറ്റൊരു കാര്യം പറയാനാണ് സത്യത്തിൽ ബ്ലോഗിൽ
വന്നത്. വിഷു ആയി ബന്ധപ്പെട്ട ഒരോർമ്മ. ഇന്നലെ എന്റെയൊരു
അനിയത്തിക്കുട്ടി വിഷു ആശംസിക്കാൻ ഫോണിൽ വിളിച്ചപ്പോൾ
ചോദിച്ചു; "ചേട്ടാ വിഷു ആയിട്ട് ബ്ലോഗ്‌ ഒന്നുമില്ലേ?" എന്ന്.
എന്താ എഴുതുക എന്നുവച്ചപ്പോൾ പെട്ടെന്ന് മനസ്സിലോര്ത്തത്
VK പ്രകാശിന്റെ പുനരധിവാസം എന്ന ചിത്രത്തിലെ, എനിക്കേറ്റവും
ഇഷ്ട്ടപ്പെട്ട വേണുഗോപാൽ പാടിയ ഒരു പാട്ടിന്റെ
പുത്തഞ്ചേരിയുടെ വരികളാണ് ...

"പാടുന്നു വിഷു പക്ഷികൾ മെല്ലെ മേട സംക്രമ സന്ധ്യയിൽ
ഒന്ന് പൂക്കാൻ മറന്നേ പോയൊരു കൊന്നതൻ കുളിർ ചില്ലമേൽ ...."



ഈ വരികളിൽ വിഷു എന്ന വാക്ക് ഉള്ളത് കൊണ്ടല്ല എനിക്കീ
പാട്ട് കൂടുതൽ ഹൃദ്യമായത്‌. ഏകദേശം പന്ത്രണ്ട് കൊല്ലങ്ങൾക്ക്
മുൻപ് കലാലയ ജീവിതത്തിൽഎന്നെ പഠിപ്പിച്ച ഒരധ്യാപികയാണീ
പാട്ടിന്റെ കാസെറ്റ് (അന്ന് CD പ്രചാരത്തിൽ ഇല്ല) എനിക്ക്
തന്നത്. ഒത്തിരി ആത്മ സൌഹൃദമൊന്നും അന്ന് ഉണ്ടാകാതിരുന്നിട്ടും
എന്തിനാണ് അന്നാ പാട്ട് എനിക്ക് സമ്മാനിച്ചത്‌ എന്നെനിക്കിന്നും
അറിയില്ല. പക്ഷേ വിഷു പക്ഷി പാടിയ ആ പാട്ട് ഇന്നും എന്റെ
മനസ്സിന്റെ ചില്ലയിൽ മറക്കാതെ പൂത്തു നില്ക്കുന്നു.
ഓരോ വർഷവും വിഷുവെത്തുമ്പൊൽ അതിനെക്കാളേറെ എന്നെ
സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. വിഷുനാളിൽ ഓർമ്മയായി
വന്നെത്തുന്ന  ബാല്യകാലത്തിൻകാൽചിലമ്പിലെ മർമ്മരം
സമ്മാനിച്ച ആ പാട്ടിനെക്കാളേറെ ആ അധ്യാപികയെ ഒരിക്കലും
മറക്കാവുന്നതല്ല. അന്ന് ആ പാട്ടിന്റെ വരികൾ കേട്ടു, വിഷുക്കാലം പോയി,
ഋതു ഭേദങ്ങൾ ഒത്തിരി മാറിവന്നു, പലവട്ടം. പക്ഷേ ഞാനും ആ
അധ്യാപികയും തമ്മിലുള്ള ബന്ധം കണിക്കൊന്ന പൂവിനേക്കാൾ
ഭംഗിയോടെ ഇന്നും മനസ്സിന്റെ നനുത്ത ചില്ലയിൽ പൂത്തു നില്ക്കുന്നു.
ഇന്നെനിക്കവർ നല്ലൊരു അധ്യാപികക്കപ്പുറം വാത്സല്യമുള്ളോരു
ചേച്ചിയാണ്, കരുതലുള്ളോരു സുഹൃത്താണ്, എന്റെ വീട്ടിലെ
ഒരംഗത്തെപ്പോലെയാണ്...


ഞാൻ അവർക്ക്, ഒത്തിരി ശിഷ്യ ഗണങ്ങളിൽ ഒരാൾ മാത്രമായിരിക്കാം
പക്ഷേ; അക്ഷരങ്ങളെ സ്നേഹിക്കുന്ന, ചിലങ്കകളെ
നെഞ്ചോട്‌  ചേര്ത്തു വയ്ക്കുന്ന അവരെനിക്ക് ഒരുപാട് നല്ല എഴുത്തുകാരെ
പരിചയപ്പെടുത്തി, പുതിയ  കൂട്ടായ് മ്മകളുടെ വാതായനങ്ങൾ എനിക്ക്
തുറന്ന് തന്നു...


വിഷുപ്പക്ഷി പാടിയ ആ പാട്ടായിരുന്നോ ഈ ഒരു ഭാഗ്യം എനിക്ക് തന്നത് ?
എനിക്കറിയില്ല. പക്ഷേ കാലം തെറ്റി വരുന്ന ഋതുക്കളും, വേനലും, മഴയും
എല്ലാം നമ്മളെ ഓർമ്മപ്പെടുത്തുന്നത് ഇത്തരത്തിൽ നമുക്ക്
ജീവിതത്തിൽ കിട്ടുന്ന കണിക്കൊന്ന പൂക്കളുടെ മൂല്യമാണ്.
ഭാഗ്യമായി കിട്ടിയ ഈ കണിക്കൊന്ന പൂവ് ഒരിക്കലും കൊഴിയാതെ
പോകട്ടെയെന്ന്‌ പ്രാർഥിക്കുന്നു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൌഹൃദത്തിന്റെയും ഈ
കണികൊന്നപ്പൂ വിരിഞ്ഞു നില്ക്കുന്ന ഈ ചില്ലയിൽ വിഷുപ്പക്ഷികൾ
ഇനിയും പാടാനെത്തുമെന്ന പ്രതീക്ഷയോടെ...



ഈ വിഷുനാളിൽ നിങ്ങളും ഓർത്ത്‌ നോക്കൂ, ജീവിതത്തിന്റെ
ഇന്നലെകളിലേക്ക് . മനസ്സിന്റെ നനുത്ത ചില്ലകളിൽ നിന്നും
എപ്പോഴോ നാമറിയാതെ കൊഴിഞ്ഞു പോയ കണിക്കൊന്നപ്പൂക്കൾ
നിങ്ങൾക്കും ഓർത്തെടുക്കാനായേക്കും...
കണി കാണുന്നതോടൊപ്പം അവരെയും നമ്മുടെ ഓർമ്മയിൽകൊണ്ട് വരാം.

എല്ലാ ബ്ലോഗ്‌ വായനക്കാർക്കും, എന്റെ സ്നേഹം നിറഞ്ഞ 
വിഷു ആഷംസകൽ...

April 03, 2013

കളിവീട്



സ്ക്കൂൾ എല്ലാം അടച്ചു, കുട്ട്യോളൊക്കെ വേനലവധിക്കാലം
ആഘോഷിക്കുകയാണ്. കഴിഞ്ഞയാഴ്ച എനിക്കും കിട്ടി
ചെറിയൊരു അവധിക്കാലം, ഈസ്റ്റർ പ്രമാണിച്ച് മൂന്ന്
ദിവസത്തെ പരോളിൽ നാട്ടിൽ പോയിരുന്നു.

വീട്ടിൽ ചേട്ടന്റെ കുട്ടിക്കും അനിയത്തീടെ കുട്ടിക്കും
പിറന്നാൾ ആവാറായി.  പിറന്നാൾ സമ്മാനമായി എന്താ
കൊടുക്കാ എന്നാലോചിച്ചപ്പോഴാണ്,
പണ്ടൊക്കെ നമ്മുടെ അവധിക്കാലത്ത്‌ കഞ്ഞിയും കുഞ്ഞിയും
വച്ച് കളിക്കാനായി ഉണ്ടാക്കാറുള്ള കളിവീടിനെപ്പറ്റി
ഓർത്തത്‌.


ഈയടുത്ത കാലത്തൊന്നും ഒരിടത്തും കുട്ടികൾ
കളിവീട് വച്ച് കളിക്കുന്നതും കാണാറില്ല. അവർക്കത്‌
ഉണ്ടാക്കി  കൊടുക്കാൻ ആർക്കും സമയമില്ലതാനും.
ഏതു നേരവും TV യുടെയും കമ്പ്യൂട്ടറിന്റെയും
മുന്നിലാണ് കുട്ടികൾ എന്ന പരാതിയാണ് മാതാപിതാക്കൾക്ക്.
POGO യുടെയും, CN ന്റെയും, കൊച്ചു TV യുടെയും മുന്നിൽ
നിന്ന് ഇവന്മാരെ എങ്ങനെ മണ്ണിലേക്കും കളികളിലേക്കും
പൊക്കിയെടുക്കാം എന്ന ചിന്തയും, അതിനുള്ളൊരു
ശ്രമവുമായിരുന്നു ഈ കളിവീട് നിർമ്മാണം.

(Photo Courtesy: Krishna)

വീടിനോട് ചേർന്ന് തണലുള്ളോരു മാവിന്റെ ചുവട്ടിൽ
കുറച്ചു വടികൾ വച്ച് കെട്ടി കളിവീടിന്റെ ആദ്യഘട്ടം
ഉണ്ടാക്കി.  പിന്നീട് ഉപയോഗശൂന്യമായ ചാക്കുകളും
മരക്കഷണങ്ങളും വാഴ ചാമ്പലും ചേർത്ത്
വശങ്ങൾ മറച്ചു. അടയ്ക്കാ മരത്തിന്റെ(കവുങ്ങിന്റെ)
പാള കീറി  മുൻവശം ഭംഗിയാക്കി. മര ചീളുകൊണ്ടു
ജനാലയും ശെരിയാക്കി.  ഒടുവിൽ മാവിന്റെ
ഉണങ്ങിയ ഇലകൾകൊണ്ട് മേൽക്കൂരയും മേഞ്ഞപ്പോൾ
കളിവീട് റെടി.


 

കളിവീട് ഉണ്ടാക്കുവാൻ കുട്ടികളെയും കൂടെ
കൂട്ടിയപ്പോൾ അവർക്കും ഉത്സാഹമായി.
ദിവസത്തിന്റെ അര നേരം അവർ TV യും BEN 10 ഉം
ചോട്ടാ ബീമും മറന്നു, മണ്ണിൽ പണിയെടുത്ത് കളിവീടിന്റെ
ഭാഗമായി. ഇപ്പോൾ ഊണും കളിയും ഒക്കെ അവരീ
കളിവീട്ടിലാണ്.


ഒരുപക്ഷെ പണ്ടത്തെ ശീലങ്ങൾ കുട്ടികൾക്ക് വെറുതെ
കാണിച്ചു കൊടുക്കാൻ പോലും ഇന്ന് മുതിർന്നവർ
തയ്യാറാവാത്ത കാരണമായിരിക്കാം അവർ പഴയ
കളികൾ മറന്നു പോയത്. നമ്മൾ കുറച്ചു സമയം
അവർക്കൊപ്പം ചിലവിട്ടാൽ പഴയ കാലത്തേ
കളിക്കോപ്പുകളും, ചുട്ടിയും കോലും, മണ്ണപ്പവും
ഓലപ്പന്തും, ഓല പങ്കയും, കളിവീടും, ഊഞ്ഞാലും ഒക്കെ
അവരും ഇഷ്ട്ടപ്പെട്ടെക്കും.
റിമോട്ട് കാറുകളും, തോക്കും, വീഡിയോ ഗയിമുകളും
വലിച്ചെറിഞ്ഞ്,നന്മയുടെ കളിപ്പാട്ടങ്ങൾ എടുത്ത്
അവധിക്കാലത്തിന്റെ കളിമുറ്റങ്ങളിലേക്ക്,
ആഘോഷത്തിന്റെ സമ്മർ ഷോട്ടടിക്കാൻ  അവരും
വന്നേക്കും...


നമുക്ക് പകർന്നു നല്കാവുന്നത് ചെറിയൊരു
കളിവീടായിരിക്കും. കുഞ്ഞു മനസ്സിൽ ഒരുപക്ഷേ
ഇത്, നിനച്ചിരിക്കാതെ കിട്ടുന്ന ലക്ഷ്വറി വില്ലകളാവും.